കൂട്ട്.. ഒരുപാട് കൂട്ടുണ്ട്.. എന്നാൽ ചിലപ്പോഴൊക്കെ നമുക്ക് ആരുമില്ല എന്നൊരു തോന്നൽ ഉണ്ടാകാറില്ലേ.. ഉണ്ടാകും. ചുറ്റിനും ബന്ധുക്കൾ ഭർത്താവ് മക്കൾ എല്ലാം ഉണ്ടെങ്കിലും നമ്മുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാനും എന്തെങ്കിലും ആശ്വാസവാക്കുകൾ പറയാനും നമുക്ക് വിശ്വസിക്കാവുന്ന നല്ലൊരു കൂട്ട് വേണം.
സന്തോഷങ്ങൾ പങ്ക് വെക്കാനും സങ്കടങ്ങൾ പങ്കിടാനും നല്ലൊരു കൂട്ട്.. അത് ആരുടേയും സ്വപ്നമാണ്.. ആഗ്രഹമാണ്.. പലപ്പോഴും നമ്മൾ മനസ്സ് തുറന്ന് പറഞ്ഞ പല വിഷമങ്ങളും പിന്നീട് നമുക്കെതിരെ തന്നെ പാരയായി ഉപയോഗിക്കുന്ന പല സൗഹൃദങ്ങളും നമ്മൾ കാണാറുണ്ട് അല്ലേ..
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പല തരം സൗഹൃദങ്ങൾ ഉണ്ടാകാറുണ്ട്. എന്നും അവർ കൂടെയുണ്ടാകും എന്നൊരു വിശ്വാസം നമുക്കുണ്ടാകും. പക്ഷെ സ്കൂൾ കാലഘട്ടത്തിൽ തന്നെ പല പല തലങ്ങളിൽ ഓരോരുത്തരായി നമ്മെ വിട്ട് പോകും. വളരെ ചുരുക്കം സൗഹൃദങ്ങൾ നമ്മുടെ കൂടെ ഉണ്ടാകും. എന്നും കണ്ടില്ല എങ്കിലും എന്നും വിളിച്ചില്ല എങ്കിലും ഒരു വിളിക്കപ്പുറം അവരുണ്ട് എന്ന വിശ്വാസം അത് തരുന്ന സുഖം.. ആത്മബലം.. അത് വലുതാണ്.
പുതിയ സൗഹൃദങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ കാണാൻ അവസരം ഉണ്ടാകുമ്പോൾ അവരുമായി കൂടുതൽ അടുപ്പം ഉണ്ടാവുക സ്വാഭാവികം. പക്ഷെ അവരുമായി പങ്ക് വെക്കുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുണ്ട്. പെട്ടെന്ന് എന്തെങ്കിലും പ്രശ്നം വന്നാൽ അമ്മയോ സഹോദരിയോ പോലെ തന്നെ പെട്ടെന്ന് വിളിക്കാൻ ഒരു സൗഹൃദം എങ്കിലും വേണം. പലപ്പോഴും വീട്ടുകാർക്ക് പറഞ്ഞാൽ മനസ്സിലാകാത്ത അല്ലെങ്കിൽ അവരുമായി പങ്ക് വെക്കാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും. അതെല്ലാം ക്ഷമയോടെ കേൾക്കാൻ ഒരു ചെവി വേണം. എന്റെയൊക്കെ സ്വഭാവം വെച്ച് ഒരു പ്രശ്നം വന്നാൽ അത് ആവർത്തിച്ചു പറഞ്ഞു കേൾക്കുന്നവരെ വെറുപ്പിക്കും. ഈയിടെയായി അതൊന്ന് തിരുത്താൻ ഞാൻ തന്നെ ശ്രമിക്കുന്നുണ്ട് എന്നത് സത്യം. തുറന്നുപറച്ചിലുകൾ പലപ്പോഴും പണി തരാറുണ്ട് എന്ന സത്യം മറച്ചുവെക്കാൻ ആകില്ലല്ലോ.
