ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഇളം തെന്നലിൽ പാറി പറന്നു വന്ന മനോഹര സായാഹ്നത്തിൽ ലോകം മാതൃ ദിനം ആഘോഷിക്കുന്ന ഈ നിമിഷത്തിൽ ഉമ്മയെക്കുറിച്ച് എഴുതാൻ തൂലിക ഒന്ന് ചലിപ്പിക്കട്ടെ.
പത്ത് നാല്പത് വർഷങ്ങൾക്ക് മുമ്പ് ചാലിയാർ പുഴയുടെ തീരത്തുള്ള അരീക്കോട് ഗ്രാമത്തിൽ മൂന്ന് ഇക്കാക്കമാരുടെ അനിയത്തി ആയി ജനിച്ചു വീണപ്പോൾ ഉമ്മയുടെ പ്രായം 40 കഴിഞ്ഞു. ഓർമ്മവെച്ച നാൾ മുതൽ നല്ല ചിട്ടയോട് കൂടിയുള്ള ദിനചര്യകൾ ആയിരുന്നു ഉമ്മയുടേത്. പ്രഭാതം പൊട്ടി വിടരുന്നതിന് മുന്നേ എണീക്കുന്ന ഉമ്മ നമസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് മാത്രമേ മറ്റു ജോലികളിൽ ഏർപ്പെടുകയുള്ളൂ. വീടിനു അടുത്തുള്ള സർക്കാർ സ്കൂളിൽ അധ്യാപിക ആയിരുന്ന ഉമ്മാക്ക് നിന്ന് തിരിയാൻ പോലും സമയം ഉണ്ടാകാറില്ല. എങ്കിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താതെ ഉമ്മ നടത്തി തരുമായിരുന്നു.
കാലങ്ങൾ പലതും കഴിഞ്ഞു പോയപ്പോൾ ഉമ്മയുടെ സ്കൂളിൽ തന്നെ ആണ് ഒന്നാം തരം മുതൽ ഞാനും പഠിച്ചിരുന്നത്. ഉമ്മയുടെ കൂടെയുള്ള ജീവിത യാത്രകൾ അങ്ങനെ ആരംഭിച്ചു. ഉമ്മയും ഞാനും ഒരുമിച്ച് ആയിരുന്നു സ്കൂളിൽ പോകുന്നതും വരുന്നതും. സ്കൂൾ വിട്ടു കഴിഞ്ഞു ഞങ്ങൾ പിന്നെ അങ്ങ്ത്ത ഉമ്മയുടെ അടുത്ത് പോകും(ഉമ്മയുടെ ഉമ്മ). ഞങ്ങളെ കാത്ത് തറവാടിന്റെ കോലായിലെ(Sit out) ചാരുകസേരയിൽ നീല കരയുള്ള വെള്ളകാച്ചി തുണിയും വെള്ള തട്ടവും ധരിച്ചു ഇരിക്കുന്നുണ്ടാവും. അങ്ങ്ത്ത ഉമ്മയും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു.
ഒരിക്കൽ ഉമ്മയും ഉപ്പയും ഹജ്ജ് കർമ്മത്തിന് പോയിരുന്നു. അപ്പോൾ വല്ലുമ്മയുടെയും അമ്മായിയുടേം കൂടെ ആയിരുന്നു ഞാൻ താമസിച്ചത്. വീണ്ടും കുട്ടിക്കാലം എനിക്ക് ഓർമ്മ വന്നു. വളരെ രസകരമായിരുന്നു അന്ന് വല്ലുമ്മ. ഇപ്പോൾ ജീവിച്ചിരിപ്പില്ല. വല്ലുമ്മയെക്കുറിച്ചും രണ്ടു വരിയെങ്കിലും എഴുതണം എന്നു എനിക്ക് തോന്നി. എന്റെ സ്കൂൾ ജീവിതം കഴിഞ്ഞു പ്രീഡിഗ്രിക്ക് ചേർന്ന് ഒരു വർഷം കഴിഞ്ഞു ഉമ്മ സർവീസിൽ നിന്നും വിരമിച്ചു.വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഉമ്മ ഒതുങ്ങി കൂടി. അങ്ങനെ ഉമ്മയുടെ കൂടെ ഉള്ള എന്റെ ചെറിയ യാത്രകൾ അവസാനിച്ചു.
