ദില്ലിയുടെ പ്രഭാതം തണുത്തുറഞ്ഞിരുന്നു. സൂര്യൻ മാനത്ത് മേഘങ്ങളോടൊപ്പം കണ്ണുപൊത്തിക്കളി തുടർന്നു.
“തണുത്ത വെളുപ്പാൻകാലത്തു മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നെ വിളിച്ചുണർത്തി പാർക്കിൽ നടക്കാനെന്നപേരിൽ കൊണ്ടുവന്നതും പോരാഞ്ഞ് ദേ, ഇപ്പോ മയിൽപ്പീലിതിരഞ്ഞുനടക്കുന്നു.. നിന്റെയോരോ വട്ടുകൾ”. ജ്യോതിഷ് പറയുന്നതുകേട്ട് ഹിമ തിരിഞ്ഞുനിന്നു.
ശരിയാണ്, തൻ്റെ ഇത്തരത്തിലുള്ള കുഞ്ഞുവട്ടുകൾ വേറെയാർക്കും മനസ്സിലാകണമെന്നില്ല. ജ്യോതിഷിന് വരണ്ടൊരു ചിരി സമ്മാനിച്ച്, മഞ്ഞുതുള്ളികൾവീണ് ഈർപ്പമണിഞ്ഞ നടപ്പാതയിലൂടെ അവൾ നടത്തം തുടർന്നു. സ്വെറ്ററിന്റെ ആവരണംകൊണ്ടും ശമനമുണ്ടാകാത്ത വിധത്തിൽ ശീതക്കാറ്റ് ശരീരത്തിന്റെ ഓരോ രോമകൂപങ്ങളിലും തുളച്ചുകയറുന്നുണ്ട്. ഹിമ കോട്ടിന്റെ പോക്കറ്റിലേക്ക് കൈകളാഴ്ത്തി. മരങ്ങളുടെ തണലിലല്ലാത്ത ബെഞ്ച് കണ്ടപ്പോൾ അവിടെയിരിക്കാമെന്ന് അവൾ അയാളെ മാടിവിളിച്ചു.
“ജോ, എനിക്ക് നിന്നോട് ഒരുകാര്യം പറയാനുണ്ട്.”
“റൂമിലിരുന്ന് പറയാൻ പറ്റാത്ത എന്തുകാര്യമാണ് ഹിമാ? ജ്യോതിഷിന് ക്ഷമ നശിച്ചു.
“ആ മാധുരി ഇന്നലെ വന്നപ്പോൾ എന്നോട് കുറേ സങ്കടം പറഞ്ഞു. അവളുടെ സ്ഥിതി കഷ്ടമാണ് ജോ”
“അവളുടെ സങ്കടം തീർക്കാനുള്ള വഴിയന്വേഷിച്ചാണോ ഈ കൊടുംതണുപ്പിന് നീയെന്നെ പാർക്കിലേക്ക് കൂട്ടിവന്നത്. വീട്ടുപണിക്കു വരുന്ന ആ നേപ്പാളിപ്പെണ്ണിനോട് ആവശ്യത്തിൽക്കൂടുതൽ അടുപ്പം കാണിക്കണ്ടാന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ. ” കൂടുതലൊന്നും കേൾക്കാൻ താല്പര്യമില്ലെന്നമട്ടിൽ അയാൾ ഫോണിലേക്ക് മുഖം പൂഴ്ത്തി അവിടെനിന്നെഴുന്നേറ്റു നടന്നു.
പെൺമനസ്സിന്റെ നീറ്റലും പുകച്ചിലും കാണാൻ പുരുഷന്മാർക്ക് എന്താണിത്ര വിമുഖത…ഹിമയ്ക്ക് നിരാശതോന്നി.
ഒരുകാലത്തെ തന്നെത്തന്നെയാണ് മാധുരിയിൽ കാണുന്നത്. കറവപ്പശുവിനെപ്പോലെ സ്വന്തക്കാർക്കുവേണ്ടി ജീവിതം ഹോമിക്കുന്ന അനേകം പ്രവാസി വനിതകളുടെ പ്രതിനിധികൾ മാത്രമാണ് താനും,മാധുരിയുമെന്ന് ഹിമയ്ക്ക് തോന്നി. ഊരുംപേരും മാത്രമേ മാറുന്നുള്ളൂ,ബാക്കിയെല്ലാം ഒന്നുതന്നേ. സ്വന്തം നാട്ടിലെ സന്തോഷങ്ങളും,സങ്കടങ്ങളും മാറിനിന്ന് കാണാൻ വിധിക്കപ്പെട്ടവർ.
