മകൻ ആ ചാരു കസേരക്ക് മുന്നിൽ തല കുനിച്ചു നിന്നു.
അത് ഒരു സാധാരണ കസേരയല്ലെന്ന് അയാൾക്ക് ആദ്യമായി തോന്നാൻ തുടങ്ങി. അത് വിശ്രമത്തിന്റെ ഓർമ്മകളുടെ അഥവാ നിശസബ്ദതയുടെ ചിഹ്നമാണ്.
അച്ഛന്റെ ജീവസ്പന്ദനം.. താനത് ശ്രദ്ധിച്ചിട്ടേ ഇല്ല. ഒരു മൂലയിൽ പാഴ്വസ്തുപോലെ എന്തോ ഒന്ന്. കുറച്ചു വർഷങ്ങളായി അതിൽ കൂനിക്കൂടിയിരിക്കുന്ന അച്ഛനെന്ന ആ മനുഷ്യനെ ഒന്നു നോക്കിയാൽ ആയി. അത്ര മാത്രം.
പലപ്പോഴും ചാരുകസേരയിൽ ഇരുന്ന് ആ അച്ഛൻ ജീവിതം മുഴുവൻ ഓർമ്മകളായി തിരിച്ചു കൊണ്ടു വന്നിട്ടുണ്ടാവാം. അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത് ആ ചാരുകസേര മാത്രമാണ്.
അത് മൃദുവായി ആടുമ്പോൾ, കാലത്തിന്റെ ഓർമ്മകളും ഒപ്പമാടുന്നുണ്ടാവും. മകന്റെ ജോലിത്തിരക്കോ കുഞ്ഞുങ്ങളുടെ
കലപില കൂടലോ ഒന്നും അച്ഛനെ തളർത്തിയില്ല. ചിലപ്പോൾ പഴയ ഓർമ്മകൾ കണ്ണിന് മുന്നിൽ തെളിയും — മകന്റെ ചെറുപ്പത്തിലെ കളികളും ഭാര്യയുടെ ചിരിയും.. എല്ലാംകൂടി അയ്യാൾ കസേരയിൽ സന്തുഷ്ഠനായിരുന്നു.
ഒരു ദിവസം ആ വരാന്തയിൽ കസേര മാത്രം ആടിക്കൊണ്ടിരിക്കും എന്നും മകൻ ഓർത്തില്ല. അതു സംഭവിച്ചപ്പോഴാണ്… ചാരുകസേര ഒരു ഫർണിച്ചർ മാത്രമല്ല…