ഉമ്മ പുറത്തു ഇറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ആയി. ഉമ്മ കൂടെ ഇല്ലാത്ത ചെറിയ യാത്രകൾ പോലും എനിക്ക് അന്ന് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. പിന്നെ ഒരു വർഷത്തിനു ശേഷം എന്റെ പ്രീഡിഗ്രി പഠനം കഴിഞ്ഞു, തുടർ പഠനത്തിനു വേണ്ടി പെരിന്തൽമണ്ണക്ക് അടുത്തുള്ള തിരൂർക്കാട് ഇലാഹിയ കോളേജിൽ ബിരുദത്തിനു ചേർന്നു. വീട്ടിൽ നിന്നും ദിവസവും ഉള്ള പോക്ക് വരവ് ബുദ്ധിമുട്ട് ആയതിനാൽ ഹോസ്റ്റലിൽ നിക്കേണ്ടി വന്നു. വീട്ടിൽ നിന്നും ഉപ്പയോ ഉമ്മയോ കൂട്ടാൻ വന്നാൽ മാത്രം ആണ് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോകാൻ അനുമതി ലഭിക്കുകയുള്ളൂ,അതും മാസത്തിൽ ഒരു തവണ മാത്രം. അന്നൊക്കെ ഉമ്മ ആയിരുന്നു എന്നെ തേടി ഹോസ്റ്റലിൽ വരാറ്. അങ്ങനെ ഉമ്മ വീണ്ടും വീട്ടിൽ നിന്നും പുറത്ത് ഇറങ്ങി തുടങ്ങി. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള ആ യാത്രയും ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല. വീട് എത്തുന്ന വരെ ഉമ്മാക്കും,എനിക്കും പങ്കു വെക്കാൻ ഒരു പാട് വിശേഷങ്ങൾ കാണും. അപ്പോഴൊക്കെ ഞാൻ വിചാരിക്കും, ഈ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന്.
കാലങ്ങൾ കൊഴിഞ്ഞു പോകുന്തോറും ഉമ്മയിൽ നിന്നും ഞാൻ ഒത്തിരി ഒത്തിരി അകന്നു. കാണാൻ പറ്റുന്ന ദൂരത്തിൽ നിന്നും ഒരുപാട് അകലെ. അതിനിടയിൽ കുടുംബജീവിതത്തിലേക്ക് കടന്നു. ഉമ്മയെ കാണൽ വല്ലപ്പോഴും ഉള്ള സന്ദർശനങ്ങളിൽ ഒതുങ്ങി. ഉമ്മയുടെ കൂടെ മതി മറന്നു നിൽക്കാൻ പിന്നീട് എനിക്ക് അവസരം ലഭിച്ചത് എന്റെ മൂന്ന് മക്കളുടെയും പ്രസവ സമയത്ത് ആയിരുന്നു. ഒരു നാലു വർഷം മുന്നാണ് ഉമ്മയുടെ കാലിൽ ബ്ലോക്ക് വന്നിട്ട് സർജറി ചെയ്യേണ്ടി വന്നത്. അന്ന് ഹോസ്പിറ്റലിൽ ഒരു ആഴ്ച ഞാൻ ഉമ്മയുടെ കൂടെ നിന്നു. ഞാനും ഉമ്മയും മാത്രം. ആ ദിവസങ്ങളും പെട്ടെന്ന് കടന്നു പോയി.
കുറച്ചു മാസങ്ങൾക്ക് ശേഷം ഞങ്ങളെ തേടി അതിവിദൂരമായ ഒരു യാത്രക്ക് അവസരം വന്നു. അങ്ങനെ നാട്ടിൽ നിന്നും പ്രവാസ ലോകത്തേക്ക് ഞങ്ങൾ ചുവടുവെച്ചു. ചില സാഹചര്യങ്ങൾ കാരണം വന്നതിൽ പിന്നെ നമുക്ക് ഇതു വരെയും നാട്ടിൽ പോകാൻ സന്ദർഭം ഒത്തു വന്നില്ല. ഇടയ്ക്കു ഉള്ള ഫോൺ വിളികൾ മാത്രം ആണ് ആകെ ഉള്ള സമാധാനം. ഇപ്പോൾ ഉമ്മാക്ക് 81 വയസ്സ് കഴിഞ്ഞു. പടച്ച തമ്പുരാന്റെ അനുഗ്രഹത്താൽ ഇപ്പോഴും ഉമ്മ പൂർണ്ണ ആരോഗ്യവതി ആണ്. മുടക്കം ഒന്നും ഇല്ലാതെ പഴയ ദിനചര്യകൾ തുടർന്ന് പോകുന്നു. ഓരോ ദിവസം കഴിയുന്തോറും ഉമ്മയെ കാണാൻ ഉള്ള കൊതി കൂടി കൂടി വരുന്നു. ആയുസ്സ് ഒടുങ്ങുന്ന മുന്നേ ഒരു നോക്കു കാണാൻ വിധി കൂടി തരണേ എന്ന് പ്രാർത്ഥന മാത്രം ആണ് ഉമ്മാക്ക് വേണ്ടി നൽകാൻ ഉള്ളത്.
ഉമ്മയോട് ഉള്ള അടങ്ങാത്ത സ്നേഹവും പ്രാർത്ഥനയും എന്നും ഈ മനസ്സു നിറയെ ഉണ്ടാകും. ഞങ്ങൾ ഒരുമിച്ചു താണ്ടിയ വഴികൾ ഒരിക്കൽ കൂടി ഞങ്ങളുടെ മുന്നിൽ വന്നിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു പോകുന്നു. ഉമ്മയുടെ കൂടെ, സ്കൂളിലേക്കും കോളേജിലേക്കും ഉള്ള യാത്രകൾ ഇന്നും എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. എത്രയും പെട്ടെന്ന് എല്ലാവരെയും, അത് പോലെ ഉമ്മയെയും കാണാൻ പറ്റണെ എന്ന
ആഗ്രഹത്തോടെ🤲
#എന്റെരചന
#മാതൃദിനം2026
സയറ ഫാത്തിമ

