സോനാപൂരിലെ എംബാമിങ് സെന്ററിലേക്കുള്ള വഴികളിൽ മുഴുവനും നിറഞ്ഞു നിന്നിരുന്ന ഗന്ധം മനം മടുപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നു. പണ്ടെങ്ങോ കണ്ടു മറന്ന, പിന്നീട് ഒരുപാട് നാളുകൾ എന്റെ ഉറക്കത്തെത്തന്നെ കെടുത്തിയിരുന്ന ഒരു സ്വപ്നത്തിനും ഇതേ ഗന്ധമായിരുന്നു, പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ഗന്ധം. അടുത്തറിയുന്ന ആരെങ്കിലും മരണപ്പെട്ടു എന്ന വാർത്ത കേൾക്കുമ്പോൾ ഈ ഗന്ധമാണ് ചുറ്റിനും നിറയുന്നത്, എവിടേക്ക് മാറിയകന്നാലും കുറച്ചധികനേരത്തേക്ക് അത് വിട്ടു പോകാതെ എന്നെത്തന്നെ ചുറ്റിപ്പറ്റി നിൽക്കും.
പ്രവാസിയായതിനു ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സോനാപൂരിലെ എംബാമിങ് സെന്ററിലേക്ക് ഞാൻ പോകുന്നത്. അതിനു ശേഷം ഇത് വഴിയേ പോകേണ്ടിയിരുന്ന യാത്രകൾ പലതും ഒഴിവാക്കാനോ മറ്റു വഴികൾ തിരഞ്ഞെടുക്കാനോ ശ്രദ്ധിച്ചിട്ടുണ്ട്, അത്രമേൽ വിമ്മിഷ്ടപെടുത്തുന്ന അനുഭവമാണ് അവിടേക്കുള്ള ആദ്യയാത്ര എനിക്ക് സമ്മാനിച്ചത്. പോകാൻ തീരെ ഇഷ്ടമില്ലെങ്കിലും ഇന്നെനിക്കങ്ങോട്ട് പോയെ തീരൂ, എന്നെ ഏറെ പ്രിയമോടെ സ്നേഹിച്ചിരുന്നൊരാൾ, ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു എംബാമിങ് സെന്ററിലെ തണുപ്പിൽ, നിത്യനിദ്രയിൽ കിടക്കുന്നുണ്ട്…. ദിലീപേട്ടൻ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രസന്നതയുള്ള മുഖത്തിനുടമ, ഷാർജയിലെ ആദ്യകാലങ്ങളിലെ എന്റെ കൂട്ട്, എനിക്ക് ജ്യേഷ്ഠതുല്യൻ.
നന്നായി തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിവുണ്ടായിരുന്ന ദിലീപേട്ടന് പക്ഷെ കാലം കാത്തു വെച്ചത് പരീക്ഷണങ്ങൾ മാത്രമായിരുന്നു. സാമ്പത്തിക ബാധ്യതകളും കടവും അദ്ദേഹത്തെ സ്വന്തക്കാരിൽ നിന്ന് വരെ അകറ്റി. പല വഴികളിലൂടെ അദ്ദേഹം അതെല്ലാം തരണം ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ബുദ്ധിമോശം കാണിച്ചതിലൂടെ പാസ്പോർട്ട് കമ്പനി പിടിച്ചു വെക്കുകയും, ഉണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഉള്ളു കലങ്ങിമറിഞ്ഞു സംഘർഷഭരിതമായിരുന്നു എങ്കിലും സ്വതവേയുള്ള പ്രസരിപ്പാർന്ന മുഖത്തോടെയായിരുന്നു ദിലീപേട്ടൻ എന്റെ മുന്നിൽ അന്ന് വന്നതും നിന്നതും.
