രാത്രിപ്പണികളുടെ ബാലികേറാമല ഒരുവിധം താണ്ടി, ഒന്നു വൃത്തിയായി മായ മുറിയിലെത്തി. മക്കളൊക്കെ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭർത്താവ് ഉറങ്ങാൻ വട്ടം കൂട്ടുന്നുണ്ട്.
ഞായറാഴ്ച്ചയല്ലേ, രാവിലെ മുതൽ പാചകവും വീട് വൃത്തിയാക്കലും തുണി കഴുകലും ഒക്കെയായി ആകെ തിരക്കായിപ്പോയി. ഫോണിൽ നെറ്റ് പോലും ഓണാക്കിയിരുന്നില്ല.
ആഹാ വാട്സ്ആപ് സ്റ്റാറ്റസുകളുടെ ഒരു പ്രളയം തന്നെ ഉണ്ടല്ലോ. അല്ലെങ്കിലും ഇപ്പോ വാരാന്ത്യങ്ങൾ ഒക്കെ ഇങ്ങനെയാണല്ലോ. എല്ലാവരും ട്രിപ്പ് പോയ ഫോട്ടോസ് ഇട്ട് തകർക്കുകയാണല്ലോ.
“ഇതൊക്കെ കണ്ടിട്ട് എനിക്കെന്ത് കിട്ടാനാ”, മായ പിറുപിറുത്തു.
പെട്ടെന്ന് അവളുടെ കണ്ണുകൾ കൂട്ടുകാരിയുടെ ഒരു ഫോട്ടോയിൽ ഉടക്കി.
“ഓ! ഇന്നവളുടെ പിറന്നാൾ ആയിരുന്നല്ലോ. ഇന്നലെ ഓർത്തിരുന്നു.”
സമ്മാനം കിട്ടിയ പുതിയ സൽവാറും പിന്നെ ഒരു പുസ്തകവുമാണ് ഫോട്ടോയിൽ.
ആരും ഓർക്കാതെ പോയ കഴിഞ്ഞ ആഴ്ചയിലെ തൻ്റെ പിറന്നാൾ ദിനത്തെ മായ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു. സമ്മാനമായി വർണക്കടലാസ്സിൽ പൊതിഞ്ഞ ഒരു പുസ്തകം അവളേറെ കൊതിച്ചിരുന്നു, എല്ലാ പിറന്നാളിലെയും പോലെ. വെറുതെയാണെന്നറിയാം, എന്നാലും..
കൂട്ടുകാരിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ്റെ നോവലാണ് അവൾക്ക് കിട്ടിയ സമ്മാന പുസ്തകം.
അവളുടെ മാത്രമല്ലല്ലോ തൻ്റെയും പ്രിയ എഴുത്തുകാരൻ. രണ്ടാളും ഒരുമിച്ചല്ലേ പണ്ട് കവിതകൾ എഴുതി പരസ്പരം വായിച്ച് ചിരിച്ചിരുന്നത് . പാഠപുസ്തകത്തിലെ പദ്യത്തിൻ്റെ വരികൾ നോട്ട്ബുക്കിൽ കുറിച്ചിട്ടത്.
‘ഉറക്കെ പാടാൻ തോന്നി
പാട്ടുകളെൻ ആത്മാവിൻ
അറകൾക്കുള്ളിൽ കിടന്നങ്ങനെ ശ്വാസം മുട്ടി’.
അനീമിയ നിറം കുറച്ച, അവളുടെ വിളറിയ ചുണ്ടിൻ്റെ കോണിൽ നേരിയ പുഞ്ചിരി മിന്നി മാഞ്ഞു.
“നീയെന്താ ഫോണും പിടിച്ച് സ്വപ്നം കാണുവാണോ? ”
ആ ഒരൊറ്റ ചോദ്യത്തിൽ വന്ന പുഞ്ചിരി കണ്ടം വഴി ഓടി.
“നാളെ നാലാൾക്കും പോവേണ്ടതാ. വേഗം കിടന്നാൽ വേഗം എണീക്കാം.”
സ്ഥിരം പല്ലവി മുഴങ്ങി. കൂട്ടുകാരിയെ ഒന്നു വിഷ് ചെയ്ത് മായ കിടന്നു.
രാവിലെത്തെ ഓട്ട പ്രദക്ഷിണത്തിനൊടുവിൽ എങ്ങനെയോ ബസ്സിൽ ഒരു സീറ്റ് ഒപ്പിച്ചു. പുറത്തെ കാഴ്ചകൾ നോക്കുന്നതിനിടയിൽ ഒരു ബുക്ക് സ്റ്റോൾ കണ്ടതോടെ വീണ്ടും പുസ്തകങ്ങളെ കുറിച്ചായി ചിന്ത.
