അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ അടുതുള്ളത് പോലെ തോന്നുന്നു എന്ന് അപ്പൻ പറയാറുണ്ടത്രെ. എന്തായാലും ഉള്ളത് പറയാലോ, ഈ പറയുന്ന സെൻ്റിമെൻ്റ്സ് ഒന്നും അവൾക്കില്ല. മാത്രവുമല്ല, മുല്ലപ്പൂ പോലും പൊട്ടിക്കാൻ സമ്മതിക്കാത്തതിൽ നല്ല വിഷമവുമുണ്ട്. ഞാനൊക്കെ മുടി മെടഞ്ഞിട്ട് പൂ ചൂടി വരുമ്പോൾ അവൾ കൊതിയോടെ നോക്കി നിൽക്കും. അപ്പൻ കാണാതെ പറിക്കാനുള്ള ശ്രമങ്ങൾ ഒക്കെ വിഫലമായതോടെ ഞങ്ങൾ അത് വിട്ടു. കൊല്ലങ്ങൾ വഴി മാറിയപ്പോൾ ഞങ്ങളുടെ താത്പര്യങ്ങളും മാറി. പക്ഷേ, അവളുടെ അപ്പൻ്റെ പൂന്തോട്ടത്തിൽ മാത്രം എന്നും പൂ വിരിഞ്ഞു. കഴിഞ്ഞ ദിവസം അതിലേ വരുമ്പോൾ കണ്ടു, ഒരാൾ മുല്ലപ്പടർപ്പിൽ നിന്ന് ആയാസത്തോടെ മൊട്ടുകൾ പറച്ച് താഴേക്ക് ഇടുന്നത്. ഒരു കുഞ്ഞിമോൾ അത് പെറുക്കി ചെറിയൊരു കുട്ടയിൽ ഇടുന്നത്. അല്ലെങ്കിലും, കൊച്ചു മക്കളുടെ മുന്നിൽ മുട്ടു മടക്കുന്നതാണല്ലോ അപ്പന്മാരുടെ സകല നിയമങ്ങളും. അപ്പോഴും, ഞങ്ങൾക്ക് അറിയാതെ പോയത് ഒന്നുണ്ട്. കേവലമൊരു മാല വഴി അമ്മൂമ്മയ്ക്ക് കുഞ്ഞിനെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹമെന്ന്. ചിലർ അങ്ങനെയാണ്. ചില സ്നേഹങ്ങളും. കാലങ്ങളോളം പരിമളം പരത്തിക്കൊണ്ടേയിരിക്കും.