Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അതിഥി
  • തീർത്ഥഹള്ളിയിലെ ഉത്രാടരാത്രി
  • ‘പേ ‘ ക്കാരൻ
  • വേരറ്റവർ
  • വിധി വിഹിതമേവനും ലംഘിച്ച് കൂടുമോ?
  • അതിർത്തിക്കപ്പുറം പറിച്ചെറിയപ്പെട്ട വേരുകൾ
  • ഋതുഭേദങ്ങൾ പാർട്ട്‌ 3
  • Pure… Poetic…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, September 8
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തീർത്ഥഹള്ളിയിലെ ഉത്രാടരാത്രി
ആഘോഷങ്ങൾ ബന്ധങ്ങൾ

തീർത്ഥഹള്ളിയിലെ ഉത്രാടരാത്രി

By സായന്ദ് സാരംഗ്September 8, 20261 Comment10 Mins Read41 Views
Bookmark Now
Please login to bookmark Close

No account yet? Register

 

“ഇക്കൊല്ലമെങ്കിലും നീ വരുവോ അച്ചുവേ.. എത്ര കൊല്ലമായി നീ നാട്ടിൽ വന്നിട്ട്.. ഈ ഓണത്തിന് എങ്കിലും അമ്മയുടെ കുട്ടി ഇവിടെയുണ്ടാവോ ? എവിടെ??. ഞാനീ കിടന്നു ഇങ്ങനെ പായാരം പറയുന്നല്ലാതെ ഇത് വല്ലോം നീ കേൾക്കോ.. ഇല്ലാന്ന് എനിക്കറിയാം. നീയീ വാശിയും കെട്ടിപിടിച്ചു അവിടെ ഇരുന്നോ. ഞാൻ ചത്തിട്ടു വായ്‌ക്കരി ഇടാൻ വന്നാ മതീ യ്യ്..

 

അദ്വൈത് വീഡിയോ കാളിൽ അപ്പുറമിരുന്നു, സാരിയുടെ മുന്താണിതുമ്പ് കൊണ്ട് മൂക്ക് തുടയ്ക്കുന്ന അമ്മയെ അസ്വസ്ഥതയോടെ നിശബ്ദമായ് നോക്കിയിരുന്നു..

 

ഇരുളും വെളിച്ചവും ഒളിച്ചു കളിക്കുന്ന ഊണ് മുറിയിലെ വലിയ തടിമേശയിൽ, എന്തോ പാത്രത്തിൽ ഫോൺ ചാരി വെച്ചിട്ടാണ് അമ്മ വിളിക്കുന്നത്.. മച്ചിന് മേലേക്കുള്ള തടിഗോവണിയുടെ അരികിൽ ഭിത്തിയിൽ അച്ഛന്റെ വലിയ ഫോട്ടോ, പുക പിടിച്ച മരയഴികളിൽ കൂടി കടന്നു വരുന്ന വെളിച്ചത്തിൽ തിളങ്ങി..

 

നെറ്റിയിൽ നിന്ന് പിറകോട്ടു കഷണ്ടി കയറിയ തലയും, കട്ടിയുള്ള മീശയും, ഷേവ് ചെയ്തു മിനുത്ത കവിളും.. കറുത്ത് തടിച്ച ചുണ്ടുകളിലെ കടിച്ചു പിടിച്ച ഗൗരവവുമായി അച്ഛൻ തന്നെ, അവിടെയിരുന്നു തറപ്പിച്ചു നോക്കുന്ന പോലെ തോന്നി അദ്വൈതിന്…അവനു പിന്നെയും പേരറിയാത്തൊരു അസ്വസ്ഥത വന്നു നിറഞ്ഞുവുള്ളിൽ.. ആ നോട്ടം ഇപ്പോളും എവിടെ നിന്നൊക്കെയോ ദേഹത്ത് വന്നു കൊള്ളുന്ന പോലെ..

 

“അമ്മ വച്ചോളു.. ഞാൻ ഒന്ന് ആലോചിക്കട്ടെ. അറിയാലോ അങ്ങനെ പെട്ടന്ന് ഇട്ടിട്ട് ഓടിപ്പോരാവുന്ന ജോലിയല്ല എന്റേത്..

 

“ആ. നീയെന്താച്ചാ ആലോചിച്ചു ചെയ്.. കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ.. എപ്പോളും ഓരോന്ന് പറഞ്ഞിങ്ങനെ ഓർമ്മിപ്പിക്കാൻ.. ഇക്കൊല്ലമെങ്കിലും നീ വന്നാൽ തീർത്ഥഹള്ളീലൊന്നു പോണം.. നിന്നെക്കൊണ്ട് ബലിയിടീക്കണംന്ന് കരുതി.. എന്ത് ചെയ്യാൻ.. നിനക്ക് കൂടി തോന്നണ്ടേ…

 

അമ്മ, ഉരുണ്ട മരയഴികൾ പിടിപ്പിച്ച കിളിവാതിൽ വഴി പുറത്തേക്ക് നോക്കുന്നത് അദ്വൈത് കണ്ടു.. പുറത്തു ആരെങ്കിലും വന്നിട്ടുണ്ടാവും.. അവൻ ഫോൺ ഡിസ്കണക്ട് ചെയ്തു..

 

ശ്രീവിദ്യ പുറത്തേക്ക് ചെല്ലുമ്പോൾ, കവുങ്ങുകൾക്കിടയിലെ ചെമ്മൺ വഴിയിലൂടെ ട്രാക്ടർ, വിശാലമായ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു തോമസ്..

