അമ്മേ !
“ഇന്ന് അമ്മുവിനെ പൂക്കൾപറിക്കാൻ കണ്ടില്ലല്ലോ ”
“അതേ അവൾക്കെന്തു പറ്റിയാവോ ”
അച്ഛൻ മരിച്ചതിനു ശേഷം അമ്മക്കാകെയുള്ള നേരമ്പോക്ക് പൂക്കൾ ഉണ്ടാകുന്ന ചെടികൾ വെച്ചുപിടിപ്പിക്കുന്നതാണ്. കനകാംബരവും മുല്ലയും പനിനീർപ്പൂവും മുറ്റം നിറയെ പൂത്തു വിടർന്നു നിൽക്കും പരിസരമാകെ പൂക്കളുടെ സുഗന്ധവും. പൂക്കൾ അമ്മുവിന് മാത്രമുള്ളതാണ്. മുല്ലപ്പൂക്കൾക്കിടയിൽ കനകാംബരവും ഇടകലർന്നു മാലകെട്ടി തലയിൽ ചൂടി വരുന്ന അമ്മു കനകാംബരം പോലെ സുന്ദരിയാണ്. നേരം ഏറേ ആയിട്ടും അമ്മുവിനെ കാണാതായപ്പോൾ എന്തോ ഉള്ളിൽ ചെറിയ വെപ്രാളവും വേദനയും തോന്നി. അടുത്ത വീട്ടിലെ കുട്ടിയാണെങ്കിലും ഈ വീട്ടുകാരിയായി അവൾ വരുന്ന ദിനം സ്വപ്നം കണ്ടുറങ്ങുന്ന തന്റെ മനസ്സ് ആർക്കും അറിയില്ലല്ലോ . നട്ടുച്ചയായിട്ടും കാണാഞ്ഞപ്പോൾ അവളുടെ വീട്ടിൽ അന്വേഷിച്ചു പോകാൻ നിന്നപ്പോഴായിരുന്നു അമ്മയുടെ സങ്കടത്തോടെയുള്ള കരച്ചിൽ കേട്ടത്. ഓടിച്ചെന്നതും ആ കാഴ്ച്ചകണ്ടു നിയന്ത്രണം വിട്ടു പോയതും ഒരുമിച്ചായിരുന്നു. ഉറുമ്പരിച്ചു രക്തം വാർന്നൊഴുകി ജീവനറ്റ അമ്മു അവളുടെ കയ്യിൽ ചതഞ്ഞരഞ്ഞ കുറേ കനകാംബരപൂക്കളും. ഇരു പൂക്കളെയും അകാലത്തിൽ ചതച്ചരച്ച കാബാലികരെ അവൻ ആത്മാർത്ഥമായി ശപിച്ചു.
റംസീന നാസർ