ഒരു സിനിമയുടെ ആത്മാവ് അതിന്റെ കഥയാണെങ്കിൽ ആ ആത്മാവിന് രൂപവും ഭാവവും നൽകി പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് അതിന്റെ ഛായാഗ്രാഹകനാണ്(Dop) Director of Photography.
ഒരു സംവിധായകന്റെ മനസ്സിലുള്ള സങ്കല്പങ്ങളെ അല്ലെങ്കിൽ സ്ക്രിപ്റ്റിലെ അക്ഷരങ്ങളെ സ്ക്രീനിൽ ദൃശ്യങ്ങളാക്കി മാറ്റുന്നത് DOP യുടെ കാഴ്ചപ്പാടാണ്. ക്യാമറ എവിടെ വെക്കണം എന്ന് തീരുമാനിക്കുന്നത് മാത്രമല്ല ഛായാഗ്രഹണം. ഓരോ രംഗത്തിന്റെയും മൂഡ് നിശ്ചയിക്കുന്ന വെളിച്ചവും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വ്യക്തമാക്കുന്ന ഫ്രെയിമിംഗും എല്ലാം ഒരു DOP യുടെ കയ്യൊപ്പാണ്.
സംവിധായകന്റെ വിഷൻ എന്താണോ അതിനോട് ഏറ്റവും നീതി പുലർത്തിക്കൊണ്ട് തീയേറ്ററിലിരിക്കുന്ന ഓരോ പ്രേക്ഷകനെയും ആ സിനിമാറ്റിക് ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്നിടത്താണ് ഒരു DOP വിജയിക്കുന്നത്. DC എന്ന സിനിമ കണ്ടപ്പോഴും എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതിലെ ഓരോ ഫ്രെയിമുകളുമാണ്.
വെറുതെ കുറച്ചു നല്ല ക്യാമറ ഷോട്ടുകൾ എടുത്തു വെക്കുകയല്ല മറിച്ച് കൃത്യമായ പരീക്ഷണങ്ങളും സ്വയം നിർമ്മിച്ച ചില അച്ചടക്കമുള്ള നിയമങ്ങളും വഴിയാണ് ഈ സിനിമയെ ഇത്രയും മനോഹരവും ആഴത്തിലുള്ളതുമായ ഒരു അനുഭവമാക്കി മാറ്റിയതെന്ന് DOP മുകേഷ് ജി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
എന്നെ അത്ഭുതപ്പെടുത്തിയത് അവർ സ്വയം നിശ്ചയിച്ച മൂന്ന് പ്രധാന നിയമങ്ങളാണ്. ഒന്നാമതായി ഒരു ഷോട്ടും 10 സെക്കൻഡിൽ കൂടുതൽ നീളരുതെന്ന് അവർ തീരുമാനിച്ചു. സാധാരണ സിനിമകളിൽ വൈകാരിക രംഗങ്ങൾ കാണിക്കാൻ നീളമുള്ള ഒറ്റ ഷോട്ടുകളാണ് ഉപയോഗിക്കാറുള്ളതെങ്കിൽ ഇവിടെ ഓരോ പത്ത് സെക്കൻഡിലും മാറിയെത്തുന്ന ദൃശ്യങ്ങൾ സിനിമയ്ക്ക് നല്ലൊരു വേഗത നൽകുകയും കാണികളിൽ നിരന്തരമായ ആകാംക്ഷ നിലനിർത്തുകയും ചെയ്തു. രണ്ടാമതായി വളരെ ചുരുക്കം ചില ഡ്രോൺ, ഗിംബൽ ഷോട്ടുകൾ ഒഴിച്ചാൽ സിനിമ മുഴുവൻ തോളിൽ ക്യാമറ വെച്ചുള്ള ഹാൻഡ്‌ഹെൽഡ് ശൈലിയിലാണ് മുകേഷ് ചിത്രീകരിച്ചത്. ഡയലോഗുകൾ മാത്രം സംസാരിക്കുന്ന ശാന്തമായ രംഗങ്ങളിൽ പോലും ക്യാമറ നിശ്ചലമായിരുന്നില്ല.
