ക്രിസ്തുമസ് തലേന്ന് അച്ഛൻ വരാനായി വഴിക്കണ്ണുമായി കാത്തിരുന്നൊരു കട്ടിക്കാലമുണ്ടായിരുന്നു.
ജോലി കഴിഞ്ഞ ശേഷം അന്ന് അച്ഛൻ നടത്തിയിരുന്ന സ്ഥാപനത്തിൻ്റെ കാര്യങ്ങൾക്കായി ഓടിനടന്ന് അച്ഛൻ വീട്ടിലെത്തുമ്പോഴേക്കും മിക്ക ദിവസങ്ങളിലും ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാകും.
പക്ഷേ ക്രിസ്തുമസ് തലേന്ന് ഞങ്ങൾ ഉറങ്ങുന്നതിനു മുമ്പ് അച്ഛനെത്തും. അല്ലെങ്കിൽ അച്ഛനെത്തുന്നതു വരെ ഞങ്ങൾ ഉറങ്ങാതിരിക്കും.
കാരണം അന്ന് ഉറപ്പായും അച്ഛൻ്റെ കയ്യിലൊരു പൊതിയുണ്ടാകും.
Merry christmas എന്നെഴുതിയ, ഐസിങ്ങും പൂക്കളും കൊണ്ട് ഭംഗിയാക്കിയ ഒരു കേക്കിൻ്റെ പൊതി. എനിക്ക് ഓർമ വച്ച കാലം മുതൽ മുടങ്ങാത്ത പതിവ്.
ഡിസംബർ തുടങ്ങുന്നതു മുതൽ ബേക്കറിയിലെ കണ്ണാടിച്ചില്ലിനപ്പുറമിരുന്ന് കൊതിപ്പിച്ചിരുന്ന പല രൂപങ്ങളിലുള്ള ക്രിസ്തുമസ് കേക്കുകൾ. അടക്കിവച്ച ആ കൊതിയുടെ കാത്തിരിപ്പിന് വിരാമമാകുന്നത് ക്രിസ്തുമസ് തലേന്ന് അച്ഛൻ പൊതിയുമായെത്തുമ്പോഴാണ്.
കേക്കിൻ്റെ പൊതി ടീപ്പോയിൽ വച്ച് അച്ഛൻ ഡ്രസ്സ് മാറ്റി കൈലിയുടുത്ത് ഫ്രഷായി വരുമ്പോഴേക്കും നിറയെ ഇതളുകളുള്ള വലിയ റോസാപ്പൂവിൽ കൊതിച്ചിപ്പാറുവായ അനിയത്തി അവകാശം സ്ഥാപിച്ചിട്ടുണ്ടാകും.
ഇതളുകൾ കുറഞ്ഞ സീനിയപ്പൂക്കളിലൊരെണ്ണം എൻ്റേതാണെന്ന് അംഗീകരിച്ച് പൊതുവെ സമാധാനപ്രിയയായ ഞാനും സന്തോഷിക്കും.
അച്ഛൻ വന്ന് കേക്ക് മുറിയ്ക്കാനിരിക്കുമ്പോൾ എല്ലാവരും ചുറ്റുമുണ്ടാകും. അമ്മൂമ്മ, ചിറ്റ, കുഞ്ഞച്ഛൻ പിന്നെ ഞങ്ങൾ അച്ഛനുമമ്മയും മക്കളും അമ്മായിമാരോ അവരുടെ മക്കളോ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരും…..
ചുറ്റിലുമുള്ള എല്ലാവർക്കുമായി കേക്ക് പങ്കുവയ്ക്കപ്പെടും.
ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഓരോ പങ്കിൻ്റേയും വലിപ്പവും കുറയും.
അന്ന് പങ്കു വച്ചു കിട്ടുന്ന ഒരു കഷണം കേക്കുമായി പിന്നാമ്പുറത്തെ മുറിയിലേയ്ക്കൊരു പോക്കുണ്ട്. രണ്ട് മിനിറ്റുകൊണ്ട് കഴിച്ചു തീർക്കാവുന്ന ആ കേക്ക് പെട്ടെന്ന് തീർക്കാതെ തൊട്ടും തലോടിയും അല്പം വായിലിട്ട് നുണഞ്ഞുമൊക്കെ ആ മധുരം അടുത്ത ക്രിസ്തുമസ് തലേന്നു വരെയുള്ള ഓർമയിലേയ്ക്കായി ബാക്കി വയ്ക്കും.
എല്ലാ വർഷവും മണ്ഡലക്കാലത്ത് കുഞ്ഞച്ഛൻ ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. അച്ഛന് ആ പരിപാടിയൊന്നുമില്ല.