 

മുഴുവനും സിമന്റ് തേച്ചു മിനുക്കിയ കളത്തിനു ഒരു കോണിൽ മെതിച്ചളന്നു കൂട്ടിയ നെല്ല്, ഒരു ചെറുകുന്ന് പോലെ കൂട്ടിയിട്ടിരുന്നു..അതിനടുത്തു തന്നെ ട്രാക്ടർ നിർത്തി, തോമസ് ഇറങ്ങി..

 

കളത്തിന് ഒരറ്റത്തു പടർന്നു പന്തലിച്ചു നിന്ന വയസ്സൻ മൂവാണ്ടൻ മാവിന്റെ, പൊളിഞ്ഞു തുടങ്ങിയ തറയിൽ ഇരുന്നിരുന്ന ബംഗാളി തൊഴിലാളികൾ, ട്രാക്ടർ അരികിലേക്ക് ഓടിവന്നു.. പ്ലാറ്റ് ഫോമിന്റെ ഒരു വശത്തെ നീണ്ട ഡോർ തുറന്നു കൊണ്ട് അവർ അതിവേഗം അതിലെ നെല്ല് താഴെക്കിറക്കാൻ ആരംഭിച്ചു..

 

“കഴിഞ്ഞോ തോമസേ.. ഇനി ഉണ്ടാകുമോ നെല്ല്…

 

“ഒരു ലോഡ് കൂടി കാണും ശ്രീയേച്ചി.. ഇന്ന് തന്നെ കഴിയും..

 

ശ്രീവിദ്യയുടെ ചോദ്യത്തിനു ഉത്തരം നൽകിക്കൊണ്ട് തോമസ്, കളത്തിന്റെ അര മതിലിൽ ഇരുന്നു.. കഴുത്തിൽ ചുറ്റിയ തോർത്തെടുത്തു മുഖവും കൈകളും തുടച്ചു കൊണ്ട് അയാൾ ആകാശത്തേക്ക് നോക്കി..

 

“നന്നായി മൂടിയിടാൻ മറക്കണ്ട. രാത്രി ചിലപ്പോൾ പെയ്യും.. അതിന്റെയായീ ഉഷ്ണം..ചിങ്ങത്തിലെ മഴയല്ലേ വിശ്വസിക്കാൻ പറ്റില്ല.. കാർന്നോന്മാർ പറയുന്ന കേട്ടിട്ടില്ലേ. ചിങ്ങത്തിലേ മഴ ചിണുങ്ങി ചിണുങ്ങി നിൽക്കുമെന്ന്…

 

ശ്രീവിദ്യ മേലേക്ക് നോക്കി.. മുകളിൽ സെപ്റ്റംബറിന്റെ തെളിഞ്ഞ നീലാകാശം ആയിരുന്നു.. ഒറ്റപ്പെട്ട വെണ്മേഘക്കൂട്ടങ്ങൾ, കാണാക്കാറ്റിന്റെ കൈ പിടിച്ചു ആകാശവീഥിയിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു..

 

ചിറകടിച്ചാർത്തു കൊണ്ട് അമ്പലപ്രാവുകളുടെ ഒരു സംഘം കളത്തിന് ഒരരികിൽ പറന്നിറങ്ങി.. കുറുകി ഒച്ചയുയർത്തിക്കൊണ്ടവ ചിതറിയ നെൽമണികൾ കൊത്തിപ്പെറുക്കി..അവയുടെ കഴുത്തിലെ തിളങ്ങുന്ന നീലയും പച്ചയും കലർന്ന നിറത്തിലേക്ക് കുട്ടിക്കാലത്തിന്റെ അതേ കൗതുകത്തോടെ നോക്കി ശ്രീവിദ്യ..

 

“തോമസ് അങ്ങാടിയിൽ പോയി വരുമ്പോൾ വെളിച്ചെണ്ണ എടുക്കാൻ മറക്കണ്ട.. കഴിഞ്ഞയാഴ്ച കൊടുത്തതാ കൊപ്ര മില്ലിൽ.. അന്ന് അവിടെ നിന്ന് രണ്ടു ലിറ്റർ എടുത്തിട്ട് പോന്നതാ..

 

ബംഗാളി പണിക്കാർ, നെല്ല് വടിച്ചിറക്കുന്നത് നോക്കിക്കൊണ്ട് തോമസ് തലയാട്ടി..

 

“അനുമോളും പിള്ളേരും എന്ന് വരും.. അച്ചു വരുമോ ഇത്തവണ.. എന്തെങ്കിലും പറഞ്ഞോ ചെറുക്കൻ??

 

“അനു, ഞായറാഴ്ച മൂലത്തിനു എത്തുന്ന പറഞ്ഞെ.. പൂരാടം അവളുടെ പക്കപ്പിറന്നാൾ ആണല്ലോ.. കൃഷ്ണനൊരു വെണ്ണനേദ്യമുണ്ട്..അച്ചുന്റെ കാര്യം അവനും ദൈവത്തിനും മാത്രമറിയാം.. ഇക്കൊല്ലമെങ്കിലും അതൊന്ന് നടന്നാ മതിയായിരുന്നു തോമസേ…

 

തോമസ് ട്രാക്ടർ എടുത്തു തിരിച്ചു പോയിട്ടും ശ്രീവിദ്യയുടെ കണ്ണുകൾ പടിപ്പുരയ്ക്ക് അപ്പുറം വയലിലേക്ക് നീണ്ടു പോകുന്ന വഴിയിൽ ആയിരുന്നു..

