നേരം സന്ധ്യയോടടുത്തു. ബസിലിരിക്കുന്ന എനിക്ക് തുടരെതുടരെ ഫോൺ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ചെറിയ Function ന് പോകുവാനുണ്ട്. ആയതിന് കൂടെ വരാനുള്ളവർ വിളിക്കുന്നതാണ്. പുറത്തുള്ള കാഴ്ചകളിൽ ഈ ഫോൺ കാൾ അരോചകരമായി തോന്നിയതിനാൽ, ഫോൺ എടുത്ത് ‘ഞാൻ വരുന്നില്ല’ എന്ന് അവർക്ക് മെസ്സേജ് അയച്ചശേഷം സ്വിച്ചഡ് ഓഫ് ആക്കി ബസിന്റെ സീറ്റിലേക്ക് ചാരി ഇരുന്നു.
ആ നിമിഷം ഒന്നു കണ്ണടച്ച് ഉറങ്ങണമെന്ന് തോന്നി. വീട്ടിൽ എത്തിയാൽ ഒരു അരമണ്ണിക്കൂർ കിടക്കണമെന്നത് ഒരു ശീലമായിട്ടുണ്ട്. കിടന്നു കഴിഞ്ഞാൽ അരമണിക്കൂറിനുശേഷം ഫോണുകൂടെ നോക്കി അത് ഒരു മണിക്കൂറിൽ എത്തിനിൽക്കുക എന്നത് ഇപ്പോൾ പതിവായി. അല്ലെങ്കിലും ഇപ്പോൾ കുറച്ചായി ആളുകൾ കൂടുന്ന സ്‌ഥലങ്ങളിലൊന്നും പോകാറില്ല. ഒരുതരം അസ്വസ്‌ഥതയാണ്. ബസ് ഇറങ്ങി നടക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ്. എത്ര ചിന്തിക്കേണ്ട എന്നുകരുതിയാലും താനെ വരുന്ന ചില മുഖങ്ങൾ, സന്തോഷം നിറഞ്ഞ ദിവസങ്ങൾ.. അങ്ങനെ ഓർത്ത് വീട് എത്തും. വഴിക്കണ്ണുമായി നോക്കി നിൽക്കുന്നുണ്ടാകും അമ്മ, കാലങ്ങൾ ഒരുപാട് മാഞ്ഞുപോയെങ്കിലും അതിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.
വീട്ടിലേക്ക് കയറുമ്പോഴെ കണ്ടു പരിചയമില്ലാത്ത കുറച്ച് ചെരുപ്പുകൾ. അകത്തേക്ക് പാളി നോക്കിയപ്പോൾ അടിവയറിൽ നിന്നും ഒരു സ്പോടനം ഉണ്ടാകുന്നതുപോലെ, കണ്ണൊക്കേ മറയുന്നപോലെ, അകത്തേക്ക് കയറാതെ കുറച്ച് നേരം നിന്നു. നിമിഷങ്ങളെടുത്തു യാഥാർത്ഥ്യത്തിലേക്ക് വരുവാൻ. ഞാൻ ഒരു തെറ്റും ചെയ്തതിട്ടില്ല. പിന്നെ ഞാൻ എന്തിനാണ് മാറി നിൽക്കുന്നത്! എന്റെ അപ്പുവിന് വേണ്ടി ഇതെല്ലാം അഭിമുഖീകരിച്ചേ മതിയാവൂ. പാസ്ററ് ഈസ് പാസ്ററ്, പലതും ഇനി ഓർമ്മകൾ മാത്രം…
പതിയെ വീടിന്റെ അകത്തേക്ക് കയറി, സോഫയിൽ ഇരുന്ന് അമ്മയോട് എന്തോ പറഞ്ഞ് കണ്ണ് തുടക്കുന്ന ധാരയോടായി പറഞ്ഞു.
“ഇനി കുറ്റബോധങ്ങൾക്കും ക്ഷമാപണങ്ങൾക്കും യാതൊരു സ്‌ഥാനവും ഇല്ല ധാര, ഇവിടെ വന്ന് കരഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല ”
“അനു, അഭിയേട്ടൻ ഹോസ്‌പിററലിലാണ് എന്ന് കൂടെ വർക്ക് ചെയ്യുന്ന മനോജ് പറഞ്ഞ് അറിഞ്ഞു. നിന്റെ കണ്ണിൽ ഞാൻ നിന്നോട് ക്ഷമചോദിക്കുവാൻ പോലും അർഹതയില്ലാത്ത ആളാണ് എന്ന് അറിയാം. അഭിയേട്ടന് ഒരിക്കലും നീ ഇല്ലാതെ പറ്റില്ല അനു.. അന്ന് സംഭവിച്ചത് എന്താണെന്ന് ഞാൻ.. “
“എനിക്ക് കൂടുതലൊന്നും സംസാരിക്കാനില്ല… അമ്മേ മോനെവിടെ?”
