ഓണ പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ച് ഓണാവധി തുടങ്ങിയപ്പോൾ തന്നെ സന്തോഷം കൊണ്ട് ഞാനും സഹോദരങ്ങളും എന്ത് നേരമ്പോക്കാണ് ഇത്തവണ ഒപ്പിക്കേണ്ടതെന്ന ഗഹനമായ ചിന്തയിലായിരുന്നു. അപ്പോഴാണ് എൻറെ തലയിൽ ഒരു ഐഡിയ ഉദിച്ചത്.
മുറ്റത്ത് തന്നെയുള്ള മാവിൽ ഒരു കാക്ക കൂട് വെച്ച് അവിടെ രണ്ട് കാക്ക കുഞ്ഞുങ്ങളെ കുറച്ചു ദിവസമായി കാണുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങൾ ചിലപ്പോഴൊക്കെ മാവിൻറെ മറ്റു കൊമ്പുകളിൽ പതുക്കെ പതുക്കെ ഓടി നടക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷേ തള്ളകാക്ക ഭക്ഷണവുമായി എത്തുമ്പോൾ നടപ്പ് അവസാനിപ്പിച്ചു കൂടിനകത്ത് തന്നെ കയറി ഇരിക്കും. ഭക്ഷണം തള്ളകാക്ക അവരുടെ കൊക്കിൽ വെച്ചുകൊടുക്കും. ഓണം അല്ലേ,അവരെ സ്വതന്ത്രരാക്കി വിടാം എന്ന തീരുമാനത്തിലെത്തി ഞങ്ങൾ.
കൂട്ടുകാരൊക്കെ ചേർന്ന് ഉത്രാടത്തിന്റെയന്നു ഓണപൂക്കളമിട്ടു കഴിഞ്ഞപ്പോൾ ആൺകുട്ടികൾ ഒക്കെ മാവിൽ കയറി രണ്ട് കാക്ക കുഞ്ഞുങ്ങളെയും താഴെ ഇറക്കി വിട്ടു. നല്ലൊരു കൗതുക കാഴ്ചയായിരുന്നു അത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പറക്കാനറിയാത്ത ആ കുഞ്ഞു കാക്കകൾ ഞങ്ങൾ കുട്ടി പട്ടാളത്തിനു ചുറ്റും നടന്നു. ഇടയ്ക്കിടെ അവർ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.
മൂന്നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂട്ടുകാരൊക്കെ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഞങ്ങൾക്കും അതിലെ പുതുമയും കൗതുകവും നഷ്ടപ്പെട്ടു.
പക്ഷേ വൈകുന്നേരം ആയപ്പോഴാണ് സംഗതി കുളമായത്. നാട്ടിലുള്ള കാക്കകൾ മുഴുവനും ഞങ്ങളുടെ വീട്ടുമുറ്റത്തെത്തി.” കാ കാ കാ “എന്നും പറഞ്ഞ് ഒരേ നിലവിളി. അപ്പോഴാണ് അമ്മയുമച്ഛനും ഒക്കെ ഞങ്ങൾ ഒപ്പിച്ച ഈ കുസൃതി കണ്ടുപിടിച്ചത്.
“ മര്യാദയ്ക്ക് ആ കാക്ക കുഞ്ഞുങ്ങളെ അവരുടെ കൂട്ടിൽ തന്നെ കൊണ്ടുവച്ചോ അല്ലെങ്കിൽ ആർക്കും ഇവിടെ മുറ്റത്ത് പോലും ഇറങ്ങാൻ പറ്റില്ല. “എന്ന്.
പേടിച്ചരണ്ട ഞങ്ങൾ സഹോദരങ്ങൾ കാക്ക കുഞ്ഞുങ്ങളെ പിടിക്കാൻ ശ്രമിക്കുമ്പോൾ മറ്റു കാക്കകൾ വന്നു കൊത്തും.
ഒരുവിധത്തിൽ രണ്ട് കുഞ്ഞുങ്ങളെയും എടുത്തു തിരിച്ചു മാവിൽ പെടച്ചു കയറി അവിടെ തന്നെ കൊണ്ടു വച്ചു.
ഓണാവധി കഴിഞ്ഞ് ഞങ്ങൾ സ്കൂളിൽ പോയി തുടങ്ങിയിട്ടു പോലും ഒരു കാക്കപട തന്നെ ആ കൂടിന് എന്നും കാവലുണ്ടായിരുന്നു.
അമ്പടാ കാക്കേ!!
മേരി ജോസി മലയിൽ,
തിരുവനന്തപുരം.

