മഹേഷ് തനിക്ക് ചുറ്റും പറക്കുന്ന മിന്നാമിനുങ്ങിനെ കണ്ടു. കടൽതിരകൾ കൂടുതൽ ഉള്ളിലേക്ക് കയറി വരുന്നു. കാറ്റിന് ശക്തി കൂടുന്നു. തനിക്ക് ചുറ്റുമുള്ള പ്രകൃതിയിലെ മാറ്റങ്ങൾ മഹേഷ് അനുഭവിച്ചറിഞ്ഞു. അകാരണമായ ഒരു ഭയം തന്നിൽ പൊതിയുന്നു.
“അവനെ ഞാനിനി കാണില്ലായെന്ന് എൻ്റെ മനസ്സ് പറയുന്നു. “
ജോസഫിൻ്റെ ശബ്ദം അവൻ്റെ കാതുകളിൽ മുഴങ്ങി.
മഹേഷ് ബൈക്ക് പെട്ടെന്ന് സ്റ്റാർട്ടാക്കി. പെട്ടെന്ന് അവിടുന്ന് സ്ഥലം വിടണമെന്ന് മനസ്സ് പറയുന്നു. തിരിഞ്ഞ് നോക്കാതെ ഹൈവേയിലേക്ക് പാഞ്ഞു.
ആശുപത്രി വരാന്തയിൽ മഹേഷിനെ കാത്ത് നിൽക്കുന്ന സഹപ്രവർത്തകർ. കുറ്റബോധത്തോടെ തല കുനിഞ്ഞു നിന്ന മഹേഷിൻ്റെ അടുത്തേക്ക് സലീം സാർ നടന്നു വന്നു.
“ജോസഫ് സാറിന് നീ മകനെ പോലെയായിരുന്നു. നിന്നെ ദുരിതത്തിലാക്കി വിട്ട് പോകാൻ അങ്ങേർക്ക് കഴിയുമോ, ആ മനസ്സ് വേദനിക്കും. “
മഹേഷ് തലയുയർത്തി നോക്കി.
“ഇവിടെ കൊണ്ട് വന്നപ്പോൾ ചെറിയ പൾസുണ്ടായിരുന്നു. സാറിനെ വെൻ്റിലേറ്ററിലേക്ക് കൊണ്ട് പോയി. “
“ഇല്ല സാർ, ജോസഫ് സാർ പോയി. ഇനി അങ്ങേര് മടങ്ങി വരില്ല. പൈസ തട്ടാനുള്ള നാടകമാണ് ഇവരുടേത്. “
“ആയിക്കോട്ടെ. നീ രക്ഷപ്പെട്ടല്ലോ. കാർഡിയാക് അറസ്റ്റ് സംഭവിച്ചു. എനിക്ക് പരിചയമുള്ള ഡോക്ടറാണ്. ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി. നെഞ്ച് വേദന കാരണം സാറിനെ ആശുപത്രിയിൽ അഡ്മിറ്റാക്കി എന്ന് മാത്രം സാറിൻ്റെ വീട്ടുകാരെ അറിയിക്കൂ. “
സലീം മഹേഷിൻ്റെ തോളിൽ തട്ടി.
“തീരെ സമയമില്ല, ഞാൻ പോകുന്നു. ആരോണിൻ്റെ കൊലപാതകിയെ തപ്പി ഇറങ്ങിയതാണ് ഞങ്ങൾ. “
മഹേഷിന് സത്യം തുറന്നു പറയണമെന്ന് തോന്നി. സലീം സാർ തന്നെ പലപ്രാവശ്യം ആപത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. മഹേഷിന് കുറ്റബോധം തോന്നി.
നീലിൻ്റെ കാര്യം പരമ രഹസ്യമായി സൂക്ഷിക്കണമെന്ന് ജോസഫ് സാർ തന്നോട് പറഞ്ഞിട്ടുണ്ട്. മരണ ശേഷം അദ്ദേഹത്തിൻ്റെ പേര് കളങ്കപ്പെടാൻ ഇടയാക്കരുത്. താനും മാത്യുവും നീലും ഇടവകയിലെ കുറച്ച് നല്ല പിള്ളേരും…. വേണ്ട ആർക്കും ഒരാപത്ത് വേണ്ട. ജോസഫ് സാർ ഇടയ്ക്ക് പറയാറുള്ള ഡയലോഗ് ഓർമ്മ വന്നു.
“കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ചാവേണ്ടവൻ ചത്തു. “
മുരുകദാസ് ക്യാബിൽ എയർപോർട്ടിൽ ചെന്നിറങ്ങി. ചെക്ക് ഇൻ ചെയ്യാൻ ഇനിയും സമയമുണ്ട്. ഈ നാട് വിടുന്ന കാര്യം ഓർത്തപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു. വീട്ടിലേയ്ക്കു ഒന്ന് വിളിച്ച് പറയണമെന്ന് തോന്നി. ഇനിയൊരു മടക്കം എന്നാണെന്നു അറിയില്ല. വിളിച്ചപ്പോൾ മകളാണ് ഫോണെടുത്തത്.
“അപ്പൻ ഒരു ജോലിക്കു വേണ്ടി വേറെ ഊരിൽ പോകുന്നു. മടങ്ങി വരാൻ വൈകും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മിസ്റ്റി മെഡോസിലോ, ഫെഡറിക്കിനെയോ വിളിച്ചാൽ മതി. “
ഫോൺ കട്ട് ചെയ്തു. മതി. ഇത്രയും മതി. എന്തായാലും താനവളുടെ അപ്പനല്ലേ. തന്റെ യാത്രകൾ അവൾ അറിയണം. അവൾ വളരും തോറും തെറ്റുകൾ ചെയ്യാനുള്ള ധൈര്യം കുറയുന്നു. തന്നെ കുറിച്ചറിഞ്ഞാൽ അവൾ തന്നെ വെറുത്തു കളയുമോയെന്നൊരു പേടി.
കണ്ണുകൾ അടച്ചു കസേരയിൽ ചാഞ്ഞിരുന്നു. കൊച്ചിയിൽ നിന്നും സിഡ്‌നിയിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിലായിരുന്നു യാത്ര. ഇടതു വശത്തിരുന്ന യുവതിയുടെ മുന്നിൽ മൂന്നു കുട്ടികൾ, അവരുടെ കലപില ശബ്ദം മുരുകദാസിൻ്റെ മയക്കത്തെ തടസ്സപ്പെടുത്തി. അയാളെ ആ ശബ്ദം ദേഷ്യപ്പെടുത്തി. അവിടെ നിന്നും മറ്റൊരു ഒഴിഞ്ഞ സീറ്റിലേക്ക് അയാൾ മാറിയിരുന്നു
“താങ്കൾ എങ്ങോട്ടാണ്. “
അടുത്തിരുന്ന മലയാളിയെന്നു തോന്നുന്ന യുവാവിനോട് മുരുകദാസ് ചോദിച്ചു.
“സിഡ്‌നിയിലേയ്ക്കാണ് സാർ. “
അവർ പരസ്പരം കൈ കൊടുത്തു.
“എന്റെ പേര് നീൽ, എന്റെ ഭാര്യ അവിടെ ഒരു ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ്. അവളെ കാണാൻ പോവുകയാണ്. സാർ എങ്ങോട്ടാണ്. “
“ഞാനും സിഡ്‌നിയിലേക്കാണ്. പേര് വെട്രിവേൽ, ഞാൻ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീ അവിടെ ജോലി ചെയ്യുകയാണ്. അവരുടെ അടുത്തേക്കാണ് എന്റെ യാത്ര. “
നീൽ കഴിച്ചു കൊണ്ടിരുന്ന ചിപ്സ് പാക്കറ്റ് വെട്രിവേലിന് നേരെ നീട്ടി.