“അവൻ അകത്തുണ്ട്. അച്ഛൻ ഹോസ്‌പിററലിലാണ് എന്ന് അറിഞ്ഞത് മുതൽ ആകെ സങ്കടത്തിലാണെന്ന് തോന്നുന്നു. ”
“അവന് വേണമെങ്കിൽ പോകാം, ഞാൻ ആരെയും തടയാനില്ല. ”
“അനു, ഞാൻ ഇറങ്ങുകയാണ്. ഇനി ഈ പേരും പറഞ്ഞ് ബുദ്ധിമുട്ടിക്കാൻ വരില്ല. ഒരുപാട് തവണ ഞാൻ പറയാൻ ശ്രമിച്ചു. അനു, പിന്നീട് സത്യങ്ങൾ അറിയുപ്പോ നീ ദുഖിക്കുവാൻ ഇടവരരുത്. ”
“നിനക്ക് ഇറങ്ങാം ധാരാ. ഇനി ഇങ്ങോട്ട് വരണമെന്നില്ല. പിന്നെ ഒരു കേട്ട് കേൾവിയും കൊണ്ടല്ല ഞാൻ ഇവിടെ വന്ന് നില്കുന്നത്. എല്ലാം എന്റെ അനുഭവങ്ങൾ ആയിരുന്നല്ലോ. അതിലും വലിയതൊന്നും ഇനി നിനക്ക് പറയാൻ ഉണ്ടാവില്ല ”
ഇപ്പൊ ധാരാ പോയില്ല എങ്കിൽ, എന്റെ സമനിലതന്നെ കൈമോശം വന്നുപോകുമെന്ന സ്ഥിതി ആയിരുന്നു.
അപ്പുവിന് ഇപ്പോ 17 വയസ്സായി, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 19 വർഷവും. ആദ്യകാലങ്ങളിൽ ഞങ്ങളുടെ ദാമ്പത്യം എങ്ങിനെ ആയിരുന്നോ, ആയതിൽ പ്രായത്തിൽ വന്ന മാറ്റം അല്ലാതെ ഒരു മാറ്റം ഈ നാല് മാസം മുൻപ് വരെ വന്നിട്ടില്ലായിരുന്നു. ഞങ്ങൾ മൂന്ന് പേരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സ്വർഗം.. പിന്നെയും ഞാനാണ് സുഹൃത്തുക്കൾക്ക് ഒപ്പം സമയം ചിലവഴിക്കാറുള്ളത്. വില്ലേജ് ഓഫീസറായ അഭിയേട്ടന് സുഹൃത്തുകളും ഞങ്ങളായിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചിട്ടില്ല. ഓർക്കുമ്പോ ഹൃദയം തകരുന്നു.
നാല് മാസം മുൻപ് ഒരിക്കൽ അഭിയേട്ടൻ്റെ ഫോൺ തുരുതുരെ അടിക്കുന്നത് കണ്ടിട്ടാണ് ഞാൻ നോക്കിയത്. അത് ധാര എന്നായിരുന്നു Save ചെയ്‌തിരുന്നത്. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞങ്ങൾക്കിടയിൽ അങ്ങിനെ സംശയത്തിന്റെതായ ഒരു ലാഞ്ജനയും അതുവരെ ഇല്ലായിരുന്നു. അടുക്കളയിൽ എന്നെ സഹായിക്കുകയായിരുന്ന അഭിയേട്ടന് ഫോൺ കൊടുത്ത് ഞാൻ എന്റെ ജോലിയിലേക്ക് തിരിഞ്ഞു. പിന്നെ പല ദിവസങ്ങളിലും ആ പേര് ഫോണിൽ കണ്ടു തുടങ്ങി, ആയത് തുടർച്ചയായപ്പോൾ ഞാൻ അറിയാതെ ശ്രദ്ധിക്കുവാൻ തുടങ്ങിയിരുന്നു. മറ്റൊന്നും കൊണ്ടല്ല ഓഫീസിൽ പുതിയ ഒരു Staff വന്നാൽ പോലും എന്നോട് പറയുന്ന ആളാണ്. ഇതിപ്പോ തുടർച്ചയായി വിളിക്കുന്ന ആ പേരിന്റെ ഉടമ ആരാണെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല.
