കുരുതിക്കളത്തിൽ അവൻ മാത്രം ബാക്കിയായി. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയും പേറിയവൻ വേച്ചു വേച്ചു ഇഴഞ്ഞു നീങ്ങി. എങ്ങും രൂക്ഷമായൊരു ഗന്ധം തളംകെട്ടി നിൽക്കുന്നു. എന്താണ് സംഭവിച്ചത്? തങ്ങളുടെ ആവാസവ്യവസ്ഥയിലേക്കൊരു കടന്നു കയറ്റം പണ്ടേയുള്ളതാണ്. ചോദിക്കാനും പറയാനും മറ്റാരുമില്ലാത്തവന്റെ അവസ്ഥയെ ആരോട് പരാതിപ്പെടാൻ? വിശപ്പ്! സർവ്വ ചരാചരങ്ങളും ഒരുപോലെ അനുഭവിക്കുന്ന വികാരം. അതിന് മുൻപിൽ ശരിതെറ്റുകളോ മുൻവിധികളോ ഒന്നും ആരും നോക്കാറില്ല. വീടും കൂടും കുടുംബവുമെല്ലാം ഇവിടമാണ്. എല്ലാനേരത്തെയും ആഹാരം കൊണ്ട് കനിഞ്ഞ് അനുഗ്രഹീതമായ ഇവിടം വിടാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചതുമില്ല. പണ്ടൊക്കെ എന്തൊക്കെയോ ആയുധങ്ങൾ കൊണ്ടാണവർ കെണിവച്ച് പിടിച്ച് ഞങ്ങളെ കുരുതി കൊടുത്തിരുന്നത്. ഇപ്രാവശ്യം അതെന്തോ മരുന്നാണ്. കൂട്ടക്കുരുതി ലക്ഷ്യമിട്ട അവരുടെ പുതിയ പരീക്ഷണം. കണ്ണിൽ ഇരുട്ടുകയറും പോലെ. വയ്യ! ഒരല്പനേരം ഇവിടെ കിടക്കാം. അയ്യോ.. അതാ ആ ആയുധം വീണ്ടും. ഇത്തവണ താനും കെണിയിൽ കുടുങ്ങിയല്ലോ!
“അമ്മേ.. ദേ നോക്യേ, മരുന്ന് പുരട്ടിയിട്ടും ഒരു പേൻ ബാക്കി ദാ ചീപ്പിൽ. മുട്ടൻ പേൻ. ഞാൻ കൊല്ലുവാണേ.”
കുരുതിക്കളത്തിലെ അവസാന ഇരയും നഖത്തിടയിൽ അമർന്നരഞ്ഞു.
✍️ഫാബി നിസാർ