അയാൾ ഒരു പാട്ട് കേട്ടു. എത്ര മനോഹരമായ ഗാനം! കേൾക്കുംതോറും അയാൾക്ക് അതിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. അങ്ങനെ ആ പാട്ടും അയാളും ഒന്നായി. കുറെ നാൾ കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ വരികൾ അയാൾക്ക് അരോചകമായി തോന്നി.
കാലഹരണപ്പെട്ട ശവം!
അയാൾ അതിനെ ചുരുട്ടി കൂട്ടി കുപ്പത്തൊട്ടിയിൽ എറിഞ്ഞു. ജീവിതം എപ്പോഴും അങ്ങനെയാണ്. മുന്നോട്ടുപോകും തോറും കാലചക്രം വിരസതയുടെ മാറാല അണിയാൻ തുടങ്ങും.
പിന്നീട് പുതിയ പാട്ടുകൾ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ആ പാട്ടുകളെല്ലാം കൂടി അയാളെ ശ്വാസംമുട്ടിക്കാൻ തുടങ്ങി. അപ്പോൾ കുപ്പത്തൊട്ടിയിൽ കിടന്ന ആ പഴയ പാട്ട് അയാളോട് പറഞ്ഞു,’പഴമയുടെ പുണ്യമാണ് പുതുമയുടെ തെളിമ.’ അങ്ങനെ വീണ്ടും അവർ പ്രണയത്തിലായി.