പടിപ്പുരയ്ക്കിപ്പുറം കളത്തിലെ തെളിവെയിലിൽ മഞ്ഞയും ഓറഞ്ചും നിറമുള്ള,കറുത്തുരുണ്ട തലയുള്ള ഓണത്തുമ്പികൾ,അന്തരീക്ഷം നിറയെ പാറിപ്പറന്നു നൃത്തം വെയ്ക്കുന്നുണ്ടായിരുന്നു..

 

എയർ കണ്ടീഷണർ പകരുന്ന സുഖമുള്ള തണുപ്പിലും അദ്വൈതിന്റെ നെറ്റി മെല്ലെ വിയർത്തു കൊണ്ടിരുന്നു..

 

“ഈ ഓണത്തിന് എങ്കിലും അമ്മയുടെ കുട്ടി ഇവിടെയുണ്ടാവോ ? എവിടെ? ഞാനീ കിടന്നു ഇങ്ങനെ പായാരം പറയുന്നല്ലാതെ ഇത് വല്ലോം നീ കേൾക്കോ.. ഇല്ലാന്ന് എനിക്കറിയാം. നീയീ വാശിയും കെട്ടിപിടിച്ചു അവിടെ ഇരുന്നോ. ഞാൻ ചത്തിട്ടു വായ്‌ക്കരി ഇടാൻ വന്നാ മതീ യ്യ്..

 

കാതിൽ അമ്മയുടെ സ്വരം പിന്നെയും പിന്നെയും മുഴങ്ങുന്നത് അവൻ കേൾക്കുന്നുണ്ടായിരുന്നു..ആറു വർഷം കഴിഞ്ഞിരിക്കുന്നു.. ഓക് ലാൻഡിലെ ഈ ഓഫീസ് റൂമും.. ഇവിടെത്തെ ഒൺ ബെഡ്‌റൂം ഫ്ലാറ്റും മാത്രമായിട്ടുള്ള ജീവിതം..

 

പതിനേഴാം നിലയിലെ വലിയ കണ്ണാടി ജാലകത്തിലൂടെ അദ്വൈത് പുറത്തേക്ക് നോക്കി..

 

സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ നിന്നും വീശിയെത്തുന്ന കാറ്റിൽ

റോബർട്ട്‌ w ക്രൗൺ ബീച്ചിലെ സൈപ്രെസ്സ് മരച്ചില്ലകൾ ഉലയുന്നത് അവൻ കണ്ടു.. ബീച്ചിനോട് ചേർന്നുള്ള ഡോഗ് പാർക്കിൽ നായ്ക്കുട്ടികളുടെ ഒപ്പം ഓടിക്കളിക്കുന്ന കുഞ്ഞുങ്ങൾ.. ഫ്ലാറ്റ് ബിൽഡിങ്ങിനു താഴെ 8 th സ്ട്രീറ്റിൽ വാഹനങ്ങൾ മെല്ലെ ഒഴുകുന്ന പോലെ പൊയ്ക്കൊണ്ടിരുന്നു..അതിനപ്പുറം നീലവാനിൽ കൂട്ടം തെറ്റിയ പോൽ പാറുന്ന മേഘത്തുണ്ടുകൾ.. കടൽനീലിമയും ആകാശനീലിമയും ഒരുമിക്കുന്ന ചക്രവാളം..

 

അദ്വൈതിന്റെ കണ്ണുകൾക്ക് മുന്നിൽ പൊടുന്നനെ കാഴ്ച മറഞ്ഞു പോയി.. കണ്ണാടിജാലകങ്ങൾക്ക് പകരം അവിടെ ഉരുണ്ട മരയഴികൾ പിടിപ്പിച്ച ഒരു കിളിവാതിൽ തുറന്നു വന്നു… നീല നീലക്കടലിനും ആകാശത്തിനും പകരം ഓട് മേഞ്ഞൊരു പടിപ്പുരയ്ക്കപ്പുറം ചിങ്ങക്കാറ്റിൽ ഉലയുന്നൊരു പച്ചച്ച പാടങ്ങളും, അതിനുമപ്പുറം തൃക്കയിലെ കൃഷ്ണന്റെ മുന്നിലെ, ഒരിക്കലും നിൽക്കാതെ ഇളകിക്കളിക്കുന്ന ചുവന്ന തളിരിലകൾ നിറഞ്ഞ വയസ്സനാൽമരവും തെളിഞ്ഞു വന്നു.

 

മച്ചിന് മീതെ ഓടിനടക്കുന്ന മരപ്പട്ടികളുടെയോ പെരുച്ചാഴികളുടെയോ ശബ്ദം കേട്ടിട്ട് കുഞ്ഞു അദ്വൈത് നടുങ്ങുന്ന പോലെ അറിയാതെയൊന്നു നടുങ്ങിയവൻ..

 

“അച്ഛേ… ഒരെണ്ണം കൂടി.. ഒരു പൂവ് കൂടെ പറിക്കച്ചേ.. ആ നടുക്ക് നിക്കണ വല്യ പൂവ്….

 

തണ്ടൊടിഞ്ഞ മൂന്നു താമര കയ്യിൽ തന്നിട്ട് അച്ഛൻ ചിരിച്ചയാ ചിരി.. അദ്വൈതിന് കണ്ണ് പുകയുന്ന പോലെ തോന്നി.. എത്ര നാൾ ഇങ്ങനെ ഒളിച്ചു കളിക്കും ആരോടൊക്കെയീ ശൂന്യതയിൽ യുദ്ധം ചെയ്യും…

 

കയ്യിലിരുന്ന ടാബ് സ്വൈപ്പ് ചെയ്തു ഓപ്പൺ ചെയ്തു ഗൂഗിൾ എടുത്തു അവൻ.. സേർച്ച്‌ ബാറിൽ വിരലുകൾ അതിവേഗം “ഓണം 2026 എന്ന് ടൈപ്പ് ചെയ്തു…

ഓഗസ്റ്റ് 26..

