ദോഹയിലെ തിരക്കേറിയ ഒരു റെസ്റ്റോറന്റ്. സമയം രാത്രി 12 മണി കഴിഞ്ഞിട്ടും അത്യാവശ്യം തിരക്കുണ്ട്.
അജ്നാസ് വണ്ടി പാർക്കിങ്ങിൽ വെച്ച് റെസ്റ്റോറന്റ്ലേക്ക് കയറി.
ബഷീർക്കാ എന്താ കഴിക്കാനുള്ളത്. അജ്നാസ് അന്വേഷിച്ചു.
നീ പതിവായി കഴിക്കുന്ന നെയ്ചോറും ചിക്കൻ കറിയും തന്നെ എടുക്കട്ടെ അജ്നാസേ.
ബഷീർക്ക ചോദിച്ചപ്പോൾ, അജ്നാസ് ഓക്കേ പറഞ്ഞു.
നല്ല ചൂടുള്ള നെയ്ച്ചോറും ചിക്കൻ കറിയും ടേബിളിൽ എത്തി. ഭക്ഷണം, കഴിച്ചു, കൊണ്ടിരിക്കേ, അജ്നാസ് ഇടത്ത് സൈഡിലെ ടേബിളിലെ ആളെ നോക്കി. ഭക്ഷണം കഴിച്ച ശേഷവും എന്തോ ആലോചിച്ചു ഇരിക്കുകയാണ് അയാൾ.
കുറച്ചു ദിവസമായി അജ്നാസ് അയാളെ ശ്രദ്ധിക്കുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈയ്യും മുഖവും ഒക്കെ കഴുകി വീണ്ടും അവിടെ തന്നെ പോയിരുന്ന് എന്തൊക്കെയോ ആലോചിക്കുന്നുണ്ടാകും.
കണ്ടിട്ട് മലയാളി അല്ല എന്ന് തോന്നി. സാധാരണ മലയാളി ഹോട്ടലിൽ ബംഗാളിയും, നേപ്പാളിയും, പാകിസ്ഥാനിയുമൊക്കെ ഭക്ഷണം കഴിക്കാൻ വരുമെങ്കിലും ഇയാളെ കാണുമ്പോൾ ഒരു അറബിയുടെ ലുക്ക് ഉണ്ട്. എന്നാൽ, അറബിയുടെ വസ്ത്രധാരണ രീതിയിൽ അല്ല അയാൾ ഉള്ളത്. സാധാരണ പാന്റും ഷർട്ടുമാണ് അയാളുടെ വേഷം.
അജ്നാസ് അയാളെ സൂക്ഷിച്ചു നോക്കിയപ്പോൾ, അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.
എന്താണ് അയാൾക്കിത്ര ടെൻഷൻ എന്ന് അജ്നാസ് ആലോചിച്ചു.
അൽപസമയംകൂടി, എന്തൊക്കെയോ ആലോചിച്ചിരുന്ന ശേഷം അയാൾ എഴുന്നേറ്റ് പോയി.
അല്ല ബഷീർക്കാ. ആ എഴുനേറ്റ് പോയ ആളാരാണ് ഞാൻ കുറേ ദിവസമായി ശ്രദ്ധിക്കുന്നു. തിന്ന് കഴിഞ്ഞ ശേഷവും അയാൾ അവിടെ ഇരുന്ന് എന്തൊക്കെയോ ആലോചിക്കുന്നുണ്ടാകും.
അയാൾ പലസ്തീനിയാടാ. അയാൾക്ക് നാട്ടിൽ ആരും ഇല്ല. ഭാര്യയും മക്കളും ഉമ്മയും ഉപ്പയും എല്ലാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അയാൾ കുറേ വർഷമായിട്ട് നാട്ടിലേക്ക് പോയിട്ടില്ല. പോയിട്ട് കാര്യവുമില്ല. അവിടെ കാത്തിരിക്കാൻ ആരുമില്ല. അവിടെ ഉള്ളവർ തന്നെ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. അങ്ങോട്ട് പോയാൽ ഇയാളും കൊല്ലപ്പെടും.