ചുറ്റിനും എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട് ഇപ്പോൾ. വാ തോരാതെ സംസാരിക്കുന്ന എനിക്ക് സൗഹൃദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ ഓരോരുത്തരും അവരവരുടെ തിരക്കുകളിൽ ആണ്. അല്ലെങ്കിൽ ഞാൻ തുറന്ന് പറയുന്നത് പോലെ അവരൊന്നും തുറന്ന് പറയാറില്ല എന്നതും സത്യം. ആ ചിന്തകൾ പലതും പങ്ക് വെക്കേണ്ട എന്ന് തീരുമാനിക്കാൻ മനസ്സിനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
സ്കൂൾകാലം തൊട്ടുള്ള കുറച്ചു കൂട്ടുകാർ ഇപ്പോഴും കൂടെയുണ്ട്. ഞങ്ങൾ എപ്പോഴും വിളിക്കാറില്ല കാണാറില്ല പക്ഷേ ഒരു ആവശ്യം അവർ എന്നെ വിളിക്കും തിരിച്ചും അവർ അവിടെയുണ്ട് എന്നൊരു തോന്നൽ ഉള്ളിൽ എപ്പോഴുമുണ്ട്.
പ്രീഡിഗ്രിക്ക് ഞാൻ മാത്രം സയൻസ് ഗ്രൂപ്പിൽ ചേർന്നപ്പോൾ സ്കൂളിൽ ഉണ്ടായിരുന്ന അടുത്ത കൂട്ടുകാർ തിരഞ്ഞെടുത്തത് തേർഡ് ഗ്രൂപ്പ് ആയിരുന്നു. പക്ഷേ എനിക്ക് എന്റെ ക്ലാസ്സിലും നല്ല കൂട്ടുകാരെ കിട്ടിയിരുന്നു എന്നത് സത്യം. എന്നാലും അവരെ മിസ്സ് ചെയ്യുന്നത് പോലെ തോന്നി ഡിഗ്രിക്ക് ചേർന്നപ്പോൾ. സുവോളജിക്ക് ചേർന്ന ഞാൻ ഇക്കണോമിക്സിൽ ഒരു സീറ്റ് ഒഴിവുണ്ട് എന്ന് കേട്ടപ്പോൾ മാലിനി സുനിത അവരുടെ കൂടെ കിട്ടിയ ലിംസി.. അവരൊക്കെയുള്ള ആ ക്‌ളാസിലേക്ക് സന്തോഷത്തോടെ ഓടിപോയി.
ആ മൂന്ന് വർഷങ്ങൾ കടന്ന് പോയതറിഞ്ഞില്ല.
ഒരു മിക്സഡ് കോളേജിൽ പഠിക്കണം എന്നത് വലിയ ആഗ്രഹം ആയിരുന്നു. ഡാഡി സമ്മതിക്കാത്തത് കൊണ്ട് അത് നടക്കില്ല എന്ന് കരുതി എങ്കിലും വാശി പിടിച്ചു എം എ ക്ക് സൈന്റ്റ് അലോഷ്യസ് കോളജിൽ ചേർന്നപ്പോൾ അവിടെ കൂട്ടായി ലിംസി ഉണ്ടായിരുന്നു.
ആ കൂട്ട് അങ്ങനെ ഞങ്ങളോടൊപ്പം വളർന്നു. ഫസ്റ്റ് ഇയറിൽ തന്നെ അവളുടെ വിവാഹം ശരിയായി. അവളുടെ കസിൻസ് ഒക്കെ മേക്കപ്പ് തുടങ്ങിയവക്കായി എന്റെ വീട്ടിൽ വന്നു. എന്റെ വീട്ടിലെ ഒരു വിവാഹം പോലെ ഞാൻ സന്തോഷത്തോടെ പങ്കെടുത്തു. അടുത്ത കൊല്ലം പരീക്ഷക്ക് തൊട്ട് മുൻപ് പ്രതീക്ഷിക്കാതെ എന്റെ വിവാഹം ശരിയായപ്പോൾ എനിക്ക് ടെൻഷൻ ആയിരുന്നു… നോട്ടുകൾ പൂർത്തിയായിട്ടില്ല. സെമിനാറുകൾ നടക്കുന്നു. കല്യാണം എന്നതൊന്നും എന്നെ ഒട്ടും സന്തോഷിപ്പിച്ചില്ല. പറഞ്ഞതിനേക്കാൾ നേരത്തെ വിവാഹം വേണമെന്ന് ഇവിടെ നിന്നും ആവശ്യപ്പെട്ടപ്പോൾ ഡാഡി അത് സമ്മതിച്ചു.
