“അമ്മേ… ഇത് നോക്കിയേ, ഈ ഡ്രസ്സ് എനിക്ക് ചേരുന്നുണ്ടോ?”
അതുവരെ കണ്ണാടിയിൽ മാത്രം നോക്കി നിൽക്കുകയായിരുന്ന മനസ്വി അമ്മയ്ക്ക് നേരെ തിരിഞ്ഞു. നീല നിറത്തിൽ ചെറിയ വെള്ളപ്പൂക്കൾ തുന്നിച്ചേർത്ത ഒരു സുന്ദരൻ ഫ്രോക്കായിരുന്നു അത്. അതിന് അനുയോജ്യമായ ചെറിയ മാലയും കാതിലുമിട്ടിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ആദ്യമായി അങ്ങനെയൊരു വസ്ത്ര ധാരണയിൽ അമ്മയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു നാണവും ചമ്മലും പടർന്നിരുന്നു.
അമ്മയുടെ പ്രതികരണത്തിനായി ഒരു നിമിഷം കാത്തുനിന്ന ശേഷം അവൾ സ്വയം പിറുപിറുത്തു, “അയ്യേ… എനിക്ക് ചേരില്ല അല്ലേ അമ്മേ? എന്നാൽ പിന്നെ ഞാൻ ഇത് മാറ്റിക്കളയാം…”
“ഇല്ല മോളേ, നിനക്കിത് നല്ല ഇണക്കമുണ്ട്. കാണാൻ എന്തൊരു ഭംഗിയാണെന്നോ…” നിറകണ്ണുകളോടെ അമ്മ അവളെ ചേർത്തുപിടിച്ചു.
മനസ്വിയുടെ ചുണ്ടിൽ വിഷാദം കലർന്നൊരു ചിരി വിരിഞ്ഞു. “മിലന് ഞാൻ ഇതൊന്നും ഇടുന്നത് ഇഷ്ടമല്ലായിരുന്നു അമ്മേ. ഞാൻ സാരി ഉടുക്കുമ്പോഴാണ് സുന്ദരിയെന്ന് അവൻ പറയും. അതോ, ഒട്ടും നിറമില്ലാത്ത, ജീവനില്ലാത്ത സാരികൾ! ആ വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും അവൻ എന്നെ സമ്മതിച്ചിരുന്നില്ല. ബെഡ്‌റൂമിന്റെ ആ നാല് ചുവരുകൾക്കുള്ളിൽ മാത്രമായിരുന്നു എന്റെ ലോകവും അവകാശവും. കൃത്യസമയത്ത് ഭക്ഷണം കിട്ടും, ഉടുക്കാൻ കുറച്ചു സാരികളും നൈറ്റികളും. വീട്ടുപണികളൊന്നും ചെയ്യേണ്ടതില്ല… പകൽ മുഴുവൻ വെറുതെ കിടന്നും ഉറങ്ങിയും ആ തടവറയിൽ ഞാൻ ആറു മാസം തള്ളിനീക്കി.”
അവൾ ജനലിലൂടെ പുറത്തേക്ക് കണ്ണോടിച്ചു. “പത്തൊൻപതാം വയസ്സിൽ ജാതകപ്രകാരം എനിക്ക് രാജയോഗമാണെന്നല്ലേ എല്ലാവരും പറഞ്ഞത്! വലിയ ബിസിനസുകാരനായ മിലന്റെ ഭാര്യയായുള്ള പ്രൊമോഷൻ. പക്ഷേ ശരിക്കും ഞാൻ ഒരു കൂട്ടിൽ അകപ്പെട്ടുപോയ കിളിയുടെ അവസ്ഥയിലായിരുന്നു അമ്മേ. ഫോണിൽ ആരോടെങ്കിലും സംസാരിക്കുന്നത് പോലും അവന് വെറുപ്പായിരുന്നു. പുറത്തുനിന്നുള്ളവർ പറഞ്ഞു, ‘മനസ്വി വലിയ ഭാഗ്യവതിയാണെന്ന്’. ആറു വർഷം കൊണ്ട് അനുഭവിച്ചു തീർക്കേണ്ട യാതനകൾ ആറു മാസം കൊണ്ട് ഞാൻ അനുഭവിച്ചു തീർത്തു. ആ അനുഭവങ്ങളൊന്നും ആരോടും തുറന്നുപറയാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.”
ഒരു ദീർഘനിശ്വാസത്തിന് ശേഷം മനസ്വി അമ്മയുടെ കൈകൾ ചേർത്തുവെച്ചു. “മിലൻ കാർ അപകടത്തിൽ മരിച്ചപ്പോഴാണ് അമ്മേ ഞാൻ ആദ്യമായി പുറത്തെ ശുദ്ധവായു ശ്വസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ള രുചിയുള്ള ഭക്ഷണം കഴിക്കുന്നതും, എനിക്ക് ഇഷ്ടമുള്ള ഡ്രസ്സുകൾ ഇടുന്നതും ഇപ്പോഴാണ്. അവന്റെ പണമോ സ്വത്തോ ഒന്നും തന്നെ എനിക്ക് വേണ്ട. എനിക്കെല്ലാം ഒന്നിൽ നിന്ന് തുടങ്ങണം… എനിക്ക് ജീവിക്കണം!”
കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ രൂപത്തിലേക്ക് നോക്കി മനസ്വി ഉറച്ച ശബ്ദത്തിൽ പറഞ്ഞു: “ഇനി ഒരു ജീവിതം തിരികെ കിട്ടില്ലെന്ന് കരുതിയ ഇടത്തുനിന്ന് ഇതെന്റെ രണ്ടാം ഊഴമാണ് അമ്മേ… പുതിയൊരു ചെടിയിൽ ആദ്യമായി വിരിഞ്ഞ മനോഹരമായ പൂവ് പോലെ…”
മകളുടെ മാറ്റം കണ്ട് കണ്ണുനിറഞ്ഞ അമ്മ അവളെ വീണ്ടും മാറോടണച്ചു. ആ മുറിയിൽ അപ്പോൾ പുതിയൊരു പുലരിയുടെ വെളിച്ചവും പ്രകാശവും പടരുന്നുണ്ടായിരുന്നു….
അവളുടെ രണ്ടാമുഴത്തിനായി..
# കൂട്ടക്ഷരങ്ങൾ #എന്റെരചന #രണ്ടാമുഴം


10 Comments
ആരും കാണാതെ പോയ കഥ.നന്നായി എഴുതിയിട്ടുണ്ട് അഭിനന്ദനങ്ങൾ ആശംസകൾ
❤️❤️
👍👍
❤️❤️
തടവറയിൽ ജീവിക്കാൻ ആരാണിഷ്ടപ്പെടുക ? ഇഷ്ടമുള്ളവ ധരിച്ചും രുചിച്ചും മനസ്വി ജീവിക്കട്ടെ.👌👏♥️
🥰🥰💫💫
മനസ്വിയെ പോലെ തടവിൽ അകപ്പെട്ട എത്രയോ ആളുകൾ….
അതെ.. പുറം ലോകം പോലും അറിയാത്ത മനുഷ്യ ജന്മങ്ങൾ
മനസ്വി, ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. 👍
അതെ അവരുടെ ഇഷ്ടത്തിന് ✨✨