പിന്നീട് ഒരിക്കൽ ഞാൻ ചോദിച്ചു. പക്ഷെ അതിനുകിട്ടിയ മറുപടി, അക്ഷയ സെന്ററിലേ ജീവനക്കാരിയാണ് അവരെന്നും തികച്ചും ഓഫീഷ്യൽ ആവശ്യങ്ങൾക്കായി വിളിക്കുന്നതാണെന്നുമാണ്. ആ ചോദ്യം ചോദിച്ചതിനുശേഷം വീട്ടിൽ ഉള്ളപ്പോൾ ധാര വിളിച്ചാൽ ഫോൺ എടുക്കാതെയായി, അല്ലെങ്കിൽ മാറി നിന്ന് സംസാരിക്കലായി. അവിടെ നിന്ന് തുടങ്ങിയതാണ് എന്റെ തകർച്ച. എന്നാലും സത്യാവസ്‌ഥ അറിയാതെ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല. പോകെപൊകെ ഞങ്ങൾക്കിടയിലുള്ള സംസാരങ്ങൾ കുറഞ്ഞിരുന്നു. എപ്പോഴും കളിചിരികൾ നിറഞ്ഞ വീട്ടിൽ നിശബ്ദതയുടെ നിഴലുകൾ വേരുറപ്പിച്ചിരുന്നു. അത് മോനെയും ബാധിച്ചു തുടങ്ങി. അവനും വീട്ടിൽ വന്നാൽ മുറിയിൽ ഒതുങ്ങി കൂടിയിരുന്നു. അത്രയും സൗഹ്യദപരമായ ഒരു കുടുംബാന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ തികച്ചും അപരിചിതരെ പോലെ ആയി മാറിയിരുന്നു. അഭിയേട്ടൻ പിന്നീടുള്ള ദിവസങ്ങളിൽ എന്നെയോ മോനേയെ ശ്രദ്‌ധിക്കാറേ ഇല്ലായിരുന്നു. എന്നാൽ പലപ്പോഴും ഞാൻ ആ ഫോൺ കാൾ ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം അവന്റെ സ്‌കൂളിൽ നിന്നും വിളിച്ചു ഞാൻ അവിടെ വരെ പോയി.
“ധ്യാൻ അങ്ങളുടെ സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥികളിൽ ഒരാളാണ്. Plus Two Public Exam അടുക്കാറായി. എന്നാൽ ഇപ്പോ അവൻ പഠന കാര്യത്തിൽ തീരെ ശ്രദ്ധിക്കുന്നേയില്ല. മാത്രവുമല്ല അവൻ ടീച്ചർമാരോടും മററു കുട്ടികളോടും വളരെ ദേഷ്യത്തിലാണ് പെരുമാറുന്നത്. അവന്റെ പഠനത്തേയും സ്വഭാവത്തേയും എന്തോ ഒന്ന് കാര്യമായി ബാധിച്ചിട്ടുണ്ട്. കുറെ ദിവസങ്ങളായി ഞങ്ങൾ അവനെ നിരീക്ഷിക്കുന്നു. പക്ഷെ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇതു പറയാൻ അവന്റെ അച്ഛനെ ഞങ്ങൾ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹം, വളരെ നിസാരമായിട്ടാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. അവന്റെ കാര്യം ഒന്നും എനിക്ക് അറിയില്ലായെന്നാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.
“സോറി മാഡം ഇനി ഞാൻ ശ്രദ്ധിക്കാം… അവൻ ഈ പറഞ്ഞതൊന്നും ആവർത്തിക്കില്ലായെന്ന് ഞാൻ ഉറപ്പ് നൽകുകയാണ്, എൻറെ ശ്രദ്ധ കുറച്ച് മാറി പോയിട്ടുണ്ട്, ഞാൻ നോക്കികൊള്ളാം.
അവിടെ നിന്ന് തിരികെ വരുമ്പോൾ ഒന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഇന്ന് അഭിയേട്ടനോട് സംസാരിക്കണം. അഭിയേട്ടൻ ഏറെ പ്രതീക്ഷ വെച്ച് നടക്കുന്നതാണ് അപ്പുവിന്റെ ഭാവി. അത് വെച്ച് ഒരു പരീക്ഷണത്തിന് വയ്യ. എന്നാലും അഭിയേട്ടൻ അവന്റെ ടീച്ചറോട് പറഞ്ഞ മറുപടി, എനിക്ക് ഒരിക്കലും ഉൾകൊള്ളാൻ വയ്യായിരിന്നു. 17 വയസ്സുള്ള അവന് പനി വന്നാൽ പോലും ഉറങ്ങാതെ കാവൽ ഇരിക്കുന്ന അച്ഛാനായിരുന്നു.
എന്തെല്ലാമോ ചിന്തിച്ചു വീട്ടിലേക്ക് നടക്കുന്ന വഴിയിൽ എന്റെ ഒരു പഴയ കൂട്ടുകാരിയെ കണ്ടു, അവൾ അഭിയേട്ടന്റെ ഓഫീസിന് അടുത്തുള്ള ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്.
കുശലന്വേഷണങ്ങൾക്ക് ഒടുവിൽ അവൾ പറഞ്ഞു.
