ഞാനാദ്യം ശ്രദ്ധിച്ചത് എന്റെ ചുറ്റിനും മൂടി നിൽക്കുന്ന കനത്ത നിശ്ശബ്ദതയെയാണ്. സ്വസ്ഥതയുള്ള, മനസ്സിന് സമാധാനം തരുന്ന നിശബ്ദതയല്ല, പക്ഷെ ലോകം തന്നെ നിലച്ചു പോയത് പോലെയുള്ള ഒന്ന്. ഞാനെന്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് എനിക്ക് പരിചയമില്ലാത്ത ഒരു ആകാശമായിരുന്നു, നീങ്ങിക്കൊണ്ടിരിക്കുന്ന വെള്ള മൂടൽമഞ്ഞിന്റെ വിശാലമായ ഒരു ദൃശ്യപടമായിരുന്നു അത്. എന്റെ കാലുകൾക്കടിയിൽ ഭാരമില്ലാത്തത് പോലെ എനിക്ക് തോന്നി, നിലം തൊടാതെ ഞാൻ അന്തരീക്ഷത്തിൽ നിൽക്കുന്നത് പോലെ. ഞാനെന്റെ കണ്ണുകൾ ചിമ്മി നോക്കി, സ്വപ്നമാണോ എന്ന വിചാരത്തിൽ പിന്നെയും പിന്നെയും കണ്ണുകൾ തിരുമ്മിയും, ദേഹം പിച്ചിയും നോക്കി, അപ്പോഴും കാഴ്ചകൾ അത് തന്നെ. ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി. പെട്ടെന്ന് തൊട്ട് മുൻപേ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു – ഒരു ഇരുട്ട് വന്നെന്നെ മൂടിയത്, എന്റെ ഹൃദയമിടിപ്പ് മങ്ങിയത്, എന്റെ പേര് വിളിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ടവർ. എനിക്ക് പേടിയായി. എന്റെ നെഞ്ച് വല്ലാതെ വലിഞ്ഞു മുറുകി.…
Author: Mahalekshmy Manoj
കൃത്യം പത്ത് വർഷങ്ങൾക്ക് മുൻപേ, ജൂൺ ഇരുപത്തിയഞ്ച് രണ്ടായിരത്തി പതിനഞ്ചിനു ഒരു വയസുള്ള മകളെയും കൈയിൽ എടുത്ത് ഞാൻ യു എ എയിൽ വന്നിറങ്ങുമ്പോൾ ചൂട് കൊടുമുടി കയറുകയായിരുന്നു. ഞങ്ങളെയും കാത്തു നിന്ന മനുച്ചേട്ടന്റെ അടുത്തേക്ക് എത്തുന്നതിന്റെ സന്തോഷം ഒരു വശത്ത്, ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും മറുവശത്ത്. എനിക്കൊരു ജോലി കിട്ടുമോ? കിട്ടിയാൽ തന്നെ മോളെ ആരെ ഏല്പിച്ചു ജോലിക്ക് പോകും? ഇനി ജോലി കിട്ടിയില്ലെങ്കിൽ തിരിച്ചു നാട്ടിലേക്ക് തന്നെ പോകേണ്ടി വരുമോ? അങ്ങനെ പോകേണ്ടി വന്നാൽ നമ്മൾ ഒരുമിച്ചൊരു ജീവിതം എന്ന് സാധ്യമാകും? അങ്ങനെ ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾ.. ആദ്യത്തെ മാസങ്ങൾ ശരിക്കും പരീക്ഷണത്തിന്റെ കാലമായിരുന്നു, ഓരോ ദിവസവും കാണുന്ന എല്ലാ ജോബ് സൈറ്റ്സിലും പല കമ്പനികളുടെ ഇമെയിൽ അഡ്രെസ്സിലുമൊക്കെ സിവി അയച്ചു കൊണ്ടേയിരിക്കും. രാവിലെ നാലു മണിക്കൊക്കെ ഇരുന്ന് ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്. ചില ദിവസങ്ങൾ മോളെ അടുത്ത ഫ്ലാറ്റിലെ മിനി ആന്റിയെ ഏല്പിച്ചിട്ടു ഞാൻ ഓഫീസുകളും ഹോസ്പിറ്റലുകളും…
