മുള്ള് കുരുങ്ങിയാൽ
വെള്ളം കുടിക്കണം
മക്കളേ പോയോ മുള്ള്….
അമ്മയ്ക്ക് വേവലാതി
അച്ഛൻ പച്ചവറ്റ് വാരി
വിഴുങ്ങാൻ..
എന്നിട്ടും പോരാഞ്ഞ്
അണ്ണാക്കിൽ തോണ്ടി
നോക്കുന്നു….
എല്ലാം നോക്കി
ഒന്നും മിണ്ടാതെ
രണ്ട് കുഞ്ഞിക്കണ്ണുകൾ
നിറഞ്ഞു നിന്നിരുന്നു.
സ്വന്തം പാത്രത്തിലെ (മീനില്ലാത്ത)
വറ്റിൽ കൈ വിരൽ –
ക്കൊണ്ട് പടം വരച്ച്….
ഇല്ല തൊട്ടു നക്കുവാനായ്
എനിക്കൊരു മീൻ വാലു-
പോലും, അച്ഛന് മീനില്ലാതെ
ചോറിറങ്ങില്ല പോലും
അവനോ?
അവനാങ്കുട്ട്യല്ലേ?
അമ്മ പറയും
അപ്പോ പെണ്ണായതിനാലല്ലേ
എനിയ്ക്കൊരു മീൻ തല
പോലും ഇല്ലാതായതെന്നൊരു
ഇല്ലാത്ത മീനിന്റെ മുള്ള്
ചങ്കിൽക്കിടന്ന് കൊളുത്തി
വലിയ്ക്കും…