ആയിടയ്ക്കാണ് ഫൈസിക്കായുടെ സൗദിയിലുള്ള ഒരു സുഹൃത്ത് ഇക്കയ്ക്ക് അവിടെ ഒരു ജോലി ശരിയാക്കിയത്. വിസ വന്ന ശേഷമാണ് ഞാനും ഉമ്മയും അങ്ങിനെയൊരു കാര്യം തന്നെ അറിയുന്നത്.! പോകാൻ സമ്മതിക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. ഉമ്മയും എന്റെ അതേ നിലപാടിലായിരുന്നു. ഞങ്ങളെ രണ്ടുപേരെയും സമാധാനിപ്പിച്ചു കൊണ്ട് ഇക്ക പറഞ്ഞു
” നിങ്ങളെ വിട്ട് പോവാൻ എനിക്കും ഇഷ്ടണ്ടായിട്ടല്ല.. ഇവിടെ നിന്നിട്ട് വീട്പണി തുടങ്ങാൻ നോക്കിയിട്ട് ഇതുവരെ പറ്റിയിട്ടില്ലാന്ന് നിങ്ങൾക്ക് രണ്ടാൾക്കും അറിയാല്ലോ?വീടിന്റെ പണി തീരുന്നത് വരെ മാത്രം.. അത് കഴിഞ്ഞാൽ പിന്നെ ഞാൻ നിങ്ങടെ കൂടെ ഇവിടെത്തന്നെണ്ടാവും..എന്നും.. പോരെ…?”
ഇക്കയുടെ ആഗ്രഹത്തെക്കുറിച്ച് അറിയാവുന്നത് കൊണ്ട് തന്നെ ഇഷ്ടമില്ലാതിരുന്നിട്ട് കൂടി ഞങ്ങൾക്ക് സമ്മതിക്കേണ്ടി വന്നു. ഫൈസിക്ക പോകുന്നതറിഞ്ഞ് ഇക്കാന്റെ കൂട്ടുകാരും അയൽക്കാരും കുടുംബക്കാരും എല്ലാവരും ഞങ്ങളെപ്പോലെത്തന്നെ നല്ല വിഷമത്തിലായിരുന്നു. കണ്ണീരോടെയാണ് എല്ലാവരും ഇക്കയെ യാത്രയാക്കിയത്.
ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ ഇക്കയെ യാത്രയാക്കുമ്പോൾ ആ നെഞ്ചിലെ നീറ്റൽ മാറ്റാരേക്കാളും നന്നായി ഞാൻ അറിയുന്നുണ്ടായിരുന്നു.
പിന്നെ, വിരഹവേദനയുടെ നാളുകൾ.. ദിവസങ്ങൾക്ക് ദൈർഘ്യം കൂടിയത് പോലെ..! മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങുന്ന പോലെ.. ചില നേരങ്ങളിൽ ഇക്കയെ കാണാതെ വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നും. ആ സമയത്ത് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും. ഏക ആശ്വാസം എല്ലാ ദിവസവുമുള്ള വീഡിയോകോളുകൾ മാത്രമാണ്. മക്കൾക്ക് ദിവസവും ചോദിക്കാനുണ്ടാവുക അവരുടെ പ്രിയപ്പെട്ട അബ്ബ എന്നുവരും എന്ന് മാത്രമാണ്. മക്കളുടെ ചോദ്യം കേൾക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടയ്ക്കുന്ന ഇക്കയെ വേദനയോടെ ഞാനും ഉമ്മയും നോക്കിനിൽക്കും.
നാല് വർഷങ്ങൾ.. അതിനിടയ്ക്ക് രണ്ടു തവണ ഇക്ക ലീവിന് വന്നു. ഇക്ക വന്നാൽ പിന്നെ ചിരിയും കളിയും ഒക്കെയായി ഒരു കല്യാണവീട് പോലെയാവുന്ന വീട്, ലീവ് തീർന്ന് ഇക്ക തിരികെപ്പോയാൽ പിന്നെ മരണവീട് പോലെയാവും. ഇപ്പോൾ പുതിയ വീട്, തേപ്പിന്റെ പണിയിലെത്തി നിൽക്കുന്നു. തലേന്ന് രാത്രി വിളിച്ചപ്പോൾ വീടുപണിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഇക്ക പറഞ്ഞു.
” ഇപ്രാവശ്യം നാട്ടിലെത്തിയാൽ തിരിച്ചിനി ഇങ്ങോട്ടേക്കില്ല.. വീട് പണി അവിടെ നിന്നിട്ട് കഴിയ്ണ പോലെ തീർക്കാം… ഇപ്പോ.. തീരെ പറ്റിണില്ലെടീ നിങ്ങളൊന്നുല്യാതെ ഇവിടെ ഇങ്ങനെ… ഇനി ഒരാറു മാസം കൂടി കഴിഞ്ഞുകിട്ടണം.!”
പിറ്റേന്ന് എല്ലാത്തിനും വല്ലാത്ത ഒരു ഉത്സാഹമായിരുന്നു.
ഇക്ക പറഞ്ഞ വിവരമറിഞ്ഞ് എന്നെപ്പോലെത്തന്നെ ഉമ്മയും മക്കളും ഏറെ സന്തോഷത്തിലായിരുന്നു.