വലിയ ശബ്ദത്തിൽ പാത്രങ്ങൾ വീഴുന്നതിന്റെയും, കുഴഞ്ഞതും എന്നാൽ ഉച്ചത്തിലുമുള്ള ചീത്ത വിളികളും കേട്ടാണ് ഉറങ്ങുകയായിരുന്ന ഞാൻ പായയിൽ നിന്നും ചാടി എഴുന്നേറ്റത്. ബഹളം തുടർന്ന് കൊണ്ടിരുന്ന അടുക്കള ഭാഗത്തേക്ക് ഒറ്റ ചാട്ടത്തിനെത്തിയപ്പോൾ കണ്ടത് താഴെ ഒഴുകി നടക്കുന്ന ഉള്ളിത്തീയലാണ്, അതിൽ ഒരു ഭാഗം അമ്മയുടെ നൈറ്റിയിലും, കുറച്ചു ഭിത്തിയിലുമായി പടർന്നു കിടന്നു. ചെറിയുള്ളി കൂടുതൽ ഇട്ട്, സ്റ്റവിന്റെ ചുവട്ടിൽ ഏറെ നേരം നിന്ന്, തേങ്ങാ നല്ല മൂപ്പിച്ച് അമ്മ ഉണ്ടാക്കിയതാണ് താഴെ പരന്നു കിടക്കുന്നത്, കണ്ണ് നീറി പിടഞ്ഞു എങ്കിലും ഞാനും പൊളിച്ചു കൊടുത്തിരുന്നു കുറച്ചു ചെറിയുള്ളി. ആ കഷ്ടപ്പാടിനൊന്നും ഒരു വിലയും കല്പിക്കാതെയാണ് കുടിച്ച്, നിലത്തുറക്കാത്ത കാലുകളും, പാതി മറഞ്ഞ ബോധവുമായി വന്ന അച്ഛൻ അതെടുത്തു എറിഞ്ഞത്. മദ്യപാനാസക്തി കൂടി തല പ്രാന്തെടുക്കുന്ന കുടിയന്മാർ ചെയ്യുന്ന കാര്യങ്ങൾ. “ഇറങ്ങി പോടീ ഇവിടന്ന്.. അവൾ വലിയ ഉദ്യോഗക്കാരി, ഇത് എന്റെ വീടാണ് (അധ്വാനിച്ചുണ്ടാക്കിയതല്ല, സ്വന്തം അച്ഛനും അമ്മയും, മോനും കുടുംബവും വഴിയിൽ…
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ഒരു സമാധാനപൂർണ്ണമായ ജീവിതമാണ്. പൈസക്ക് നല്ലപോലെ ബുദ്ധിമുട്ടിയിരുന്നപ്പോഴും, ആഗ്രഹിച്ചതൊന്നും തന്നെ കിട്ടാതിരുന്നപ്പോഴും, “സമാധാനം തരേണമേ, സന്തോഷം തരേണമേ”, എന്ന് പ്രാർത്ഥിച്ചത് പോലെ വേറെ ഒന്നിന് വേണ്ടിയും ഞങ്ങളുടെ കുട്ടിക്കാലത്തു ഞങ്ങൾ പ്രാർത്ഥിച്ചിരുന്നില്ല. ഒരുപാട് കാലം ക്ഷമയോടെ, അതിലേറെ അക്ഷമയോടെ ഞങ്ങൾ ആ മനോഹരമായ കാലഘട്ടം ഞങ്ങൾക്ക് എത്തിച്ചേരുന്നതിന് വേണ്ടി കാത്തിരുന്നിട്ടുണ്ട്. ദൈവങ്ങളോട് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു നേടിയ, സന്തോഷത്തിനും സമാധാനത്തിനും കുറവില്ലാത്ത ഒരു അവസ്ഥയോടെ ഇന്ന് ജീവിക്കുമ്പോൾ ഒരുപാട് കാര്യങ്ങളാണ് കാലം പഠിപ്പിച്ചു തന്നത്. പണം – “പണം ഒക്കെ ഒരു വലിയ കാര്യമാണോ?, അത് കുറവാണെങ്കിലും എങ്ങനേലും ജീവിക്കാം” – ഇങ്ങനെ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ ഞാൻ അങ്ങനെ ചിന്തിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്ന ആളല്ല, പണം വേണം – ഒരുപാട് സ്വത്തുക്കൾ, സമ്പാദ്യങ്ങൾ – അങ്ങനെയല്ല – എന്നാൽ അത്യാവശ്യങ്ങൾക്ക്, ആവശ്യങ്ങൾക്ക്, വേണ്ടപ്പെട്ടവർക്ക് സഹായങ്ങൾ ചെയ്യുന്നതിന്, എല്ലാറ്റിനും പണം തന്നെ വേണം,…
സോനാപൂരിലെ എംബാമിങ് സെന്ററിലേക്കുള്ള വഴികളിൽ മുഴുവനും നിറഞ്ഞു നിന്നിരുന്ന ഗന്ധം മനം മടുപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നു. പണ്ടെങ്ങോ കണ്ടു മറന്ന, പിന്നീട് ഒരുപാട് നാളുകൾ എന്റെ ഉറക്കത്തെത്തന്നെ കെടുത്തിയിരുന്ന ഒരു സ്വപ്നത്തിനും ഇതേ ഗന്ധമായിരുന്നു, പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ഗന്ധം. അടുത്തറിയുന്ന ആരെങ്കിലും മരണപ്പെട്ടു എന്ന വാർത്ത കേൾക്കുമ്പോൾ ഈ ഗന്ധമാണ് ചുറ്റിനും നിറയുന്നത്, എവിടേക്ക് മാറിയകന്നാലും കുറച്ചധികനേരത്തേക്ക് അത് വിട്ടു പോകാതെ എന്നെത്തന്നെ ചുറ്റിപ്പറ്റി നിൽക്കും. പ്രവാസിയായതിനു ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സോനാപൂരിലെ എംബാമിങ് സെന്ററിലേക്ക് ഞാൻ പോകുന്നത്. അതിനു ശേഷം ഇത് വഴിയേ പോകേണ്ടിയിരുന്ന യാത്രകൾ പലതും ഒഴിവാക്കാനോ മറ്റു വഴികൾ തിരഞ്ഞെടുക്കാനോ ശ്രദ്ധിച്ചിട്ടുണ്ട്, അത്രമേൽ വിമ്മിഷ്ടപെടുത്തുന്ന അനുഭവമാണ് അവിടേക്കുള്ള ആദ്യയാത്ര എനിക്ക് സമ്മാനിച്ചത്. പോകാൻ തീരെ ഇഷ്ടമില്ലെങ്കിലും ഇന്നെനിക്കങ്ങോട്ട് പോയെ തീരൂ, എന്നെ ഏറെ പ്രിയമോടെ സ്നേഹിച്ചിരുന്നൊരാൾ, ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു എംബാമിങ് സെന്ററിലെ തണുപ്പിൽ, നിത്യനിദ്രയിൽ കിടക്കുന്നുണ്ട്…. ദിലീപേട്ടൻ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രസന്നതയുള്ള മുഖത്തിനുടമ,…
