എന്തൊരു കാലക്കേടാണമ്പോ
അപ്പാപ്പനൊരക്കിടി പറ്റി
തിണ്ണേന്നൊന്നിറങ്ങുമ്പോഴേ
തെന്നിപ്പോയി കാലുകളൊന്ന്
മുറ്റത്തുള്ളൊരാ മണ്ണിൽ നിന്നും
പൊക്കിയെടുത്തു പിള്ളേരെല്ലാം
നേരേ പോയി ചാരെയുള്ളൊരു
കുഞ്ഞു ക്ലിനിക്കിലൊരോട്ടോ തന്നിൽ
എക്സ് റേ നോക്കി തലയൊന്നാട്ടി
പ്ലാസ്റ്റർ ചുറ്റി പീറ്റർ ഡോക്ടർ
അനങ്ങരുതൊട്ടും വർഗീസേട്ടാ
മാസമതൊന്ന് ശ്രദ്ധിച്ചീടണം
ഞെട്ടിപ്പോയി അപ്പാപ്പൻ
ഇനിയൊരു മാസം കുത്തിയിരുപ്പോ
പിന്നെയാ വീട്ടിൽ ആകെ മേളം
തിണ്ണയ്ക്കുയരം കൂടിപ്പോയത്
മേസ്തിരി തന്നുടെ വിവരക്കേട്
നന്നായ് നോക്കി ചെയ്യിക്കാത്തത്
മോനേ നിന്നെ കൊള്ളാഞ്ഞിട്ട്
വെറുതെയിരുന്നൊരാ നാളുകളെല്ലാം
നാവിനു മാത്രം പണി നൽകി
കുറ്റം കേട്ടും പഴി കേട്ടും
മറ്റുള്ളോർക്കു മടുപ്പായി
നോക്കി നടക്കാതപ്പാപ്പൻ
തിണ്ണേ നിന്നും വീണിട്ട്
എന്തൊരു കാലക്കേടാണിപ്പോൾ
സ്വൈര്യം പോയത് ഞങ്ങൾക്ക്.