“അനു, നിന്റെ അഭിയേട്ടൻ ഗോൾഡ് വെക്കാൻ ബാങ്കിൽ വന്നപ്പോൾ ഞാൻ കണ്ടില്ലായിരുന്നു, തിരികെ പോകുമ്പോയാണ് ശ്രദ്ധിച്ചത്. പിന്നെ അഭിയേട്ടന്റെ കൂടെ ഉണ്ടായിരുന്ന ധാരാ നിങ്ങളുടെ റിലേറ്റീവ് ആണോ? അവളുടെ അക്കൗണ്ടിലേക്ക് ആണല്ലോ പണം കൊടുത്തത് അതാ ചോദിച്ചത്. “
അവളോട് എന്തെല്ലാമോ കള്ളം പറഞ്ഞ് വീട്ടിൽ എത്തി. എന്റെ ആഭരണങ്ങൾ എല്ലാം നോക്കിയ ഞാൻ ആകെ വിയർത്തുപോയി. ചെറിയ റിങ്ങുകൾ അല്ലാതെ മറ്റൊന്നും അവിടെ ഇല്ലായിരുന്നു.
പിന്നീട് അഭിയേട്ടൻ വരാൻ ഉള്ള കാത്തിരിപ്പായിരുന്നു. ഏകദേശം 11 മണി ആകാറായപ്പോ അഭിയേട്ടൻ എത്തി. ഇപ്പോ ഇതൊക്കെ നേരത്തെയാണ്. പിന്നീട് ചോദ്യങ്ങൾ ആയി, വഴക്കായി. എന്നിട്ടും എന്റെ മനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരവും എനിക്ക് കിട്ടിയില്ല. എന്നോട് പറയാതെ ഒന്നും ഇതുവരെ ചെയ്യാത്ത അഭിയേട്ടൻ, ഏകദേശം 10 ലക്ഷം രൂപ വരുന്ന ഗോൾഡ് അവൾക്ക് വേണ്ടി പണയപ്പെടുത്തി. മോന്റെ കാര്യത്തിൽ ടീച്ചരോട് പറഞ്ഞ വാക്കുകൾ എല്ലാം കൂട്ടി വായിച്ചപ്പോൾ എനിക്ക് ഉത്തരം കിട്ടിയിരുന്നു.
അങ്ങനെ പിറ്റേ ദിവസം രാവിലെ ഞാൻ അവിടെ നിന്ന് ഇറങ്ങി. മോനെ വിളിച്ചെങ്കിലും അവൻ വരാൻ ആദ്യം തയ്യാറായില്ല. പക്ഷെ അവനെ അഭിയേട്ടൻ തന്നെ നിർബന്ധിച്ച് എന്റെ കൂടെ പറഞ്ഞയക്കുകയായിരുന്നു. ഇതിൽ കൂടുതൽ ഒരു പെണ്ണിന് എന്ത് തെളിവാണ് വേണ്ടത്. അങ്ങിനെയാണ് ഞാൻ എന്റെ വീട്ടിൽ എത്തിനിൽക്കുന്നത്.
ധാരാ പോയി കുറച്ചു കഴിഞ്ഞ് അപ്പു എന്റെ റൂമിലേക്ക് വന്നു. കണ്ടാൽ തന്നെ അറിയാം അവൻ ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന്. അവന്റെ അച്ഛൻ അവന് ഏറ്റവും പ്രിയപ്പെട്ടതാണ്.
എന്റെ അടുത്തിരുന്ന് കരഞ്ഞു കൊണ്ട് അവൻ ചോദിച്ചു ” അമ്മേ അച്ഛന്റെ അടുത്തേക്ക് നമുക്ക് പോകാം. അച്ഛന് നമ്മൾ അല്ലാതെ ആരും ഇല്ലല്ലോ”
“അപ്പു, അച്ഛന് ഇപ്പോൾ നമ്മളെക്കാൾ വലിയവർ ആരെല്ലാമോ ഉണ്ട്. എന്നാലും നിനക്ക് പോകാം, അമ്മ വരില്ല. അമ്മയുടെ സ്ഥാനം ഇപ്പോൾ അവിടെ ഇല്ല മോനെ”
“എന്നാലും അച്ഛന് വയ്യാത്തതല്ലേ, നമുക്ക് പോകാം അമ്മേ ” ഇടറിയ ശബ്ദതിൽ അവന് പറഞ്ഞു കൊണ്ടേയിരുന്നു. എനിക്ക് ഒരു മനസലിവും തോന്നിയില്ല.
“അമ്മേ, എല്ലാത്തിനും കാരണം ഞാൻ ആണ്, ഇനി എനിക്ക് അമ്മയോട് അത് പറയാതിരിക്കാൻ ആവില്ല.