അവനൊന്നു പുഞ്ചിരിച്ചു. രണ്ടായിരത്തി ഇരുപത്തിയാറിലെ ഓണം ഇരുപത്തിയാറാം തീയതി തന്നെ വന്നൊരു കൗതുകം..

 

അമ്മയ്ക്ക് തന്നെ കാണുമ്പോൾ സന്തോഷം ആകുമോ സങ്കടം ആകുമോ അമ്പരപ്പാകുമോ അത്ഭുതമാകുമോ എന്നൊക്കെ ഓർത്തപ്പോൾ അദ്വൈതിന് തന്നെ ചിരി വന്നു.. കാത്തിരിക്കാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ഓർമ്മയിൽ പരതിയവൻ. പിന്നെ നിരാശയോടെ തലയിൽ ഒന്ന് തട്ടി..

 

ഒരാളെയും ഒന്ന് വിളിക്കാതെ. ഒരു ബന്ധവും പുതുക്കാതെ, അനുവേച്ചിക്ക് പോലും ഒരു മെസ്സേജ് റിപ്ലൈ കൊടുക്കുന്നത് മാസത്തിൽ ഒന്നാണ്.. തന്നെ ആര് ഓർക്കാൻ.. ആര് കാത്തിരിക്കാൻ… കണ്ടാൽ പോലും ആരും തിരിച്ചറിയാൻ പോകുന്നില്ല.. ഏഴു വർഷം.. നീണ്ട ഏഴു വർഷം.. രൂപവും ഭാവവും സ്വരവും വരേ മാറിയിരിക്കുന്നു..

 

ഏഴു വർഷമോ.. തീച്ചൂളയിൽ എന്ന പോലെ ഇരുണ്ട മുറികളിൽ ജീവിച്ചു മടുത്ത അതിനു മുൻപുള്ള പന്ത്രണ്ട് വർഷങ്ങളോ.. ഈ ഇരുപത്തിയാറ് വയസ്സിൽ പത്തൊൻപത് വർഷവും താനൊരു ഏകാന്ത ലോകത്തിൽ ആയിരുന്നുവെന്ന് അപ്പോൾ മാത്രമറിയുന്ന പോലെ അവൻ ഒന്ന് നിശ്വസിച്ചു..

 

രണ്ടു നിമിഷം മിഴികൾ പൂട്ടി നിന്നു അദ്വൈത്.. മുന്നിൽ അമ്മയുടെ അപേക്ഷ നിറഞ്ഞ കണ്ണുകൾ.. വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്തു.. അമ്മയുടെ നമ്പർ എടുത്തവൻ..

 

“ഞാൻ വരുന്നുണ്ട് ഓണത്തിന്..നമുക്ക് തീർത്ഥഹള്ളി പോകാം.. എന്താ വേണ്ടതെന്നു വെച്ചാൽ അമ്മ ഒരുക്കിക്കോളൂ..

 

വോയിസ് മെസ്സേജ് അയച്ചിട്ട് അവൻ, അത് കേൾക്കുന്ന അമ്മയുടെ മുഖം മനസ്സിൽ സങ്കല്പിച്ചു നോക്കി…

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അദ്വൈത് കയറിയ കാർ തീർത്ഥഹള്ളിയിലേക്കുള്ള ചുരം പാത കേറുമ്പോൾ മഴ പെയ്യുകയായിരുന്നു.. ജൂണിലെയും ജൂലൈയിലും കാലവർഷം, കനിഞ്ഞനുഗ്രഹിച്ച തീർത്ഥഹള്ളിയിലെ മഴക്കാടുകൾ,മഴയിൽ നനഞ്ഞു കുളിച്ചു മാമരശാഖികളിൽ പച്ചപ്പായൽ പടർത്തി നിന്നു..താഴെ സമതലങ്ങളിലേക്കുള്ള കാഴ്ചകൾ മറച്ചുക്കൊണ്ട് ഘനമേറിയ കോടമഞ്ഞ് പടർന്നു കിടന്നു വനത്തിനു മീതെ..

 

അദ്വൈത് തിരിഞ്ഞു കാറിനു പിന്നിലേക്ക് നോക്കി.. അമ്മയും അനുവേച്ചിയും, അനുവേച്ചിയുടെ മകൾ ‘നീലവേണി’യും നല്ല ഉറക്കമാണെന്ന് അവൻ കണ്ടു.. ആ നോട്ടം കണ്ടു, കാർ ഓടിച്ചിരുന്ന അളിയൻ വിഷ്ണുപ്രസാദ് അവനെ നോക്കി ചിരിച്ചു..

 

“എവിടെ പോയാലും ഇപ്പോൾ ഇതാണളിയാ അവസ്ഥ.. വണ്ടിയിൽ കേറി പത്തു മിനിറ്റ് കഴിഞ്ഞു നോക്കിയാൽ ഇവരെല്ലാം കിടന്നു കൂർക്കം വലിക്കുന്ന കാണാം.. അതിപ്പോ ടൂർ ആയാലും ശെരി ഷോപ്പിംഗ് ആയാലും ശെരി.. ബന്ധുവീട്ടിൽ പോയാലും ശെരി.. കാഴ്ചകൾ ഒന്നും താല്പര്യമില്ല ആർക്കും..