“വേണ്ട വയർ നിറഞ്ഞിരിക്കുന്നു. ഞാൻ ഒന്ന് മയങ്ങട്ടെ. സമയമാകുമ്പോൾ എന്നെയൊന്ന് ഉണർത്തണേ, ഞാൻ മൊബൈലിൽ അലാറം വച്ചിട്ടുണ്ട്. എങ്കിലും…… “
“ശരി സാർ ഉറങ്ങിക്കോ. ഞാൻ ഉണർത്തിക്കൊള്ളാം. “
മുരുകദാസ് കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി. ഹോട്ടലിൽ വച്ച് രണ്ടു ലാർജ് അടിച്ചിരുന്നു, അതിന്റെ പ്രവർത്തനം തുടങ്ങി. പെട്ടെന്ന് തന്നെ അയാൾ വലിയ ശബ്ദത്തിൽ കൂർക്കം വലിക്കാൻ തുടങ്ങി.
മുരുകദാസ് ഞെട്ടി ഉണർന്നപ്പോൾ അടുത്താരും ഉണ്ടായിരുന്നില്ല. ആ പയ്യനെവിടെ പോയി. അവൻ ഇരുന്ന സ്ഥലം ഒഴിഞ്ഞു കിടന്നു. എന്നാലും അവൻ വിളിച് ഉചുണർത്താമെന്ന് ഏറ്റിരുന്നതല്ലേ.
മുരുകദാസ് എഴുന്നേറ്റു മുന്നിലെ ക്യൂവിന്റെ അവസാനം കയറി നിന്നു. അയാളുടെ തല കറങ്ങുന്നത് പോലെ തോന്നി. എന്തോ ലഹരിയുടെ ഹാങ്ങ് ഓവറാണ്. ക്യൂവിന്റെ ഏറ്റവും മുൻപിൽ നിന്ന നീൽ അയാളെ നോക്കി കൈപൊക്കി കാണിച്ചു.
“തെമ്മാടി. “
മുരുകദാസ് പല്ലുകൾ കടിച്ചു ദേഷ്യം പ്രകടിപ്പിച്ചു. നീൽ പരിശോധന കഴിഞ്ഞു അകത്തേയ്ക്കു പോയി.
“നിന്നെ ഞാൻ കണ്ടോളാം. ഒന്നിച്ചല്ലേ നമ്മുടെ യാത്ര. “
മുരുകദാസിൻ്റെ പിറകിൽ ആളുകൾ നില്ക്കാൻ തുടങ്ങി. ക്യൂ ഓരോ നിമിഷവും വലുതായി വന്നു.
“സിഡ്നി ഫ്ലൈറ്റിന് ഇനിയും സമയമുണ്ട് സാർ. “
“അപ്പോൾ അവരൊക്കെ പോകുന്നത്. “
“അത് ദുബായ് ഫ്ലൈറ്റിനുള്ള ആളുകളാണ്. “
മുരുകദാസ് മടങ്ങി വന്ന് ഒരു സീറ്റിൽ ഇരുന്നു. ആ സീറ്റിൻ്റെ പിന്നിൽ വളരെ ഗൗരവത്തോടെ പ്രായമായ ഒരു മനുഷ്യൻ ഇരുന്നിരുന്നു.
അയാൾ പരിചയപ്പെടാൻ കൈനീട്ടിയതും പെട്ടെന്ന് മുരുകദാസ് വിറച്ച് വിറച്ച് നിലത്ത് വീണു. മുരുകദാസിന്റെ വായിൽ നിന്നും നുരയും പതയും വന്നു. അയാൾ താഴെ വീണ് പിടഞ്ഞു. അയാളെ പെട്ടെന്ന് അടിയന്തര വിഭാഗത്തിലെ ഡോക്ടർമാർ വന്നു പരിശോധിച്ചു.
“സാർ…. “
മുരുകദാസിന്റെ പിൻവശത്തു തറഞ്ഞിരുന്ന ഒരു ചെറിയ സിറിഞ്ച് ആ മനുഷ്യൻ പോലീസിന് കാട്ടി കൊടുത്തു. എന്തോ ദ്രാവകം അയാളുടെ പിൻവശത്ത് കുത്തി വച്ചിരിക്കുന്നു.
