എൻ്റെ മിഴിയൊന്ന് നിറഞ്ഞപ്പോൾ,
സ്വരമൊന്ന് ഇടറിയപ്പോൾ,
എൻ്റെ സങ്കട തോണിയിലേക്ക് ഓടിയണഞ്ഞത് നീ മാത്രമായിരുന്നു കൃഷ്ണാ…
എന്നെ മാറോടണച്ച്,
ഞാനുണ്ട് കൂടെയെന്ന് കാതിൽ മൊഴിഞ്ഞ്,
വിരലുകളിൽ വിരലുകൾ കോർത്ത്, എല്ലാം നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞത് ഞാനോർക്കുന്നു.
എൻ്റെ പരിഭവങ്ങളുടെ ചൂടേറ്റപ്പോൾ,
എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച്,
കാച്ചെണ്ണ മണക്കുന്ന എൻ്റെ മുടിയിഴകളിൽ വാസനിച്ച്,
എന്നെ നിൻ്റെ മനസ്സാം സ്നേഹ സാഗരത്തിൻ്റെ ആഴത്തിൽ മുക്കിയെടുത്തത് എന്നോടുള്ള പ്രേമം കൊണ്ടല്ലേ.
പ്രണയത്തിൻ്റെ ,മുന്തിരി ചാറിനാൽ നീയെന്നെ ചുവപ്പിക്കുമ്പോൾ,
നിൻ്റെ ദന്തക്ഷതങ്ങളാലേറ്റ മുറിവുകളുടെ നീറ്റലിനെ നീ ഊതി ഊതി മെല്ലെ തണുപ്പിക്കുമ്പോൾ,നിൻ്റെ പ്രണയപ്പനി എന്നിൽ ആളി പടരുമ്പോൾ,
ഞാൻ തിരിച്ചറിഞ്ഞു , നീയെൻ്റെ കണ്ണാടിയാണെന്ന്,
നീയെൻ്റെ പ്രതിഫലനമാണെന്ന്.
എല്ലാം നീയാണെന്ന്…
എല്ലാം ഞാനാണെന്ന്….
നീയും ഞാനായിരുന്നുവെന്ന്….
എൻ്റെ കൃഷ്ണാ….
✍️✍️നിഷ പിള്ള
