മദ്യത്തിന്റെ ലഹരിയും വിയർപ്പിന്റെ രൂക്ഷഗന്ധവും ഉണ്ടായിരുന്നു എനിക്ക്. പകുതി അടഞ്ഞ എന്റെ കണ്ണുകളിൽ ക്ഷീണത്തേക്കാൾ തളർച്ചയായിരുന്നു. എന്റെ കവിളുകൾ നനയുന്നതയിതോന്നി, ഒപ്പം ഒരു കൊലുസിന്റെ കിലുക്കവും. അടഞ്ഞു തുടങ്ങിയ എന്റെ മിഴികൾ ഞാൻ മെല്ലെ തുറന്നു. അവൾ എന്റെ കവിളിൽ ഗാഢമായ് ചുംബിക്കുകയാണ്. മദ്യവും വിയർപ്പും കലർന്ന രൂക്ഷഗന്ധം, അത് അവൾ വക വച്ചിരുന്നില്ല. ഞാൻ എന്റെ ഇടതുകൈ നിവർത്തി അവൾക്ക് കിടക്കാൻ ഇടമൊരുക്കി.
എന്നൊട് പറ്റിചേർന്നവൾ കിടന്നു. അവളുടെ കൈകൾ എന്റെ ദേഹത്ത് മുട്ടികൊണ്ടിരുന്നു. അവളുടെ കുഞ്ഞി കാലുകൾ അന്തരീക്ഷത്തിൽ നൃത്തം കളിച്ചു, അവ്യക്തമായ രീതിയിൽ അവൾ എന്തൊക്കയൊ പറയുന്നുണ്ടായിരുന്നു,
പാതി തുറന്നിരുന്ന എന്റെ മിഴികൾ അടഞ്ഞു.
അവൾ ഉറക്കെ കരയാൻ തുടങ്ങി, ഞാൻ ഉണർന്നില്ല. മറ്റാരൊ വന്ന് അവളെ എടുത്തു. അവളുടെ കരച്ചിൽ നിന്നില്ല. എന്നെ ആരൊക്കെയൊ പലവട്ടം തട്ടി വിളിച്ചു. ഞാൻ ഉണർന്നില്ല. അവൾ അപ്പോഴും കരയുന്നുണ്ടായിരുന്നു. എനിക്ക് ചുറ്റും ആരൊക്കയോ കരയാൻ തുടങ്ങി, കുന്തിരിക്കവും ചന്ദനതിരിയും ഒന്നിച്ച് പുകഞ്ഞ രൂക്ഷഗന്ധം അവിടെ ചുറ്റിക്കറങ്ങി.
വടക്കുപുറത്ത് നിന്ന മുവാണ്ടൻ മാവിന്റെ തല തറയിൽ കുത്തുന്ന ഒച്ച ഉച്ചത്തിൽ കേൾക്കാമായിരുന്നു, ഏറെ പ്രിയപെട്ടവരെല്ലാം മുറ്റത്ത് പലയിടതായി നിശബ്ദരായി നിൽപ്പുണ്ട്, അവൾ അപ്പോഴും എന്നെ ചൂണ്ടി ഉറക്കെ കരയുന്നുണ്ടായിരുന്നു.
അവസാനമായ് അവൾ വീണ്ടും എനിക്ക് ഒരു ചുംബനം തന്നു.
മെല്ലെ എന്റെ ദേഹത്ത് ചൂട് പടർന്നു തുടങ്ങി, എന്റെ ദേഹം അങ്ങിങ്ങായി ഉരുകി ഒലിച്ചുതുടങ്ങിയിരുന്നു. ഒടുവിൽ എന്റെ ദേഹം ഒരുപിടി ചാരമായ് മാറി, അപ്പോഴും അവൾ കരയുന്നുണ്ടായിരുന്നു…
ജയൻ കീഴ്പേരൂർ
4 Comments
❤️
Nice 👍
👍
താങ്ക് യൂ