 

അദ്വൈത് മറുപടി ഒരു ചിരിയിൽ ഒതുക്കിക്കൊണ്ട് പുറത്തേക്ക് തന്നെ നോക്കി..

 

“അളിയന് ചെട്ടിപ്പാളയം നിന്ന് ഹള്ളി പോകുന്ന വഴി ഓർമ്മയുണ്ടോ.. എനിക്ക് ചെട്ടിപ്പാളയം വരേ അറിയുള്ളു.. ഇല്ലേ അമ്മയെ വിളിച്ചു എണീപ്പിക്കാം..

 

വിഷ്ണു.. ഡോറിലേക്ക് ചരിഞ്ഞു കിടന്നുറങ്ങുന്ന ശ്രീവിദ്യയെ ഒന്ന് പാളി നോക്കി..

 

“അളിയൻ ഇങ്ങോട്ട് വന്നിട്ട് ഇപ്പോൾ ഒത്തിരി ആയില്ലേ.. അമ്മ പറഞ്ഞു കേട്ട അറിവേയുള്ളു എനിക്ക്..

 

അദ്വൈത് ഒരു ദീർഘനിശ്വാസമെടുത്തു കണ്ണുകൾ അടച്ചു..അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ, ചെട്ടിപ്പാളയം അങ്ങാടിയിൽ നിന്നും തീർത്ഥഹള്ളിയിലേക്കുള്ള ചുവന്ന മൺപാത മിഴിവോടെ തെളിഞ്ഞു വന്നു.. അച്ഛന്റെ മോപ്പഡ് സൈക്കിളിന് പിന്നിൽ ഇരുന്ന് ആ വഴി കൗതുകത്തോടെ സഞ്ചരിക്കുന്ന ഒരെഴു വയസുകാരനും..

 

“ഓർമ്മയുണ്ടളിയാ. രഘുമാമന്റെ ചായക്കട.. വേലാണ്ടിയണ്ണന്റെ ബാർബർ ഷോപ്പ്.. ലീലാക്കയുടെ പലചരക്കു കട.. മുനിമാമന്റെ ചാരായം വിക്കുന്ന മാടം.. നെല്ല് കുത്തുന്ന, അരി പൊടിക്കുന്ന വല്യ അയ്യാവുടെ മില്ല്…

 

വിഷ്ണു, അദ്വൈതിന്റെ മുഖത്തു വിടരുന്ന ചിരിയിലേക്ക് നോക്കി..

 

“ഹാ ഇതൊക്കെ ഏത് കാലത്താണളിയാ. ഇതൊക്കെ ഇപ്പോളും ഉണ്ടാകുമോ അവിടെ??

 

ഉണ്ടാവില്ലേ… ഉണ്ടാകുമല്ലോ. ഇല്ലാതെ എവിടെ പോകാൻ.. ഇതൊന്നുമില്ലാതെ തീർത്ഥഹള്ളി എങ്ങനെ അതിന്റെ സ്വാഭാവികമായ ചര്യകൾ നടത്തും

 

അദ്വൈത് ഉള്ളിൽ ഓർത്തു..

 

ചെട്ടിപ്പാളയം മാറിയിരുന്നു.. എന്നാൽ മാറിയിരുന്നുമില്ല..

ചുവന്ന മൺറോഡ് കോൺക്രീറ്റ് ചെയ്തു വീതി കൂട്ടിയിരിക്കുന്നു.. റോഡരികിലെ കൂറ്റൻ പുളിമരചോട്ടിൽ മൂന്നോ നാലോ ഓട്ടോറിക്ഷകൾ യാത്രികരെ കാത്തു കിടന്നു..

 

‘വിവോ’ യുടെ വലിയ പരസ്യബോർഡ് വെച്ചൊരു മൊബൈൽ ഷോപ്പ്. സൂപ്പർ മാർക്കറ്റ്,ലീലാക്കയുടെ കടയിരുന്ന സ്ഥാനത്തു, കടും നിറമുള്ള സാരികൾ പുറത്തു തൂക്കിയിട്ടൊരു ടെക്സ്സ്റ്റൈൽ ഷോപ്പ്.. വേലാണ്ടിയണ്ണന്റെ ബാർബർ ഷോപ്പ് നിന്നിരുന്നയിടത്തു ചില്ല്‌ ജാലകങ്ങൾ ഉള്ളൊരു മെൻസ് ബ്യൂട്ടി ക്ലിനിക്ക്…

 

അദ്വൈത്, കണ്ണിൽ നിറയുന്ന കൗതുകത്തോടെ ഓരോന്നും ആദ്യമായ് കാണുന്ന പോലെ നോക്കി.. കാറിന്റെ തുറന്നു വെച്ച വിൻഡോയിലൂടെ അകത്തേക്ക് വരുന്ന, വരണ്ട പൊടിക്കാറ്റിന്റെ ഗന്ധത്തിനു അതേ പഴയ, ഗന്ധം ആണെന്ന് അവൻ തിരിച്ചറിഞ്ഞു..

 

“അളിയാ. ആ ഓട്ടോറിക്ഷകൾ കിടക്കുന്ന അവിടെ നിന്ന് ലെഫ്റ്റ്.. ആ വഴി നേരെ പോയാൽ മതി..

 

തലയാട്ടിക്കൊണ്ട് വിഷ്ണു, കാർ ആ വഴിയിലേക്ക് തിരിച്ചു.. ഇരുവശവും കൂറ്റൻ പുളിമരങ്ങൾ തണൽ പടർത്തിയ ആ വഴിയുടെ അങ്ങേയറ്റത്തെന്ന വിധം ആകാശത്തേക്ക് ഒരു വന്മല തല ഉയർത്തി നിന്നിരുന്നു.

