തിരയെ കുറിച്ചെഴുതുമ്പോൾ, തീരത്തെ കുറിച്ചു് പറയാതിരിക്കാൻ നിർവ്വാഹമില്ല. തിരയും തീരവും തമ്മിൽ അഗാധ ബന്ധമുണ്ട്. അറബി കടലൊരു മണവാളൻ, കരയോ നല്ലൊരു മണവാട്ടി എന്നല്ലെ കവി സങ്കല്പം. തിരയും തീരവും ചിലസമയങ്ങളിൽ സ്നേഹിയ്ക്കും, അതു പോലെ തന്നെ കലഹിക്കുകയും ചെയ്യും.
ഓരോ തിരയും കരയിൽ നിന്ന് പിൻവാങ്ങുമ്പോൾ, അവിടെ മെത്ത വിരിച്ച പോലെ, പഞ്ചാര മണൽപരപ്പുണ്ടാകും. കാറ്റ് ചിക്കിയ മണൽ പരപ്പിൽ കഥകൾ കുറിച്ചിട്ടുമ്പോഴേയ്ക്കും, വൻ തിര, തീരത്തണഞ്ഞു അവയെല്ലാം മായ്ച്ചുകളയും. കവി ഭാവനയനുസരിച്ച് തിരയും തീരവും തമ്മിൽ ഒളിച്ചു കളിക്കുകയാണെന്നാണ് സങ്കല്പം.
തിര, തീരത്തേയ്ക്ക് അണയുമ്പോൾ,എ ന്തെല്ലാം സമ്മാനങ്ങളുമായാണ്, തീരം തീരത്തെ പുണരുന്നത്. കടലമ്മയുടെ, ജന്മനക്ഷത്രം ചോതിയെന്നാണ് പുരാണം. ചോതി നക്ഷത്രത്തിൽ പിറന്നവരെ കടലമ്മയ്ക്ക് വലിയ സ്നേഹമാണ്, അതിനാൽ ചോതി നക്ഷത്ര കാർ, കടലിലേയ്ക്ക് ഇറങ്ങിയാൽ, കടലമ്മ, അമ്മയുടെ മടിതട്ടിലേയ്ക്ക് മാടി വിളിയ്ക്കും എന്നൊരു സങ്കല്‌പമുണ്ട്
അറബി കടലിന്റെ ആത്മാവ്, കടൽ തിരയും തീരവുമാണ്. എണ്ണമറ്റ തിരകളെ നോക്കി, തീരത്തിരിയ്ക്കുമ്പോൾ, മനസ്സിന്റെ അഗാധതയിൽ, എന്തോ, എന്തിനോ എന്നറിയില്ല ഒരു ദു:ഖമാണ്. കടലിന്റെ അനന്തതയും വിസ്മയങ്ങളും, വിസ്തൃതിയുമൊക്കെ എത്ര അനിർവചനീയമാണ്. അതിന്റെ തീരത്ത് ഇരിയ്ക്കുന്ന മനുഷ്യൻ എത്രയോ നിസ്സാരനാണ്. ചെറുപ്പത്തിൽ കടൽ കാണാൻ പോയാൽ ഞങ്ങൾ കുട്ടികൾ കളിയായി, കടൽ തീരത്ത് കടലമ്മ കള്ളി എന്ന് വിരൽ കൊണ്ടെഴുതും, തൽസമയം കടലമ്മ ദേഷ്യത്തോടെ, വൻ തിരയെ തിരയെ തീരത്തയച്ച് അത് മായ്ച്ചുകളയും.

2 Comments
മനോഹരം 👌👏
തിര
…….
തിരയടങ്ങാത്ത
വേദനയുടെ
തീരങ്ങളിൽ
പൂക്കുന്നുണ്ടെൻ്റെ
കിനാക്കൾ.