“സർ ജീവൻ പോയി. വീര്യം കൂടിയ പോയ്സൺ ആണ്. “
ഡോക്ടർ പറഞ്ഞു.
അടുത്തുള്ള സ്റ്റേഷനിലേയ്ക്ക് അറിയിപ്പ് പോയി. രാഹുൽ രഘുവരൻ മരിച്ച ആളിന്റെ ഫോട്ടോ കണ്ടു ഞെട്ടി.
“ഹോട്ടലിൽ തന്നെ താമസം തുടരാൻ പറഞ്ഞിട്ട് അവൻ ഓസ്ട്രേലിയായിലേക്കു ഒളിച്ച് കടക്കാൻ ശ്രമിച്ചു. “
രാഹുൽ പെട്ടെന്ന് എഴുന്നേറ്റു.
“സിഡ്നി ഫ്ലൈറ്റ് പുറപ്പെട്ടോ”
“ഫ്ലൈറ്റ് കുറച്ച് മുമ്പ് പോയി. “
“എനിക്ക് ഉടനെ തന്നെ ആ സമയത്തെ എല്ലാ ഫ്ലൈറ്റിലേയും പാസഞ്ചർ ലിസ്റ്റ് വേണം. ആരോ ഇതിന്റെ പിന്നിലുണ്ട്. ആരോൺ, അയാളുടെ മാനേജർ, ഇനി ആരാകും മരണപ്പെടുക. “
മേശപ്പുറത്തു പൂക്കളാൽ അലങ്കരിച്ച ശവപ്പെട്ടിയിൽ ആരോണിന്റെ ശരീരം കിടത്തിയിരുന്നു. അതിന്റെ അടുത്തായി മാലതിയും ദേവിയും അനുപമയും ഇരുന്നു. അതിന്റെ എതിർവശത്തായി പ്രണവും നിധിനും ഇരുന്നു.
മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ അവിടെ കൂടിയ ആർക്കും ആ മരണത്തിൽ സങ്കടം ഉള്ളതായി തോന്നിയില്ല. എല്ലാവരും ആ ചടങ്ങുകൾ അവസാനിച്ചു കഴിഞ്ഞ് പിരിഞ്ഞു പോകാൻ തിടുക്കപ്പെട്ടിരുന്നത് പോലെയായിരുന്നു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ലൈവ് റെക്കോർഡിങ്ങിൽ സ്വന്തം മുഖങ്ങൾ പതിയുന്നുവെന്ന് മനസിലാക്കി, എല്ലാവരും താന്താങ്ങളുടെ യഥാർത്ഥ വികാരങ്ങൾ നിയന്ത്രിച്ചു.
ആരോണിന്റെ ശവസംസ്കാര ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ചു കയറിയ വന്ന സ്ത്രീയിലേയ്ക്കായി എല്ലാവരുടെയും ശ്രദ്ധ. കറുത്ത കൂളിംഗ് ഗ്ലാസും കറുത്ത ഗൗണും ധരിച്ചു വന്ന അവർ ചുണ്ടിൽ കടും ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക് പുരട്ടിയിരുന്നു.
ആ സ്ത്രീ വലിയ ശബ്ദത്തോടെ ആരോണിന്റെ അടുത്ത് കുനിയുകയും, അയാളുടെ രക്തം വാർന്ന വെളുത്തു വിളറിയ ചുണ്ടുകളിൽ അന്ത്യ ചുംബനം അർപ്പിക്കുകയും ചെയ്തു. അത് വരെ തങ്ങളുടെ മൊബൈലിലെ സൈബർ ലോകത്തു വിരാജിച്ചവർ പോലും, ഈ കാഴ്ച കണ്ടു ഫോണുകളിൽ നിന്നും തൽക്കാലം പുറത്തു വന്നു. ആ സ്ത്രീ ടിഷ്യൂ പേപ്പർ കൊണ്ട് കണ്ണുകൾ തുടക്കുകയും മൂക്കു പിഴിയുകയും ചെയ്തു.
എല്ലാവരുടേയും ശ്രദ്ധ അവരുടെ പ്രവർത്തികളിലായി.