കട്ടിലിൽ എന്നോടൊപ്പം ഇരിക്കുകയായിരുന്ന അവൻ താഴെ എന്റെ കാൽച്ചുവട്ടിൽ ആയി ഇരുന്നുകൊണ്ട് പറഞ്ഞു തുടങ്ങി,
“കഴിഞ്ഞ തവണ സ്കൂളിൽ നിന്ന് ഞാൻ ട്രിപ്പ് പോയത് അമ്മ ഓർക്കുന്നില്ല. ആ ട്രിപ്പിൽ വെച്ച് കൂടെ ഉണ്ടായിരുന്ന കുട്ടികൾ മയക്കുമരുന്ന് പോലെ പലതും ഉപയോഗിക്കുന്നതായി കണ്ടിരുന്നു. അവർ എന്നെയും നിർബന്ധിച്ചു. ഒരു ആവേശത്തിൽ ഞാനും അവരോടൊപ്പം കൂടി. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്. അമ്മയെയും അച്ഛനെയും നിങ്ങൾ പറഞ്ഞുതന്ന കാര്യങ്ങളും ഒന്നും ഞാൻ ഓർത്തില്ല.”
എന്റെ മോൻ… ഒരിക്കലും എനിക്ക് ഓർക്കുവാൻ കൂടി കഴിയാത്ത വഴികളിൽ…
അടുത്തതായി അവൻ പറയാൻ പോകുന്ന കാര്യങ്ങൾക്കായി ഞാൻ നെഞ്ചിടിപ്പോടെ കാതോർത്തു, പറഞ്ഞതിലും വലുത് എന്തോ അവന് പറയാൻ ഉണ്ടെന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
രാത്രി പിന്നേയും അവർ എനിക്ക് എന്തെല്ലാമോ തന്നു. ഞങ്ങളുടെ കൂടെ ആൺ കുട്ടികളും പെൺ കുട്ടികളും ഉണ്ടായിരുന്നു. അവിടെ താമസിക്കുന്ന റിസോർട്ടിൽ ഒരു റൂമിൽ 3 പേരായിരുന്നു രാത്രി നിൽക്കേണ്ടിയിരുന്നത്. വൈഗ താമസിക്കുന്ന റൂമിലെ 2 പേരും ഞങ്ങളോടൊപ്പമായിരുന്നു. അവരെ കാത്തിരുന്ന് ഉറങ്ങിയ വൈഗയുടെ റൂമിലേക്ക്, ഒരു സ്‌ഥലകാല ബോധവും ഇല്ലാത്ത എന്നെ അവർ തള്ളിയിട്ടത് ഞാൻ അറിയുന്നുണ്ടായിരുന്നു.
പൊട്ടിക്കരഞ്ഞ് എന്റെ കാല് പിടിച്ചുകൊണ്ട് അപ്പു പറഞ്ഞു..
“അമ്മെ, എനിക്ക് ബോധം വരുമ്പോ ഞാൻ കാണുന്നത് എന്റെ ഉപദ്രവങ്ങൾ സഹിക്കാൻ വയ്യാതെ ഒരു മുലയിൽ പുതച്ചിരുന്ന് പൊട്ടിക്കരയുന്ന വൈഗയെയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ തളർന്നുപോയി. ഓടി പോയി വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് മനസിലായത് അത് പുറത്തുനിന്നും പുട്ടിയിട്ടുണ്ടെന്ന്. വൈഗയുടെ കാല് പിടിച്ച് ഞാൻ കരഞ്ഞു, അറിയാതെ പറ്റിയാതാണെന്നും എനിക്ക് ബോധമില്ലാത്ത അവസ്‌ഥയായിരുന്നു എന്നതുൾപ്പെടെ അവളെ എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി. എന്നിട്ടും അവൾ മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ എന്റെ സമനില തെറ്റിയിരുന്നു. ഞാൻ എന്നെ തന്നെ സ്വയം മുറിവേൽപ്പിക്കുവാൻ തുടങ്ങി. അതു കണ്ട വൈഗ മനസലിഞ്ഞ് എന്നെ വന്ന് തടഞ്ഞു. സമയം നോക്കിയപ്പോ പുലർച്ച 3 മണി. പിന്നീട് എന്റെ നിർബന്ധത്തിന് വഴങ്ങി അവിടെ നടന്നതൊന്നും ആരോടും പറയില്ലായെന്ന് അവൾ എനിക്ക് ഉറപ്പു നൽകി, അവളുടെ ഫോണിൽ നിന്നും അവൾ വെറെ ഒരു ഫ്രണ്ടിനെ വിളിച്ച് അവളുടെ സഹായത്തോടെ റൂമിൻറെ വാതിൽ തുറന്നു. മറ്റാരും കാണാതെ ഞാൻ എന്റെ റൂമിലേക്ക് ‘പോയി.
