“സ്വീറ്റ് ആൻഡ് ടേസ്റ്റി”യിലെ ഏലയ്ക്ക സുഗന്ധമുയരുന്ന ചൂടുബദാംമിൽക്ക്, കണ്ണാടി മേശയുടെ ഇരുവശത്തുമിരുന്ന് നമ്മളാസ്വദിച്ചു കുടിക്കുമ്പോളാണുബെഞ്ചമിൻ നീ നിൻ്റെ പ്രണയം ആദ്യമായി എന്നെയറിയിച്ചത് .
ബെഞ്ചമിൻ, നീയോർക്കുന്നുണ്ടോ? ‘നിൻെറ പ്രണയം വീഞ്ഞിനേക്കാൾ മാധുര്യമുള്ളതാ’ണെന്ന എൻ്റെ വാക്കുകൾ നിൻ്റെ കവിൾത്തടങ്ങളിൽ ശോണിമ കൂട്ടുന്നത് വല്ലാത്തൊരു നിർവൃതിയോടെ ഞാനന്നുനോക്കിയിരുന്നത്.
എന്നിൽ കുമിഞ്ഞുകൂടിയ പ്രണയസ്വപ്നങ്ങൾ പലപ്പോഴായി കുടഞ്ഞിടാനുള്ള എൻ്റെയാഗ്രഹത്തെ, ആചാരങ്ങളുടെ പേരിൽ കുടുംബമഹിമയുടെ പേരിൽ നീ തടഞ്ഞുവെച്ചു.
‘എൻ്റെ ഓർമ്മകളിൽ’ നിനക്കുറങ്ങാൻ കഴിയുന്നില്ലെന്ന് നീ പരാതി പറഞ്ഞപ്പോൾ എന്റെ തീവ്രനുരാഗം നിന്നിൽ പെയ്തിറങ്ങാൻ കൊതിച്ച മഴയായി ഞാൻ.
ഞാനുറങ്ങി. പക്ഷേ… എൻ്റെ ഹൃദയവാതിൽ തുറന്നു കിടന്നു. നിശബ്ദതയുടെ മൂടുപടം വാരി പൊതിഞ്ഞ രാത്രിയുടെ ഇരുട്ടിൽ നീയെന്നെ കാണണമെന്നു ശാഠ്യംപിടിച്ചതോർമ്മയുണ്ടോ? പവിത്രമായ പ്രണയത്തിന് ഒരു കളങ്കവും വേണ്ടെന്നുപറഞ്ഞുനിന്നെ നിരുത്സാഹപ്പെടുത്തിയ ആ രാത്രി….
നനഞ്ഞ കടൽക്കരയിൽ നിന്നോടൊപ്പമിരുന്ന് നിന്നെ ചിരിപ്പിക്കാൻ മെനഞ്ഞുണ്ടാക്കിയ കുഞ്ഞുതമാശയിൽ കുലുങ്ങിച്ചിരിച്ച നിന്റെ കണ്ണുകളിൽ നീയെന്നെയാണ് കാംക്ഷിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയ ആ നിമിഷം എൻ്റെയധരങ്ങൾ ചുംബനഭാരം കൊണ്ടുനിറഞ്ഞത് നീ കണ്ടില്ലെന്നോ?.
“തീർസാനഗരംപോലെ നീ സുന്ദരിയാണെന്ന്” ബെഞ്ചമിൻ നീയെന്നോടുപറയുമ്പോൾ നിൻ്റെ ഭുജങ്ങളിൽ എൻ്റെ ശിരസ്സൊന്നുതാങ്ങാൻ ഞാനെത്ര ആഗ്രഹിച്ചുവെന്നോ?.
