കൈപ്പറ്റുന്നവർക്കും കൊടുക്കുന്നവർക്കും സമ്മാനങ്ങൾ സന്തോഷമുണ്ടാക്കണം. കൊടുത്തു കഴിഞ്ഞ സമ്മാനങ്ങളെ കുറിച്ച് കൊടുത്തയാൾ ചിന്തിക്കുകയും ചികയുകയും ചെയ്യാതിരിക്കുകയാണ് ഉചിതം. ഒരു പഴയ കഥ ആയാലോ?
ഗുരുകുലത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു സംഘം പുറത്തേക്ക് പോകുന്ന ദിവസം. എല്ലാവരും ഗുരുദക്ഷിണ സമർപ്പിക്കുന്നു. കൂട്ടത്തിൽ ഏറ്റവും ധനാഢ്യനായ ശിഷ്യൻ അതിവിശിഷ്ടമായ രത്നമാലയാണ് സമർപ്പിച്ചത്. കിട്ടിയ പാടെ, ഗുരു അത് മുന്നിലെ നദിയിലേക്ക് വലിച്ചെറിഞ്ഞു. സമ്മാനത്തിൻ്റ മൂല്യം അറിയാവുന്ന ശിഷ്യൻ നദിയിൽ ചാടി മാല തപ്പിയെടുത്ത് വീണ്ടും ഗുരുവിനു നൽകി. അദ്ദേഹം വീണ്ടും അത് വലിച്ചെറിഞ്ഞു. ഇത് പല പ്രാവശ്യമായപ്പോൾ ശിഷ്യൻ സങ്കടത്തോടെ ഗുരുവിനോട് കാരണം ആരാഞ്ഞു. ആ മാല ഇപ്പോഴും നിൻ്റേതാണ്, ഇതു വരെ മനസ്സു കൊണ്ട് നീ അതെനിക്കു തന്നിട്ടില്ല എന്നായിരുന്നു ഗുരുവിൻ്റെ മറുപടി. ഗുരുവിന് പൂർണ്ണമായി സമർപ്പിച്ചതാണെങ്കിൽ, അദ്ദേഹം അതെന്തു ചെയ്യുന്നു എന്നത് ശിഷ്യന് വിഷയമാകേണ്ടതില്ല. അതിൻ്റെ വിലയോർത്ത് പരവശനാകേണ്ടതുമില്ല എന്നാണ് ഗുരു, പഠിപ്പിക്കാൻ ശ്രമിച്ചത്.
കൊടുക്കുന്ന ആളിൻ്റെ പ്രൗഢിയേക്കാൾ കിട്ടുന്ന ആളിൻ്റെ സന്തോഷം, അല്ലെങ്കിൽ ആവശ്യം എന്നതിനാവണം പ്രാധാന്യം. രണ്ടു കൂട്ടർക്കും സമ്മാനം ബാധ്യതയുമാകരുത്. ഹൃദയം കൊണ്ട് ഹൃദയത്തെ തൊടുന്നതാകട്ടെ നിങ്ങളുടെ ഓരോ ചെറിയ സമ്മാനവും.
