കൃത്യം പത്ത് വർഷങ്ങൾക്ക് മുൻപേ, ജൂൺ ഇരുപത്തിയഞ്ച് രണ്ടായിരത്തി പതിനഞ്ചിനു ഒരു വയസുള്ള മകളെയും കൈയിൽ എടുത്ത് ഞാൻ യു എ എയിൽ വന്നിറങ്ങുമ്പോൾ ചൂട് കൊടുമുടി കയറുകയായിരുന്നു. ഞങ്ങളെയും കാത്തു നിന്ന മനുച്ചേട്ടന്റെ അടുത്തേക്ക് എത്തുന്നതിന്റെ സന്തോഷം ഒരു വശത്ത്, ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും മറുവശത്ത്. എനിക്കൊരു ജോലി കിട്ടുമോ? കിട്ടിയാൽ തന്നെ മോളെ ആരെ ഏല്പിച്ചു ജോലിക്ക് പോകും? ഇനി ജോലി കിട്ടിയില്ലെങ്കിൽ തിരിച്ചു നാട്ടിലേക്ക് തന്നെ പോകേണ്ടി വരുമോ? അങ്ങനെ പോകേണ്ടി വന്നാൽ നമ്മൾ ഒരുമിച്ചൊരു ജീവിതം എന്ന് സാധ്യമാകും? അങ്ങനെ ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾ..
ആദ്യത്തെ മാസങ്ങൾ ശരിക്കും പരീക്ഷണത്തിന്റെ കാലമായിരുന്നു, ഓരോ ദിവസവും കാണുന്ന എല്ലാ ജോബ് സൈറ്റ്സിലും പല കമ്പനികളുടെ ഇമെയിൽ അഡ്രെസ്സിലുമൊക്കെ സിവി അയച്ചു കൊണ്ടേയിരിക്കും. രാവിലെ നാലു മണിക്കൊക്കെ ഇരുന്ന് ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്. ചില ദിവസങ്ങൾ മോളെ അടുത്ത ഫ്ലാറ്റിലെ മിനി ആന്റിയെ ഏല്പിച്ചിട്ടു ഞാൻ ഓഫീസുകളും ഹോസ്പിറ്റലുകളും കയറി ഇറങ്ങി സിവി കൊടുത്തിട്ടുണ്ട്. പലപ്പോഴും ഞാനും മനുച്ചേട്ടനും നല്ല ചുട്ടുപൊള്ളുന്ന വെയിലത്ത് കണക്കില്ലാതെ നടന്നിട്ടുണ്ട്, പല പല കമ്പനികൾ, ഹോസ്പിറ്റലുകൾ ഒക്കെ കയറിയിറങ്ങി സി വി കൊടുക്കാൻ. ആ കാലങ്ങളൊക്കെ ഓരോ ദിർഹവും എണ്ണി വളരെ സൂക്ഷിച്ചാണ് ഞങ്ങൾ ജീവിച്ചത്, പക്ഷെ എല്ലാ ബുദ്ധിമുട്ടുകൾക്കുമുപരി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചാണല്ലോ എന്ന സന്തോഷം മാത്രം മതിയായിരുന്നു ജീവിതം സമാധാനമായി മുന്നോട്ട് കൊണ്ട് പോകാൻ.
എട്ട് മാസങ്ങൾ നീണ്ട അക്ഷീണ പരിശ്രമത്തിനും പരീക്ഷണത്തിനുമൊടുവിൽ എനിക്ക് ഷാർജയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ലഭിച്ചു, “നീ സമാധാനമായി ജോലിക്ക് പോ, മോളെ ഞാൻ നോക്കിക്കൊള്ളാം”, എന്ന് മിനിയാന്റിയും പറഞ്ഞു, വേനൽ കഴിഞ്ഞു വരുന്ന ശിശിരകാലം ഭൂമിയെ തണുപ്പിക്കും പോലെ ഞങ്ങളുടെ മനസ്സുകളെയും കുളിർപ്പിക്കാൻ തക്കവണ്ണം ആ ജോലിക്കും മിനിയാന്റിയുടെ തീരുമാനത്തിനും കഴിഞ്ഞു., അത് ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. പതിയെ ഞങ്ങളുടെ സ്വപ്‌നങ്ങൾ ഈ മണ്ണിൽ വേരൂന്നാൻ തുടങ്ങി.