നൂപുരങ്ങൾ ചുംബിക്കുന്ന എൻ്റെ കാൽപാദങ്ങളെ ഒരു കുഞ്ഞുതിര വന്നുനനച്ചപ്പോൾ ഞാനിക്കിളിപ്പെട്ട് അൽപമൊന്നുയർത്തിയ ജോർജറ്റ് ബോട്ടമനാവരണം ചെയ്ത എന്റെ കാൽവണ്ണയിലുടക്കിയ നിൻ്റെ കണ്ണുകൾ നീ മനസ്സില്ലാമനസ്സോടെ പിൻവലിച്ചെങ്കിലും, നിന്നിലൂറിക്കൂടിയ പ്രണയത്തിൻ്റെയനുരണനങ്ങൾ നീയറിയാതെ എന്നെയൊന്നാഞ്ഞുപുൽകിയ നിൻ്റെകൈകളെ വിവേകത്തിന്റെ തിരിച്ചറിവിൽ ഞാനടർത്തിമാറ്റിയത് നീയോർക്കുന്നുവോ ബെഞ്ചമിൻ?
നമ്മുടെ പ്രണയമഴയിൽ ഒരു ശിശിരം പോയ്മറഞ്ഞത് നീയറിഞ്ഞില്ല. അല്ലേ ബെഞ്ചമിൻ?
നീയെന്നാണുവരിക…?
ദേവദാരുവ്യക്ഷങ്ങളുടെ നാട്ടിൽ നിന്നുനീയെന്നു തിരികെ വരും.? അല്ലെങ്കിൽ വേണ്ട ഞാനവിടേക്കൂ വരട്ടെ. നമുക്ക് രണ്ടുപേർക്കും അവിടെ ജോലിചെയ്യാമല്ലോ?
എൻഗേദിയിലെ മുന്തിരിത്തോപ്പുകളിൽ നിൻ്റെ കയ്യുംപിടിച്ച് നടക്കുന്നത് ഞാനെത്രയോവട്ടം സ്വപ്നം കണ്ടിരിക്കുന്നു. ഹൃദയപരവശയായി പ്രഭാതത്തിൽ നിന്നെയന്വോഷിച്ചു വരുമ്പോൾ തുഷാരബിന്ദുക്കൾക്കൊണ്ടുമൂടിയ എൻ്റെ നനഞ്ഞമുടിയഴകിനെ താലോലിക്കുന്നനിൻ്റെ കൈകൾക്ക് ലബനോനിലെ സുഗന്ധകൂട്ടുകളുടെ മാസ്മരികതയായിരിക്കും അല്ലേ ബെഞ്ചമിൻ? ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. അതിവിചിത്രമായ ഒരു സ്വപ്നം. ദേവദാരു കൊണ്ടുതീർത്ത ശയ്യാതലത്തിൽ എൻ്റെ ബെഞ്ചമിൻ ഇരിക്കുന്നു. നിന്റെ മുഖം എത്ര മനോഹരമാണെന്നോ. രാത്രിയോ പകലെന്നോ എനിക്ക് നിശ്ചയമില്ല പക്ഷേ ഒന്നെനിക്കറിയാം പുറത്തെവിടെയോ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങിയിരിന്നു. ജടാമഞ്ചിത്തൂമണം എന്റെ ശ്വാസത്തിൽ അലിഞ്ഞുചേർന്നത് ഞാനറിഞ്ഞു. നിന്റെ കിടക്കയോട് ചേർത്തിട്ടിരിക്കുന്ന പീഠത്തിൽ മുന്തിരിഅടയും പകുത്ത മാതളവും തേനും ഒരുക്കിവച്ചിരുന്നു. ബെഞ്ചമിൻ,അപ്പോളെൻ്റെഹൃദയം ആനന്ദം കൊണ്ടു തുള്ളിച്ചാടി. എൻ്റെ വസ്ത്രങ്ങൾ മോടിയുള്ളതായിരുന്നു.