ബഷീർക്ക പറഞ്ഞത് കേട്ട് അജ്നാസ്സിന് ആകെ സങ്കടമായി. വല്ലാത്ത സങ്കടം തന്നെ ബഷീർക്കാ. പിറന്ന നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയുന്നില്ല എന്നത് വലിയ സങ്കടം തന്നെ അല്ലേ. നമ്മൾക്കൊക്കെ ഇവിടെ കഷ്ട്ടപെടുമ്പോഴും ഒരു നാൾ നാട്ടിലേക്ക് തിരിച്ചു പോകാമെന്നും, അവിടെ കാത്തിരിക്കാൻ ആളുണ്ടെന്നും എന്നത്, എത്ര വലിയ ആശ്വാസവും സന്തോഷവുമാണ്. ഇവർക്ക് അതും ഇല്ലല്ലോ.
അവരെ സംബന്ധിച്ച് ഇവിടെ കഴിയുന്നതാ സേഫ്റ്റി. അതാണ് കുറേ വർഷങ്ങളായിട്ടും ഇവരൊക്കെ നാട്ടിൽ പോകാത്തത്. ബഷീർക്ക അജ്നാസിനെ ആശ്വസിപ്പിച്ചു.
അല്ല ബഷീർക്കാ ഞാൻ, ആലോചിക്കുകയായിരുന്നു. നമ്മൾ ഏത് രാജ്യത്ത് ജനിക്കണമെന്നോ, ഏത് മതത്തിൽ ജനിക്കണമെന്നോ, എന്റെ മാതാപിതാക്കൾ ഇവരായിരിക്കണമെന്നോ, ഒന്നും ദൈവത്തോട് മുൻകൂട്ടി ചോദിച്ചു നേടിയത് ഒന്നും അല്ലല്ലോ. നമ്മുടെ ഭാഗ്യത്തിന് ഇത്പോലെ എന്നും യുദ്ധവും, പട്ടിണിയും ഉള്ള രാജ്യത്ത് നമ്മള് ജനിച്ചില്ല. നമ്മുടെ രാജ്യം വലിയൊരു രാജ്യമായത് കൊണ്ട്, ഇന്ത്യ, പാകിസ്ഥാൻ യുദ്ധം ഉണ്ടാകുമ്പോൾ പോലും നമ്മളത് വാർത്തയിൽ കൂടിയാണ് അറിയുന്നത്. ഒരു ബോംബ് വീഴുന്നതിന്റെ ശബ്ദം പോലും നമ്മള് കേട്ടിട്ടില്ല. എന്നാൽ പ്രവാസ ലോകത്ത് നമ്മള് അതും കണ്ടു. മിസൈൽ പോകുന്നതും, പൊട്ടിത്തെറിയുടെ ശബ്ദവും എല്ലാം, നമ്മളെ ഏറെ പേടിപെടുത്തി. ശബ്ദം കേൾക്കുമ്പോൾ തന്നെ അത്രയും പേടിച്ചെങ്കിൽ, ഇവരുടെയൊക്കെ അവസ്ഥ എന്താണ്. ഒരു പക്ഷേ ഇത്പോലെ ഏത് സമയത്തും മിസൈൽ വരാം, ബോംബ് വീഴാം, കൊല്ലപ്പെട്ടേക്കാം എന്നൊക്കെ പേടിച്ചു ജീവിക്കേണ്ട ഒരു രാജ്യത്ത് ആണ് നമ്മൾ ജനിച്ചതെങ്കിൽ ഈ ദുരിതം നമ്മളും അനുഭവിക്കേണ്ടി വരില്ലായിരുന്നോ? എന്തായാലും യുദ്ധം വരുമ്പോൾ, അവരാണ് ശരി, ഇവരാണ് ശരി എന്ന് പറഞ്ഞു ഇരുപക്ഷത്തും, ന്യായം പറയാൻ ആളുണ്ടാകും. പക്ഷേ, ഒന്നിനും ഇല്ലാത്ത നിരപരാധികൾ ആണ് കൊല്ലപ്പെടുന്നതും, നരകിക്കുന്നതും. ഇതിന്റെ ഒക്കെ ബുദ്ധിമുട്ട് നമ്മള് പ്രവാസികളെയും ബാധിക്കും.
തിരക്കിനിടയിലും അജ്നാസ് പറഞ്ഞതൊക്കെ ശരിയാണ് എന്നർത്ഥത്തിൽ ബഷീർക്ക തലയാട്ടി.
അജ്നാസ് ഭക്ഷണം കഴിച്ചു എഴുന്നേറ്റു, കൈ കഴുകി. എന്നാൽ ഞാൻ പോട്ടേ ബഷീർക്കാ. പണി കഴിഞ്ഞിട്ടില്ല. കുറച്ചു കൂടി ഓടാൻ ഉണ്ട്. അജ്നാസ്, ഭക്ഷണത്തിന്റെ പണം കൊടുത്ത് അവിടുന്നിറങ്ങി.
