ജനലിൽ മഴത്തുള്ളികൾ അടിച്ചുകൊണ്ടിരുന്നു. പുറത്തെ ഇരുട്ടിനെ കീറിമുറിച്ച് മേശപ്പുറത്തെ ടേബിൾ ലാമ്പിന്റെ വെളുത്ത വെളിച്ചം പാതി തുറന്നു കിടക്കുന്ന പുസ്തകത്തിൽ വീണുകിടക്കുന്നുണ്ട്.
“കണ്ണാാ…”
ഫോൺ വലിച്ചെറിഞ്ഞ് ശ്രീദേവി ഓടുകയായിരുന്നു. അവന്റെ മുറിയിലേക്ക്. കാൽ തട്ടി വീഴാൻ പോയിട്ടും നിന്നില്ല.
മുറിയാകെ അവന്റെ മണം. ചുവരിൽ ഒട്ടിച്ചുവെച്ച ടൈംടേബിൾ. “IAS 2028” എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ച കടലാസ്. ഒരു മൂലയിൽ ഊരിയിട്ട ഷൂസ്. ലാപ്ടോപ്പ് സ്ലീപ്പ് മോഡിൽ, നീല വെളിച്ചം മിന്നിക്കളിക്കുന്നു. എല്ലാം, എല്ലാം അവൻ ഇപ്പൊ വരും എന്ന മട്ടിൽ.
അവൾ നെടുവീർപ്പിട്ടു. നെഞ്ച് പൊട്ടുന്ന നെടുവീർപ്പ്. കാൽമുട്ടുകൾ തളർന്ന് അവൾ ചുമരിൽ ചാരി താഴേക്ക് ഊർന്നിരുന്നു. നിലത്തിരുന്ന്, രണ്ടുകൈകൊണ്ടും നെഞ്ചിൽ അമർത്തിപ്പിടിച്ച്— ഹാ…എന്ന് പുറത്തു വന്ന അവളുടെ ശബ്ദത്തിൽ മൂന്ന് ദിവസത്തെ കാത്തിരിപ്പുണ്ടായിരുന്നു. മൂന്ന് ജന്മത്തിന്റെ വേദനയുണ്ടായിരുന്നു.
അവനില്ലാത്ത അവന്റെ മുറി.
കസേരയിൽ ചിരിച്ചുകൊണ്ട് അവനില്ല. കൈപ്പിടിയിൽ തൂങ്ങിക്കിടക്കുന്ന ആ ചെക്ക് ഷർട്ടിൽ അവൾ മെല്ലെ തൊട്ടു. അന്ന്.. അവൻ പോയ അന്ന് രാത്രി ഊരിയിട്ടതാണ്. “അമ്മേ, ഇത് ഒന്ന് മടക്കിവെക്കണേ” എന്ന് പറഞ്ഞിട്ട്. ഞാൻ മടക്കിയില്ല. “ഇതെന്താ മടക്കാത്തെ അമ്മേ” എന്ന് കള്ളദേഷ്യം കാണിച്ച്, എന്നെ ചേർത്തുപിടിക്കും.
അതിനുവേണ്ടി മാത്രം മടക്കാതെ വച്ച ഷർട്ട്. ഇനി ആ ചോദ്യം…?
പൊട്ടിക്കരഞ്ഞുകൊണ്ട് അവർ ആ കസേരയെ കെട്ടിപ്പിടിച്ചു.
ഇറുകെ, വേദനയോടെ, ഭ്രാന്തമായി. കസേരയുടെ മരത്തിൽ മുഖം ചേർത്ത്, അവന്റെ മുതുകിൽ മുഖം ചേർക്കുന്ന പോലെ. കൈപ്പിടിയിൽ മുറുകെ പിടിച്ച്, അവന്റെ കൈയിൽ പിടിക്കുന്ന പോലെ.
“കണ്ണാ… മോനേ… അമ്മ വന്നെടാ… നീ എവിടെപ്പോയി കുട്ടാ…”
കസേരയുടെ പലകയിൽ ഉമ്മ വച്ചുകൊണ്ട് അവർ പുലമ്പി.
