തനൂജയുടെ ബുള്ളറ്റ് കുപ്‌വാര ടൗണിലേക്ക് എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. പട്ടണത്തിലെ കടകളിൽ പലതും അടയ്ക്കാനുള്ള തിരക്കിലായിരുന്നു. ചില കടകളിൽ മാത്രം ലൈറ്റുകൾ തെളിഞ്ഞുകിടന്നു. റോഡിലൂടെ ഇടയ്ക്കിടെ കാറുകളും ചെറിയ വാഹനങ്ങളും പട്ടാള ട്രക്കുകളും കടന്നുപോയി.
തണുപ്പ് പതുക്കെ കൂടിവരുന്നുണ്ടായിരുന്നു. ആളുകൾ ഷാളും ജാക്കറ്റും ധരിച്ച് വേഗത്തിൽ നടന്നുപോകുന്നു. റോഡരികിലെ ഒരു ചായക്കടയിൽ നിന്ന് ചൂടൻ ചായയുടെയും കഹ്‌വയുടെയും (ഏലക്ക, കറുവാപ്പട്ട പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കുന്ന ചായ) മണം വരുന്നുണ്ടായിരുന്നു.
പട്ടണത്തിന് ചുറ്റുമുള്ള മലകൾ ഇരുട്ടിൽ വ്യക്തമായി കാണാനാവില്ല. ചില ഭാഗങ്ങളിൽ വീടുകളുടെയും കടകളുടെയും വെളിച്ചം മലഞ്ചരിവുകളിൽ ചെറിയ ചെറിയ പൊട്ടുകൾ പോലെ കാണാം.
ലോഡ്ജിന്റെ മുന്നിൽ ബുള്ളറ്റ് നിർത്തിയപ്പോൾ റോഡിലെ തിരക്ക് കുറച്ചുകൂടി കുറഞ്ഞിരുന്നു. ദൂരെയൊരു പള്ളിയിൽ നിന്നുള്ള ഇശാ നമസ്കാരത്തിന്റെ വാങ്കുവിളി കേട്ടു. മുറിയിൽ കയറി ജനൽ തുറന്നപ്പോൾ പുറത്തുനിന്ന് തണുത്ത കാറ്റ് അകത്തേക്ക് വന്നു. ശബ്ദങ്ങൾ കുറഞ്ഞ്, കടകളുടെ വെളിച്ചവും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളും മാത്രം ഇടയ്ക്കിടെ കാണുന്ന ശാന്തമായ രാത്രി.
തനൂജ യാത്ര തുടങ്ങിയിട്ട് ഇരുപത്തിയഞ്ചാം ദിവസമാണിന്ന്. ഹൈദരാബാദും ആഗ്രയും ഡൽഹിയും പത്താൻകോട്ടും ജമ്മുവും ഒക്കെ പിന്നിട്ട് കുപ്‌വാര വരെ എത്തിനിൽക്കുന്ന യാത്ര. താനെന്താണെന്നും ഇനിയെങ്ങനെ ജീവിക്കണമെന്നും തീരുമാനിച്ചുറപ്പിച്ച ശേഷമുള്ള യാത്ര.. പട്ടാളത്തിൽ മേജർ ആയിരുന്ന അച്ഛന്റെ കൂടെ അവൾ ചെറുപ്പകാലം ചിലവഴിച്ച കുപ്‌വാര ജില്ലയിലെ ലോലാബ് താഴ്‌വരയിലേക്ക് ഒരു സോളോ ട്രിപ്പ്. ഇവിടെ നിന്നും 20 30 കിലോമീറ്റർ പോയാൽ അവൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തും. അവളുടെ ബാല്യകാലം ചിലവഴിച്ച സ്ഥലം. അമ്മയെ നഷ്ടപ്പെട്ട സ്ഥലം. പെറ്റമ്മയെ പോലൊരു പോറ്റമ്മയേയും കൂടപ്പിറപ്പിനെയും കിട്ടിയ സ്ഥലം.
അവളുടെ ബാല്യകാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നായ, അച്ഛനും കുട്ടിക്കാലത്തേ മരിച്ചുപോയ അമ്മയും കഴിഞ്ഞാൽ അക്കാലത്ത് ഏറ്റവും ആത്മബന്ധം ഉണ്ടായിരുന്ന ഗുലാം നബിയേയും അദ്ദേഹത്തിന്റെ ഭാര്യ ഹാജിറാ ബീഗത്തേയും മകൾ നൂർജഹാനെയും കാണാൻ കൂടിയാണ് ഈ യാത്ര. അമ്മയുടെ മരണശേഷം ഒരമ്മയുടെ സ്ഥാനത്ത് തന്നെ വളർത്തിയത് മാജീ എന്ന് വിളിക്കുന്ന ഹാജിറ ആയിരുന്നു.
ഉറങ്ങാൻ കിടക്കുമ്പോൾ പോയ കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി. അച്ഛന്റെ സ്വാധീനത്തിൽ ചെറുപ്പത്തിൽ തന്നെ ഡ്രൈവിങ്ങും നീന്തലും എല്ലാം പഠിച്ചു. സ്കൂളിൽ പഠിക്കുമ്പോഴും കോളജിൽ പഠിക്കുമ്പോൾ അവധിക്കാലത്തുമെല്ലാം പട്ടാളക്യാമ്പിന്റെ അടുത്തുള്ള നൂർജഹാൻ ആയിരുന്നു കൂട്ടുകാരി.