അജ്നാസിനു ചോക്ലേറ്റിന്റെ ബിസിനസ് ആണ്. സൂപ്പർ മാർക്കറ്റിൽ ഓർഡർ പ്രകാരം ചോക്ലേറ്റുകൾ എത്തിക്കണം. മുമ്പ് തൊഴിലാളിയായിരുന്നുവെങ്കിലും, ഇപ്പോൾ സ്വന്തം ബിസിനസ് ആണ്. അന്നത്തെ ബിസിനസ് കഴിഞ്ഞു അജ്നാസ് റൂമിലെത്തി. ഉറങ്ങാൻ കിടക്കുമ്പോൾ എല്ലാം അജ്നാസിന്റെ മനസ്സിൽ റെസ്റ്റോറന്റ്ൽ നിന്ന് കണ്ട ഫലസ്തീനിയുടെ മുഖമായിരുന്നു.
ആഗസ്ത് മാസത്തിലെ രാത്രിയിൽ പോലും ഉള്ള, ചൂടും ഹ്യൂമിഡിറ്റിയും കാരണം അജ്നാസ് നന്നേ ക്ഷീണിതനായിരുന്നു. കിടന്ന ഉടനെ ഉറങ്ങി പോയി. ഉണരുമ്പോൾ ഉച്ചയൂണിന്റെ സമയം ആയി. ബാത്‌റൂമിൽ പോയി, ടോയ്‌ലെറ്റിൽ പോക്കും കുളിയും ഒക്കെ കഴിഞ്ഞു റൂമിൽ തിരിച്ചെത്തി.
അജ്നാസിന്റെ മനസ്സിൽ നിന്ന് അപ്പോഴും ആ ഫലസ്തീനിയെ കുറിച്ചുള്ള ചിന്ത വിട്ട് പോയിട്ടില്ലായിരുന്നു.
എന്താ അജ്നാസേ നീ ആലോചിക്കണേ. റൂമിലെ ഏറ്റവും മുതിർന്ന അംഗം പോക്കർക്കയുടെ ചോദ്യം കേട്ട് അജ്നാസ് ചിന്തയിൽ നിന്നുണർന്നു. അജ്നാസ് ഇന്നലെ രാത്രി കണ്ട ഫലസ്തീനിയെ കുറിച്ച് പോക്കർക്കയോട് പറഞ്ഞു.
അതാണോ നീ ആലോചിക്കണേ. എന്റെ ഒരു പഴയ കൂട്ടുകാരൻ ഉണ്ടായിരുന്നു. മൂസ എന്നാ അവന്റെ പേര്. ഞാനും അവനും കുട്ടിക്കാലത്ത് ഒരുമിച്ചു കളിച്ചു വളർന്നവരാ. നമ്മളീ ഗൾഫിലൊക്കെ ജോലിക്ക് വരുന്നത് പോലെ, പണ്ട് കാലത്ത് ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ജോലി തേടി പോകാറുണ്ട്. അന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നത്തെ പോലെ ശത്രുതയില്ല.
ഞാനും, മൂസയും, പാകിസ്ഥാനിലായിരുന്നു, അന്നുണ്ടായിരുന്നത്.
മൂസക്ക് അന്നവിടെ സ്വന്തമായി ഷോപ്പ് ഉണ്ടായിരുന്നു. അവന്റെ ഷോപ്പിലായിരുന്നു എനിക്ക് ജോലി.
ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള യുദ്ധവും, പാകിസ്ഥാൻ ചാരന്മാരുടെ നുഴഞ്ഞു കയറ്റവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങൾ വഷളായി. അതോടെ വിസ പാസ്പോർട്ട് നിയമങ്ങൾ മാറി. ഇന്ത്യൻ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ വന്നതോടെ പലരും അവിടെ അനധികൃത താമസക്കാരായി മാറി. ജയിൽ ശിക്ഷയും നാട് കടത്തലും ഒഴിവാക്കാൻ പലർക്കും പാക് പൗരത്വം എടുക്കേണ്ടി വന്നു.
