മഴയെ പ്രണയിക്കുന്നവർ തന്നെ, നനയാതിരിക്കാൻ കുടയും പിടിക്കുന്നു.
കുളിർകാറ്റിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവർ തന്നെ, ജനൽ അടയ്ക്കാനും മടിക്കുന്നില്ല.
പുഴയെ സ്നേഹിക്കുന്നവർ, ആഴത്തിലേക്ക് ഇറങ്ങാതെ തീരത്ത് തന്നെ നീന്തുന്നു.
പുസ്തകപ്രേമികൾ അവ വായിക്കാതെ, അവയിലെ ലോകങ്ങളിൽ ജീവിക്കാൻ ശ്രമിക്കാതെ, അലമാരയിൽ അടച്ചു പൂട്ടുന്നു.
ഇപ്പോൾ എന്റെ ഹൃദയത്തിൽ ഭയം നിറയ്ക്കുന്നതും നിന്റെ വാക്കുകളാണ് …
“നിന്നെയെനിക്ക് എന്തുമാത്രം ഇഷ്ടമാണെന്നോ ?”
നീ പറഞ്ഞത്, ഞാൻ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് ?
ഇതൊരു ക്ഷണികമായ ഭ്രമം മാത്രമാണോ; അലസമായി വിതറിയ പൊള്ളയായ വാക്കുകൾ?
മറ്റുള്ളവരെപ്പോലെ, സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനെ ഒഴിവാക്കുമോ, നീയും ? - ദീപ പെരുമാൾ