നിങ്ങളെവിടെയാണ്? എത്ര നാളുകളായി എന്നറിയുമോ നിങ്ങളെ കാണാതെയായിട്ട് ?, നിങ്ങൾക്കെന്താണ് സംഭവിച്ചത്? എട്ടാം മാസത്തെ ഗർഭകാലത്തിന്റെ ആലസ്യത്തിലിരുന്ന ഒരു പുലരിയിലാണ് നിങ്ങളെ കാണാതെയായി എന്ന് ഞാനറിയുന്നത്, അത് കേട്ടയുടനെ അടിവയറ്റിലുണ്ടായ കൊളുത്തിപിടിത്തം എന്റെ ദേഹമാസകാലം പടർന്നു, നിങ്ങളുടെ തിരോധാനത്തെക്കുറിച്ചോർത്തു, എന്താണ് നിങ്ങൾക്ക് സംഭവിച്ചത് എന്ന് ആകുലപ്പെട്ടു ഞാൻ വിറച്ചു കൊണ്ടിരുന്നു. അറിയുമോ നിങ്ങളെ കാണാതെയായതിനു ശേഷം ഈ ലോകത്ത് എന്തെല്ലാമാണ് സംഭവിച്ചത് എന്ന്?. 2014 ഇന്ത്യയിൽ നരേന്ദ്ര മോദി വിജയിച്ചു. ഒരു പാവപ്പെട്ട ചായ വിൽപനക്കാരന്റെ മകനായ നരേന്ദ്ര മോദി, ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) മെയ് മാസത്തിൽ നടന്ന ഇന്ത്യയുടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയത്തിലേക്ക് നയിച്ചു, മുപ്പത് വർഷത്തിനിടെ കേവല ഭൂരിപക്ഷം സീറ്റുകൾ നേടുന്ന ആദ്യ പാർട്ടിയായി. ഐസ് ബക്കറ്റ് ചലഞ്ചിനു രൂപം കൊണ്ടു, 2014 മധ്യത്തിൽ ALS ബോധവൽക്കരണത്തിനും ഗവേഷണത്തിനുമായി 115 മില്യൺ ഡോളറിലധികം അതിലൂടെ സമാഹരിച്ചു. കുട്ടികളെയും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെയും അടിച്ചമർത്തുന്നതിനെതിരെ ബോധവൽക്കരണം നടത്തിയതിന്…
“വൈഷു, നിക്കെടാ അവിടെ. പമ്മിപ്പതുങ്ങി അകത്തേക്ക് പോയാൽ ഞാൻ കാണില്ല എന്ന് നീ കരുതിയോ? സ്കൂൾ ബസ് വരുന്നത് നാല് മണിക്ക്, മണി അഞ്ചരയായി, നീയിത്രയും നേരം എവിടെയായിരുന്നു? കണ്ടിടത്തൊന്നും അലഞ്ഞു നടക്കരുതെന്നു എത്ര പറഞ്ഞാലും നീ കേക്കത്തില്ല അല്ലെ? അതെങ്ങനാ? അച്ഛന്റെ അതെ സ്വഭാവമല്ലേ കിട്ടിയിരിക്കുന്നത്? എന്നും ഞാൻ പറയുന്നതല്ലേ ഇത്? എപ്പോഴെങ്കിലും, എന്നെങ്കിലും നീ കേൾക്കാറുണ്ടോ? പറഞ്ഞു പറഞ്ഞു മടുത്തു എനിക്ക്. എന്നെ കഷ്ടപ്പെടുത്താനും, വിഷമിപ്പിക്കാനും വേണ്ടി ഉണ്ടായതാണോ നീ? ഇരിക്കുന്ന കണ്ടില്ലേ? ക്ഷീണിച്ചു, എല്ലും ഉന്തി, കൊണ്ട് പോകുന്ന ഭക്ഷണം പോലും കഴിക്കില്ല, അതും ആർക്കെങ്കിലുമോ, അല്ലെങ്കിൽ ഏതെങ്കിലും പട്ടിക്കോ പൂച്ചക്കോ കൊടുക്കും, നോക്കിക്കോ ഇനി മുതൽ നിനക്ക് ഞാൻ ആഹാരം തന്നു വിടില്ല. എന്ത് പറഞ്ഞാലെന്താ ഒരക്ഷരം മിണ്ടാതെ കുനിഞ്ഞു നിന്നോളും, ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിയാം അപ്പൊ.” “ഞാൻ ചെയ്യുന്നത് ശരിയാ അമ്മ.” വൈഷ്ണവ് അവന്റെ അമ്മയുടെ ആക്രോശങ്ങൾക്ക് സൗമ്യതയോടെ മറുപടി പറഞ്ഞു. “ശരിയോ? എന്ത്…
