കുഞ്ഞാമിന്റെ കെട്ടിയോന്റെ പിശുക്ക് നാട്ടില്‍ മൊത്തം പാട്ടാണ്. അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്തവൻ എന്നൊക്കെ പറയുമെങ്കിലും ആമിടെ കാര്യത്തില്‍ ഓനൊരു മുടക്കും വരുത്തില്ല. എന്നാലും ഓനൊരു വല്ലാത്ത പിശുക്കൻ തന്നെ. നാട്ടിലും വീട്ടിലും ഇങ്ങനെ പറയാത്തൊരു ആരൂല്യ.
അങ്ങനെ ഒരു ദിവസം സ്വന്തം വീട്ടില്‍ വിരുന്ന് വിളിച്ചപ്പോ പോവാൻ കുഞ്ഞാമിക്ക് മടി. ഉമ്മാക്ക് എന്തേലും കൊണ്ട് പോകണ്ടേ. കെട്ടിയോനോട് ചോദിച്ച ക്യാഷ് പോകുന്ന പണിയാണേൽ പോവണ്ട ന്നു പറയേം ചെയ്യും. അപ്പോഴാ ഓൾ പത്തായത്തില് ചാക്കിൽ നിറയെ ചേമ്പിന്റെ വിത്തുകൾ കണ്ടത്. ഉമ്മാക്ക് ഇഷ്ടവും ആണ്. കുറച്ചു പൊതിഞ്ഞു ബാഗിൽ വെച്ചു രണ്ട് പേരും കൂടെ വീട്ടില്‍ പോയി.
വീട്ടിലെത്തിയ ഉടനെ പൊതി കൊണ്ട് ഉമ്മാടെ കയ്യിലും വെച്ചു കൊടുത്ത്. ഇത് വരെ നടക്കാത്ത സംഭവമായത് കൊണ്ട്, വെറുതെ അല്ല ഈ വെയിലത്തും ഒരു മഴക്കാറ് എന്ന് ഉമ്മ ഒരു ആത്മഗതം പറഞ്ഞു പോയി. ഇത് കണ്ട കുഞ്ഞാമിക്ക് പെരുത്ത് ദേഷ്യം കേറി.
മോൾ വന്ന സന്തോഷവും മരുമോനെ സൽക്കരിക്കുന്ന തിരക്കിലും ഉമ്മ പുഴുങ്ങിയ ചേമ്പ് മരുമോന് ചായക്ക് പുഴുങ്ങി വെച്ച്. ചേമ്പ് കണ്ടപ്പോ മരുമോന് സംശയം. കെട്ടിയോളെ മുഖത്തെ അങ്കലാപ്പും കണ്ടപ്പോ ഓനിക്ക് കാര്യം പിടികിട്ടി.
അമ്മായിമ്മടെ സൽക്കാരത്തിനിടയിൽ ഒരു കഷ്ണം ചേമ്പ് എടുത്തു കയ്യിൽ പിടിച്ചോണ്ട് ഓൻ ചോദിച്ചു..
“എന്നാലും എന്റെ ചേമ്പേ നീ ഞങ്ങളെക്കാൾ മുമ്പുള്ള ബസ്സിൽ വീട്ടിലെത്തിയ. ഞങ്ങൾ വന്ന ബസ്സിൽ നിന്നെ കണ്ടില്ലലോ..”
അബദ്ധം പിണഞ്ഞ അമ്മായിമ്മേം കെട്ടിയോളും പതുക്കെ അടുക്കളയിലേക്ക് വലിഞ്ഞു.
അപ്പോഴാ അടുക്കളയിലേക്ക് വന്ന ഉപ്പാന്റെ കമന്റ് കക്കാൻ പഠിച്ച പോരാ നിക്കാനും പഠിക്കണം..
അനു ✍️