“സ്വീറ്റ് ആൻഡ് ടേസ്റ്റി”യിലെ ഏലയ്ക്ക സുഗന്ധമുയരുന്ന ചൂടുബദാംമിൽക്ക്, കണ്ണാടി മേശയുടെ ഇരുവശത്തുമിരുന്ന് നമ്മളാസ്വദിച്ചു കുടിക്കുമ്പോളാണുബെഞ്ചമിൻ നീ നിൻ്റെ പ്രണയം ആദ്യമായി എന്നെയറിയിച്ചത് . ബെഞ്ചമിൻ, നീയോർക്കുന്നുണ്ടോ? ‘നിൻെറ പ്രണയം വീഞ്ഞിനേക്കാൾ മാധുര്യമുള്ളതാ’ണെന്ന എൻ്റെ വാക്കുകൾ നിൻ്റെ കവിൾത്തടങ്ങളിൽ ശോണിമ കൂട്ടുന്നത് വല്ലാത്തൊരു നിർവൃതിയോടെ ഞാനന്നുനോക്കിയിരുന്നത്. എന്നിൽ കുമിഞ്ഞുകൂടിയ പ്രണയസ്വപ്നങ്ങൾ പലപ്പോഴായി കുടഞ്ഞിടാനുള്ള എൻ്റെയാഗ്രഹത്തെ, ആചാരങ്ങളുടെ പേരിൽ കുടുംബമഹിമയുടെ പേരിൽ നീ തടഞ്ഞുവെച്ചു. ‘എൻ്റെ ഓർമ്മകളിൽ’ നിനക്കുറങ്ങാൻ കഴിയുന്നില്ലെന്ന് നീ പരാതി പറഞ്ഞപ്പോൾ എന്റെ തീവ്രനുരാഗം നിന്നിൽ പെയ്തിറങ്ങാൻ കൊതിച്ച മഴയായി ഞാൻ. ഞാനുറങ്ങി. പക്ഷേ… എൻ്റെ ഹൃദയവാതിൽ തുറന്നു കിടന്നു. നിശബ്ദതയുടെ മൂടുപടം വാരി പൊതിഞ്ഞ രാത്രിയുടെ ഇരുട്ടിൽ നീയെന്നെ കാണണമെന്നു ശാഠ്യംപിടിച്ചതോർമ്മയുണ്ടോ? പവിത്രമായ പ്രണയത്തിന് ഒരു കളങ്കവും വേണ്ടെന്നുപറഞ്ഞുനിന്നെ നിരുത്സാഹപ്പെടുത്തിയ ആ രാത്രി…. നനഞ്ഞ കടൽക്കരയിൽ നിന്നോടൊപ്പമിരുന്ന് നിന്നെ ചിരിപ്പിക്കാൻ മെനഞ്ഞുണ്ടാക്കിയ കുഞ്ഞുതമാശയിൽ കുലുങ്ങിച്ചിരിച്ച നിന്റെ കണ്ണുകളിൽ നീയെന്നെയാണ് കാംക്ഷിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയ ആ നിമിഷം എൻ്റെയധരങ്ങൾ ചുംബനഭാരം കൊണ്ടുനിറഞ്ഞത്…