 

തീർത്ഥഹള്ളി പെരുമാൾ കോവിൽ മൂന്നു കിലോമീറ്റർ എന്നെഴുതിയ ബോർഡ് കടന്നു കാർ മെല്ലെ മുന്നോട്ട് പോയി..

ഫോറെസ്റ്റ് ചെക് പോസ്റ്റ്‌ മുന്നിൽ കാർ നിർത്തുമ്പോൾ ആയിരുന്നു ശ്രീവിദ്യ കണ്ണു തുറന്നത്.. മടിയിലേക്ക് തല ചായ്ച്ചു കിടന്നുറങ്ങുന്ന നീലവേണിയേ ഉണർത്താതെ അവർ ഒന്ന് നിവർന്നു പുറത്തേക്ക് നോക്കി.. ഉയരം കുറഞ്ഞ ഒറ്റപ്പെട്ട, ഉണങ്ങിയ തടിയും കുഞ്ഞ് ചില്ലകളും കുരുന്നിലകളുമുള്ള മരങ്ങൾക്ക് അപ്പുറം വരണ്ട സമതലങ്ങളുടെ കാഴ്ചകൾ ആയിരുന്നു..

വിഷ്ണു, ഫോറെസ്റ്റ് ചെക് പോസ്റ്റിന്റെ താഴ്ത്തി വെച്ച ബാരിക്കെടിനപ്പുറം നിൽക്കുന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടു മിനിറ്റ് കൊണ്ട് വിഷ്ണു തിരികെ വന്നു കാറിൽ കയറി മുന്നോട്ട് എടുത്തു.. ക്രോസ്സ് ബാർ ഉയർത്തിയ ആളിന് നേരെ കൈ വീശി കൊണ്ട് അവൻ വാഹനം മുന്നോട്ട് ഓടിച്ചു..

 

ശ്രീവിദ്യയ്ക്ക് നെഞ്ചിൽ ഒരു ഭാരം തോന്നി.. നീണ്ട പതിനെട്ടു വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷത്തേക്കാളേറേ, നഷ്ടമായ ഒരു കാലവും ഓർമ്മകളും അവരുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.

 

മലമുകളിലെക്കുള്ള കയറ്റം പകുതി ആകുമ്പോൾ ചുറ്റും പൊടുന്നനെ പ്രകൃതി മാറുന്നത് അദ്വൈതും വിഷ്ണുവും കണ്ടു. വരണ്ട് കിടന്ന നരച്ച കാട് പെട്ടന്ന് അവസാനിച്ചു, പകരം ഓരോ തിരിവിലും തേയിലചെടികളുടെ നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന ഹരിതസമുദ്രദൃശ്യങ്ങൾ കടന്നു വന്നു.. താഴേ നിന്ന് കണ്ട വെളുത്ത മേഘകൂട്ടങ്ങൾ തണുത്ത കോടമഞ്ഞായി അവരെ വന്നു പൊതിഞ്ഞു..

 

രണ്ടു കുന്നുകൾക്ക് ഇടയിൽ.. പച്ചപട്ടു പോലെ പടർന്നു കിടക്കുന്ന തേയിലതോട്ടത്തിനു നടുവിൽ ആയിരുന്നു ആ വീട്.. കാലപ്പഴക്കം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാവുന്ന തുരുമ്പ് പിടിച്ച ഇരുമ്പ് ഗേറ്റിനപ്പുറം.. പണ്ടെങ്ങോ പൂശിയ നിറങ്ങൾ നരച്ചയാ വീട് കൂനിക്കൂടിയ ഒരു വൃദ്ധനെ പോലെ കുമ്പിട്ടു നിന്നു. വിശാലമായ മുറ്റത്തു ഇട്ടിരുന്ന സിമെന്റ് പലയിടത്തും പൊട്ടിപൊളിഞ്ഞിരുന്നു.. കരിങ്കൽ കൊണ്ട് കെട്ടിയ വീടിന്റെ ഭിത്തിയിൽ എമ്പാടും പച്ചച്ച പായൽ പടർന്നു നിന്നു.. വല്ലാത്തോരീർപ്പം നിറഞ്ഞു നിന്നിരുന്നു വായുവിൽ.. തണുത്ത വായുവിൽ പൂപ്പലിന്റെയും ഉണങ്ങിയ തേയിലയുടെയും സമ്മിശ്രഗന്ധം ഉണ്ടായിരുന്നു…

 

കാർ നിർത്തി അവർ പുറത്തു ഇറങ്ങുമ്പോൾ, നന്നേ തണുത്തൊരു കാറ്റ് വന്നവരെ പുണർന്നു.. മലയുടെ മീതെ പാറിപ്പറക്കുന്ന അമ്പലത്തിന്റെ കൊടിക്കൂറയിലേക്കും, അതിന്

താഴ്വാരത്തെ കരിങ്കൽ കെട്ടിയ വലിയ ക്ഷേത്രക്കുളത്തിലേക്കും, ഉള്ളിൽ നിറയുന്ന വേദനയോടെ നോക്കി നിന്നു ശ്രീവിദ്യ.. പുതിയ ഒരു ലോകത്തിലേക്ക് ഉറക്കമുണർന്ന പോലെ നീലവേണി ആ മുറ്റം നിറയെ ഓടിനടന്നു..

