നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് പ്രകാരം പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ തുടങ്ങി, വിവാഹാലോചനകൾ. പിന്നെ ബ്രോക്കർമാരുടെ വരവായി. മാട്രിമോണിയൽ സൈറ്റുകളിൽ നിന്നും ഫോൺവിളിയായി.
ബന്ധുക്കളെ ക്കൊണ്ട് പിന്നെ പൊറുതി മുട്ടും. അവരുടെയൊക്കെ വർത്തമാനം കേട്ടാൽ എങ്ങനെയെങ്കിലും മകളെ വിവാഹം കഴിച്ചയച്ചാൽ മതി എന്നാകും.
പെൺകുട്ടികളായാലും ആൺകുട്ടികളായാലും അവർക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ട്. ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. എന്നിട്ട് സാവകാശം ആലോചിച്ചു തീരുമാനിക്കേണ്ട ഒന്നാണ് വിവാഹം.
പക്ഷേ അതൊന്നും അല്ല നടക്കുന്നത്. ആർക്കോ വേണ്ടി ചെയ്യുന്ന ഒരു കാര്യം.
” എനിക്ക് ഇത്ര പെട്ടെന്ന് വിവാഹമൊന്നും വേണ്ട. ജോലിയൊക്കെ ആയിട്ട് മതി” നീതു പറഞ്ഞതാണ്.
അവളുടെ ഗ്രാജ്വേഷൻ കഴിഞ്ഞേയുള്ളൂ.
പക്ഷേ നല്ല ഒരു ബന്ധമാണ് എന്ന് എല്ലാവരും കരുതിയതാണ് സുമേഷുമായുള്ള വിവാഹബന്ധം.
ആളുകൾക്ക് നല്ല അഭിപ്രായം. നല്ല ജോലി. കാണാൻ സുന്ദരൻ. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബം.
ഇതിനൊക്കെ പുറമേ പത്തിൽ എട്ട് പൊരുത്തം, ജാതകത്തിൽ. പോരെ പൂരം. അതിലധികം എന്ത് നോക്കാൻ!
ജാതകം ചേർന്നാൽ എല്ലാം ചേർന്നു. മറ്റെല്ലാം തനിയെ ശരിയാകും എന്നാണ് പലരുടെയും വിചാരം.
ആണിന്റേയും പെണ്ണിന്റേയും സ്വഭാവങ്ങൾ എങ്ങനെ? അവർ തമ്മിൽ പൊരുത്തമുണ്ടോ? അതൊന്നും അന്വേഷിക്കേണ്ട വിഷയമേ അല്ല ആർക്കും.
ഇനി അവർക്ക് എന്തെങ്കിലും മാറാരോഗമുണ്ടോ? മാനസികമായി ഫിറ്റ് ആണോ? ഒരു നൂറായിരം കാര്യങ്ങൾ ഒരു വിവാഹത്തിന് മുമ്പ് അന്വേഷിച്ച് ഉറപ്പിക്കണം.
പക്ഷേ അതൊന്നും ഇല്ലാതെയാണ് നീതുവും സുമേഷും വിവാഹിതരായത്.
നീതുവിൻ്റെ വിവാഹം കഴിഞ്ഞ് ആറാം മാസത്തിൽ അവൾ തിരിച്ചു വീട്ടിലേക്കു തന്നെ വന്നപ്പോൾ എല്ലാവരും അവളെ കുറ്റം പറഞ്ഞു.
ഇത്രയധികം സുമുഖനും സുന്ദരനും ധനികനുമായ സുമേഷിനെ ഉപേക്ഷിച്ചു പോരാൻ ഈ നീതുവിന് ഭ്രാന്താണോ! ഇതിലും നല്ലൊരു ബന്ധം എവിടെ കിട്ടാനാണ്!
ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ, പക്ഷെ അവരുടെ വീട്ടുകാർ തന്നെ അവൾക്ക് എതിരായി നിന്നപ്പോഴാണ് അവൾക്ക് വേദന തോന്നിയത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതൊന്നുമല്ല സുമേഷിനെ. അച്ഛനും അമ്മയും വീട്ടുകാരെല്ലാം സുമേഷിന്റെ വലിയ തറവാടും തറവാട്ടുമഹിമയും ധനസ്ഥിതിയും എല്ലാം കണ്ട് കെട്ടിച്ച് വിട്ടതാണ്.
ഇപ്പോഴത്തെ കാലത്ത് അങ്ങനെ വീട്ടുകാരുടെ ഇഷ്ടത്തിനേക്കാളുപരി മക്കളുടെ ഇഷ്ടവും താല്പര്യവും നോക്കിയല്ലേ ഒരു വിവാഹബന്ധം ഉറപ്പിയ്ക്കുകയുള്ളൂ.
വിവാഹം കഴിയുന്നത് വരെ നീതുവിനും ഒരു പ്രശ്നവും അനുഭവപ്പെട്ടില്ല. വീട്ടിൽ എല്ലാവരും നല്ല പെരുമാറ്റവും സമീപനവും. പക്ഷേ ആദ്യരാത്രിയിൽ തന്നെ സുമേഷിൻ്റെ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു.
വിവാഹം കഴിച്ചു വന്ന പെൺകുട്ടിയ്ക്ക് എന്തെല്ലാം സ്വപ്നങ്ങൾ കാണും! അതെല്ലാം തല്ലിയുടച്ചു കളഞ്ഞു ഒരു രാത്രി കൊണ്ട് തന്നെ.
ഒരു നവവധുവിനോട് പെരുമാറുന്ന പോലെയല്ല,
സുമേഷ് നീതുവിനോട് പെരുമാറിയത്. ഇരയെ കിട്ടിയ സിംഹത്തിൻ്റെ സ്വഭാവവും പെരുമാറ്റവും സമീപനവും കണ്ട് ഭയപ്പെട്ടുപോയി
ഓരോ രാത്രിയും അവൾക്ക് കാള രാത്രിയായിരുന്നു. ഭീകരമായ അനുഭവങ്ങൾ നേരിടാൻ അവൾക്ക് കരുത്തില്ലാതെയായി. മറ്റുള്ളവരോട് എങ്ങനെ ഈ അനുഭവങ്ങൾ പങ്കിടും! ഏറെ വേദനയോടെ വിഷമത്തോടെ അവൾ ദിവസങ്ങൾ തള്ളി നീക്കി.
പകലൊക്കെ വളരെ സൗഹൃദത്തോടെ പെരുമാറുന്ന സുമേഷിനെ ആരാണ് സംശയിക്കുക! ആദ്യരാത്രി തന്നെ, നവവധുവിനെ ബലാത്സംഗം ചെയ്തു, വിചിത്രമായ ലൈംഗിക വൈകൃതങ്ങളുള്ളയാളാണ് സുമേഷ് എന്നൊക്കെ പറഞ്ഞാൽ ആര് വിശ്വസിക്കും?
ഇതിനൊക്കെ ഒരു മര്യാദയില്ലേ? സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു സെൽഫിഷ് ആയ മനുഷ്യനോടൊപ്പം എത്ര കാലം സമാധാനത്തോടെ ജീവിക്കാൻ കഴിയും!
അങ്ങനെയാണ് അവൾ തീരുമാനിച്ചുറച്ചത്. ഇനി ഒരു കാരണവശാലും സുമേഷിൻ്റെ ഒപ്പം ജീവിക്കുന്നില്ല. ആ പേര് കേൾക്കുമ്പോൾ തന്നെ അവളുടെ മനസ്സിൽ നിറയുന്ന ഭയം നിഴൽച്ചിത്രങ്ങളായി അവളെ വേട്ടയാടി.
വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ അവളിൽ കണ്ട് തുടങ്ങിയപ്പോഴാണ് സൈക്കാട്രിസ്റ്റിനെ കാണാൻ പോകേണ്ടി വന്നത്. ആരൊടെങ്കിലും തുറന്നു പറയാൻ ഒരു അവസരം അന്വേഷിക്കുകയായിരുന്നു അവൾ. അവളുടെ അനുഭവങ്ങൾ കേട്ട സൈക്കാട്രിസ്റ്റ് തന്നെ ഞെട്ടിപ്പോയി. ഇങ്ങനെയുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. പലരുടേയും പെരുമാറ്റങ്ങൾ മറ്റുള്ളവരുടെ ജീവിതം തന്നെ തകർക്കും. ഇരയെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു തരം സാഡിസ്റ്റ് സ്വഭാവമാണ് സുമേഷിൻ്റെ. കാര്യമായ മനഃശാസ്ത്രചികിത്സ തന്നെ വേണ്ടി വരും മാറ്റിയെടുക്കാൻ.
നീതു പറഞ്ഞു. ” സുമേഷിന്റെ സ്വഭാവം മാറ്റിയെടുക്കുകയോ എടുക്കാതിരിക്കുകയോ എന്തായാലും ഞാൻ ഇനി അങ്ങോട്ട് പോകുന്നില്ല. ഡൈവോഴ്സ് ആണ് എനിക്ക് വേണ്ടത്.. “
സൈക്കോതെറാപ്പിയും കൗൺസിലിംഗും അല്പം മെഡിക്കൽ ട്രീറ്റ്മെൻ്റുമൊക്കെ ചെയ്തപ്പോൾ നീതുവിന് അല്പം ആശ്വാസമായി. ഇനി ഡൈവോഴ്സുകൂടി കിട്ടിയാൽ ജീവിതത്തിൽ നിന്നും ഭീകരമായ ആ ഒരു നിഴൽ പൂർണ്ണമായും മാറിക്കിട്ടും.
അതിനുള്ള പരിശ്രമത്തിലാണ് നീതു.
പക്ഷേ അവളുടെ വീട്ടിൽ എല്ലാവരും ദുഃഖത്തിലാണ് അത് അവളുടെ ദുര്യോഗം മൂലമുള്ള വിഷമമല്ല. മറിച്ച് ഇത്രയും നല്ല ബന്ധം വേർപെടുത്തി പോരാനുള്ള അവളുടെ തീരുമാനം കൊണ്ട് മാത്രമാണ്.
സ്വന്തം മകൾ വേദനിച്ചാലും നാട്ടുകാരുടെ മുന്നിൽ അപഹാസ്യരാവരുത് എന്ന ഒരു ചിന്ത മാത്രമാണ് വീട്ടുകാർക്കുള്ളത്. എങ്ങനെ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാതിരിയ്ക്കും! അവരുടെ കൂടെ ഒരു കൂട്ടായി അച്ഛനും അമ്മയും മറ്റുള്ളവരും നിന്നെങ്കിൽ മാത്രമേ അവൾ കരുത്തോടെ ജീവിക്കുകയുള്ളൂ.
പക്ഷേ അവൾ എന്തായാലും തോല്ക്കാനില്ല എന്ന നിലപാടിലാണ്. ആരൊക്കെ എതിർത്താലും ഇനി സ്വന്തം ഇഷ്ടപ്രകാരം മാത്രമേ ജീവിയ്ക്കൂ. ഒരു കൂട്ട് വേണമെങ്കിൽ അത് വളരെ നന്നായി അറിയാവുന്ന ഒരാൾ മാത്രം. നീതുവിൻ്റെ ഉറച്ച തീരുമാനം വീട്ടുകാർക്കും അംഗീകരിയ്ക്കേണ്ടി വന്നു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_കൂട്ട്
#കഥ_കൂട്ടുകൂടുന്നവരുടെതനിനിറം
#രചന_രാമചന്ദ്രൻടിവി