“കമ്പനിയുടെ പൈസ ഒന്ന് മറിച്ചതാ വിനു, തിരികെ വയ്ക്കാൻ പറ്റുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ.. എല്ലാം മതിയാക്കി നാട്ടിൽ പോണം, അമ്മയ്യ്ക്ക് വയ്യാതെയായി. അമ്മയുടെ കാലം വരെ കൂടെ കഴിയണം എന്നൊക്കെ കരുതിയതാ പക്ഷെ ഒരു നിമിഷത്തെ അതിബുദ്ധി എല്ലാം തകിടം മറിപ്പിച്ചു. പാസ്പോർട്ട് അവർ പിടിച്ചു വച്ചിരിക്കുകയാണ്, ഇരുപതിനായിരം ദിർഹംസ് കൊടുത്താലേ അത് അവർ തിരികെ തരൂ. നിനക്ക് എന്നെ സഹായിക്കാൻ പറ്റുമോ? നിന്റെ കൈയിൽ അത്രയും ഇല്ല എന്നറിയാം, എന്നാലും നിന്നോടെ എനിക്ക് ചോദിക്കാൻ കഴിയൂ എന്ന് കരുതി മാത്രം ചോദിക്കുകയാ, ഒരു ലോൺ എടുത്തു ആ തുക എനിക്ക് തരാൻ കഴിയുമോ? ഞാൻ എങ്ങനെയെങ്കിലും തിരികെ തരും ഡാ.”, ഒരു ലോൺ അപ്പോഴേ അടച്ചു കൊണ്ടിരുന്ന ഞാൻ എങ്ങനെയാണു എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിയില്ല എന്ന് മനസ്താപത്തോടെ പറഞ്ഞത് എന്ന് ഇന്നെനിക്കോർക്കാനാകുന്നില്ല.
“ഇരുപതിനായിരം ദിർഹമോ? ഇതൊക്കെ നമ്മളെങ്ങനെ കൊടുക്കാനാ വിനുവേട്ടാ?, എങ്ങനെയെങ്കിലും ലോൺ ടോപ് അപ്പ് ചെയ്തു കൊടുക്കാം എന്ന് കരുതിയാൽ തന്നെ അതടയ്ക്കാനുള്ള വഴിയും നമ്മൾ തന്നെ കണ്ടെത്തണ്ടേ? ബാധ്യത ഉണ്ടാക്കിയവർ തന്നെ അത് അടക്കട്ടെ, സ്വയം വരുത്തിവെച്ചതല്ലേ?, അല്ല എനിക്കറിയാത്ത കൊണ്ട് ചോദിക്കുവാ, നിങ്ങളീ നാട്ടുകാരെ മുഴുവനും സഹായിക്കാൻ വേണ്ടി ഇറങ്ങിയേക്കുവാണോ? കൈയിൽ ഉണ്ടെങ്കിൽ വേണ്ടില്ല.” ദിലീപേട്ടനെ സഹായിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് രശ്മിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു, ലോൺ ടോപ്പ് അപ്പ് ആയിരുന്നു എന്റെ മനസിലും എങ്കിലും അത് നടപ്പിലാക്കണമെങ്കിൽ, ജീവിതത്തിൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഭർത്താവ് എന്ന നിലക്ക്, എനിക്ക് എന്റെ ഭാര്യയുടെ കൂടെ സമ്മതം വേണമായിരുന്നു. ഓർത്തപ്പോൾ അവൾ പറഞ്ഞതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല, വരുത്തി വെച്ചതല്ലേ, തനിയെ തീർക്കട്ടെ എന്ന് പാതിമനസ്സോടെ ഞാൻ എന്നെത്തന്നെ സമാധാനിപ്പിച്ചു.