 

 

പിറ്റേന്ന്.. ഉത്രാടപുലർച്ചെ ആയിരുന്നു അവർ പെരുമാൾ കോവിൽ നട കയറിയത്.. കോവിലിനു ചുറ്റും കനത്ത മൂടൽ മഞ്ഞായിരുന്നു.. തൊട്ടു മുൻപിലെ ദൃശ്യങ്ങൾ ഒഴികെ, ബാക്കിയുള്ള ഭൂപ്രകൃതി മുഴുവനും, വെളുത്ത മഞ്ഞിന്റെ കട്ടിയുള്ള തിരശീലയ്ക്കുള്ളിൽ മറഞ്ഞു കിടന്നു. ചൂളം കുത്തുന്ന കാറ്റിന്റെയും, പേരറിയാത്ത പക്ഷികളുടെ ആഹ്ലാദസ്വരങ്ങളും ചുറ്റും മുഴങ്ങി നിന്നു..

മലമുകളിൽ നിന്ന് വരുന്നൊരു ഉറവ, ക്ഷേത്രക്കുളം നിറച്ചു കൊണ്ട്. മറ്റൊരു നീർച്ചാലായി പുറത്തേക്ക് ഒഴുകി ഇറങ്ങുന്നിടത്തു ആയിരുന്നു, കോവിലിലെ പുരോഹിതൻ,അവർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയത്..

 

ശ്രീവിദ്യയും വിഷ്ണുവും നീലവേണിയും നോക്കി നിൽക്കെ, അദ്വൈതും അനാമികയും തൂശനിലത്തുമ്പിൽ എള്ളും നീരും പൂവും തർപ്പണം ചെയ്തു. ദർഭമോതിരം ധരിച്ച കൈ കൊണ്ട് പിണ്ഡം ഓരോന്ന് ഉരുട്ടി, പിതൃക്കളെ സ്മരിച്ചു കൊണ്ട് ഇലയിൽ സമർപ്പിക്കവേ അദ്വൈതിന്റെ മിഴികൾ ചോരുന്നുണ്ടായിരുന്നു.. അവന്റെ ഇലയിലെ ബലിചോറിനു മീതെ ചൂടുള്ള കണ്ണീർതുള്ളികൾ വീണുടയുമ്പോൾ ശ്രീവിദ്യ കൈകൾ നെഞ്ചോട് ചേർത്ത് വെച്ചു ആകാശത്തേക്ക് നിശബ്ദമായ് നോക്കി.. അവരുടെ ചുണ്ടുകൾ ഏതോ പ്രാർത്ഥനശീലുകൾ ഉരുവിടുകയായിരുന്നു അപ്പോൾ..

 

കുളത്തിൽ നിറയെ ചുവപ്പും വെളുപ്പും താമരകൾ പൂത്തു നിന്നിരുന്നു, ബലിതർപ്പണം കഴിഞ്ഞു അദ്വൈതും അനാമികയും കോവിലിൽ കയറി തൊഴുതു, വഴിപാട് കഴിച്ചു ഇറങ്ങുമ്പോൾ വിഷ്ണു, നീലവേണിക്ക് താമരപൂക്കൾ പറിച്ചു കൊടുക്കുകയായിരുന്നു..കൽപടവിൽ ഇരിക്കുന്ന ശ്രീവിദ്യയുടെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു..

 

“ഈ കുളത്തിൽ ആയിരുന്നു അച്ഛൻ പോയത്.. ഇത് പോലെ എനിക്ക് താമരപൂക്കൾ പറിച്ചു തരുവാൻ ഇറങ്ങിയതാ.. ഇനിയും ഇനിയും വേണമെന്നത് എന്റെ വാശി ആയിരുന്നു..

 

പൂക്കൾ പിടിച്ചു ചിരിച്ചു നിൽക്കുന്ന നീലവേണിയെ എടുത്തു നെഞ്ചിൽ ചേർത്തു അദ്വൈത്..

വിഷ്ണു അവൻ പറയുന്നത് ശ്രദ്ധിക്കുകയായിരുന്നു.

 

“ആരും ഉണ്ടായില്ല ആ വൈകുന്നേരം ഇവിടെ. ഇതേ പോലൊരു ഉത്രാടവൈകുന്നേരം, പിറ്റേന്ന് തിരുവോണപൂക്കളം ഒരുക്കാനായ് എനിക്ക് പൂക്കൾ പറിക്കാൻ ഇറങ്ങിയതാച്ഛൻ..

 

മഞ്ഞിനുള്ളിൽ നിന്നും ദിക്കറിയാതെ പറക്കുമൊരു പക്ഷിയുടെ കരച്ചിൽ മുഴങ്ങി..

 

“അച്ഛൻ മുങ്ങി പോകുന്നത് കണ്ടപ്പോൾ ഞാൻ പേടിച്ചു പോയി. ഇത്തിരി നേരം നോക്കി നിന്നു.. കുളത്തിലെ ഭൂതം അച്ഛനെ പിടിച്ചുവെന്നാ കരുതിയത്..പൂക്കളും പിടിച്ചു കൊണ്ട് ആരോടും ഒന്നും പറയാതെ ഞാൻ ഭീതിയോടെ വീട്ടില് മുറിയിലെ അലമാരയ്ക്ക് പിറകിൽ ഒളിച്ചു.. നാട്ടുകാരും വീട്ടുകാരും എന്നെയും അച്ഛനെയും തിരഞ്ഞു നടന്നു ആ ഉത്രാടരാത്രി മുഴുവനും..

 

അദ്വൈത് മെല്ലെ അമ്മയുടെ അടുത്ത് കൽപടവിൽ ഇരുന്നു.. മടിയിൽ നീലവേണിയും..