പിന്നീട് എനിക്ക് വേണ്ട എല്ലാ നോട്ടുകളും എനിക്ക് എഴുതി തന്നത് ലിംസി ആയിരുന്നു. ഭർത്താവിന്റെ വീട്ടുകാർ കൂടി അറിയുമല്ലോ എന്ന ടെൻഷനിൽ ഞാൻ എന്തൊക്കെയോ വായിച്ചുകൂട്ടി എങ്ങനെയോ കോളജ് ടോപ്പർ ആയി. അതിന് എനിക്ക് കൂട്ടായി ലിംസി ഉണ്ടായിരുന്നു എന്നത് ഓർക്കാതെ വയ്യ. ഇന്നും ആ നോട്ടുകൾ എന്റെ കയ്യിലുണ്ട്.
പിന്നീട് ലിംസി കോളജ് അധ്യാപിക ആയി. എന്നാലും സമയം കിട്ടുമ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ഓടി ചെല്ലും.. ഒട്ടും പരിചിതമല്ലാത്ത ഒരു നാട്ടിൽ കൂട്ടുകുടുംബത്തിൽ ജീവിക്കേണ്ടി വന്ന എന്റെ ആകുലതകൾ ഓരോന്നായി എണ്ണി പറക്കുമ്പോൾ അവൾ ക്ഷമയോടെ കേൾക്കും. ഉപദേശിക്കും.
പിന്നീട് ഞാനും പല ജോലികൾക്കും ശ്രമിച്ചപ്പോഴും അവൾ പല പുസ്തകങ്ങളും തന്ന് എന്നെ സ ഹായിച്ചു.
പതുക്കെ ഞാൻ ഒരു ചെറിയ ബിസിനസിന്റെ ഭാഗമായപ്പോൾ ലിംസിയെ കൂട്ടി. ഒരുപാട് എക്സിബിഷനുകൾ.. യാത്രകൾ.. എല്ലാം ആസ്വദിച്ചു.. പിന്നീട് ഞങ്ങൾ രണ്ട് പേരും ചേർന്ന് ഒരു ചുരിദാർ ബിസിനസ് തുടങ്ങി. അതിന് വേണ്ടിയുള്ള ബാംഗ്ലൂർ യാത്രകളിൽ അവളായിരുന്നു എന്റെ ധൈര്യം. കുറേകാലം സന്തോഷത്തോടെ ഞങ്ങൾ അത് തുടർന്നു.
ജീവിതം പല ഘട്ടങ്ങളിൽ മാറി മറിഞ്ഞപ്പോൾ അതെല്ലാം വിടേണ്ടി വന്നു എനിക്ക്.
മക്കളുടെ പഠിപ്പ്.. വിവാഹം.. രണ്ട് പേരും തിരക്കിലായി. എങ്കിലും ഇടക്കിടക്ക് വിളിക്കാറുണ്ട്. പുറത്തുപോയി ഒരു ലഞ്ച്.. എക്സിബിഷൻ കാണാൻ പോകൽ.. അതിനൊക്കെ എനിക്ക് കൂട്ടായി അവൾ ഉണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ പരസ്പരം പങ്ക് വെക്കാത്ത രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല.
അവളുടെ സ്കൂട്ടറിന്റെ പുറകിലിരുന്ന് ഞാൻ പോകാറുണ്ട് എങ്കിലും അവൾക്ക് അത് ടെൻഷൻ ആയിരുന്നു. വളരെ സൂക്ഷിച്ചു മാത്രമേ വണ്ടി ഓടിക്കൂ.. ഹെൽമെറ്റ് വെക്കുന്നത് ഒക്കെ വളരെ കൃത്യമായി.. അതിന് മുൻപ് ഒരു തുണി കെട്ടും. മുടി കൊഴിയാതിരിക്കാൻ ആണ് എന്നവൾ പറയും.