“തണുക്കുന്നുണ്ടോ നിനക്ക്? അമ്മ മടിയിൽ കിടത്തിയേക്കാം… അമ്മേ എന്ന് വിളിച്ചേ… ഒരുവട്ടം… ഒരൊറ്റ വട്ടം മതി.”
മുറി മുഴുവൻ അവരുടെ തേങ്ങൽ നിറഞ്ഞു. പുറത്തെ മഴയ്ക്ക് പോലും ആ തേങ്ങലിന്റെ മുന്നിൽ ശബ്ദം നഷ്ടപ്പെട്ടു.
സ്വപ്നത്തിൽ എന്നോണം അവരുടെ ചിന്തകൾ പാറി നടന്നു.
ഈ കസേരയിൽ ഇരുന്നാണ് അവൻ നിയമം പഠിച്ചത്. “Law of Torts” പഠിക്കുമ്പോൾ അവൻ പറയും, “അമ്മേ, തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം, അതാണ് നിയമം.” പാവം. അവനറിഞ്ഞില്ല, നിയമം പുസ്തകത്തിൽ മാത്രമേ ഉള്ളൂ എന്ന്.
കോളേജിൽ ഒരു കുട്ടിയെ സീനിയേഴ്സ് കൂട്ടംകൂടി നിന്ന് കളിയാക്കുന്നത് കണ്ടപ്പോൾ അവൻ എതിർത്തു.
“അത് തെറ്റാണ്, ചെയ്യരുത്!” എന്ന് അവൻ തടഞ്ഞു.
വാക്ക് വാദമായി.. അവസാനം അടിയിൽ കലാശിച്ചു.
അമ്മുവിലൂടെ ചിലതെല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തപോലെ അന്നൊക്കെ അഭിനയിച്ചു. വേണ്ടായിരുന്നു, പഠിത്തം അത് മാത്രം മതി നിനക്കെന്ന് ശാസിക്കണമായിരുന്നു.
ദാസേട്ടനോട് പറഞ്ഞപ്പോൾ ചിരിച്ചു. “പിള്ളേരല്ലേ, അടിപിടി ഒക്കെ കാണും.” ആ വാക്കുകൾ ഒരു ആശ്വാസമായിരുന്നു. ‘അതേ പിള്ളേരല്ലേ, കുസൃതികൾ കാണും’ എന്ന് സ്വയം അങ്ങനെ വിശ്വസിപ്പിച്ചു. മക്കൾക്കും ഭർത്താവിനും ഇഷ്ടപ്പെട്ടത് ഉണ്ടാക്കിയും, അവരുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കാനും മാത്രമായി ദിവസത്തിന്റെ മുക്കാൽ പങ്കും മാറ്റിവച്ച ഒരമ്മയ്ക്ക് പുറംലോകത്തെക്കുറിച്ച് എന്തറിയാൻ.
പിന്നെ അമ്മു പറഞ്ഞറിഞ്ഞു, ആ സീനിയേഴ്സിൽ ചിലർ ദാസേട്ടന് വേണ്ടപ്പെട്ടവരുടെ മക്കളായിരുന്നു.. അതുകൊണ്ട് അദ്ദേഹം നിയമത്തിനു മുന്നിൽ കണ്ണ് അടയ്ക്കുന്നു എന്ന്.
പക്ഷേ വിട്ടുകൊടുക്കാൻ കണ്ണൻ തയ്യാറല്ലായിരുന്നു. അവൻ പ്രിൻസിപ്പലിന് പരാതി കൊടുത്തു. പിന്നെ പോലീസിൽ കേസ് കൊടുത്തു. “അച്ഛൻ അവരെ രക്ഷിക്കുമെന്ന ധൈര്യത്തിലാണ് അവരുടെ കളി” എന്ന് അച്ഛന്റെ മുഖത്തുനോക്കി പറഞ്ഞു. അത് ഈ മുറിയിൽ വെച്ചാണ്. ഈ കസേരയിൽ നിന്ന് എഴുന്നേറ്റ് നിന്നാണ്.
അന്ന് രാത്രി വീട് മൊത്തം കത്തി. അച്ഛനും മകനും. വാക്കുകൾ കൊണ്ട് വെട്ടുകയായിരുന്നു, നിയമപാലകനും, നിയമം പഠിക്കുന്നവനും തമ്മിലുള്ള യുദ്ധം. രണ്ടുപേരും.