മക്കളുടെ സ്കൂൾബസ്സ് റോഡിന്റെ മറുവശത്താണ് നിർത്തുന്നത്. അതിനാൽ ദിവസവും അവരെ കയറ്റിവിടാൻ ഞാൻ തന്നെയാണ് പോകാറ്. മക്കൾ പോയിക്കഴിഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞാൽ മീൻകാരൻ അബ്ദുക്ക വരും. അബ്ദുക്കാനെ കാത്തുനിൽക്കുമ്പോഴേക്കും മീൻ വാങ്ങാൻ രമണിച്ചേച്ചിയും ബേബിചേച്ചിയും സലീനയും ഹാജറാത്താത്തയും എല്ലാവരും എത്തും. ഓരോ കാര്യങ്ങൾ സംസാരിച്ച് അങ്ങിനെ നിൽക്കും. മീൻ വാങ്ങിയിട്ടാണ് പിന്നെ തിരിച്ചു വീട്ടിലേക്ക് മടങ്ങാറ്.
അന്ന് കുട്ടികൾ പൊയിക്കഴിഞ്ഞ് കുറച്ചു സമയം കാത്തുനിന്നെങ്കിലും അബ്ദുക്കയെ മാത്രമല്ല മീൻ വാങ്ങാനും ആരും വന്നുകണ്ടില്ല. എന്തുപറ്റിയെന്ന് ഓർത്തു കൊണ്ട് വീട്ടിലേക്ക് തിരിഞ്ഞു നടക്കുന്നതിനിടയിലാണ് മുന്നിലൊരു ഓട്ടോ വന്നു നിന്നത്. അതിൽ നിന്ന് കരഞ്ഞു കൊണ്ടിറങ്ങി വരുന്ന മാമിയെ കണ്ട് ഞാൻ അന്തംവിട്ട് പോയി. മാമി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
“നമ്മടെ ഫൈസി പോയി മോളെ…”
വിതുമ്പലടക്കാൻ പാടുപെടുന്ന മാമിയെ തുറിച്ചു നോക്കിക്കൊണ്ട് ഒട്ടൊരു അന്ധാളിപ്പോടെ വിറയാർന്ന ശബ്ദത്തോടെയാണ് ഞാൻ ചോദിച്ചത്.
“എ.. ങ്ങോ.. ട്ട്..!?”
ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് നിന്ന മാമിയെ പിടിച്ചു കുലുക്കിക്കൊണ്ട് വീണ്ടും വീണ്ടും ഞാനത് ചോദിക്കുമ്പോൾ എന്റെ ശബ്ദം പതിവിൽക്കൂടുതൽ ഉയരുന്നുണ്ടായിരുന്നു… അത് കേട്ടിട്ടായിരിക്കാം ഹാജറത്താത്തയും അക്ബറിക്കാക്കയും കൂടി ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു. ഉത്തരം പറയാതെ ഞാൻ വിടില്ലെന്ന് എന്റെ ഭാവമാറ്റത്തിൽ നിന്ന് മനസ്സിലായ മാമി ഒരു പതർച്ചയോടെ പറഞ്ഞു :
“അത്.. മോളെ.. രാവിലെ ആദി വിളിച്ച് പറഞ്ഞു…. ഫൈസിയുടെ ഒരു ചങ്ങാതി.. രാവിലെ… ഓനെ വിളിച്ചു.. പറഞ്ഞൂന്ന്…”
ഒരു പതർച്ചയോടെ പറയുന്ന മാമിയുടെ ഇരുതോളിലും പിടിച്ചുകൊണ്ട്,
” ഒന്ന്.. വേഗം പറ.. മാമീ.. എന്താണ്.. പറഞ്ഞത്..? ”
എന്നൊരു വെപ്രാളത്തോടെ ചോദിക്കുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.
“അത്.. മോളെ… ഫൈസി.. ഇന്നലെ.. രാത്രിയിൽ.. ഉറങ്ങാൻ.. കിടന്നതാ.. രാവിലെ.. വിളിച്ചപ്പോൾ.. എണീക്കാഞ്ഞിട്ട്.. അവര്.. ഹോസ്പിറ്റലീ.. കൊണ്ടോയപ്പോഴാ.. അറ്റക്കായീന്ന്..!”
വിക്കിവിക്കി മാമി പറയുന്നത് മുഴുവനും കേൾക്കാൻ കഴിഞ്ഞില്ല. ചെവിക്കുള്ളിൽ ഒരു മൂളക്കം പോലെ.!
പെട്ടെന്ന് ഹൃദയം നിശ്ചലമായത് പോലെ.! കൈകാലുകൾ തളരുന്ന പോലെ. ബോധം മറയുമ്പോൾ “ന്റെ മോളെ…” എന്ന് വിളിച്ച് കരഞ്ഞു കൊണ്ട് എന്റെയടുത്തേക്ക് ഓടി വരുന്ന ഹാജറത്താത്തയെ കണ്ടു. പിന്നെ ഒന്നും ഓർമ്മയില്ല.
(തുടരും..)
3 Comments
Excellent 👌🏻 congratulations 👏🏻🎉
Thank you ❤️❤️
Pingback: ഇക്കാന്റെ മാത്രം ഐഷു (ഭാഗം -3) - By Sajna.Vp - കൂട്ടക്ഷരങ്ങൾ