അവസാനം അവളെ കണ്ടത് ഡിസംബറിൽ ആയിരുന്നു. എന്റെ മകളുടെ വിവാഹനിശ്ചയത്തിന്.. പലപ്പോഴും അവളെ വിളിക്കാം വിചാരിച്ചു. തിരക്കുകൾ കാരണം നടന്നില്ല. പൂരം എക്സിബിഷൻ കാണാൻ എനിക്ക് കൂട്ടായി അവളാണ് വരാറുള്ളത്. അത് മെയ് അവസാനം തീരും. അതിന് മുൻപ് അവളോട് ചോദിക്കണം വിളിക്കണം എന്നെല്ലാം മനസ്സിൽ പല തവണ കരുതി എങ്കിലും കല്യാണ ണതിരക്കുകൾ അതിന് അവസരം തന്നില്ല.
മെയ് 12 വൈന്നേരം.. സന്ധ്യാ പ്രാർത്ഥനക്കായി ഞാൻ വന്നിരുന്നു. അപ്പോൾ പരിചയമില്ലാത്ത നമ്പറിൽനിന്നും ഒരു കോൾ.. ലിംസിയുടെ കൂട്ടുകാരി ബിനി.. നിഷ എന്തെങ്കിലും അറിഞ്ഞോ എന്ന് ചോദിച്ചു.. എന്ത് എന്ന ചോദ്യത്തിന് മറുപടി ഒരു കരച്ചിൽ ആയിരുന്നു. ലിംസിയുടെ സ്കൂട്ടർ ഇടിച്ചു. എന്തോ പറ്റി എന്ന് കേൾക്കുന്നു. അപ്പോൾ എന്റെ മനസ്സ് പറഞ്ഞു.. അവൾക്കൊന്നും പറ്റില്ല. ഭർത്താവ് ജോൺസന് ഒരു ആക്‌സിഡന്റ് ഉണ്ടായതിന് ശേഷം അവൾക്ക് പേടി ആയിരുന്നു. പ്രാർത്ഥനയും കൂടി അതോടെ.. കോളേജ് അപ്പോഴേക്കും നിർത്തിയിരുന്നത് കൊണ്ട് പള്ളി കാര്യങ്ങളിൽ എപ്പോഴും തിരക്കിലായിരുന്നു.
അങ്ങനെ പള്ളിയുടെ ക്വായർ പ്രാക്ടീസ്.. അതിന് വേണ്ടി പോകുമ്പോൾ അവളുടെ സ്കൂട്ടർ ഒരു കുഴിയിൽ ചാടി. മറിഞ്ഞു.. ഒട്ടും പ്രതീക്ഷിക്കാതെ ഒരു യാത്ര പോലും പറയാതെ അവൾ പോയി. എന്നും എന്നേക്കുമായി..
ആ സത്യം അംഗീകരിക്കാൻ ഇന്നും എന്റെ മനസ്സ് അനുവദിക്കുന്നില്ല. എന്തെങ്കിലും ആഘോഷം വരുമ്പോൾ അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകണം എന്ന് തോന്നുന്നുമ്പോൾ ആദ്യം ലിംസിയെ വിളിക്കണം എന്ന് കരുതി ഫോൺ എടുക്കും. പിന്നീട് ഓർക്കും അവൾ പോയല്ലോ എന്ന്.
എല്ലാം തുറന്ന് പറയാൻ എല്ലാം മുൻവിധികൾ ഇല്ലാതെ കേൾക്കാൻ ഒരു കൂട്ട് നമുക്കെല്ലാവർക്കും ആവശ്യമാണ് ജീവിതത്തിൽ.
അത് നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് കൂടുതൽ വില തിരിച്ചറിയുന്നത്.
അവസാനകൂട് കൂട്ടാൻ ഒരുമിച്ച് കൂടുന്ന ഒരു ദിവസം അവൾ വരും എന്ന പ്രതീക്ഷയോടെ….

