ഇവരുടെ ഈ ചുറ്റിക്കളി കാരണം കഷ്ടപ്പെടുന്നത് ഞാനാണ്..
എത്ര നാളായെന്നോ ഇത് തുടങ്ങിയിട്ട്!
ഒരു സഹായമാകുമല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടിയത്.
എന്നിട്ടിപ്പോൾ..
സഹിക്കുന്നതിന്നൊരു പരിധിയില്ലേ?
രാത്രി ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവർക്ക് ശല്യമാകാതെ സംസാരിക്കാമല്ലോ എന്നു കരുതിയത് എന്റെ തെറ്റ്.
ഹോസ്പിറ്റലിലും ട്രെയിനിലും ബസ്സിലുമെല്ലാം ഒരു സഹായത്തിന് കൂടെ കൂട്ടിയതും എന്റെ തെറ്റ്. വിശ്രമവേളകളിൽ മറ്റാർക്കും ശല്യമില്ലാതെ പാട്ട് കേൾക്കാം..
ഒന്ന് ചാറ്റ് ചെയ്യാം..
അങ്ങോട്ടുമിങ്ങോട്ടും ശബ്ദസന്ദേശങ്ങൾ അയക്കാം..
സന്തോഷം പങ്കുവയ്ക്കാം..
സങ്കടം പങ്കുവയ്ക്കാം..
ഇടയ്ക്കൊന്ന് അസൂയപ്പെടാനും നിർദ്ദോഷമായ ഗോസിപ്പ് കേൾക്കാനും എല്ലാറ്റിനും ഒപ്പം നിർത്തി.. കൂടെക്കൂട്ടി.
ഇതിപ്പോൾ വന്ന് വന്ന് പൊതുവിടങ്ങളിൽ പോലും സ്ഥലകാലബോധമില്ലാതെ കെട്ടിപ്പിടിച്ചു കിടന്ന് മറ്റുള്ളോരെ കൂടെ നാണം കെടുത്തുന്നു.
ഈ ചുറ്റിക്കളി ഇന്നത്തോടെ നിർത്തിക്കും ഞാൻ.
അവസാനം ഞാനത് തീരുമാനിച്ചു. ചുറ്റിപ്പിണഞ്ഞ് കെട്ടുകൂടിക്കിടക്കുന്ന ഇയർഫോണിന്റെ ചുറ്റഴിക്കുന്നതിനിടയിൽ ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു “എന്തായാലും ഒരു ഇയർപോഡ് വാങ്ങിയിട്ട് തന്നെ കാര്യം!”
✍️ഫാബി നിസാർ.