പെങ്കുട്ട്യോള് പത്തു വയസിനു മുമ്പ് പോകണമെന്നുള്ളതുകൊണ്ട് പത്തു തികയുന്നതിനു മുമ്പുള്ള ഒരു മണ്ഡലക്കാലത്തിൽ ഞാനും കുഞ്ഞച്ഛനോടൊപ്പം പോകാനായി വ്രതമെടുക്കുന്നു. വ്രതമെടുക്കുന്ന കാര്യത്തിലൊക്കെ കുഞ്ഞച്ഛൻ വളരെ കണിശക്കാരനാണ്. എന്നേയും കൂടെ കൊണ്ടുപോകാമെന്ന് പറയുമ്പോൾ അമ്പലത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും നൊയമ്പെടുക്കുന്നതുമെടുക്കുന്നതുമൊക്കെ ഇഷ്ടമായിരുന്ന ഞാൻ എല്ലാം അതിൻ്റേതായ ചിട്ടയോടെ ചെയ്തോളുമെന്ന് കുഞ്ഞച്ഛൻ കരുതിക്കാണണം.
ആ വർഷവും ക്രിസ്തുമസ് എത്തുന്നു. പതിവുപോലെ ക്രിസ്തുമസ് തലേന്ന് അച്ഛൻ കേക്കുമായി വരുന്നു. വ്രതമെടുക്കുന്നതു കൊണ്ട് മുട്ട ചേർത്ത കേക്ക് എനിക്ക് കഴിക്കാൻ പറ്റില്ല.
“എന്തിനാ രാധാഷ്ണാ നീയിപ്പോ ഇതു വാങ്ങിയത് അവള് പോയി വന്നിട്ട് വാങ്ങിയാ പോരായിരുന്നോ” എന്ന് അമ്മൂമ്മ പരിഭവം പറഞ്ഞു.
“ഞാനോർത്തില്ല അമ്മേ. അതൊന്നും സാരമില്ല ഒരു കഷണം കേക്കല്ലേ…. അല്ലേൽ പിന്നെ അവള് എടുത്ത് വച്ചിട്ട് പോയി വന്നിട്ട് കഴിച്ചോട്ടെ.” ഇതിലൊന്നും വല്യ വിശ്വാസമൊന്നുമില്ലാത്ത അച്ഛൻ കൂളായി പറഞ്ഞു.
പതിവുപോലെ അച്ഛൻ കേക്ക് മുറിയ്ക്കാനിരുന്നു. കുഞ്ഞച്ഛൻ പുറത്തെവിടെയോ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല.
എല്ലാവരും ചുറ്റും കൂടി നിൽക്കുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയോടെ ഞാൻ ചുമരും ചാരി നിന്നു.
എല്ലാവർക്കും കേക്ക് മുറിച്ചു നൽകുമ്പോൾ ഒരു കഷണം എൻ്റെ നേരെ നീട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു “ഇതില് മുട്ടയൊന്നുമില്ല നീ കഴിച്ചോ” എന്ന്.
സത്യത്തിൽ ഞാനൊരു ധർമ്മസങ്കടത്തിലായിരുന്നു. വ്രതം മുടക്കാതെ അതിൻ്റേതായ ചിട്ടയിൽ പൂർത്തിയാക്കണമെന്നുണ്ട്. പക്ഷേ ഉള്ളിൽ കേക്ക് തിന്നാൻ നല്ല കൊതിയുമുണ്ട്.
കയ്യിലെ കേക്കു കഷണവുമായി പതിവുപോലെ പിന്നാമ്പുറത്തെ
മുറിയിലെത്തിയപ്പോൾ അമ്മൂമ്മ പറഞ്ഞു. “അച്ഛൻ പറഞ്ഞില്ലേ മൊട്ടയൊന്നുമില്ലാന്ന് നീ കഴിച്ചോ ആരോടും പറയണ്ട എടുത്തു വച്ചൂന്ന് പറഞ്ഞാൽ മതീന്ന്.”
ഞാൻ കഴിയ്ക്കാതിരിക്കുമ്പോൾ കേക്കു കഴിയ്ക്കാൻ അമ്മൂമ്മയ്ക്കും വിഷമം കാണും.
കൺമുന്നിലെ കേക്കു കഷണത്തിൻ്റെ പ്രലോഭനത്തിൽ നിന്നും രക്ഷപ്പെടാനാകാതെ തൽക്കാലത്തെ കൊതി മാറ്റാൻ ഞാൻ കുറച്ച് കഴിച്ചു. ബാക്കി കുറച്ച് എടുത്തു വച്ചു.
അല്പസമയം കഴിഞ്ഞപ്പോൾ കുഞ്ഞച്ഛൻ തിരിച്ചു വന്നു. വേഷം മാറി ഭക്ഷണം കഴിയ്ക്കാനായി ഡൈനിങ്ങ് റൂമിലേയ്ക്ക് വന്നപ്പോൾ ഒരു സൈഡിൽ പരുങ്ങി നിൽക്കുന്ന എന്നെ നോക്കി കുഞ്ഞച്ഛൻ പറഞ്ഞു “നൊയമ്പായിട്ട് നീ കേക്ക് കഴിച്ചല്ലേ. ഞാൻ കരുതീല്ല നീ കഴിക്കുമെന്ന്.”