ജീവിതം അങ്ങനെ തട്ടിയും മുട്ടിയും വലിയ പരിക്കുകൾ ഒന്നുമില്ലാതെ യാത്ര തുടരുന്ന സമയത്താണ് കോവിഡ്-19 ആഞ്ഞടിച്ചത്. രണ്ടു വർഷങ്ങൾ കൂടി ഒരു വെക്കേഷന് നാട്ടിൽ പോയ ഞങ്ങൾ ആറു മാസം അവിടെ കുടുങ്ങി – ശമ്പളമില്ല, തിരിച്ചു വരാൻ കഴിയുമോ എന്ന ഉറപ്പില്ല, വന്നാൽ തന്നെ ജോലി ഉണ്ടാകുമോ എന്ന ആശങ്ക, ഈ ചിന്തകൾ കുറച്ചൊന്നുമല്ല ഞങ്ങളെ ഭയപ്പെടുത്തിയത്. ഒട്ടു മിക്ക പേർക്കും സംഭവിച്ചത് പോലെ എവിടെ നിന്നും തുടങ്ങിയോ അവിടെ തന്നെ കോവിഡ് ഞങ്ങളെ കൊണ്ടെത്തിച്ചു, പക്ഷെ ആ മഹാമാരിയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദൈവം കാത്തല്ലോ, എല്ലാറ്റിലും വലുത് അതാണല്ലോ എന്നോർത്ത് ഞങ്ങൾ സമാധാനപ്പെട്ടു. പ്രാർത്ഥനയുടെ ഫലമായി ആറു മാസങ്ങൾക്ക് ശേഷം ഞങ്ങൾ യുഎഇയിലേക്ക് മടങ്ങി, രണ്ടു പേരും തിരികെ ജോലിയിൽ കയറി, ജീവിതം വട്ടപൂജ്യത്തിൽ നിന്നും പിന്നെയും ആരംഭിച്ചു.
കാലം കടന്നു പോയി, ഞങ്ങളും പ്രാരാബ്ധങ്ങളുടെയും സ്വപ്നങ്ങളുടെയും ഭാണ്ഡക്കെട്ടും പേറി കാലത്തിനൊപ്പം ഓടാൻ ശ്രമിച്ചു കൊണ്ടിരുന്നു. സർക്കാർ മേഖലയിൽ ജോലി ചെയ്യുക എന്ന എന്റെ ദീർഘകാല സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഞാൻ നടന്നടുത്തു, തുടർച്ചയായ പരിശ്രമങ്ങൾക്കും, പ്രാർത്ഥനകൾക്കും ശേഷം, ഞാൻ എക്കാലവും ആഗ്രഹിച്ചിരുന്ന ജോലി എനിക്ക് ലഭിച്ചു, ജീവിതത്തിലെ പുതിയൊരു മനോഹര അധ്യായത്തിനു തുടക്കമായി.
കാലം ഏറ്റവും മനോഹരമായ രീതിയിൽ ഞങ്ങളെ അത്ഭുതപെടുത്താൻ തുടങ്ങി, മൂന്ന് പുസ്തകങ്ങൾ എന്റെ പേരിൽ പുറത്തിറങ്ങി, അതും ലോകത്തിലേക്കും വെച്ച് പേര് കേട്ട ഷാർജ പുസ്തകോത്സവത്തിൽ – സ്വപ്നത്തിൽ മാത്രമേ നടക്കുകയുള്ളൂ എന്ന് കരുതിയിരുന്ന ഒന്ന്. ഡ്രൈവിംഗ് തനിക്ക് ബാലികേറാമലയാണ് എന്ന് ഒരിക്കൽ കരുതിയിരുന്ന മനുചേട്ടന് ലൈസൻസ് ലഭിച്ചു. ഞങ്ങൾ ഒരു കാർ വാങ്ങി – ഇങ്ങനെ ഒരു കാര്യം അല്ലെങ്കിൽ സന്തോഷം ഞങ്ങളുടെ ജീവിതത്തിൽ നടക്കും എന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. ഞാനും ഡ്രൈവിംഗ് ലൈസൻസ് എടുത്തതാണ് ഈയിടെ ജീവിതത്തിൽ സംഭവിച്ച വലിയൊരു അക്കമ്പ്ലിഷ്മെന്റ് .