സ്കൂൾ കാലം മുതൽ ശേഖരിച്ച കുറെ അധികം പുസ്തകങ്ങൾ വിവാഹത്തോടെ തൻ്റെ പഴയ വീട്ടിൽ ഉപേക്ഷിച്ചാണ് അവൾ ‘മികച്ച ഭാര്യ’ എന്ന ബിരുദ പഠനത്തിന് ചേർന്നത്. പിന്നെ, ഏറ്റവും നല്ല മരുമകൾക്കുള്ള ബിരുദാനന്തര ബിരുദ പഠനം. ഒടുവിലായി ‘നല്ല അമ്മ’ എന്ന വിഷയത്തിൽ ഒരു ഡോക്ടറേറ്റും.
ആഹാ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ!!!
ഭാര്യാബിരുദ പഠനം ഒരു വിധം പൂർത്തിയാക്കി, പക്ഷെ ബിരുദാനന്തര ബിരുദം പകുതിക്ക് വച്ച് മുടങ്ങി. ഇപ്പോ നല്ല അമ്മ ആകാൻ തപാലിൽ പഠിക്കുന്നു. അതിലെങ്കിലും ഒന്നു പാസായാൽ മതി. ഇതെല്ലാം കഴിഞ്ഞ് തിരിച്ച് രണ്ടു ദിവസത്തെ പരോളിൽ സ്വന്തം വീട്ടിൽ ചെന്നപ്പോൾ പഴയ ഭിത്തിയലമാരിയതാ മുഴുവനായി ചിതലരിച്ച് പോയിരിക്കുന്നു. പണ്ട് പഠിച്ചതും വഴിയരികിൽ നിന്ന് വിലപേശ്ശി വാങ്ങിയതും എല്ലാം ചിതൽ തിന്നു..

“ഓ! സാരമില്ല. ഓരോരോ മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും വരെ ചിതലരിക്കുന്നു. പിന്നെ ഇതൊക്കെ എന്ത് ” എന്ന് സമാധാനിച്ച അവളെ നോക്കി പൊടിപിടിക്കാൻ തുടങ്ങിയ ഭാര്യാ സർട്ടിഫിക്കറ്റ് കൊഞ്ഞനം കുത്തി. പിന്നീട് വായനകളൊക്കെ പതിയെ പതിയെ ഇല്ലാതായി. കുട്ടികളുടെ പാഠപുസ്തകങ്ങൾ മാത്രമായി വായന.
കടിഞ്ഞാണില്ലാത്ത ചിന്തകൾക്ക് താൽക്കാലിക വിരാമമിട്ട് വീണ്ടും ഓഫീസിലേക്ക്, അവിടുന്ന് വൈകിട്ട് തിരിച്ച് അതേ ബസ്സിൽ വീട്ടിലേക്കും.

യാത്രക്കിടയിലെ ചെറുമയക്കത്തിൽ വീണ്ടും മനസ്സിൽ നിന്ന് മായാതെ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ പുസ്തകം . ഞെട്ടിയുണർന്ന് നോക്കുമ്പോൾ രാവിലെ കണ്ട അതേ ബുക്‌സ്റ്റോൾ.
തിടുക്കത്തിൽ മായ ആ സ്റ്റോപ്പിൽ ഇറങ്ങി. എം ടി യുടെ രണ്ടാമൂഴത്തിൻ്റെ ഒരു കോപ്പി തിളങ്ങുന്ന കടലാസ്സിൽ പൊതിഞ്ഞു വാങ്ങുമ്പോൾ അതിൻ്റെ മുകളിൽ പതിക്കാൻ ഒരു കുറിപ്പ് മായ മനസ്സിൽ കരുതി.
മാപ്പ്, ഇത്രനാളും എന്നെ അവഗണിച്ച എന്നോട് തന്നെ. ആഘോഷിക്കാതെ പോയ പിറന്നാളുകൾക്ക് വേണ്ടി.
മുൻഗണനാ പട്ടികയിൽ ഏറ്റവും ഒടുവിലെ സ്ഥാനത്ത് നിന്ന് സ്വന്തം പേര് മുകളിലെ നിരകളിലൊന്നിലേക്ക് എഴുതിച്ചേർത്തു മായ അടുത്ത ബസ്സ് കാത്തു നിന്നു. അവളുടെ ആത്മാവിൽ അക്ഷരവെളിച്ചം തെളിയുന്നുണ്ടായിരുന്നു.
#മറക്കാനാവാത്ത സമ്മാനം.


36 Comments
ഇനി തൻ്റെ പേര് ഒന്നാം സ്ഥാനത്തു തന്നെ മായ നിലനിർത്തണം ….. ബാക്കി പഠിത്തങ്ങൾ ആവശ്യത്തിനു മാത്രം മതി …… സുന്ദരമായ എഴുത്ത്……ആശംസകൾ👍❤️
Thank you so much 🙏😍
നമ്മുടെ സന്തോഷങ്ങൾ, നമ്മൾ തന്നെ കണ്ടെത്തണം . എഴുത്തും അതിൻ്റെ ഭാഗമാണല്ലൊ.. നന്നായിട്ടുണ്ട്.തുടരൂ..ആശംസകൾ.
നന്നായിട്ടുണ്ട് 👌🏻👍🏻♥️
ഇനിയും തുടർന്ന് എഴുതുക.
