അയ്യോ ഏഴുമണി കഴിഞ്ഞല്ലോ
അമ്മേ
എന്നെ ആറു മണിക്കു വിളിക്കണമെന്നറിയില്ലേ?
ഇന്നു ലേറ്റാകുമല്ലോ ദൈവമേ
അമ്മേ
ഇന്നെന്താ ബെഡ് കോഫിയൊന്നുമില്ലേ?
രാവിലെ പലഹാരമെന്താ അമ്മേ?
ദോശയാണെങ്കിൽ തനിയെ തിന്നാൽ മതി എനിക്കു വേണ്ട.
എൻ്റെ പാൻ്റും ഷർട്ടും തേച്ചു വെച്ചേക്കണേ
ഞാൻ കുളിച്ചിട്ടു ദാ വന്നു
എൻ്റെ ഷൂ പോളിഷ് ചെയ്തു വെച്ചിട്ടില്ലെങ്കിൽ നോക്കിക്കോ .
ഇന്നു ലേറ്റായാൽ മാനേജരുടെ ചീത്ത പത്തിരട്ടിയായി അമ്മയ്ക്കു തരും കേട്ടോ
ഈ അമ്മ ഇതെവിടെപ്പോയിക്കിടക്കുന്നു ?
അമ്മേ……. അമ്മേ……
അയാൾ അടുക്കളയിലേക്കു ചെന്നു .
അമ്മയുടെ വരവു കാത്തു മടുത്ത അടുക്കള പരിഭ്രാന്തിയോടെ അയാളെ തുറിച്ചു നോക്കി.
തണുത്തുറഞ്ഞു കിടക്കുന്ന സ്റ്റൗവ്
ഉറക്കം വിടാത്ത മിഴികളോടെ പകച്ചു നോക്കുന്നതു കണ്ട് അയാൾ തിരിഞ്ഞു നടന്നു.
പാതി ചാരിയ വാതിലിനു പിന്നിൽ ഒരു നിമിഷം നിന്നു.
ശബ്ദമുണ്ടാക്കാതെ കതകുകൾ വശങ്ങളിലേക്കു മാറി.
അയാളുടെ കൈകൾ വിറച്ചു .
നെഞ്ചിൽ പെരുമ്പറ കൊട്ടി.
വേച്ചു പോകുന്ന കാലുകളുമായി അകത്തേക്കു കടന്നു.
ചരിഞ്ഞു കിടന്നുറങ്ങുന്ന അമ്മയെക്കണ്ട് മനസ്സിലുയർന്ന ആശ്വാസത്തിൻ്റെ നെടുവീർപ്പിന് നിമിഷങ്ങളുടെ ആയുസ്സുമാത്രം.
അമ്മേ
ഒരു തേങ്ങലോടെ അയാളാ ശരീരത്തിലേക്കു വീണു.
ഞെട്ടിയുണർന്ന വീടും ഒപ്പം തേങ്ങിക്കരഞ്ഞു.


2 Comments
ഹൃദയ സ്പർശിയായ എഴുത്ത്🙏🙏
കുഞ്ഞെഴുത്ത് , നല്ലെഴുത്ത്👌👌👏👏❤️❤️