തീരത്തു മുത്തമിടാൻ മത്സരിക്കുകയാണ് ഓരോ തിരകളും…
കണ്ണെത്താ ദൂരെ മുങ്ങിമറയാൻ വെമ്പൽ കൊള്ളുന്ന സൂര്യനും…
തിരിഞ്ഞൊന്നു നോക്കാതെ അവൾ മുന്നോട്ട് നടക്കുകയാണ്, നനഞ്ഞ മണലിൽ പതിഞ്ഞ അവളുടെ കാൽപാടുകൾ നോക്കി ഞാനും….
ഒരുപാടു നാളുകൾക്ക് ശേഷമുള്ളൊരു കൂടിക്കാണൽ ആയിരുന്നു. ഒന്നും പറയാൻ കഴിയാതെ ആ കടൽ തീരത്തു കൂടി നടക്കുകയാണ് ഞങ്ങൾ രണ്ടുപേരും. നേരിൽ കണ്ട നിമിഷം പരസ്പരം കൊരുത്ത കണ്ണുകളെ വേർപിരിയിക്കാൻ തന്നെ ഒരുപാടു നേരമെടുത്തു എന്ന് വേണം പറയാൻ. അതിനു ശേഷം മെല്ലെ നടന്നു തുടങ്ങിയതാണ്… ആളുകളുടെ ബഹളമില്ലാത്ത ഏകാന്തമായ ഒരിടത്ത് എത്തിയിരിക്കുന്നു.
അവൾ നിന്നു, ഞാനും..
അവളുടെ കണ്ണുകൾ അസ്തമിക്കാറായ ആ ചുവന്ന പൊട്ടുപോലുള്ള സൂര്യനിൽ ആണ്..
ഞാൻ സംസാരം തുടങ്ങാമെന്ന് വിചാരിച്ചപ്പോൾ തന്നെ അതിനെ തടസപ്പെടുത്തികൊണ്ട് അവളുടെ ശബ്ദം ഞാൻ കേട്ടു.
”അസ്തമനമാണ്…
വീണ്ടുമൊരു ഉദയം എന്നത് പ്രതീക്ഷയാണ്… യാതൊരു ഉറപ്പുമില്ലാത്ത വെറും പ്രതീക്ഷ..”
നിരാശയിൽ നിന്നുള്ളതായിരുന്നോ ആ വാക്കുകൾ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു. പിന്നെ പതിയെ പറഞ്ഞു.
” എല്ലാ അസ്തമനങ്ങളിലും ഇങ്ങനൊരു പ്രതീക്ഷയുണ്ട്, ആരെയും നിരാശപ്പെടുത്താതെ ഉദയങ്ങൾ സംഭവിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഇന്നീ നിമിഷം വരെ പ്രതീക്ഷകൾക്ക് കുറവ് വന്നിട്ടില്ല.“
പറഞ്ഞു നിർത്തിയിട്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി.. ചെറിയൊരു മന്ദഹാസം മാത്രം..
ഒരു പക്ഷെ അവൾക്കെന്നോട് പറയാനുണ്ടായിരുന്നത് ഇങ്ങനെ പറഞ്ഞതായിരിക്കാം.. ഇനിയും അവൾക്കു വേണ്ടി കാത്തിരിക്കണ്ട എന്ന്.. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഉദയാസ്തമയങ്ങൾ കൊണ്ട് അവൾ അവസാനം കണ്ടെത്തിയത്…
——പിരാന്തൻ—–