ഞാൻ നടുക്ക്. “മതി, നിർത്ത്” എന്ന് കരഞ്ഞിട്ടും ആരും കേട്ടില്ല.
ഒരു നിമിഷം, ശ്വാസം കിട്ടാതെ ഞാൻ വിളിച്ചുപോയി നിങ്ങൾ രണ്ടുപേരും ഇങ്ങനെ തുടങ്ങിയാൽ ഞാനീ ഫാനിൽ തൂങ്ങും
വീട് മരവിച്ചു.
ദാസേട്ടൻ മുറിവിട്ട് പോയി. കണ്ണൻ ആദ്യം അനങ്ങിയില്ല, പക്ഷേ അവന്റെ ചുണ്ടുകൾ വിറച്ചു. പിന്നെ ഓടിവന്നു.എന്റെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു.
ഒന്നും മിണ്ടിയില്ല. കണ്ണ് മാത്രം ചോദിച്ചു: ‘പോവോ?’*
എന്റെ അമ്മക്കുട്ടിക്ക് എന്നെ വിട്ട് പോവാൻ പറ്റോ?” എന്നവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ഉത്തരത്തിന് കാത്തില്ല.
എന്നെ ചേർത്തുപിടിച്ചു.
ഒരു നിമിഷം മാത്രം. പക്ഷേ ആ നിമിഷത്തിൽ അവൻ എന്റെ ഉള്ളിൽ കൂടുകൂട്ടി.
പിന്നെ വിട്ടുമാറി. തിരിഞ്ഞുനോക്കാതെ കസേരയിൽ പോയിരുന്നു. മുഖം പൊത്തി.
അവന്റെ പുറം വിറയ്ക്കുന്നത് ഞാൻ കണ്ടു. പോയി ചേർത്തുപിടിച്ചൂ.
അതായിരുന്നു അവസാനത്തെ ചൂട്..
പിറ്റേന്ന് അവൻ കോളേജിൽ പോയി. ഈ ഷർട്ട് ഊരിയിട്ടിട്ട്. ഈ പുസ്തകം തുറന്നുവെച്ചിട്ട്. ലാപ്ടോപ്പ് ഷട്ട് ഡൗൺ ചെയ്യാതെ ഇട്ടിട്ട്. ലാമ്പ് അണയ്ക്കാതെ ഇട്ടിട്ട്.
പിണങ്ങിപ്പോയ അവന്റെ വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വിളക്ക് അണയ്ക്കാൻ തോന്നിയില്ല.
“അമ്മേ…” ആ വിളി കേട്ടാണ് ശ്രീദേവി ഞെട്ടിയത്. കസേരയെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ അവർ തല ഉയർത്തി.
വാതിൽക്കൽ ദാസേട്ടൻ. കാക്കിക്കുപ്പായമില്ല. മുണ്ടും ഷർട്ടും. കണ്ണ് കലങ്ങിയിരിക്കുന്നു. അയാളുടെ കൈയിൽ ചേർത്തുപിടിച്ചിരിക്കുന്നത് അമ്മുവിനെയാണ്. മോള് വിറയ്ക്കുന്നുണ്ടായിരുന്നു.
“ദേവീ…” അയാളുടെ ശബ്ദം ഇടറി. “നമ്മുടെ മോൻ…”
ശ്രീദേവി ഒന്നും ചോദിച്ചില്ല. ആ ഒഴിഞ്ഞ കസേരയിലേക്ക് നോക്കി. മൂന്ന് ദിവസമായി അണയാതെ കിടക്കുന്ന ടേബിൾ ലാമ്പിലേക്ക് നോക്കി. പാതി മടങ്ങിയ ഷർട്ടിലേക്ക് നോക്കി. എല്ലാം മനസ്സിലായി.
ദാസൻ തറയിൽ മുട്ടുകുത്തിയിരുന്നു. അയാൾ അന്നുവരെ ധരിച്ച കാക്കിക്കുപ്പായം, പിടിച്ച കൊടികൾ, പറഞ്ഞ ന്യായങ്ങൾ – എല്ലാം ഇന്ന് അയാളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.