ചോരനീരാക്കിയിട്ട് കിട്ടുന്ന ശമ്പളത്തിൽനിന്ന് ഈ ചിലവേറിയ നഗരത്തിൽ അരിഷ്ടിച്ചുകഴിയാനുള്ള വകമാത്രം മാറ്റിവെച്ച് നാട്ടിലേക്ക് അയച്ചാലും പരാതികളും പരിഭവങ്ങളും ബാക്കിയായിരുന്നു. അച്ഛനുമമ്മയുമില്ലാത്ത ഒരുത്തിയെ നോക്കിവളർത്തിയിട്ട്, തങ്ങൾക്കു കിട്ടിയ നന്ദികേടിന്റെ കഥ ചെറിയച്ഛനും ചെറിയമ്മയും പറഞ്ഞുനടക്കുന്നതറിഞ്ഞ് തരിച്ചുനിന്നിട്ടുണ്ട്. നാടിന്റെ പച്ചപ്പും ഓണവും,വിഷുവും അന്യമാവുന്നതിന്റെ വേദന ഉള്ളിൽ നീറിപ്പുകയുമ്പോഴും
“ഓ, അവളൊരു പരിഷ്ക്കാരി! ജനിച്ച നാടും,വീടും,വീട്ടാരേയുമൊന്നും വേണ്ടല്ലോ” എന്ന നാട്ടുവർത്തമാനം കേട്ട് തലയറഞ്ഞു ചിരിച്ചിട്ടുമുണ്ട്.
ജോയെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. അവനവനുവേണ്ടിയുമുള്ളതാണ് ജീവിതമെന്ന തിരിച്ചറിവ് വന്നു. എന്നെങ്കിലും പിറന്നമണ്ണിലേക്കു തിരിച്ചുപോകണമെന്നാണ് ഓരോ പ്രവാസിയേയുംപോലേ തന്റെയും ആഗ്രഹം. അതുവരേ, റേഷൻകാർഡിൽ എൻ ആർ ഐ എന്നും, എൻ ആർ കെ എന്നും ചാപ്പകുത്തി വേർതിരിക്കപ്പെട്ട പുറമ്പോക്കുകാരായി ജീവിക്കുകതന്നെ.
മാധുരിയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം. താലികെട്ടിയവൻ ഉപേക്ഷിച്ചു. ജന്മംകൊടുത്ത മക്കൾക്കും അവളെ വേണ്ട, പണംമാത്രം മതി. തങ്ങൾക്ക് സ്നേഹം നിഷേധിച്ച് സ്വന്തം സുഖം തേടിപ്പോയ അമ്മയോട് വെറുപ്പാണ്. ഭർത്താവിനൊപ്പം ദില്ലിയിലൊരു പറുദീസ സ്വപ്നംകണ്ടു വന്നവളുടെ തലയിൽ എല്ലാ ഭാരവും കെട്ടിവെച്ച് അയാൾ പുതിയ മേച്ചിൻപുറം തേടിപ്പോയി. എടുത്താൽപ്പൊങ്ങാത്ത ജീവിതഭാരമേന്തി ചെറിയ പ്രായത്തിൽത്തന്നെ രോഗിയായ ഗതികേട്.
മാധുരിയേയും, അവളെപ്പോലെ ഈ നഗരത്തിലൊരു സ്വർഗം പണിയാമെന്നാശിച്ചു വന്നിട്ട് ഒന്നുമായിത്തീരാതെ അലഞ്ഞുതിരിയേണ്ടിവരുന്ന പ്രവാസിസ്ത്രീകളേയും പുനരധിവസിപ്പിക്കാൻ ഒരു ഷെൽട്ടർ ..അതാണ് മോഹം. ജോയ്ക്ക് തന്നെ മനസ്സിലാകുമെന്നാണ് പ്രതീക്ഷ. ഹിമ ജോയുടെ അരികിലേക്ക് നടന്നു. മേഘക്കീറുകൾക്കിടയിൽനിന്ന് എത്തിനോക്കുന്ന സൂര്യന്റെ പൊൻകിരണങ്ങളേറ്റ് പുൽനാമ്പുകളിലെ മഞ്ഞുതുള്ളികൾ തിളങ്ങി.
✍️ ദിവ്യ ശ്രീകുമാർ
#എന്റെ രചന
#പെൺപ്രവാസം
9 Comments
ഹിമ ആഗ്രഹിച്ചത് നടക്കട്ടെ. നന്നായെഴുതി ദിവ്യാ 👌👌
ഹിമയുടെ ആഗ്രഹം നിറവേറട്ടെ.. നന്നയെഴുതി.. ആശംസകൾ..
Thanks🥰
ഒഴുക്കോടെ നന്നായെഴുതി ദിവ്യാ . എഴുത്തു തുടരുക ഇനിയും
Thanks❤️
നല്ലെഴുത് ഓരോ ജീവിതങ്ങൾ എത്ര അനുഭവങ്ങൾ 😥😥
Thanks🥰🥰
നല്ല ഒഴുക്കുള്ള എഴുത്ത്’ഹൃദ്യമായിട്ടെതി.👌👌👏👏👏
Thanks dear🥰🥰