Good keep going,you have a nice future 😊
Thank you Nija.. ♥️♥️
Mole super….
All the best for this journey 👍
Thank you so much 🥰
എന്നും ആ പേര് മുകളിൽ തന്നെ ആയിരിക്കട്ടെ…… സുന്ദരമായ എഴുത്ത്👍💐
ചിതലരിച്ച അലമാര പോലെ ആകാതെ ഇനിയും എഴുതണം…ഈ വാക്കുകൾ ചിതലിന് കൊടുക്കാൻ ഉള്ളത് അല്ല… അതിന് കഴിയും… ഇലക്ട്ര എന്ന് പേര് മതി.. വേറെ തൂലിക നാമം ഒന്നും വേണ്ടാ..
ഇലക്‌ട്ര എഴുതിയ ബുക്ക് വർണ്ണകടലാസിൽ പൊതിഞ്ഞു വാങ്ങാൻ ഞാൻ കാത്തിരിക്കുന്നു..
Thank you.. ♥️♥️
Thank you so much ♥️
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി…. നിന്റെ സ്വപനങ്ങൾക്കു നീ തന്നെ ചിറകു വച്ചു പറക്കാൻ അനുവദിക്കുക… പറന്നുയരുക…
സർട്ടിഫിറ്റുകൾ അലമാരയിൽ താഴിട്ടു പൂട്ടിവയ്ക്കു..
നന്നായി എഴുതി. കുറച്ചു സമയം നമ്മുടെ ഇഷ്ടങ്ങൾക്കും മാറി വെക്കണം.
👍👏
Thank you..♥️♥️
ഒത്തിരി ഇഷ്ടമായി.. നല്ല എഴുത്ത്..
സൂപ്പർ 👍👍
Thank you..♥️♥️
ആർക്കും വേണ്ടി സ്വയം മറന്നു ജീവിക്കേണ്ട ആവശ്യം ഇല്ല. നല്ലെഴുത്ത് 👌
അതെ, thank you ♥️ ♥️
Me first വേണമെന്നില്ല ; me എവിടെയെങ്കിലുമൊന്നുണ്ടായാലും മതിയായിരുന്നു 😀.
തീർച്ചയായും.. ♥️♥️♥️
ഒത്തിരി ഇഷ്ട്ട്ടം ആയി 👌💗🥰 നല്ല എഴുത്ത്..
നന്നായിട്ടുണ്ട്.. മീ ടൈം കണ്ടെത്താൻ ശ്രമിക്കാത്ത നമുക്കൊക്കെ ഇനിയെങ്കിലും നേരംവെളുക്കുമെന്നു കരുതുന്നു. പുതിയകഥകളുമായി വരൂ..All the best
ജീവിതം ചിതലരിച്ചാലും, സ്വപ്നങ്ങളെ ചിതലരിക്കാൻ അനുവദിക്കരുത്, നല്ല സ്വപ്നങ്ങൾ ആണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
തുടർന്നും എഴുതുക… എല്ലാ ഭാവുകങ്ങളും…
ചേട്ടൻ ❤️
Thank you chettaa..
Thank you.. 🙂
നന്നായി എഴുതി..
സ്വയം മറന്നുള്ള ജീവിതം, അവസാനം ഒരു നെടുവീർപ്പ് മാത്രം ബാക്കി.
ഒത്തിരി ഇഷ്ടമായി. അവനവനെ സ്നേഹിക്കുക എന്നത് ജീവിതത്തിൽ ആദ്യം പഠിച്ചു പാസ്സാകേണ്ട പരീക്ഷയാണ്. ഗംഭീരമായി❤️❤️. എഴുതിയല്ലോ അതുതന്നെ സന്തോഷം. മനോഹരമാക്കിയതിൽ അതിലേറെ സന്തോഷം❤️❤️
വളരെ വളരെ നന്നായിരിക്കുന്നു. ദുഃഖത്തിൽ ചാലിച്ച heart touching സുന്ദരമായ എഴുത്ത്. ഇനിയും ഇനിയും എഴുതുക. You could be inspirational to many. Way to go dear.
Thank you..♥️♥️
നന്നായിട്ടുണ്ട് 👌🏻👍🏻♥️
ഇനിയും തുടർന്ന് എഴുതുക.
ഒരു പാടിഷ്ടമായി♥️👌
. പരീക്ഷകൾ വന്നു കൊണ്ടേയിരിക്കും. എല്ലാറ്റിനും ഫസ്റ്റ് ക്ലാസ് വാങ്ങാൻ ശ്രമിച്ച് നമ്മെത്തന്നെ തോൽപ്പിക്കരുത്. വീണ്ടും വീണ്ടും എഴുതൂ.
അഭിനന്ദനങ്ങൾ കൂട്ടുകാരീ🌹♥️
Thank you.. ♥️♥️♥️
Thank you..🙂
വളരെ ‘നന്നായിട്ടുണ്ട്. സ്വയം കണ്ടെടുത്തതും നന്നായി!❤️