വനിത മക്കളെയും കൂട്ടി ഭർത്താവായ വിനുവിന്റെ വീട്ടിൽ എത്തി. വിനു ഒരാഴ്ച മുൻപേ എത്തിയിരുന്നു. മക്കളുടെ ആദ്യ കുർബാന ഒരാഴ്ച കഴിഞ്ഞുള്ള തിയതിക്കു നടത്താൻ വേണ്ടി എത്തിയതാണ്.
പല കാരണങ്ങൾ കൊണ്ട് വനിതയും വിനുവും വനിതയുടെ വീട്ടിലാണ് നിൽക്കുന്നത്. അതിന് ഒരുപാട് പരാതികൾ വിനുവിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വനിതയുടെ നേരെ ആഞ്ഞടിക്കാറുണ്ട്.
മക്കളുടെ ആദ്യകുർബാന ക്ലാസുകൾ നടക്കുന്നു. അങ്ങനെ ആദ്യകുർബാന ദിവസത്തിന്റെ തലേന്ന് വന്നെത്തി. ഒരു ദിവസം വിനുവിന്റെ ഒരു കസിൻ ഉപദേശ രൂപേണ വനിതയെ അരികെ വിളിച്ചു പറഞ്ഞു : നിങ്ങൾ മക്കളെയും കൊണ്ട് ഇവിടെ നിൽക്കേണ്ടതല്ലേ. നിങ്ങളുടെ മക്കൾ വളർന്നു വരുവല്ലേ. അവര് നിങ്ങളുടെ കൂടെ എന്നും ഉണ്ടാവണം എന്നാഗ്രഹമില്ലേ എന്ന്.
വനിത പറഞ്ഞു : ചേട്ടാ, മക്കൾ നമ്മുടെ കൂടെ ഉണ്ടാവണം എന്നത് നമ്മുടെ ആഗ്രഹം. എന്ന് കരുതി അവരെ നിർബന്ധിക്കാൻ പറ്റുമോ. അവർക്ക് അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കാണില്ലേ. പ്രത്യേകിച്ചു ഇന്നത്തെ കാലത്ത് പിള്ളേരൊക്കെ ഓരോരോ സ്ഥലത്താണ്. മക്കൾക്ക് വേണ്ടി എന്ന് പറഞ്ഞു വീടും സ്ഥലവും ഒക്കെ ഉണ്ടാക്കിയിട്ടു. മക്കൾക്ക് ജീവിതത്തിലെ ഓട്ടം കാരണം വരാൻ പോലും പറ്റുന്നില്ല. എന്ത് ചെയ്യും. എനിക്ക് അമ്മയുടെ കൂടെ നിൽക്കാൻ പറ്റി. പക്ഷെ എന്റെ അനിയത്തിക്ക് അത് പറ്റിയില്ല. ഒരു കുറ്റവും അമ്മ പറഞ്ഞു കേട്ടിട്ടില്ല.
വിനു ഇതെല്ലാം കേട്ടു കൊണ്ട് അങ്ങോട്ട് വന്നു. അപ്പോൾ ചേട്ടൻ വിനുവിനോട് പറഞ്ഞു : എടാ, നമ്മുടെ മക്കളെ നമ്മൾ വളർത്തുന്നത് നമ്മുടെ കൂടെ നിൽക്കാനല്ലേ.
അപ്പോൾ വിനു പറഞ്ഞു : ഇന്നത്തെ കാലത്ത് അങ്ങനെ ഒക്കെ നടക്കുമോ, ചേട്ടാ. അവരുടെ ഇഷ്ടത്തിന് പഠിക്കട്ടെ. ജോലി ആവട്ടെ. കൂടെ ഉണ്ടെങ്കിൽ സന്തോഷം. ദൂരെ ആണെങ്കിൽ അവര് സന്തോഷമായി കഴിയട്ടെ എന്ന് ആഗ്രഹിക്കാം. അതല്ലേ നമുക്ക് പറ്റൂ.
