ഒരു നിമിഷം കഴിഞ്ഞ് ഞാൻ.. “ഹോസ്പിറ്റലിൽ അല്ലേ പോകണ്ടത്” എന്നു ചോദിക്കാനും “വേണ്ട, ഇനി അതിന്റെ ആവശ്യം ഇല്ല മോളെ “എന്നു പറഞ്ഞു കൊണ്ട് എന്നെ പതുക്കെ താഴേക്ക് നടത്തി..
എന്റെ ശരീരം എന്റെ നിയന്ത്രണത്തിലല്ല മുന്നോട്ടു പോകുന്നതെന്ന് എനിക്കു മനസ്സിലായി. പ്രിയ എന്നെ എങ്ങോട്ടോ കൊണ്ട് പോകുന്നു.
വീട്ടിൽ എത്തിയപ്പോൾ അമ്മയും പപ്പയും ആൽവിൻ ചേട്ടനും വണ്ടിയിൽ കയറിയിരിക്കയാണ്. ഞങ്ങളെ കണ്ടപ്പോൾ അമ്മ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു
“ഞങ്ങൾ പോകട്ടെ. നിങ്ങൾ ഒന്നു ഫ്രഷ് ആയിട്ട് പൊന്നുവുമായി പുറകേ വന്നാൽ മതി.”
“ഇല്ലമ്മേ, ഞങ്ങളും വരുന്നു. ആലീസാന്റി തനിച്ചല്ലേ അവിടെ. കുഞ്ഞുങ്ങളെ നോക്കണ്ടേ. മോളെ എടുത്തോണ്ട് ഞങ്ങളും ഇറങ്ങുകയാണ്..”എന്നിട്ട് പ്രിയ എന്നോടായി പറഞ്ഞു..
” അഞ്ജു, നീ ഇറങ്ങ്. സാരി മാറ്റി കംഫർട്ടബിൾ ആയ ഡ്രെസ്സ് ഏതേലും ഇട്ടോ മോളെ.”
ഞാൻ തലയാട്ടി. മുകളിലേക്ക് കയറി പോകുമ്പോൾ കാലുകൾ ഉറക്കാത്ത പോലെ. ഒരു നിമിഷം അന്തരീക്ഷത്തിൽ പൊങ്ങി പറക്കയാണോ എന്ന് തോന്നി…. എങ്ങനെയോ മുറിയിൽ എത്തി കയ്യിൽ കിട്ടിയ എന്തൊക്കെയോ സാധനങ്ങൾ ഒരു ബാഗിൽ കുത്തി നിറച്ചു..
പ്രിയ താഴേന്നു വിളിക്കുന്നു. ശൂന്യമായ മനസുമായി വീട്ടിൽ നിന്നും ഇറങ്ങി. മെർലിയുടെ കുഞ്ഞുങ്ങളുടെ മുഖവും ഓർത്തുകൊണ്ട് വണ്ടിയിൽ കയറി. അടുക്കും ചിട്ടയുമില്ലാതെ എന്തെക്കെയോ മനസ്സിൽ വന്നു നിറയുന്നു.
മെർലിയുടെ വീട്ടിൽ ചെന്ന ഉടനെ തന്നെ കുഞ്ഞുങ്ങളെ ഞാനും പ്രിയയും ഏറ്റെടുത്തു. ആലീസാന്റി നിർവികാരയായി ഒരു കട്ടിലിൽ ഇരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ കുഞ്ഞുങ്ങളെ നോക്കാനായി വരുന്ന സാലി ചേച്ചി ദീർഘ നിശ്വാസത്തോടെ അകത്തോട്ടു പോയി കുഞ്ഞുങ്ങൾക്ക് പാൽ എടുത്തോണ്ടു വന്ന് ഞങ്ങളെ ഏൽപ്പിച്ചു.
ഒത്തിരി ബന്ധുക്കൾ ഒന്നും എത്തിയിട്ടില്ല. എല്ലാവരും അറിഞ്ഞു വരുന്നല്ലേയുള്ളു. അമ്മ ആലീസാന്റിയുടെ അടുത്ത് തന്നെ ഉണ്ട്. വെറുതെ കയ്യിൽ പിടിച്ച് ഒരക്ഷരം പോലും ഉരിയാടാതെ….. അല്ലെങ്കിൽ തന്നെ എന്തു പറയാനാണ്…
ആണുങ്ങൾ എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയിരിക്കുന്നു. അതിനിടയിൽ ആലീസാ ന്റി പെട്ടെന്ന് ഓർമ്മ വന്ന പോലെ ചോദിച്ചു… “മോനു വന്നോ. അവനെ വിളിക്ക്. എനിക്ക് അവനെ കാണണം..”
അമ്മ പറഞ്ഞു “ആലീസേ, മോനു പുറപ്പെട്ടിട്ടുണ്ട്. നീ ഒന്നടങ്ങ്..”