“അവൾ കഴിച്ചില്ലെടാ എടുത്തു വച്ചിട്ടുണ്ട് ” പാവം അമ്മൂമ്മ എന്നെ രക്ഷിക്കാനായി ചാടിക്കയറി പറഞ്ഞു.
“ഉം…. കഴിച്ചില്ല…. ” കുഞ്ഞച്ഛൻ തലയാട്ടി. അല്ലേലും എൻ്റെ നില്പു കണ്ടാൽ തന്നെ അറിയാമായിരുന്നു ഞാൻ കഴിച്ചിട്ടുണ്ടെന്ന്.
“അച്ഛൻ പറഞ്ഞു മുട്ട ചേർത്തിട്ടില്ലാന്ന് ” ഞാൻ പതിയെ എന്നെ ന്യായീകരിയ്ക്കാൻ നോക്കി.
“പിന്നേ മുട്ട ചേർക്കാതെയല്ലേ കേക്ക്…. ” കുഞ്ഞച്ഛൻ കൈ കഴുകാനായി പുറത്തേയ്ക്കിറങ്ങി.
കുഞ്ഞച്ഛൻ ദേഷ്യപ്പെടുകയൊന്നും ചെയ്തില്ലെങ്കിലും അന്നു രാത്രിയൊക്കെ എന്നിലൊരു കുറ്റബോധം നിറഞ്ഞു നിന്നു. ഒരു ദുർബലനിമിഷത്തിലെ കൊതിയിൽ വ്രതം മറന്ന് കേക്ക് കഴിച്ചതിൽ എൻ്റെയുള്ളിൽ ഒരു സങ്കടക്കടൽ ഇരമ്പി. ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥയിൽ ഇരുട്ടിൽ എൻ്റെ കവിളിൽ കണ്ണീരിൻ്റെ നനവ് പടർന്നു .
പിറ്റേന്നു മുതൽ പതിവുപോലെ വ്രതമെടുക്കുകയും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തോന്ന്യകാവ് അമ്പലത്തിൽ കെട്ടുനിറച്ച് കുഞ്ഞച്ഛനൊപ്പം മലയ്ക്കു പോയി ഭംഗിയായി അയ്യപ്പനെ തൊഴുത് തിരിച്ചുവരികയും ചെയ്തു. ശബരിമലയാത്രയും ശരണം വിളികളും പമ്പയും ശരംകുത്തിയുമൊക്കെ മനസിൽ നിറഞ്ഞു നിന്നപ്പോഴും പിന്നേയും കുറേ നാൾ ഒരു തെറ്റിൻ്റെ പ്രലോഭനത്തിൽ വീണ നിമിഷം എന്നിൽ കുറ്റബോധം ഉണർത്തിയിരുന്നു.
പിന്നീട് കാലം കടന്നുപോകെ എട്ടൊമ്പതു വയസുള്ള ഒരു കുട്ടി ഒരു കഷണം കേക്ക് കഴിച്ചാൽ കോപംപൂണ്ട് ശപിക്കുന്നയാളല്ല അയ്യപ്പസ്വാമിയെന്നും എൻ്റെ ഈശ്വരവിശ്വാസമെന്നത് എൻ്റെ മനസിൻ്റെ ശക്തിയാണെന്നുമുള്ള തിരിച്ചറിവുണ്ടായപ്പോൾ അന്നത്തെ കുറ്റബോധം എന്നിൽ നിന്നും പതിയെ മാഞ്ഞുപോയി.
എങ്കിലും എല്ലാ വർഷവും ക്രിസ്തുമസ് എത്തുമ്പോൾ പൂക്കൾ കൊണ്ടലങ്കരിച്ച ഒരു ക്രിസ്തുമസ് കേക്കും അത് മുറിയ്ക്കുന്ന അച്ഛനും എന്തു വേണമെന്ന അങ്കലാപ്പോടെ ചുമരിൽ ചാരി നിൽക്കുന്ന ഞാനും ഓർമകളിൽ മധുരം നിറച്ച് എന്നിലേയ്ക്കെത്താറുണ്ട്.
ബിന്ദു രാജേഷ്
6 Comments
ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നു വരുന്ന. കുറ്റബോധം..
നന്നായി എഴുതി ബിന്ദു 👍
ഒത്തിരി സന്തോഷം….. സ്നേഹം ചേച്ചി 🥰
മനോഹരം. ഹൃദ്യമായ ഓർമ്മകൾ.
മനോഹരം 👌
സ്നേഹം ശ്രീജ 🥰
സ്നേഹം Nishiba 🥰