സ്റ്റേജിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി കാണികളെ അതിശയത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നതായിരുന്നു കലാനിലയം നാടകങ്ങൾ. സർക്കസ് പോലെ ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് തുടർച്ചയായി നാടകങ്ങൾ അവതരിപ്പിക്കുന്ന ഒരു വേറിട്ട രീതിയായിരുന്നു കലാനിലയത്തിൻ്റേത്. 1963 ലാണ് കലാനിലയം കൃഷ്ണൻനായരുടെ നേതൃത്വത്തിൽ കലാനിലയം നാടകവേദി രൂപീകരിച്ചത്. തുടർന്ന് മൂന്ന് പതിറ്റാണ്ടോളം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി കലാനിലയം അരങ്ങ് വാണു.
അക്കാലത്തെ ഏറ്റവും പുതിയ ടെക്നോളജികളും കറങ്ങുന്ന സ്റ്റേജുമൊക്കെയായി നൂതനമായൊരു ആവിഷ്കാര ശൈലിയായിരുന്നു കലാനിലയം നാടകങ്ങളുടേത്. രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി, നാരദൻ കേരളത്തിൽ എന്നിവയെല്ലാം കലാനിലയത്തിൻ്റെ പ്രശസ്തമായ നാടകങ്ങളാണ്.സിനിമ നടൻ ജഗതി ശ്രീകുമാറിൻ്റെ അഛൻ ജഗതി എൻ.കെ.ആചാരി ആയിരുന്നു നാടകങ്ങളുടെ രചന നിർവ്വഹിച്ചിരുന്നത്.
അങ്കമാലിയിൽ വച്ചാണ് ഞാൻ കലാനിലയത്തിൻ്റെ നാടകങ്ങൾ കണ്ടിട്ടുള്ളത്. രക്തരക്ഷസ്, കടമറ്റത്ത് കത്തനാർ എന്നീ നാടകങ്ങൾ. നാടകത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അൽഭുതപ്പെടുത്തുന്ന രംഗങ്ങൾ കാഴ്ച വക്കുന്ന കലാനിലയം ശൈലി ആ നാടകങ്ങളിലൂടെ നേരിൽ അനുഭവിച്ചു. “സൽക്കലാദേവി തൻ ചിത്രഗോപുരങ്ങളേ..” എന്ന കലാനിലയം നാടകവേദിയുടെ അവതരണഗാനവും പ്രശസ്തമാണ്.
ഒരു ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാറും കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭനും ചേർന്ന് കലാനിലയം നാടകവേദിയെ 2003 ൽ പുനസംഘടിപ്പിച്ചിരുന്നു. അവർ അവതരിപ്പിച്ച മഹാഭാരതത്തിലെ കഥാപാത്രമായ ‘ഹിഡുംബി’ യുടെ നാടകാവിഷ്കാരം ധാരാളം വേദികളിൽ വിജയകരമായി അവതരിപ്പിച്ചു…
സെബി ജോസഫ്.