“വിവാഹമോചനം ഒരിക്കലും സന്തോഷകരമോ എളുപ്പമുള്ളതോ ആയ ഒരു ഓപ്ഷനല്ല, പക്ഷേ ചിലപ്പോൾ അതായിരിക്കും മുന്നോട്ടുള്ള ഏക വഴി.” – ലൂസി ഡേവിസ്
ധൈര്യശാലികളായ പതിമൂന്ന് സ്ത്രീകൾ അവരവരുടെ ജീവിതത്തെക്കുറിച്ച് എഴുതിയ ഹ്രസ്വ കുറിപ്പുകളുടെ സമാഹാരം ആണ് “ഹാപ്പിലി ഡിവോഴ്സ്ഡ്” എന്ന പുസ്തകം. ഇവരെ ധൈര്യശാലികൾ എന്ന് ഞാൻ വിളിക്കും. കാരണം, വിവാഹമോചിതയായ സ്ത്രീയെ ഇന്നും പൂർണമായി അംഗീകരിക്കാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെയുള്ള സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ് ഈ സ്ത്രീകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നത്. “ഒറ്റയ്ക്ക് നിവർന്നു നിൽക്കാൻ ശ്രമിക്കുന്ന എല്ലാ പെണ്ണുങ്ങളെയും തോൽപ്പിക്കാൻ കാലാകാലങ്ങളായി സമൂഹവും ബന്ധുക്കളും നടത്തുന്ന എല്ലാ പ്രകടനങ്ങളെയും ഞാനും നേരിടേണ്ടി വന്നു” എന്ന് സുനിത കല്യാണി എഴുതിയത്, യാഥാർത്ഥ്യമാണെന്ന് നമുക്കറിയാം.
ഡിവോഴ്സ് എന്ന വാക്ക് പോലും ശബ്ദം താഴ്ത്തി മാത്രം പറഞ്ഞിരുന്ന ഒരു സമൂഹത്തിൽ നിന്നും നാം മുന്നോട്ട് വന്നിട്ടുണ്ട് എന്നുള്ളത് ശരി തന്നെ. പക്ഷെ അവിടെയും, വിവാഹമോചിതനായ ഒരു പുരുഷനെ കാണുന്നത് പോലെയല്ല, വിവാഹമോചിതയായ ഒരു സ്ത്രീയെ സമൂഹം കാണുന്നത്. വിവാഹമോചിതയായ സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന അത്രയും പ്രശ്നങ്ങൾലും ബുദ്ധിമുട്ടുകളും ഒരു പുരുഷന്റെ മുന്നിലില്ല. ഈ പുസ്‌തകത്തിൽ നിഷ രത്നമ്മ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് : “ആത്മഹത്യയ്ക്ക് പകരം എന്തുകൊണ്ട് നമ്മുടെ പെൺകുട്ടികൾ സ്വന്തം വീടിനെ പറ്റി ചിന്തിക്കുന്നില്ല?” ഉത്തരവും അവർ തന്നെ പറയുന്നു. “വിവാഹശേഷം സ്വന്തമെന്ന് കരുതപ്പെടുന്ന ഇടങ്ങളിൽ നേരിടേണ്ടി വരുന്ന ഭ്രഷ്ട്” ആണ് സ്ത്രീകളെ അവർക്കു പോകാൻ മറ്റൊരു ഇടവുമില്ല എന്ന ചിന്തയിൽ കൊണ്ടെത്തിക്കുന്നത്. ഇതൊക്കെ നമ്മൾ നിരവധി തവണ എഴുതിയും ചർച്ച ചെയ്തും കഴിഞ്ഞ വിഷയങ്ങൾ ആണെങ്കിലും ഇന്നും ഭൂരിഭാഗം സ്ത്രീകൾക്കും നേരിടേണ്ടി വരുന്നത് ഇതൊക്കെത്തന്നെയാണ്. അഭിമാനം, കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, സാമ്പത്തിക സ്വയംപര്യാപ്തത, സമൂഹത്തിന്റെ വിചാരണ തുടങ്ങിയ കുറെ കാര്യങ്ങളിൽ, എവിടെയെങ്കിലുമൊക്കെ തട്ടി വീഴുകയാണ് സ്ത്രീകൾ.
ഈ തടസ്സങ്ങളെല്ലാം അതിജീവിച്ച് ചിലരെങ്കിലും സന്തോഷവും സമാധാനവും കണ്ടെത്തി എന്ന തിരിച്ചറിവാണ് ഈ പുസ്‌തകം നൽകുന്ന പ്രത്യാശ. ‘എല്ലാം സഹിച്ച് ഇപ്പോഴത്തെ ജീവിതം തുടരുക’ എന്നതിൽ നിന്ന്, ‘എന്ത് തീരുമാനമെടുത്തലും ഞങ്ങൾ കൂടെയുണ്ട്’ എന്ന് പറയുന്നതിലേക്ക് ചില വീട്ടുകാരും ഉറ്റസുഹൃത്തുക്കളും എങ്കിലും ഉയർന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. ‘സ്വന്തം’ ജീവിതം എങ്ങനെയാവണം എന്ന് തീരുമാനിക്കാൻ ചില സ്ത്രീകൾക്കെങ്കിലും സാധിക്കുന്നു. ‘ആത്മാഭിമാനമുള്ള ഒരാളായി ജീവിക്കുക എന്നത് എന്റെ അവകാശമാണെന്നും ഞാനത് അർഹിക്കുന്നു’ എന്നും ലാലി പി എം പറയുമ്പോൾ മാറ്റത്തിന്റെ അലയൊലികൾ അതിൽ കാണാം. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതം ഒട്ടും എളുപ്പമല്ല. എന്നാൽ ഇച്‌ഛാശക്തികൊണ്ടും നിരന്തര പരിശ്രമം കൊണ്ടും ജീവിതത്തെ വരുതിയിലാക്കുന്നു ഈ മിടുക്കികൾ. ഈ പതിമൂന്നു പേരും സാമ്പത്തികമായും വൈകാരികമായും സ്വയംപര്യാപ്തരായി എന്നത് നൽകുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല.