മൂന്നാമതായി സിനിമയിലുടനീളം ജലാശയങ്ങളുടെയും അനാവശ്യമായ അൾട്രാവൈഡ് ഷോട്ടുകളുടെയും ഉപയോഗം അവർ മനപ്പൂർവ്വം ഒഴിവാക്കി. ഭൂരിഭാഗം രംഗങ്ങളിലും 135mm, 180mm ലെൻസുകൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ മുഖത്തെ സൂക്ഷ്മമായ ഭാവങ്ങളിലേക്ക് മാത്രമാണ് ക്യാമറ ശ്രദ്ധ കൊടുത്തത്. എന്നാൽ ഈ മൂന്നാം നിയമം അവർ മനപ്പൂർവ്വം തെറ്റിച്ച ഒരു മനോഹരമായ രംഗവുമുണ്ട്. വർഷങ്ങളായി ഒരു വേശ്യാലയത്തിന്റെ അടഞ്ഞ മുറിക്കുള്ളിൽ ശ്വാസം മുട്ടി ജീവിച്ച ചന്ദ്ര ആദ്യമായി കടൽ കാണുന്ന രംഗമാണത്. തുടർച്ചയായ ഇടുങ്ങിയ ഷോട്ടുകൾക്ക് ശേഷം ആ ഒരു രംഗത്ത് മാത്രം കാണിക്കുന്ന വിശാലമായ അൾട്രാ വൈഡ് ഷോട്ട് ചന്ദ്ര അനുഭവിക്കുന്ന ആ വലിയ സ്വാതന്ത്രം അതേ തീവ്രതയോടെ നൽകിയിട്ടുണ്ട്.
സിനിമയിലെ വെളിച്ചവും നിറങ്ങളും കഥ പറയുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ലോഡ്ജ് രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നീല ഷേഡുകൾ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കാണിക്കുന്നു. എന്നാൽ ചന്ദ്രയുടെ വരവോടെ പശ്ചാത്തലം കടും ചുവപ്പിലേക്ക് മാറുന്നു. വളരെ റോ ആയിട്ടുള്ള ഹാൻഡ്‌ഹെൽഡ് ക്യാമറ പ്രയോഗങ്ങളാണ് സിനിമയിലുടനീളം കാണാൻ കഴിയുന്നത്. കഥാപാത്രങ്ങളുടെ പിന്നാലെ സഞ്ചരിക്കുന്ന ക്യാമറ കാണുന്നയാളെയും ആ രംഗത്തിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട് പലപ്പോഴും.
ഇരുണ്ടതും വയലന്റായതുമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ദാസിന്റെയും ചന്ദ്രയുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതീക്ഷയുടെയും സമാധാനത്തിന്റെയും പ്രതീകമായാണ് സിനിമയിലെ സൂര്യപ്രകാശത്തെ കാണിക്കുന്നത് .വയലൻസും ഭയവും നിറഞ്ഞ ക്രൂരമായ ഒരു ലോകത്ത് ജീവിക്കുന്ന ദാസ് ചന്ദ്ര എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്നുവരുന്ന സൂര്യപ്രകാശം വെറുമൊരു സ്വാഭാവിക പ്രകാശമയല്ല എനിക്ക് അനുഭവപ്പെട്ടത്.
സൂര്യപ്രകാശത്തിന് മുന്നിൽ നിഴലുകളായി നിൽക്കുന്ന ദാസും ചന്ദ്രയും തങ്ങളുടെ ഭൂതകാലത്തിലെ മുറിവുകൾ എല്ലാം ഉപേക്ഷിച്ച് പ്രകാശത്തിലേക്ക് നടക്കാൻ ആഗ്രഹിക്കുന്നവരാണ് എന്ന തോന്നൽ DOP സൃഷ്ടിച്ചിട്ടുണ്ട്.
ഒരു സിനിമയിൽ ഡയലോഗുകൾ കൊണ്ട് പറയാൻ കഴിയുന്നതിനേക്കാൾ എത്രയോ മടങ്ങു ആഴത്തിലാണ് ഇത്തരം നിശബ്ദമായ വിഷ്വലുകൾ സംസാരിക്കുന്നത്. മുഖഭാവങ്ങൾ വ്യക്തമല്ലെങ്കിൽ പോലും സൂര്യനിലേക്ക് തിരിഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളുടെ ആ നിൽപ്പും ശരീരഭാഷയും
It’s a pure poetic scene💙

ഒരു നല്ല DOP എന്നാൽ വെറുമൊരു ക്യാമറ ഓപ്പറേറ്ററല്ല മറിച്ച് ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ഒരു വിഷ്വൽ പോയറ്റ് ആണ്.
*രാഗീത് ആർ ബാലൻ*