ആ മരണ വീട്ടിൽ ദുഃഖിതയായ ഒരു വ്യക്തിയെ കണ്ട മതിപ്പിലായി അവിടെ കൂടിയവർ. എല്ലാവരും ആ സ്ത്രീയുടെ ചലനങ്ങൾ ഒപ്പിയെടുക്കുന്നതിൽ തിരക്കിലായി.
“അമ്മേ അതാരാണ് ആ സ്ത്രീ ?”
“സാറയാണ്, ആരോണിന്റെ ഭാര്യ. ഞാൻ ഒരിക്കലേ നേരിൽ അവളെ കണ്ടിട്ടുള്ളു. അവൾ കുട്ടികളുമായി ഓസ്‌ട്രേലിയയിലാണ്. അവിടെ ഒരു ആശുപത്രിയിൽ നഴ്‌സാണ്. അവൾ ആരോണുമായി മനസികമായി നല്ല അടുപ്പത്തിലല്ലായിരുന്നു. ഇതെന്ത് കഥ!!!ഇപ്പോൾ എന്താണ് അവൾക്ക് ഇങ്ങനെ ഒരു സ്നേഹമെന്നാണ് ഞാൻ ആലോചിക്കുന്നത്. “
മാലതിയിരുന്നതിന്റെ എതിർവശത്ത് നിധിനരികിലായി സാറ ഇരുന്നു. അവർ തന്റെ ബാഗിൽ നിന്നും വളരെ വിലപ്പെട്ട വെള്ളി കൊന്ത പുറത്തെടുത്തു കണ്ണുകളടച്ചു പ്രാർത്ഥിച്ചു തുടങ്ങി. ക്യാമറ കണ്ണുകളേക്കാൾ ചുറ്റും കൂടി നിന്നവരുടെ കണ്ണുകൾ സാറയ്ക്കു അസ്വാരസ്യം ഉണ്ടാക്കി.
സാറ മെല്ലെ എഴുന്നേറ്റു മാലതിയുടെ അരികിൽ വന്നിരുന്നു.
“അമ്മേ, എന്റെ കുട്ടികൾക്ക് ഇനി ആരാണ് ഉള്ളത്. ആരോണിന് ഇങ്ങനെ ഒരു ദുർവിധി വരാൻ ഇടവന്നല്ലോ. അമ്മയെ പരിചരിക്കാൻ നിന്നപ്പോൾ ആശുപത്രിയിൽ വച്ചാണ് ഈ മരണം സംഭവിച്ചത് എന്നാണ് ഫെഡറിക് വിളിച്ചു പറഞ്ഞത്. “
“അതേ. “
“ആരോണിനിപ്പോൾ ശത്രുക്കൾ ആരുമില്ല. പിന്നെ ആരായിരിക്കും ഇത് ചെയ്തത്. ഫെഡറിക്കിനെ ഓർമ്മയില്ലേ അമ്മയ്ക്ക്, ആരോണിന്റെ ഡ്രൈവർ. “
“എന്തായാലും പോലീസ് കേസ് അന്വേഷിക്കട്ടെ. “
മാലതി തലകുലുക്കി.
“പോലീസ് തീർച്ചയായും പ്രതിയെ കണ്ടു പിടിക്കും. “
“പപ്പാ ?പപ്പായെ കൊണ്ട് വന്നില്ലേ. “
“അവർ ജയിലിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. പള്ളിയിൽ മാത്യുവിനെ കാത്തു നിൽക്കുകയാണ് ബിഷപ്പും മൈക്കൽ അച്ചനും. ജയിലിലെ സൂപ്രണ്ട് ജോസഫ് സാർ, ഇന്നലെ രാത്രിയിൽ കാർഡിയാക് അറസ്റ്റ് മൂലം മരണപെട്ടു. അദ്ദേഹത്തിന്റെ ശരീരം ഈ സമയത്ത് പൊതു ദർശനത്തിനു ജയിലിൽ കൊണ്ട് വന്നിരിക്കുന്നു. മാത്യുവിന് ജോസഫ് സാറിനെ അവസാനമായി ഒന്ന് കാണണമെന്ന് ആഗ്രഹം. ആരോണിനെയും ജോസഫ് സാറിനെയും മാത്യുവിന് വീണ്ടുമിനി കാണാൻ സാധിക്കില്ലല്ലോ. രണ്ടു മരണങ്ങളും ഒരേ ദിവസം മണിക്കൂറുകളുടെ ഇടവേളയിൽ, രണ്ടും മാത്യുവിന് പ്രിയപ്പെട്ടവർ. “
സാറയ്ക്കിരിക്കാനായി ദേവി തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു. സാറ സ്നേഹത്തോടെ ദേവിയെ തടഞ്ഞു.
