എന്തു ശല്യമാണീയമ്മയെപ്പഴും
സ്വൈര്യമില്ലൊരു നേരവുമെൻ വിധി
കഞ്ഞി കാപ്പി ഗുളിക സിറപ്പുകൾ
ഒന്നൊഴിയാതെ വേണമിടയ്ക്കിടെ
പല്ലുതേപ്പും കുളിച്ചൊന്നു തോർത്തലും
നല്ലുടുതുണി മാറ്റിയുടുക്കലും
എല്ലാമെന്നുടെ ജോലിയായ് തീരവേ
തെല്ലൊരീർഷ്യ പൊടിഞ്ഞു മനസ്സിലും
ഓർമ്മയില്ലാതെ കാട്ടുന്ന വേലകൾ
ഓരോനാളിലും ഏറിയെൻ പാടുകൾ
കാലമങ്ങനെ പൊയ്പ്പോയ നാളതിൽ
പേറി ഞാനുമൊരമ്മ തൻ വാർദ്ധക്യം
കേട്ടു ഞാനന്നു നേർത്തൊരാ കേൾവിയാൽ
പൊന്നുമോളുടെ പൊള്ളുന്ന വാക്കുകൾ
എന്തു ശല്യമാണീയമ്മ യെൻവിധി
എന്നു മാറുമീ തലവിധിയീശ്വരാ …..