ഋതുക്കളില്ലാത്ത ഒരിടത്തേക്ക്
എനിക്കൊരു യാത്ര പോകണം.
ഒരു വേനലിന്റെ ഒടുക്കമായിരുന്നു
നമ്മൾ പരിചയപ്പെട്ടത്.
വേനലിനൊടുക്കം പെയ്യുന്ന
അപ്രതീക്ഷിത മഴപോലെ
ചുറ്റുമുള്ളതിനെയെല്ലാം
മാറ്റി മറിച്ചു ആ വരവ്.
തിമിർത്തു പെയ്ത്തും
ഇലകൊഴിഞ്ഞും
വർഷവും ശരത്കാലവും
നമ്മെ കടന്നുപോയി.
ഹേമന്തത്തിൽ കുളിർത്തും
ശിശിരത്തിൽ തണുത്തും
ഇഴകളടുത്തപ്പോൾ നിന്നിൽ
ചുരുണ്ടുകൂടാനാണ് തോന്നിയത്.
വസന്തം വീണ്ടും കടന്നു വന്നു.
അന്ന് ഞാനറിഞ്ഞിരുന്നില്ല,
പുറകേ ഇനിയും വേനലിന്റെ വേവും
വർഷത്തിന്റെ പേമാരിയുമാവുമെന്ന്.
ഒരിക്കലുമവസാനിക്കാത്ത
ഋതുക്കളുടെ ചുരുളിയിൽ
ഞാൻ വീണു പോകുമെന്ന്.
എനിക്കൊരു യാത്ര പോണം…
ഋതുക്കളില്ലാത്ത ഒരിടത്തേക്ക്
എനിക്കൊരു യാത്ര പോകണം…


3 Comments
വിചാര വികാരങ്ങളിൽ
ഋതുക്കളുടെ വേലിയേറ്റവും ഇറക്കവും ഇല്ലാത്തൊരിടം കാണുമോ ?
ഉണ്ടെങ്കിൽ അവിടെ നീ എന്നെ
എന്താവും വിളിക്കുക ?
നല്ല വരികൾ
സ്നേഹം നന്ദേച്ചി