അച്ഛൻ റിട്ടയറായി നാട്ടിലെത്തി ബിസിനസ്സ് തുടങ്ങി. അച്ഛനെ സഹായിച്ചു താനും കൂടെക്കൂടി. മഹേഷിന്റെ ആലോചന വന്നപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. പെട്ടന്ന് കല്യാണവും നടന്നു. അതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എത്രയൊക്കെ ശ്രമിച്ചിട്ടും തനിക്ക് മഹേഷിനോട് യാതൊരുവിധ ലൈംഗിക ആകർഷണവും ഉണ്ടാവുന്നില്ല. ഒടുവിൽ കുറേ കൗൺസിലിങ്ങുകൾക്ക് ശേഷമാണ് മനസ്സിലാവുന്നത് തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ അസെക്ഷ്വൽ ആണ്. ആരോടും ലൈംഗിക ആകർഷണം തോന്നാത്ത ഒരവസ്ഥ. ഒരു അവസ്ഥ ആയതുകൊണ്ട് തന്നെ ഇത് ചികിത്സിച്ചു മാറ്റാനും പറ്റില്ല. പക്ഷേ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മഹേഷ് തന്നെ കൂടുതൽ ചേർത്ത് പിടിച്ചു. പിരിഞ്ഞു പോകാം എന്ന തന്റെ അപേക്ഷ അവൻ ചെവിക്കൊണ്ടില്ല.
പതിയെ പതിയെ കാര്യങ്ങൾ പുറംലോകം അറിഞ്ഞുതുടങ്ങി. അതോടെ കാര്യങ്ങൾ വഷളായി. ഭർത്താവിന് ശാരീരിക സുഖം കൊടുക്കാൻ കഴിയാത്ത മച്ചിയായ പെണ്ണിനെ ഡിവോഴ്സ് ചെയ്യാൻ മഹേഷിനും അവന്റെ ഭാവി കളയാതെ ഇറങ്ങിപ്പോവാൻ തനിക്കും സമ്മർദ്ദം ഏറിത്തുടങ്ങി.
ഒടുവിലൊരു ദിവസം താൻ മഹേഷിനോട് അവസാനമായി സംസാരിച്ചു.
“നിനക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ എനിക്ക് ഉറങ്ങാൻ പോലും പറ്റാറില്ല… എന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന് പേടിച്ച്. നീ സന്തോഷിക്കുമ്പോൾ, എന്തിനാണെന്ന് പോലും അറിയാതെ എനിക്കും സന്തോഷം വരും. നീ എന്നെ കെട്ടിപ്പിടിക്കുമ്പോൾ, ഉമ്മവെക്കുമ്പോൾ ഒന്നും നിന്നിൽ നിന്ന് മാറിനിൽക്കാൻ തോന്നാറില്ല. കുറച്ചുകൂടി നേരം അങ്ങനെ തന്നെ ഇരിക്കണമെന്ന് തോന്നും. അതുകൊണ്ടാണ് എനിക്ക് ഇതൊക്കെ പറയാൻ ഇത്രയും വേദനിക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. ഒരുപക്ഷേ നീ വിചാരിക്കുന്നതിലും കൂടുതൽ. പക്ഷേ… നീ എന്നെ സ്നേഹിക്കുന്നതുപോലെ എന്റെ ശരീരം നിന്നെ ആഗ്രഹിക്കുന്നില്ല.
ഓരോ തവണയും എനിക്ക് തോന്നും, നിനക്ക് വേണ്ട ഒരു കാര്യം തരാൻ കഴിയാത്തതുകൊണ്ട് ഞാൻ നിന്നോട് എന്തോ തെറ്റ് ചെയ്യുകയാണെന്ന്.
നീ എന്നെ തൊടുമ്പോൾ എനിക്ക് നിന്റെ സ്നേഹം അറിയാം… പക്ഷേ എന്റെ ഉള്ളിൽ അതേ രീതിയിലുള്ള ആഗ്രഹം ഉണരുന്നില്ല.
നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുമ്പോഴും നിന്നെ വേദനിപ്പിക്കുന്ന ഒരാളായി ഞാൻ മാറുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. മതി മഹേഷ്.. നമുക്ക് പിരിയാം. എന്നും സുഹൃത്തുക്കളായി ഇരിക്കാം”
അവൻ “പറ്റില്ല” എന്ന് പറഞ്ഞു ഇറങ്ങിപ്പോയി. താൻ കാരണം ഒരാളുടെ ജീവിതം തകർന്നു എന്ന തോന്നലിലും ആളുകളുടെ കുറ്റപ്പെടുത്തലും അസ്സഹനീയമായിരുന്നു.. ജീവിതം മുഴുവൻ ഇരുട്ടായി മാറി. പതിയെ പതിയെ എല്ലാവരിൽ നിന്നും അകന്നു. ഒറ്റക്ക് തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി…
സാരിയെടുത്തു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കിട്ടപ്പോഴാണ് ഫോൺ അടിച്ചത്. ഹാജിറ ബീഗം എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ മനസ്സ് ഒന്ന് പതറി. പ്രശ്നങ്ങൾ തുടങ്ങിയതോടെ ഫോൺ നമ്പറടക്കം ബന്ധങ്ങളെല്ലാം താൻ മുറിച്ചു മാറ്റിയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഫോൺ വീണ്ടും അടിച്ചു. ഒടുവിൽ അമ്മയുടെ സ്നേഹം മരണത്തിനെ തോൽപ്പിച്ചു. ഫോണെടുത്തപ്പോൾ “മേരി ബേട്ടീ” എന്ന ഒറ്റ വിളിയിൽ എല്ലാ സങ്കടങ്ങളും അണപൊട്ടിയൊഴുകി. സംസാരിച്ചു തീരും മുൻപ് മുറിയിലേക്ക് വന്ന മഹേഷ് ഫാനിലെ കുരുക്ക് കണ്ട് ഞെട്ടി.
പിന്നെയെല്ലാം തന്റെ ഇഷ്ടത്തിന് നടന്നു. പരസ്പര സമ്മതത്തോടെ ഡിവോഴ്സ് നടന്നു. മഹേഷിന്റെ കാര്യങ്ങൾ അറിഞ്ഞ ഒരു പെൺകുട്ടിയുമായി അവന്റെ വിവാഹം താനും കൂടി മുൻകൈ എടുത്തു നടത്തുന്നു. ഒടുവിൽ രണ്ടാം ജന്മം തന്ന വളർത്തമ്മയെ കാണാൻ ഈ യാത്ര.
പിറ്റേന്ന് രാവിലെ മലയിറങ്ങി ലൊലാബിന്റെ താഴ്‌വരയിലേക്ക് റോഡ് വളഞ്ഞിറങ്ങുമ്പോൾ, ദേവദാരു കാടുകൾക്കിടയിൽ ആദ്യം കണ്ടത് പച്ചപിടിച്ച ചോളം നിറഞ്ഞ വയലുകളായിരുന്നു. അതിനപ്പുറം ചുവന്നുതുടങ്ങിയ ആപ്പിളുകളുമായി തോട്ടങ്ങൾ.
റോഡിന്റെ ഇരുവശത്തും വീടുകളും ചെറിയ കൃഷിയിടങ്ങളും ഇടയ്ക്കിടെ ആപ്പിൾ, വാൾനട്ട് തോട്ടങ്ങളും.
കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡരികിൽ സൈനിക വാഹനങ്ങൾ കാണാൻ തുടങ്ങി. ഒരു വളവ് കഴിഞ്ഞപ്പോൾ ദൂരെയായി ക്യാമ്പിന്റെ മതിലും കെട്ടിടങ്ങളും കാണാമായിരുന്നു. അതിനടുത്തുള്ള ചെറിയ വഴിയിലേക്ക് ബുള്ളറ്റ് തിരിഞ്ഞു.
വീടുകളുടെ മുറ്റങ്ങളിലും വൃദ്ധരായ വാൾനട്ട് മരങ്ങൾ പടർന്നുനിന്നു. ഇരുവശത്തും കല്ലുകൊണ്ടുള്ള താഴ്ന്ന മതിലുകളും വേലികളും. ചില മുറ്റങ്ങളിൽ വിറക് കൂട്ടിയിട്ടിരുന്നു. ഒരു വീട്ടുമുറ്റത്ത് വാൾനട്ട് മരത്തിന്റെ കീഴിൽ പഴയൊരു കസേര കിടക്കുന്നുണ്ടായിരുന്നു. ക്യാമ്പിനടുത്തുള്ള ചെറുതെങ്കിലും ഭംഗിയുള്ള വീടിനു മുന്നിൽ അവൾ ബുള്ളറ്റ് നിർത്തി.
ഒച്ച കേട്ട് ഇറങ്ങി വന്ന ഹാജിറാ ബീവി ആളെ തിരിച്ചറിയുമ്പോഴേക്കും മാജീ എന്ന വിളിയോടെ തനൂജ അവരെ കരവലയത്തിൽ ഒതുക്കി കഴിഞ്ഞിരുന്നു. വർഷങ്ങൾ നീണ്ട വിരഹവും സങ്കടങ്ങളും സ്നേഹവും ഒക്കെ കണ്ണീരായി ഒഴുകി വീണു. ചിലപ്പോഴെങ്കിലും സ്നേഹബന്ധത്തിന് രക്തബന്ധത്തേക്കാൾ ശക്തിയുണ്ടെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ. ഉപാധികളില്ലാതെ സ്നേഹിക്കാൻ വേണ്ടി മാത്രം സ്നേഹിക്കുന്ന മനുഷ്യരുടെ സ്നേഹത്തിനു മുന്നിൽ കാലം നിശ്ചലമായി നിന്നു.
#എന്റെ രചന
#ഒരു നിമിഷം വൈകിയിരുന്നെങ്കിൽ