അന്നത്തെ ആ യുദ്ധ സമയത്ത് ഞാൻ നാട്ടിലായിരുന്നു. അത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. മൂസക്ക് അവിടെ ഷോപ്പും കച്ചോടവും ഒക്കെ ഉള്ളത് കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ, അവസാനം മൂസ പാകിസ്ഥാൻ പൗരനായി.
മൂസക്ക് നാട്ടിൽ ഭാര്യയും അതിൽ ഒരു മോളും ഉണ്ട്. മൂസ, പാകിസ്ഥാൻ പൗരൻ ആയ ശേഷമാണോ എന്നെനിക്ക് ശരിക്ക് ഓർമയില്ല. ഒരിക്കൽ മൂസ നാട്ടിൽ എത്തിയിരുന്നു. മൂസയെ അന്വേഷിച്ചു പോലീസ് വന്നു. മൂസ എന്റെ വീട്ടിലായിരുന്നു ഒളിച്ചു താമസിച്ചത്. കൂടെ ഉപ്പയെ ജീവനായിരുന്ന ജസീല മോളും. പിറ്റേന്ന് പകൽ തന്നെ മൂസ എന്റെ വീട്ടിൽ നിന്ന് തിരിച്ചു പോകാൻ ബസ്സ് കയറി. പിറകേ റോഡ് വരെ മൂസയുടെ മോള് കരഞ്ഞു കൊണ്ട് ഓടി. ബസ്സിൽ കയറിയ ശേഷം മൂസ തിരിഞ്ഞു മോളെയും, എന്നെയും നോക്കി. അതായിരുന്നു അവസാനത്തെ കാഴ്ച. മൂസയുടെ മോള് എന്റെ കയ്യിൽനിന്ന് കുതറി ഉപ്പാ ഉപ്പാ എന്ന് കരയുന്നുണ്ടായിരുന്നു.
മൂസയുടെ ഭാര്യ പാത്തുമ്മ പശുവിനെ വളർത്തിയും പാൽ വിറ്റും ഒക്കെ മോളെ വളർത്തി. മോള് വലുതായി. അതിനിടയിൽ, കുറച്ചു വർഷം കഴിഞ്ഞു മൂസ പാകിസ്ഥാനിൽ നിന്ന് മരണപെട്ട വിവരവും നാട്ടിലെത്തി.
പാത്തുവിന്റെ ഉപ്പ പണിത ഒരു പഴയ ഓടിട്ട തറവാട് വീട്ടിലായിരുന്നു പാത്തുവും മോളും താമസിച്ചിരുന്നത്. കുറച്ചു വർഷം കഴിഞ്ഞു പാത്തുവും മരിച്ചു. അപ്പോഴാണ് ജസീല മോളുടെ അമ്മാവൻ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത്. പെൺമക്കൾക്ക് സ്വത്തവകാശം ഇല്ലല്ലോ. വീട് പഴയ ഓടിട്ട വീട് ആണെങ്കിലും, ഇരുപത് സെന്റ് സ്ഥലം ഉണ്ട്. ആ മോൾക്ക് ആകെ ഉള്ളതാ അത്. ഉപ്പാന്റെ വിലാസം ഇല്ല. ഉമ്മയുടേതായി കിട്ടിയ വീടും സ്ഥലവും അമ്മാവൻ തട്ടിയെടുക്കാനും, നോക്കുന്നു. ഉപ്പയുടെ വേരും ഇല്ല. ഇപ്പോൾ ഉമ്മയുടെ വേരും ആ മോൾക്ക് നഷ്ടപ്പെടാൻ പോകുകയാണ്. ഞങ്ങളൊക്കെ പറഞ്ഞിട്ട് അവൻ ഒന്നടങ്ങിയിട്ടുണ്ട്. പക്ഷേ വിടുന്ന ഭാവം ഇല്ല. ജസീലക്ക് ആണെങ്കിൽ കല്യാണ പ്രായം കഴിഞ്ഞു.
പോക്കർക്ക തന്റെ പ്രിയ കൂട്ടുകാരന്റെ നീണ്ട കഥ പറഞ്ഞവസാനിപ്പിച്ചു.
പോക്കർക്കാ. ഞാൻ കഴിഞ്ഞ തവണ നാട്ടിൽ പോയി കുറേ പെണ്ണ് കണ്ടു. ഒന്നും ശരിയായില്ല. ഒരു യതീംമോളെ(അനാഥകുട്ടി)കല്യാണം കഴിക്കണം എന്നാ എന്റെ ആഗ്രഹം. എനിക്ക് ആ ജസീലയെ കല്യാണം കഴിക്കണം എന്നുണ്ട്. അവർ സമ്മതിക്കുമോ?എന്റെ ഉപ്പാക്കും ഉമ്മാക്കും ഞാൻ ഒറ്റ മോനാ. ഉപ്പ പണിത വീട് എനിക്കുള്ളതാ.