“അമ്മയുടെ അടുത്ത് ദേവി ഇരുന്നോളൂ. “
“ഞാൻ അകത്തു പോയി മോളെ ഒന്ന് നോക്കട്ടെ. അവൾ നഴ്സിന്റെ അരികിലാണ്. “
സാറയുടെ കണ്ണുകൾ ദേവിയെ സ്കാൻ ചെയ്തു.
വീട്ടിനകത്തേക്ക് നടന്ന ദേവിയുടെ പിറകേ പ്രണവും നിധിനുമെത്തി.
“ആരാണവർ ?”
“അടുത്ത കുരിശ്!!!, ആരോണിനെ ഉപേക്ഷിച്ച അയാളുടെ ഭാര്യ പുതിയ നാടകവുമായി തിരികെ വന്നിരിക്കുന്നു. “
അപ്പോഴേക്കും പോലീസ് വാനിൽ മാത്യുവിനെ കൊണ്ട് വന്നു. പണക്കാരനായത് കൊണ്ടാകാം, പതിവ് രീതികളിൽ നിന്നും മാത്യുവിന് ഇളവ് ലഭിച്ചിരിക്കുന്നു.
വിലങ്ങുകളില്ലാതെയായിരുന്നു മാത്യുവിൻ്റെ യാത്ര. അയാളെ ആരോണിന്റെ അടുത്ത് കൊണ്ടിരുത്തി.
അയാൾ ആരോണിനെ സങ്കടത്തോടെ നോക്കി. തന്റെ കടിഞ്ഞൂൽ സന്താനമാണ് ഈ കിടക്കുന്നത്. എല്ലാ രീതിയിലും അവനെ നന്നാക്കാൻ ശ്രമിച്ചു. അവന്റെ മനസ്സിൽ ചെകുത്താന്റെ വാസമായിരുന്നു, അവനെപ്പോഴും സ്വന്തം കാര്യം മാത്രം. ധാരാളം സ്ത്രീകളുടെ ശാപവും ലഭിച്ചു. ഒടുവിൽ അവനെ താനായിട്ട് തന്നെ ഇല്ലാതാക്കി.
“പപ്പാ, “
ആരോണിന്റെ ഓർമ്മകളിലേക്ക് പാറിപ്പറന്ന മനസിനെ തിരികെ പിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആരോ തന്നെ കെട്ടിപിടിച്ചു മടിയിൽ കിടന്നു കരയുന്നതു മാത്യു ശ്രദ്ധിച്ചത്.
“സാറാ, നീ എപ്പോൾ എത്തി മോളേ. “
അതിനു മറുപടി പറയുന്നതിന് പകരം അവൾ ഉച്ചത്തിൽ കരയുകയായിരുന്നു.
“എനിക്കിനി പപ്പാ മാത്രമേയുള്ളൂ. എൻ്റെ കുഞ്ഞുങ്ങളെ പപ്പാ സംരക്ഷിക്കണം. “
മാത്യൂ
അവളെ ആശ്വസിപ്പിച്ചു.
മരണം വീട്ടിലെ നിശബ്ദതയെ ഭഞ്ജിക്കുന്ന തരത്തിൽ സാറയുടെ ഫോണിലേക്ക് തുടരെ തുടരെ കാളുകൾ വന്ന് കൊണ്ടിരുന്നു
(തുടരും….. )
✍️✍️നിഷ പിള്ള