 

“ആരോടെങ്കിലും പറഞ്ഞാൽ മതിയായിരുന്നു, ചിലപ്പോൾ അച്ഛൻ ഇപ്പോളും ഞങ്ങൾക്ക് ഒപ്പമുണ്ടായേനെ. ആറു വയസുകാരന്റെ പാനിക് ആയിപോയ ബുദ്ധിയിലും ബോധത്തിലും അന്നതൊന്നും ഓർത്തില്ല.. ശെരിക്കും പേടിച്ചു പോയിരുന്നു.. പിന്നെ എത്ര വർഷം.. എത്ര കാലം എടുത്തു എന്നറിയോ അളിയന്.. ആ ഉൾഭീതിയിൽ നിന്ന് പുറത്തു കടക്കാൻ..

 

ഒരു കൈ കൊണ്ട് അദ്വൈത് അമ്മയെ ചേർത്ത് പിടിച്ചു..

 

“ക്ഷമിച്ചു കാണുമല്ലേ അമ്മേ.. അച്ഛനീ ഒന്നിനും കൊള്ളാത്ത മകനോട്.. ഇവിടെ വന്നു ബലിയിട്ടാൽ മാത്രമേ അച്ഛൻ മോക്ഷം നേടൂ എന്നല്ലേ പറഞ്ഞതമ്മ.. ഇപ്പോൾ ന്റെ അച്ഛൻ വിഷ്ണുപാദം പുൽകി കാണുമല്ലേ അമ്മേ…

 

സാരിതുമ്പ് കടിച്ചു പിടിച്ചിട്ടും, ശ്രീവിദ്യയിൽ നിന്നും കരച്ചിലിന്റെ ഒരു ചീള് പുറത്തേക്ക് തെറിച്ചു വീണു.. തിരിഞ്ഞു ഇരുകൈകൾ കൊണ്ട് അദ്വൈതിനെ കെട്ടിപിടിച്ചു കൊണ്ട് അവർ ആർത്തലച്ചു കരഞ്ഞു അടുത്ത നിമിഷം..

 

അനാമികയും ഒരു വിതുമ്പലോടെ വിഷ്ണുവിന്റെ കയ്യിൽ കൈ കോർത്തു അവന്റെ തോളിൽ മുഖം ചേർത്ത് വെച്ചു..

 

“മക്കളോട് ക്ഷമിക്കാൻ അച്ഛനും അമ്മയ്ക്കും കഴിയില്ലങ്കി പിന്നാർക്ക് കഴിയും അച്ചുവേ.. ഈ ഒരുരുള കാത്തിരുന്നു എന്നേയുള്ളു നിന്റെ അച്ഛൻ. നിന്നോട് ഞങ്ങൾ എന്നെ ക്ഷമിച്ചു കഴിഞ്ഞു. അല്ലെങ്കിൽ തന്നെ എന്റെയച്ചു എന്ത് തെറ്റ് ചെയ്തു. നിന്റെ അച്ഛന് അത്രേ ആയുസ്സ് ഉണ്ടായിരുന്നുള്ളു മോനേ അത്രേ ഉണ്ടായിരുന്നുള്ളു…നീയാണ് ഇക്കണ്ട കാലം മുഴുവനും ഉരുകി തീർന്നത്..

 

പതം പറഞ്ഞു കരയുന്ന അമ്മയെ ചേർത്ത് പിടിച്ചു അദ്വൈത് കുളത്തിലെ പൂക്കൾ നോക്കി..

 

“അച്ഛാ മാപ്പ്..

 

അവന്റെ കണ്ണിൽ നിന്നു രണ്ടു തുള്ളി, നീലവേണിയുടെ നിറുകയിൽ വീണു ചിതറി..

 

 

അനാമിക വന്നു അദ്വൈതിന്റെ മറുവശത്തു ഇരുന്നു..

 

“ഇനി ഞങ്ങൾ പറയുന്നത് കേൾക്കച്ചു.. എങ്ങോട്ടാ നീയിങ്ങനെ ഒളിച്ചോടുന്നത്.. മതി.. ഒരു കുറ്റബോധവും വേണ്ട.. നീയിനിയിങ്ങനെ അലയാൻ ഞങ്ങൾ സമ്മതിക്കില്ല.. ഇനി ഞങ്ങൾ കൂടെ മതി. ഞങ്ങൾക്ക് നീയല്ലാതെ ആരാ അച്ചു ഉള്ളത്….

 

അദ്വൈത് ഇരുകൈകൾ കൊണ്ടും രണ്ടു പേരെയും തോളോട് ചേർത്ത് പിടിച്ചു.. മഞ്ഞിൽ മുങ്ങി വന്നൊരു കാറ്റ്, താമരപൂക്കളെ തലോടി കടന്നു പോയ്‌..

 

തീർത്ഥഹള്ളിയിലെ ആ വീട്ടിൽ, ഒരുപാട് വർഷങ്ങൾക്ക് ശേഷം, ഒരുത്രാട രാത്രി, അതിന്റെ എല്ലാ ഭംഗിയോടെയും, സന്തോഷങ്ങളോടെയും തെളിഞ്ഞു നിന്നു….

❤️❤️❤️❤️

 

വായനയ്ക്ക് ഒരുപാട് നന്ദി സന്തോഷം ❤️❤️സസ്നേഹം നിങ്ങളുടെ സായന്ദ് സാരംഗ്.

 

 

 

 

 

 

 

 

 

 

2
സായന്ദ് സാരംഗ്

Nothing to say just wandering

1 Comment

  1. Sabitha Mohyadeen on September 8, 2026 9:03 AM

    വളരെ നന്നായി എഴുതി.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.