അടുത്ത ദിവസം രാവിലെ ഞങ്ങൾ അവിടുന്ന് തിരിച്ചു. ഞാൻ മനഃപൂർവ്വം അവളുള്ള ബസ്സിൽ കയറിയില്ല. അവളെ നേരിൽ കാണേണ്ട എല്ലാ സന്ദർഭങ്ങളും ഞാൻ ഒഴിവാക്കി. ഞങ്ങൾ തിരിച്ചെത്തിയതിനു ശേഷം 2 ദിവസം കൂടി ഞാൻ ലീവ് എടുത്തു, അവളെ കാണുന്നത് എനിക്ക് ആലോചിക്കാനെ വയ്യാതിരുന്നു. അമ്മ ചോദിച്ചപ്പോ ക്ഷിണം കൊണ്ടാണ് ലീവ് എന്നാണ് പറഞ്ഞത് പക്ഷെ അച്ഛന് എന്തോ സംശയം തോന്നിയിരുന്നു. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് പലതവണ ചോദിക്കുകയും ചെയ്‌തു. ദിവസങ്ങൾക്കുശേഷം ഞാൻ സ്‌കൂളിൽ പോയി. അപ്പോഴാണ് അറിഞ്ഞത് വൈഗ ഹോസ്പിറ്റലിലാണെന്ന്. അവൾക്ക് എന്താണ് പറ്റിയതെന്ന് അറിയുവാൻ പല വഴികളും നോക്കി ആർക്കും അറിയില്ലായിരുന്നു.
2 ആഴ്ചയ്ക്ക് ശേഷം അവളുടെ അമ്മ, അച്ഛനെ വിളിച്ച് ട്രിപ്പിൽ ഉണ്ടായ കാര്യങ്ങളും ആയതിന്റെ ഭാഗമായി അവൾക്കു ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങളും എല്ലാം പറഞ്ഞു. വാതോരാതെ സംസാരിച്ചിരുന്ന അവൾ ഇപ്പോൾ സംസാരിക്കാറോ, ചിരിക്കാറോ ഇല്ലായെന്നും കൂടി അവളുടെ അമ്മ അച്ഛനെ അറിയിച്ചിരുന്നു.
അമ്മ പാലക്കാട് മീറ്ററിംഗിന് പോയ ദിവസങ്ങളിൽ ആയിരുന്നു ആ സംഭവം. അന്ന് അച്ഛൻ എന്നോട് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു, പറയുന്നത് ഒന്നും കളവായിരിക്കരുത് എന്നും. ഞാൻ എല്ലാം അച്ഛനോട് പറഞ്ഞപ്പോൾ പേടിച്ചതുപോലെ ഒന്നും അച്ഛൻപെരുമാറിയില്ല, തിരിച്ച് ഒരു മറുപടി മാത്രമാണ് അച്ഛൻ പറഞ്ഞത് “നിന്നെ ജീവനെ പോലെ സ്നേഹിക്കുന്ന അമ്മ ഇവിടെ ഉണ്ട്. അവൾ ഇതോന്നും അറിയരുത്. അറിഞ്ഞാൽ ഇതൊന്നും ഒരു പെണ്ണും ഒരമ്മയും സഹിക്കില്ല. എൻറെ അനു ഇതറിയരുത്. മനസ്സ് തകർന്ന അവളെ ഏത് രീതിയിൽ കാണേണ്ടിവരും എന്ന് എനിക്കറിയില്ല. ഇതിലും വലിയ വേദന ഇനി നീ അവൾക്ക് കൊടുക്കാനില്ല” ഇതായിരുന്നു. അച്ഛൻ എന്നോട് അവസാനമായി പറഞ്ഞത്.
പിന്നീട് എന്നോട് മിണ്ടാനോ എന്റെ കാര്യം ശ്രദ്ധിക്കാനോ അച്ഛൻ നിൽക്കാറില്ല. എന്നാലും വൈഗയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അച്ഛൻ ചെയ്ത കൊടുത്തു. ഏററവും മികച്ച ട്രീറ്റ്മെന്റ് തന്നെ അവൾക്ക് നൽകി. അച്ഛനില്ലാത്ത അവളെ അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തുന്നത്. ചികീത്സ ചിലവ് മുഴുവൻ അച്ഛൻ ഏറെടുത്തതിനാലും ഞാൻ മനപ്പൂർവം ചെയ്തതല്ലായെന്ന് അച്ഛൻ അവരെ ബോധ്യപ്പെടുത്തിയതിനാലും അവർ കേസിനൊന്നു. പോയില്ല. എല്ലാ കഴിഞ്ഞ് അവളുടെ പേരിൽ അച്ഛൻ ഒരു തുക ഡെപ്പോസിറ്റ് ചെയ്തു. അതിന് അവർ വിസമ്മതിച്ചെങ്കിലും അവളുടെ Higher Education വേണ്ടിയാണെന്ന് ബോധ്യപ്പെടുത്തിയാണ് ആ തുക അച്‌ഛൻ അവളുടെ പേരിൽ ഡെപ്പോസിറ് ചെയ്തത്. ആ തുകയ്ക്കായിരിക്കാം അച്ഛൻ അമ്മയുടെ ഗോൾഡ് പണയപ്പെടുത്തിയത്.
