ജീവിതം എനിക്ക് മടുത്തു തുടങ്ങിയിരുന്നു. എത്ര നാളായി കുടുംബത്തിന്റെ ഭാരവും പേറി ഈ ചുമലുകൾ തളർന്നു നടക്കുന്നു? രാപ്പകലില്ലാതെ അധ്വാനിച്ചു വിയർപ്പൊഴുക്കിയിട്ടും, “നീ കഴിച്ചോടാ…” എന്ന് ആത്മാർത്ഥമായി ചോദിക്കാൻ ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചുമതലകൾ മാത്രം എന്റേതും, സന്തോഷങ്ങൾ മുഴുവൻ മറ്റുള്ളവരുടേതുമായി മാറിയ അവസ്ഥ.
അച്ഛൻ എന്നൊരു പേരുമാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ആർഭാടത്തിനും അനാവശ്യങ്ങൾക്കുമായി കൈനിറയെ കടം വരുത്തി വെയ്ക്കും; ഒടുവിൽ ആ കടങ്ങളെല്ലാം വീട്ടാൻ മകനായ ഞാൻ നെട്ടോട്ടമോടണം. അമ്മയ്ക്ക് വയ്യാതായാൽ തിരിഞ്ഞുപോലും നോക്കാത്ത അച്ഛൻ, എന്നെക്കൊണ്ട് ആശുപത്രിയിൽ എത്തിക്കും. എന്നാൽ പെങ്ങന്മാരുടെ കാര്യം വരുമ്പോൾ അച്ഛന് ആയിരം കൈകളാണ്. അവരുടെ ഭർതൃവീടുകളിലേക്ക് ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ മുഴുവൻ അച്ഛൻ കൊടുത്തയക്കും. അവിടെ അവർക്ക് ഒരു കുറവും വരാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തി.
പക്ഷേ, ഞാൻ കല്യാണം കഴിച്ച് കുട്ടികളായപ്പോൾ എന്റെ മക്കൾക്കൊരു മിട്ടായി പോലും വാങ്ങി നൽകാൻ ആ കൈകൾ നീണ്ടത് ഞാൻ കണ്ടിട്ടില്ല. എനിക്കു മാത്രം ഇവിടെ എന്നും വിവേചനമായിരുന്നു. എനിക്കും കൂടി അവകാശപ്പെട്ട കുടുംബസ്വത്തും അധ്വാനഫലവുമാണ് പെങ്ങന്മാർക്കും നാത്തൂന്മാർക്കും അച്ഛൻ വാരി നൽകിയത്. കിട്ടിയത് പോരെന്ന മട്ടിൽ അളിയന്മാരും അത് വാങ്ങിപ്പോയി.
ഈ നെറ്റിപ്പട്ടത്തിനിടയിലും എന്റെ ഭാര്യ ആരോടും ഒരു പരാതിയും പറഞ്ഞില്ല. വിവാഹം കഴിഞ്ഞു വർഷങ്ങൾ ഇത്രയുമായിട്ടും ആരെക്കുറിച്ചും ഒരു കുറ്റവും എന്നോട് പറയാതെ, എനിക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു, ക്ഷമിച്ചു. ഒടുവിൽ, സഹനത്തിന്റെ സകല അതിരുകളും ലംഘിച്ചപ്പോഴാണ് അവളെയും മക്കളെയും കൂട്ടി ഞാൻ ആ പടിയിറങ്ങിയത്.
അതിനിടയിൽ അമ്മയുടെ പെട്ടെന്നുള്ള മരണം എന്നെ വല്ലാതെ തകിടം മറിച്ചു. നാട്ടുകാരെ കാണിക്കാൻ അല്പം വിഷമം അഭിനയിച്ചതല്ലാതെ അച്ഛന് അതിൽ വലിയ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. അമ്മ മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ അച്ഛൻ വേറെ കല്യാണം കഴിച്ചു. കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ഹോമിച്ചവന് അവിടെ ഒരു സ്ഥാനവുമില്ലെന്ന് ഉറപ്പായപ്പോൾ, പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞുനോക്കാതെ ഞാൻ ഇറങ്ങിപ്പോന്നു.
ഇപ്പോൾ ഉള്ളതുകൊണ്ട് സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു. ഇപ്പോഴും അച്ഛൻ പെങ്ങന്മാർക്ക് ഒരു കുറവും വരുത്താതെ എല്ലാം ചെയ്തുകൊടുക്കുന്നുണ്ട്. അല്ലെങ്കിലും, സ്വന്തം കുടുംബക്കാർ തന്നെയാണ് പലപ്പോഴും ആൺമക്കളുടെ അധ്വാനവും പ്രതീക്ഷകളും ചൂഷണം ചെയ്ത് അവരെ ഒന്നുമില്ലാതാക്കി തീർക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് ഞാൻ പഠിച്ച ഒരു വലിയ സത്യമുണ്ട്—’നമ്മുടേത്’ എന്ന് പറഞ്ഞ് ഒരു രൂപയെങ്കിലും സ്വന്തമായി മാറ്റിവെക്കണം. ഇല്ലെങ്കിൽ, വീഴുമ്പോൾ താങ്ങാൻ സ്വന്തം നിഴൽ പോലും കൂടെയുണ്ടാവില്ല.


1 Comment
അങ്ങനെയും പല ജന്മങ്ങളുണ്ട് അല്ലേ ?
❤️👌🌹