അന്നത്തെ ഒരു വയസ്സുകാരിക്ക് ഇന്ന് വയസ്സ് പതിനൊന്ന്, യുഎഇയിലെ ഒരു മെച്ചപ്പെട്ട സ്കൂളിൽ അവൾ പഠിക്കുന്നു, growing up with the values and opportunities this land has given her. ഞങ്ങളുടെ ഈ യാത്രയുടെ കാതൽ തന്നെ അവളാണ്, എല്ലാ പോരാട്ടങ്ങൾക്കും, കഷ്ടപ്പാടുകൾക്കും, വിജയങ്ങൾക്കും പിന്നിലെ കാരണവും അവളാണ്.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് പേരോട് ഞങ്ങൾക്ക് നന്ദിയുണ്ട്, കടപ്പാടുണ്ട്; മിനിയാന്റിയോട്, പ്രതിസന്ധികളിൽ കൂട്ടായി നിന്ന അമ്മയോട്, ചിന്നുവിനോട്, ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളോട്.
യുഎഇ- നമ്മുടെ രണ്ടാമത്തെ, എന്നാൽ എനിക്കേറെ പ്രിയമുള്ള, വീട് — ഇവിടുത്തെ ഓരോ കാറ്റിലും സമാധാനത്തിന്റെ തണുപ്പുണ്ട്, ഓരോ സൂര്യോദയത്തിലും പുതിയ പ്രതീക്ഷയുടെ പ്രകാശവും. ഈ ദേശം നമ്മെ സ്വീകരിച്ചത് ഒരു കുടുംബാംഗത്തെ പോലെയാണ്, നമ്മൾ ആഗ്രഹിച്ച ജീവിതം മാത്രമല്ല, അതിനേക്കാൾ ഒരു പടി എങ്കിലും കൂടുതൽ നൽകി ഞങ്ങളെ അനുഗ്രഹിച്ചതും ഈ മണ്ണാണ്. സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ ഒക്കെ നമുക്ക് ഇനിയുമുണ്ട്, പക്ഷേ, ഇപ്പോഴുള്ള സന്തോഷ നിമിഷങ്ങളും, ആരോഗ്യവും, കുടുംബസ്നേഹവും ഒക്കെ നിലനിൽക്കണമേ എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന. ഇതിനെക്കാളും ഒക്കെ ഏതൊരു അവസ്ഥയിലും ഞങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതാണ് നമ്മളെ സംബന്ധിച്ചിടത്തോളം ലൈഫ് ടൈം അച്ചീവ്മെന്റ്, ഇനിയും ആ കടമകൾ ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ.
ദൃഢനിശ്ചയത്തോടെ ഇവിടെ വരെ എത്തിയ എന്റെ യങ്ങർ സെൽഫിനോട്, ഒരു വയസുള്ള മകളെയും ഒക്കത്തെടുത്ത് ദുബായ് എയർപോർട്ടിനുള്ളിലേക്ക് പകപ്പോടെ നടന്നടുത്ത ആ പഴയ എന്നോട്, ഇപ്പോഴത്തെ ഞാൻ ഇടക്ക് ഇടക്ക് തിരികെ പോയി പറയും, “We did it, I am so proud of us.”
മഹാലക്ഷ്മി മനോജ്


1 Comment
തളരാത്ത മനസ്സിൻ്റെ ജയം….. നന്നായെഴുതി👍❤️