ഇതോടൊപ്പം എടുത്ത് പറയേണ്ട ഒരു സുപ്രധാന കാര്യമാണ്, കുറച്ച് പേർക്കെങ്കിലും വിവാഹമോചനശേഷം മുൻപങ്കാളിയോട് സൗഹൃദപൂർവ്വം ഇടപെടാൻ കഴിയുന്നു എന്നത്. ജീവിതപങ്കാളികളായി മുന്നോട്ടു പോകാൻ സാധിച്ചില്ല എന്നതിനാൽ ഇനിയുള്ള ജീവിതകാലം മുഴുവൻ ശത്രുക്കളായെ തീരൂ എന്ന ‘പഴയ നിർബന്ധം’ ഇപ്പോൾ മാറിവരുന്നു. പിൽക്കാല ജീവിതത്തിൽ – കുട്ടികളുടെ കാര്യങ്ങളിലടക്കം – മുൻപങ്കാളിയെ സൗഹാർദ്ദപരമായി സമീപിക്കാൻ സാധിക്കുന്നു എന്നത് എത്ര പുരോഗമനപരമാണ്!
പുസ്തകത്തിന്റെ എഡിറ്റർ കൂടിയായ നിഷയോട് ഒരു ചെറിയ പരിഭവം പറയട്ടെ.. ഓരോ അനുഭവങ്ങളും വളരെ ചെറിയ കുറിപ്പുകൾ ആയിപ്പോയി. പതിമൂന്ന് പുസ്തകങ്ങൾ ആവേണ്ടിയിരുന്നതിനെയാണ് ഈ കുഞ്ഞു പുസ്തകത്തിൽ ഒതുക്കാൻ ശ്രമിച്ചത്. വിവാഹമോചനത്തിനുശേഷം നേരിടേണ്ടിവന്ന വെല്ലുവിളികളും പ്രതിസന്ധികളും അനുഭവങ്ങളും സങ്കടങ്ങളും നേട്ടങ്ങളും ഇവർ വിശദമായി എഴുതിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.
പക്ഷെ, നിഷ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഒരു പിൻകാലത്തെ ഓർത്തെടുത്ത് എഴുതുക എന്ന് പറയുന്നത് അത്ര സുഖകരമായ കാര്യമല്ല. സ്വയം അത് ചെയ്യുകയും സഹ എഴുത്തുകാരികളിൽ ആത്മവിശ്വാസം നിറച്ച് അവരെ അതിനു പ്രാപ്തരാക്കുകയും ചെയ്തത് പ്രശംസനീയമാണ്.
അവസാനത്തെ കുറിപ്പിൽ ലീന തോമസ് കാപ്പൻ ഇങ്ങനെ പറയുന്നുണ്ട്, “ഈ ജീവിതത്തിൽ തന്റേതായ ഇടം (തന്റേടം എന്നും പറയാം) നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതാരും കാണിച്ചുതരികയോ ഉണ്ടാക്കി തരികയോ ഇല്ല എന്ന് തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്.” സുപ്രധാനമായ ഒരു കാര്യമാണ് ഇത്. സ്വന്തം ജീവിതം മെച്ചമാക്കണമെങ്കിൽ ആദ്യത്തെ ചുവടുവെയ്പ്പ് അഥവാ തീരുമാനം സ്വയം എടുക്കേണ്ടതുണ്ട്. പലവിധ വൈകാരിക സാമൂഹിക കെട്ടുപാടുകളിൽ കുരുങ്ങി, ഈയൊരു ധൈര്യം കാണിക്കാനാവാതെ ഉരുകുന്നവരിൽ ചിലർക്കെങ്കിലും ഈ പുസ്തകം ഒരു പ്രചോദനമാവും എന്ന് പ്രതീക്ഷിക്കാം.
ഹാപ്പിലി ഡിവോഴ്സ്ഡ് എന്നതിനേക്കാൾ Peace and contentment after divorce എന്ന മാനസികസ്ഥിതിയിലാണ് ഈ എഴുത്തുകാരികൾ എന്നാണ് പുസ്തകം വായിച്ചപ്പോൾ തോന്നിയത്.
And at some point in life, that’s all that matters!
©️ജയശ്രീ ജോൺ


1 Comment
നല്ല insight.
പലരും ബ്ലോഗിൽ പറയുന്നപോലെ വൈകാരികവും സാമൂഹികവും ആയ കെട്ടുപാടുകൾ പൊട്ടിച്ചെറിയാതെ നരകിക്കുന്ന സ്ത്രീകൾക്കു ഈ എഴുത്ത്പ്ര ചോദനമാകട്ടെ.