എല്ലാം ഏറ്റ് പറഞ്ഞ അപ്പു കരഞ്ഞു കൊണ്ട് എന്റെ കാലിൽ വിണപ്പോഴാണ് എനിക്ക് ബോധം വന്നത്. നേരെ നോക്കുമ്പോൾ വാതിൽ പടിയിൽ നിന്നും കണ്ണീർ പൊഴിക്കുന്ന അമ്മയെയാണ് കണ്ടത്. പിന്നെ വേറെ ഒന്നും ചിന്തിക്കാനില്ലായിരുന്നു, അപ്പുവിനോട് നിന്നോട് പറയാനുള്ളത് ഞാൻ വന്നിട്ട് പറയാം എന്ന് പറഞ്ഞ് ഓടുകയായിരുന്നു. വഴിയിൽ വെച്ച് ഒരു ഓട്ടോ കിട്ടി അഭിയേട്ടന്റെ അടുത്തേക്ക്, ഞങ്ങളുടെ വീട്ടിലേക്ക് മനസ്സ് കുതിക്കുകയായിരുന്നു. സന്തോഷിക്കാനോ സങ്കടപ്പെടാനോ വയ്യാത്ത അവസ്‌ഥ. ഓട്ടോയിൽ ഇരുന്നുകൊണ്ട് പലരേയും വിളിച്ചു.
അതിൽ ഞങ്ങളുടെ അയൽവാസി പറഞ്ഞറിഞ്ഞു: അഭിയേട്ടൻ ഹോസ്‌പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യാതെ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും അവരൊന്നും പറഞ്ഞിട്ട് മരുന്നു കഴിക്കാനോ, ഹോസ്‌പിററലിൽ പോകാനോ സമ്മതിക്കുന്നില്ലായെന്നും.
അഭിയേട്ടനെ കാണാൻ മനസ് തുടിക്കുന്നുണ്ടായിരുന്നു. വീടിന്റെ മുൻപിൽ ഓട്ടോ നീർത്തി ഓട്ടോക്കാരന്റെ മടിയിലേക്ക് പൈസ് ഇട്ടുകൊടുത്ത് വീടിൻ്റെ അകത്തേക്ക് ഓടുകയായിരുന്നു. ആകെ ഇരുട്ടിൽ കിടക്കുന്ന എന്റെ വീട്. പക്ഷെ വാതിൽ എല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു. ലൈറ്റ് എല്ലാം തെളിയിച്ച് ഓരോ റൂമിലും കയറി നോക്കി എങ്കിലും കാണാൻ കഴിഞ്ഞില്ല. അടുക്കളയിൽ ചലനമില്ലതെ കിടക്കുന്ന അഭിയേട്ടനെയാണ് അവസാനം കാണാൻ കഴിഞ്ഞത്.
ഞാൻ ഉറക്കെ കരഞ്ഞെങ്കിലും അതൊന്നും അഭിയേട്ടൻ അറിയുന്നുണ്ടായിരുന്നില്ല. അടുത്ത വീട്ടിലേക്ക് ഓടി, അവരുടെ സഹായത്താൽ അംബുലൻസിൽ ഹോസ്‌പിററലിൽ എത്തിച്ചു. പിന്നീട് ഹോസ്പിററലിൽ വളരെ ബഹളമയമായിരുന്നു. അഭിയേട്ടനെ ICU ലേക്ക് മാറ്റിയപ്പോഴേക്കും അപ്പുവും അമ്മയും കൂടി വന്നു. കുറച്ചു സമയത്തിന് ശേഷം ICU ൽ നിന്നും വന്ന ഡോക്‌ടറുടെ അടുത്തേക്ക് ഞാൻ ഉൾപ്പെടെ എല്ലാവരും പോയി,
“പനി കൂടുതലാണ്. ഡങ്കി പനിയാണ്, കൗണ്ട് കുറവാണ് ശ്രദ്ധിക്കേണ്ട സാഹചര്യമാണ് എന്നെല്ലാം അഡ്മിറ്റ് ആയ സമയത്ത് തന്നെ പറഞ്ഞതാണ്. ഞങ്ങളുടെ സമ്മതം കൂടാതെയാണ് ഇവിടെ നിന്ന് അഭിലാഷ് പോയത്, വീട്ടിൽ പോയ ശേഷം മരുന്നൊന്നും കഴിച്ചതായി തോന്നുന്നില്ല. ഇവിടെ അഡ്മിറ്റ് ആയപ്പോൾ തന്നെ കൗണ്ട് എല്ലാം കുറവായിരുന്നു. ഇപ്പോഴെങ്കിലും നിങ്ങൾ എത്തിച്ചത് നന്നായി നമുക്ക് നോക്കാം. കുറച്ച് കഴിഞ്ഞേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ” അതും പറഞ്ഞു ഡോക്ടർ പോയി.
