മനസ്സിന് ഒത്തിരി പ്രയാസം ഉള്ളപ്പോൾ,
ജീവിത പ്രശ്നങ്ങൾ കാരണം തല പൊട്ടും എന്ന് തോന്നുമ്പോൾ,
ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങളും ആശങ്കകളും
അണപൊട്ടി കണ്ണിലൂടെ കുതിച്ചു ചാടും എന്ന് മനസ്സിലാകുമ്പോൾ,
ഞാൻ ഇപ്പോൾ ചെയ്യുന്നത് …
പൊട്ടിച്ചിരിച്ചു കളിച്ച് വാതോരാതെ സംസാരിക്കുക എന്നതാണ്.
നമ്മുടെ വ്യക്തിപരമായ ദുഃഖങ്ങൾ എല്ലാവരും അറിയേണ്ടതില്ലല്ലോ !
പക്ഷേ ഈ തിരശീലയിലൂടെ അങ്ങേപ്പുറം കാണുന്ന ചിലരുണ്ട്.
അസാധാരണമായ ഈ സന്തോഷത്തിനു പിന്നിലെ വേദന അറിയുന്നവർ.
ആ ചിരിക്ക് പിന്നിൽ അലയടിക്കുന്ന പ്രക്ഷോഭം കാണുന്നവർ.
അങ്ങനെ ഒരാളെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ ഭാഗ്യം ചെയ്തവരാണ് നമ്മൾ.
– ദീപ പെരുമാൾ