അതിരുകൾ കെട്ടി പടവുകളേറി പലകുറി നമ്മൾ പാഞ്ഞു നടന്നൂ
പതിരുകളില്ലാ കതിരുകൾ തേടും ലോഭിതരൊപ്പം മതിവരുവോളം ..
അതിമോദം, കുതികാൽ വെട്ടും
മതിഭ്രമവും ചതിയും മതഭിന്നതയും
മതിവരുവോളം പരതി നടന്നൂ അധികാരക്കൊതി സിരകളിലേറി …
ചുറ്റും കണ്ണോടിച്ചില്ല, നിൽക്കും മണ്ണുമതോർത്തില്ലാ
മുന്തിയ പന്തിയിലേറും നേരം സിമ്പതിയെന്നതുമൊട്ടില്ല ..
സ്വന്തം സന്തതി ചന്തമെഴുന്നൊരു വണ്ടിയിലേറിപ്പോകുമ്പോൾ;
അന്ധതയേറി ആന്തൽ കത്തും നെഞ്ചകമൊന്നും കണ്ടില്ലാ
ആറ്റംബോംബുണ്ടൂറ്റം കൊള്ളും ഏറ്റം മുറ്റിയ കൂറ്റനു മുന്നിൽ
ഐറ്റം നമ്പരുമായി വരുന്നൊരു മധുര പത്തൊമ്പതുകാരൻ , ഒരു
കോവിഡ് 19 കാരൻ
വേണം പണമെന്നൊറ്റ മനത്താൽ നാണം വിറ്റ മനുഷ്യ കുലത്തെ
തൃണഗുണമാക്കി മരണം പെയ്തോ –
രണുവിന് പേര് കൊറോണയതത്രേ..
അതിരുകളില്ലാ, പകയില്ലാ ആറ്റം ബോംബും കാണാനില്ല
ധനികനുമില്ല ദരിദ്രനുമില്ല, ആഢംബരവും ആർത്തിയുമില്ലാ !
അരുതരുതിവിടൊരു മാറ്റം കാണാൻ ഇനിയും നമ്മൾ കാക്കരുതെന്നാ
പുഴുവും പുഴയും മലയും മർത്യനുമൊരുപോൽ വാഴുക
കൈകോർത്തിനിമേൽ
അതിരുകളില്ലാ പടവുകളേറി ഇനിയും നമ്മൾ ചേർന്നു നടക്കും
പതിരുകളുള്ളൊരു കതിരുകൾ നേടി പഥികരൊടൊപ്പം മതിവരുവോളം ..
1 Comment
👍🏻👍🏻