“ഞാൻ… ഞാൻ അവനെ കാക്കേണ്ടവനായിരുന്നു ദേവീ,” അയാൾ പൊട്ടിക്കരഞ്ഞു. “നിയമം പാലിക്കേണ്ടവനായിരുന്നു. ഞാൻ കണ്ണടച്ചു. എന്റെ മോന്റെ നേരെ.”
ശ്രീദേവി മെല്ലെ എഴുന്നേറ്റു. കസേരയെ വിടാതെ, ഒരു കൈ കൊണ്ട് അതിൽ പിടിച്ചുകൊണ്ട് തന്നെ. മറ്റേ കൈ കൊണ്ട് അവർ കണ്ണന്റെ ഷർട്ട് മടക്കിവെച്ചു. ഭംഗിയായി. അവൻ പറഞ്ഞതുപോലെ.
മേശപ്പുറത്തെ ടേബിൾ ലാമ്പിന്റെ നേരെ കൈ നീട്ടി.
മൂന്ന് ദിവസമായി കത്തുന്ന വെളിച്ചം.
വിരൽ സ്വിച്ചിൽ തൊട്ടു. ഒരു നിമിഷം നിന്നു.
പിന്നെ മെല്ലെ… അമർത്തി.
മുറിയിൽ ഇരുട്ട് പരന്നു.
പക്ഷേ അവൾക്ക് ഇരുട്ടില്ലായിരുന്നു. അവനവിടെ ഇരുന്ന് പുസ്തകം മറിക്കുന്നുണ്ട്.
അതുമതി.
പിന്നെ വളരെ പതിയെ, ഇരുട്ടിലേക്ക് നോക്കി അവർ പറഞ്ഞു.
“ദാസേട്ടാ.”
ഒരു പേരുമാത്രം. പക്ഷേ ആ വിളിയിൽ ഒരു യുഗത്തിന്റെ ഭാരമുണ്ടായിരുന്നു.
“ഇനി ഒരു അമ്മയ്ക്കും…”
അവരുടെ ശബ്ദം നിന്നു. തൊണ്ടയിൽ എന്തോ ഉടക്കിയ പോലെ.
ഒരു ദീർഘനിശ്വാസം.
“എന്നെപ്പോലെ ആവരുത്.”
അത്രമാത്രം.
പിന്നെ ഒന്നും മിണ്ടാതെ ദാസേട്ടന്റെ നേരെ തിരിഞ്ഞു.
“എന്റെ മോന് നീതി വേണം. അതില്ലെങ്കിൽ ആ കാക്കി നിങ്ങൾക്ക് ചേരില്ല.”
പുറത്ത് മഴ തോർന്നിരുന്നു.
മുറിക്കുള്ളിൽ ഇരുട്ട് പരന്നു.
പക്ഷേ ആ ഇരുട്ടിലും ആ ഒഴിഞ്ഞ കസേര തെളിഞ്ഞു കാണാമായിരുന്നു.
‘റാഗിങ്’ എന്ന് പറഞ്ഞ് ഒരു അമ്മയുടെ മകന്റെ ജീവൻ കവർന്ന നാടിന്റെ മുഖത്തേക്കുള്ള ചോദ്യചിഹ്നമായി.
ശ്രീദേവി വീണ്ടും ആ കസേരയിൽ മെല്ലെ തലചായ്ച്ചു.
“എന്തേലും കാര്യം സാധിക്കണമെങ്കിൽ അമ്മ മനസ്സ് തങ്ക മനസ്സ്” എന്ന് അവൻ പാടിയത് ഇപ്പോഴും ഈ ചുവരുകളിൽ മുഴങ്ങുന്നുണ്ട്.
ഇനി ആരും പാടിയില്ലെങ്കിലും.
ഒഴിഞ്ഞ കസേര ഒരിക്കലും ഒഴിഞ്ഞതല്ല. അത് ഒരു അമ്മയുടെ നെഞ്ചാണ്. അവിടെ അവരുടെ മകൻ എന്നും ഉണ്ട്.
#മദർസ് ഡേ


4 Comments
നല്ല രചന 👍
❤️👍
നല്ല കഥ.നല്ല എഴുത്ത്.മനസ്സിൽ തട്ടി.
നല്ല കഥ💕