നിൻ്റെയടുക്കലേക്ക് എന്നെയാനയിച്ചുകൊണ്ടുവന്ന രണ്ടുപേരിലൊരുവൾ മൃദുവായി എന്നെ ചേർത്തുപിടിച്ച് മുമ്പോട്ട് നടത്തി.മറ്റൊരുവൾ എന്റെ വസ്ത്രാഞ്ചലമൽപ്പമൊന്നുയർത്തിപ്പിടിച്ച് തൊട്ടു പിന്നിലുണ്ടായിരുന്നു. തേജസ്സുള്ള നിന്റെ മുഖം ഒരുമാത്രയുയർത്തി നീയെന്നെ നോക്കി. എൻ്റെ വസ്ത്രാഞ്ചലമുയർത്തിപ്പിടിച്ചവൾ മുറിയിൽ നിന്ന് പിൻവാങ്ങിയത് ഞാനറിഞ്ഞില്ല.സ്നേഹം നിൻെറമുഖത്ത് വഴിഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതു നമ്മുടെ വിവാഹദിനമായിരുന്നു ബെഞ്ചമിൻ……. എന്നെ ചേർത്തുപിടിച്ചു നടത്തിയവൾ നിൻ്റെ മുമ്പിലെന്നെ തനിച്ചാക്കി പിൻവാങ്ങിയ നിമിഷം ഞാൻ വിവശയായി.പരിചാരകർ ചാരിയ ദേവദാരുവിൽ തീർത്ത വാതിൽക്കൊളുത്തിൽ നിൻെറ കൈകൾക്കണ്ടു ഞാൻ തളർന്നു പോയി .എന്നാലടുത്ത നിമിഷം നീയെന്നെ താങ്ങിയേറേയാശ്വസിപ്പിച്ചു. നിൻ്റെ സ്വരത്തിൽ തേൻ കിനിയുന്നതുപോലെയെനിക്കുതോന്നി. “നീ സർവാംഗസുന്ദരിയാ’ ണെന്ന് നീപറഞ്ഞപ്പോൾ ഭാരംകുറഞ്ഞുഞാൻ താഴെ വീഴുമോയെന്നൊരുനിമിഷം ഭയന്നുപോയ എൻ്റെകയ്യിലെ പാൽപാത്രം തുളുമ്പി.മോഹനസുന്ദരമായ ശയ്യാതലത്തിലേക്ക് ഏറേദൂരം നടക്കേണ്ടതുണ്ടെന്നെനിക്കുതോന്നി.
അതേബെഞ്ചമിൻ,നേരംപുലർന്നിരിക്കുന്നു.ഞാനെൻ്റെ കിടക്കയിലാണെന്നതിരിച്ചറിവ് എൻ്റെ കണ്ണുകളെ നനയിക്കുന്നു…
ഇസ്രായേൽ പാലസ്തീൻ യുദ്ധം കൊടുമ്പിരി കൊള്ളുന്നു. എല്ലായിടത്തും വാർത്തകൾ പരക്കുന്നു. എങ്കിലും…നീയവിടെ സുരക്ഷിതനാ ണല്ലോ.. അതുമതി.. എനിക്ക്.. അതുമതി..
പക്ഷേ..ബെഞ്ചമിൻ..നീ വേഗം വരില്ലേ? ഏതു ജലാശയത്തിനാണു ബെഞ്ചമിൻ എൻ്റെ പ്രണയാഗ്നിയെ കെടുത്താനാവുക? വേഗം വരൂ. ലില്ലിപ്പൂക്കളുടെ നാട്ടിലേക്കെന്നെ കൊണ്ടുപോകു. നിന്നെ തടവിലാക്കാൻപ്പോന്ന എൻ്റെ പ്രണയം… ഇനിയുമൊളിപ്പിക്കാൻ എനിക്കാവില്ല.. ബെഞ്ചമിൻ…


6 Comments
നല്ല എഴുത്ത്
നല്ല കഥ
❤️❤️
ഓർമയിൽ നിറയുന്നത്ഖ ലീൽ ജിബ്രാൻ. 👌👌👌👌
Alwin ,
Your story is fantastic . This is very perfect for Valentine’s Day’. Congratulations. Continue your journey. My prayers are always with you. Don’t go slow or stop your lines . We are expecting more more …………good luck
👌🌹❤️