ഒരു മാസം മുമ്പേയാണ് ദിലീപേട്ടൻ എന്നെ വിളിച്ചു സംസാരിച്ചത്, അല്ലെങ്കിൽ വാട്സ്ആപ് മെസ്സേജ് ആണ് പതിവ്, ഓരോ മെസ്സേജിലും ചെറിയ ചെറിയ തുകകൾ എന്നോട് ചോദിക്കുമായിരുന്നു, തിരികെ ഒന്നും ചോദിക്കാതെ ഞാൻ കൊടുക്കുകയും ചെയ്യുമായിരുന്നു, മടക്കിക്കിട്ടില്ല എന്നറിയാമായിരുന്നിട്ടും. ജോലി നഷ്ടപ്പെട്ട്, പാസ്സ്പോർട്ടും വിസയുമില്ലാതെ, ബന്ധവും സ്വന്തവും ഇല്ലാതെ ഒറ്റക്കായിപ്പോയ ആ മനുഷ്യന് ജീവവായു പോലും കൊടുക്കാതെ തീർത്തും ഒറ്റപ്പെടുത്താൻ എനിക്കാവില്ലായിരുന്നു എന്നത് തന്നെയായിരുന്നു അതിനു കാരണം.
“നാട്ടിൽ എന്റെ പേരിൽ കുറച്ചു സ്ഥലമുണ്ട്, ആകെയുള്ളത് അതാണ് വിനു, അത് ഞാൻ കമ്പനി ഉടമയുടെ പേരിൽ എഴുതി കൊടുക്കാം എന്ന് വരെ പറഞ്ഞു പക്ഷെ അയാൾക്ക് അതൊന്നും സമ്മതമല്ല, ദിർഹമായി തന്നെ വേണം, ഇനി അത് വിറ്റു പൈസ കൊടുക്കാം എന്ന് വിചാരിച്ചാലും ഞാൻ പോകാതെ പറ്റില്ലല്ലോ. സാരമില്ല, ചെറിയ ചെറിയ ജോലിക്കൊക്കെ പോയി, അരിഷ്ടിച്ചു പിടിച്ചു ഒരു എണ്ണായിരം ദിർഹത്തോളം ഞാൻ കൂട്ടിയെടുത്ത് കട്ടിലിനടിയിൽ സൂക്ഷിച്ച എന്റെ ബാഗിൽ വച്ചിട്ടുണ്ട്, ഒരു വർഷം, അതിനകത്തു പാസ്സ്പോർട്ടും വാങ്ങി ഞാൻ പോകുമെടാ വിനു, എട്ട് വർഷം കഴിഞ്ഞു നാട്ടിൽ പോയിട്ട്, ഈ ഏപ്രിൽ കഴിഞ്ഞാൽ എനിക്ക് വളരെ നല്ല സമയമാണെന്നാണ് ജാതകത്തിൽ പറയുന്നത്, എന്റെ മനസ്സും പറയുന്നു എല്ലാം ശരിയാകുമെന്ന്. ഞാൻ വിളിച്ചാൽ ആരും ഫോൺ എടുക്കില്ല, കടം ചോദിക്കാനാണ് എന്ന് വിചാരിച്ചിട്ടാവും, പക്ഷെ നീ എടുക്കാതിരുന്നിട്ടില്ല, എനിക്കറിയാം നിന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്, എനിക്ക് വേറെയാരുമില്ലെടാ മോനെ വിളിക്കാൻ.” ദുഃശീലങ്ങൾ ഏതുമില്ലാത്ത, ഒരു തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന ദിലീപേട്ടൻ അവസാനമായി എന്നെ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഓർത്ത് എന്റെ ഹൃദയത്തെ ഞാൻ വീണ്ടും മുറിപ്പെടുത്തി.