അഭിയേട്ടന്റെ ഈ അവസ്ഥക്ക് ഞാൻ മാത്രമാണ് കാരണക്കാരി. സത്യം എന്താണെന്ന് ഒരിക്കൽ പോലും അന്വേഷിച്ചില്ല, അഭിയേട്ടനോ ഞാൻ വേദനിക്കുമെന്ന് കരുതി, ആരോടും ഒന്നും പറയാൻ കഴിയാതെ സ്വയം നീറിയാണ് ഈ 4 മാസങ്ങളിൽ കഴിഞ്ഞത്. എനിക്ക് സ്വയം പുച്ഛം തോന്നി.
ഏകദേശം 8 മണിക്കൂറിന് ശേഷം നേഴ്സ് വന്നു “അഭിലാഷിന് ബോധം വന്നിട്ടുണ്ട് ആർക്കെങ്കിലും ഒരാൾക്ക് കാണാൻ അകത്തേക്ക് വരാം”. കരഞ്ഞിരിക്കുന്ന അപ്പുവിനോട് ചെന്ന് പറഞ്ഞു. “നീ പോയി കണ്ടോ ” എന്ന്.
“അമ്മ പോയാൽ മതി അതാവും അച്ഛനും ആഗ്രഹിക്കുന്നത്. ’
ഞാൻ പതിയെ വർദ്ധിച്ച നെഞ്ചിടിപ്പോടെ ICU ന്റെ ഉള്ളിലേക്ക് കയറി.
ആകെ തളർന്നു കിടക്കുന്ന എന്റെ അഭിയേട്ടൻ, കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല. രണ്ട് തവണ വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്, ആ തളർച്ചയിലും എന്നെ കണ്ടപ്പോൾ പ്രകാശിച്ച കണ്ണുകൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്റെ കൈ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു. “അപ്പു നിന്നോട് എല്ലാം പറഞ്ഞുവല്ലേ. എനിക്ക് നീ എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിയാൻ നിനക്ക് മറെറാരാളുടെ സഹായം വേണമല്ലേ അനു ”
“അഭിയേട്ടൻ ഇപ്പോ ഒന്നും സംസാരിക്കേണ്ട, അഭിയേട്ടൻ അനുഭവിച്ചതെല്ലാം എനിക്ക് മനസിലാകും, ആ സമയത്ത് ഞാനും കൂടി അഭിയേട്ടന വേദനിപ്പിച്ചല്ലോ എന്ന് ഓർക്കുമ്പോഴാണ് എനിക്ക് സങ്കടം”
“അനു കഴിഞ്ഞത് കഴിഞ്ഞു എന്ന് കരുതിയാൽ മതി, അപ്പു വന്നിട്ടുണ്ടോ, അവൻ അറിഞ്ഞുകൊണ്ടല്ലാല്ലോ, തെറ്റുപറ്റിയാതാണെന്ന് എനിക്ക് അറിയാം, എന്നാലും വലിയ തെറ്റാണ്. ഈ കുററബോധം അവന്റെ മനസ്സിൽ കിടക്കണം. കഴിയുമെങ്കിൽ ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ അവന് കഴിയണം”,
“ഇപ്പോ ഇതെല്ലാം പറയുന്ന ആൾ ഇന്നലെ ഞാൻ വരുമ്പോൾ എന്തു ചെയ്യുകയായിരുന്നുവെന്ന് അറിയോ, ബോധവുമില്ലാതെ കിടക്കുകയായിരുന്നു. ഞാൻ വിളിച്ചിട്ടു പോലും അറിയുന്നുണ്ടായിരുന്നില്ല ഞാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എനിക്ക് ചിന്തിക്കുവാനേ വയ്യ’
“നീയും മോനും ഇല്ലാതെ എനിക്ക് ഒരു ജീവിതം വേണ്ട അനു”. നമുക്ക് പഴതുപോലെ സന്തോഷത്തിൽ ജീവിക്കണം. അതിന്റെ ഒരു അംശം വൈഗമോൾക്കും നൽകണം. എന്തെ… ”
ചെറിയ പുഞ്ചിരിയോടെ അനു പതിയെ അഭിയുടെ നെഞ്ചിലേക്ക് ചാരി, “എനിക്ക് മോളെ കാണണം അഭിയേട്ടാ, എന്റെ മോൻ ചെയ്ത തെറ്റിന് അവനെ കൊണ്ട് തന്നെ പ്രായശ്ചിത്തവും ചെയിപ്പിക്കണം.”