അജ്നാസ് പറഞ്ഞത് കേട്ട് പോക്കർക്കക്ക് സന്തോഷമായി.
നിന്റെ നല്ല മനസ്സാ അജ്നാസേ. പക്ഷേ ജസീലക്ക് എന്തായാലും മുപ്പത് വയസിനു മുകളിൽ പ്രായം ഉണ്ടാകും. കുറേ കാലം കല്യാണം വേണ്ടാ എന്ന് പറഞ്ഞു അവൾ തന്നെ മുടക്കി. ഇപ്പോൾ ഉമ്മ മരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയി.
പ്രായം ഒന്നും പ്രശ്നം ഇല്ല പോക്കർക്കാ. എന്റെ ഉമ്മയും ഉപ്പയും എന്റെ ആഗ്രഹത്തിന് എതിര് നിക്കില്ല.
അജ്നാസ് പറഞ്ഞു.
പോക്കർക്ക സന്തോഷത്തോടെ അജ്നാസിനെ കെട്ടിപിടിച്ചു.
*************************
അയാൾ കഥയെഴുതുകയാണ്. കഥയുടെ, അവസാന ഭാഗത്തിലേക്ക് എഴുത്ത് കടക്കുകയാണ്.
അല്ല അജ്നാസ്ക്കാ നിങ്ങള് ഉറങ്ങുന്നില്ലേ. ഇതെത്ര നേരമായി നിങ്ങള് കഥ എഴുതുന്നു. ജസീലയുടെ ചോദ്യം കേട്ട് അജ്നാസ് തലയുയർത്തി.
ഞാൻ കഥ എഴുതുകയായിരുന്നു. നിന്റെ ഉപ്പാന്റെ കഥ. അവസാന വരികളിൽ എത്തി. അപ്പോഴാ നീ വന്നത്. നീ എന്റെ മണവാട്ടി ആയതും കൂടി എഴുതാനുണ്ട്. നീ ഉറങ്ങിക്കോ. ഞാൻ ഇത് പൂർത്തിയാക്കട്ടെ.
എനിക്ക് നല്ല ക്ഷീണം ഉണ്ട്. ഞാൻ ഉറങ്ങുന്നാ. നിങ്ങള് കഥ എഴുതി കുത്തിരിഞ്ഞോ. അതും പറഞ്ഞു ജസീല കിടന്നു. അജ്നാസ് ആ കഥ പൂർത്തിയാക്കി.
അതിർത്തിക്കപ്പുറം പറിച്ചെറിയപ്പെട്ട വേരുകൾ, എന്ന കഥ.
#വേരറുക്കപ്പെട്ടവർ
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


12 Comments
ആദ്യ ഭാഗം വായിച്ചപ്പോൾ ശരിക്കും സങ്കടം ആയി 🥲 ഇത് പോലെ കുറേ പേര് കാണും വേര് അറുക്കപെട്ടവരായിട്ട്…
Climax പൊളിച്ചു 👌👌🙂
Sayara fathima. വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി..
നല്ല കഥ. രണ്ട് കഥ വായിച്ചതുപോലെ ഉള്ള അനുഭവം
ശ്രീ കുമാരി സന്തോഷം.. ❤️❤️
നല്ല കഥ. വായിച്ചു തീരുമ്പോൾ സന്തോഷം വരുന്നു ❤️
ഹരിയേട്ടാ ❤️❤️
അവസാനം ശുഭപര്യവസാനം വേണം എന്നത് എന്റെ വീക്ക്നെസ്സാ 🤣🤣
വേദനാജനകം.
റാണി വർഗീസ്
സത്യം 😥😥😥
നല്ല കഥ. കഥയും കഥയ്ക്കുള്ളിൽ കഥയും.👍
ജോയ്സ് നന്ദി വായനക്കും അഭിപ്രായത്തിനും
നല്ല കഥ👌🌹
ഇങ്ങനെ വേരറുക്കപ്പെട്ട നിരപരാധികൾ എത്രയോ ആണ്.
സുമ ജയമോഹൻ
❤️❤️❤️