എംബാമിങ് സെന്ററിനുള്ളിൽ കാർ പാർക്ക് ചെയ്ത് സങ്കടഭാരത്താൽ തൂങ്ങിപ്പോയ ഹൃദയവുമായി ഞാനിറങ്ങി. അമ്മ മരണപ്പെട്ട ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയുടെ കരച്ചിൽ കണ്ട എനിക്ക് എന്റെ കണ്ണുനീരിനെ ഒരൽപ്പം പോലും നിയന്ത്രിക്കാനായില്ല. അവന്റെ നിലവിളി കേട്ട് കണ്ണുകൾ തുടരെ തുടരെ തുടച്ചു കൊണ്ട് ഉള്ളിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ കൈയിലൊരു പാസ്സ്പോർട്ടും ഒതുക്കി പിടിച്ച്, കുനിഞ്ഞ തലയുമായി നിന്ന ദിലീപേട്ടന്റെ കമ്പനിയുടെ ഉടമയെ ഞാൻ സങ്കടത്തോടെ നോക്കി, “നേരത്തെ ആകാമായിരുന്നില്ലേ?, എങ്കിൽ അദ്ദേഹം നാട്ടിൽ പോകുമായിരുന്നില്ലേ?, നാട്ടിലുള്ള ഏക സമ്പാദ്യം തന്നെ തരാം എന്ന് പറഞ്ഞില്ലേ?, ഒന്ന് മനസ്സലിവ് കാണിച്ചുകൂടാരുന്നോ?”, ഞാൻ മനസ്സിൽ ചോദിച്ച ചോദ്യം കേട്ട പോലെ പശ്ചാത്താപവിവശനായി അദ്ദേഹം എന്നെ ഒരു നോട്ടം നോക്കി കണ്ണുകൾ പിൻവലിച്ചു അതേ നിൽപ്പ് തുടർന്നു. “ലോൺ എടുത്തു കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം നാട്ടിൽ പോകില്ലായിരുന്നോ?”, എന്നൊരു ചോദ്യവും അതേ സമയം തന്നെ എന്റെ ഉള്ളിലിരുന്നാരോ ചോദിച്ചതിനാൽ എന്റെ തലയും പശ്ചാത്താപത്താൽ കുനിഞ്ഞിരുന്നു.
എന്ത് വിഷമമുണ്ടെങ്കിലും ദിലീപേട്ടൻ ആദ്യം വിളിക്കുന്നത് എന്നെയാണ്, പക്ഷെ ഒരാഴ്ച വയ്യാതെ ആശുപത്രിയിൽ കിടന്ന സമയത്തൊന്നും തന്നെ എന്നെ അറിയിച്ചില്ല. ഹാർട്ട് അറ്റാക്ക് വന്ന്, ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന സമയത്ത്, “എന്നെ കാണാൻ ആരും വന്നില്ല”, എന്ന് അവിടെയാരോടോ സങ്കടം പറഞ്ഞപ്പോൾ എന്തേ ദിലീപേട്ട എന്നെ വിളിച്ചില്ല?, അവരോടെങ്കിലും പറയാമായിരുന്നില്ലേ എന്നെ അറിയിക്കാൻ, ഒരു മെസ്സേജ് എങ്കിലും അയച്ചിരുന്നെങ്കിൽ ഞാൻ വിളിക്കില്ലായിരുന്നോ? വരില്ലായിരുന്നോ? എന്നെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിക്കാണും അല്ലെ?, പിന്നീട് തീരെ വയ്യാതായതും, വെന്റിലേറ്ററിലായതും ഒന്നും ഞാൻ അറിഞ്ഞില്ല”, മരിച്ചു കിടക്കുമ്പോഴും പ്രസരിപ്പാർന്ന, ഐശ്വര്യമുള്ള, നിറഞ്ഞ ചിരിയുള്ള ആ മുഖത്തേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. മുടിയൊക്കെ നന്നായി ചീകി വച്ച്, വൃത്തിയുള്ള വസ്ത്രം ധരിച്ച്, ഭാണ്ഡക്കെട്ടുകളുടെയോ, പ്രാരാബ്ധങ്ങളുടെയോ ഭാരമില്ലാത്ത യാത്രക്കൊരുങ്ങി ദിലീപേട്ടൻ സ്വസ്ഥമായി ഉറങ്ങിക്കിടന്നു.
ഹാപ്പി ജേർണി ദിലീപേട്ട, ഐ വിൽ ബി തിങ്കിങ് ഓഫ് യു. വിത്ത് ലവ് വിനോദ്.
മഹാലക്ഷ്മി മനോജ്