“ഹലോ..”
“രാജേഷേട്ടാ..”
“ഇവിടെ, അച്ഛനിന്നു വീണു. കാല് പ്ലാസ്റ്ററിട്ടേക്കാ, ഞാൻ പിന്നെ വന്നാലോ..?”
“അപ്പിവിട്യോ? അമ്മേടെ റസ്റ്റ് കഴിയാറാവുന്നല്ലേയുള്ളൂ?”
“എന്നാലേട്ടനും അമ്മയും കൂടിങ്ങോട്ട് വരോ?”
“ഓഹോ..!! കൊള്ളാലോ പൂതി. ഞാനുമമ്മയും നിൻ്റെ വീട്ടില്‍ വന്നടയിരിക്കണോന്ന്! രണ്ട് ദെവ്സം കഴിഞ്ഞ് മര്യാദക്കിങ്ങ് വന്നേക്ക്.”
പറയുമ്പോഴേക്കും ഒരു കൈ വന്ന് ഫോൺ തട്ടിപ്പറിച്ചെടുത്ത് കഴിഞ്ഞിരുന്നു.
“മോളേ.. അമ്മയാ.. ഞങ്ങളങ്ങട് വന്നേക്കാം.”
“എടാ.. നീയെന്ത് ന്നാ അവളോട് പറഞ്ഞേ..? നിനക്ക് ഞാനെന്ന പോലെ തന്നെയല്ലേ അവൾക്ക് അവൾടെ അച്ഛനുമമ്മയും? നീ അവളെ കല്യാണം കഴിച്ചിങ്ങ്ട് കൊണ്ടോന്ന് ന്ന് കരുതി അവൾക്കവര്‍ അങ്ങനല്ലാതാവോ?
ഒരു ഭാര്യ ഭർത്താവിൻ്റെ വീട്ടില്‍ ഒരു ജന്മം മുഴോനും പലതും സഹിച്ചും പൊരുത്തപ്പെട്ടും പോകുമ്പോ എല്ലാവരും പറയും, ആ.. അതങ്ങനെ തന്നെയാ വേണ്ടത് എന്ന്! അതെല്ലാവർക്കും ഭയങ്കര മഹത്വവും ആകും.
ഭാര്യവീട്ടില്‍ ഒരു രാവ് അധികം നില്‍ക്കേണ്ടി വരുമ്പോ ഭർത്താവിനും വീട്ടുകാർക്കുമത് വല്ലാത്ത ആക്ഷേപവും മ്ലേച്ഛവും!
ഒരേ പന്തിയില്‍ തന്നെ വിളമ്പുന്ന രണ്ടു തരം കറികളല്ലേടാ അത്?
കൊറച്ചൂസം അവൾടെ വീട്ടിലൊന്ന് നിന്നെന്ന് കരുതി രാവ് വെളുക്കാതെയൊന്നും ഇരിക്കത്തില്ല. ഒരാകാശോം ഇടിഞ്ഞ് വീഴാമ്പോണില്യാ കേട്ടോടാ..!!”
തഴുകി വീശാൻ മടിച്ചു നിന്നൊരിളം കാറ്റ് ആ വീടിനെ തഴുകി കടന്നു പോയപ്പോൾ അയാൾക്ക് വല്ലാതെ കുളിര് കോരി.
കുളിർന്നു പുഞ്ചിരിച്ചു.
3 Comments
മകളുടെ അമ്മയും അമ്മായിയമ്മയും ഒരേ വീട്ടിൽ കഴിയുന്നത് കുറേ കണ്ടിട്ടുണ്ട്. നല്ലെഴുത്ത്👌👌👍
നടക്കുമോ ?
ആഗ്രഹിക്കാമല്ലോ.
പിന്നെ ഒരു പ്രതീക്ഷ നമ്മളെ പോലെയുള്ളവർക്ക് നടപ്പിലാക്കാൻ ശ്രമിക്കാം എന്നുള്ളതാണ്.