കുഞ്ഞുങ്ങളെ പാൽ കൊടുത്ത് ഉറക്കി കിടത്തി എന്നെ അവിടെ കാവലും ഇരുത്തിയിട്ട് പ്രിയ പുറത്തേക്ക് പോയി. തനിച്ചായപ്പോൾ എനിക്ക് വല്ലാത്ത ഒരു വീർപ്പു മുട്ടൽ… ആ മുറി മുഴുവൻ മെർലി ആണ്. അവളുടെ സാന്നിധ്യം മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധം എന്നെ തഴുകി നിൽക്കുന്നു. കുട്ടിക്കാലം മുതൽ എത്രയോ പ്രാവശ്യം ഈ മുറി എന്റേതും കൂടി ആയിരുന്നു. അവളുടെ സ്പർശം അറിഞ്ഞിട്ടുള്ള എല്ലാ വസ്തുക്കളും ഞാൻ ആദ്യമായി കാണുന്നത് പോലെ നടന്നു കണ്ടു.
ചെറുപ്പത്തിൽ വേനലവധിക്കു അവളുടെ പപ്പയുടെ വകയിലുള്ള കസിൻസ് അവളുടെ വീട്ടിൽ ഒത്തുകൂടുമ്പോൾ ഞാനും ആൽവിൻ ചേട്ടനും നിത്യ സാന്നിധ്യമായിരുന്നു. ആ ആഘോഷ രാവുകൾ ഇന്നും ഓർമ്മയിൽ പച്ച പിടിച്ചു കിടപ്പുണ്ട്… ചരലുകൾ വിരിച്ചിരുന്ന മുറ്റവും അവിടെ നിന്നിരുന്ന വലിയ മുല്ലയും ഓർമ്മയിൽ ഗൃഹാതുരത്വം ഉണർത്തുന്നു. മെയ് മാസത്തിലെ നിലാവും ആകാശത്തിൽ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന കുഞ്ഞ് കുഞ്ഞ് നക്ഷത്രങ്ങളും നിറയെ പൂത്തുലഞ്ഞു നിന്നിരുന്ന മുല്ലയും അതിന്റെ ഹൃദ്യമായ സുഗന്ധവും ഒക്കെ എങ്ങനെ മറക്കും?
കുട്ടികൾ എല്ലാവരും അത്താഴം കഴിഞ്ഞ് അവിടെ ഒത്തുകൂടി തിമിർക്കും. മെർലിയെ അണിയിച്ചൊരുക്കുക ആണ് മുതിർന്ന പെൺകുട്ടികളുടെ ഒരു ഹോബി… അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു താനും… ഇപ്പോൾ ചരലുകൾ ഒക്കെ എടുത്തു മാറ്റി അവിടെ മുറ്റത്ത് ടൈലുകൾ പാകിയിരിക്കുന്നു…
മെർലിയെ പ്രസവത്തിന് ഇങ്ങോട്ട് വിളിച്ചു കൊണ്ടു വന്നതിനു ശേഷം ഒരു ദിവസം അവൾ എന്നെ കോളേജിലേക്ക് വിളിച്ചു.
“അഞ്ജു, എനിക്ക് നിന്നെ ഒന്നു കാണണം, നീ ഒന്നു വരുമോ…”
എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഫോൺ കയ്യിൽ പിടിച്ച് ഇരുന്നു…
“അഞ്ജു, നീ കേൾക്കുന്നില്ലേ… നാളെ നിന്നെ ഞാൻ പ്രതീക്ഷിക്കും….”
ഞായറാഴ്ച പള്ളി കഴിഞ്ഞ് ആലീസാന്റി യുടെ കൂടെ പോയി. മെർലിക്ക് ട്വിൻസ് ആണെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. അവളുടെ പപ്പയുടെ കുടുംബത്തിൽ ട്വിൻസിന്റെ ബാഹുല്യമാണ്.
മെർലി പ്രതീക്ഷിച്ചിരിക്കയായിരുന്നു. എന്നെ കണ്ടതും ആ വലിയ വയറും താങ്ങി എണീറ്റു വന്നു.ഞാൻ അവളെ കട്ടിലിൽ തന്നെ പിടിച്ചിരുത്തി. വലിയ വയറും കൊണ്ട് എണീറ്റു നിൽക്കുന്നത് കാണാനേ വയ്യ. എനിക്കു ശ്വാസം മുട്ടുന്നു.
അവൾ ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു. രണ്ട് കരങ്ങളും കവർന്നെടുത്ത് തുരുതുരെ ഉമ്മ വെച്ചു. കണ്ണുകളിലെ നീർത്തിളക്കം കണ്ടപ്പോൾ എന്റെ മനസ്സും കലങ്ങി.
കുറച്ചു നേരം നിശ്ശബ്ദമായിരുന്നിട്ടു അവൾ പറഞ്ഞു.. നമ്മൾ അടുത്തടുത്ത് ഇരിക്കുന്നെങ്കിലും നീ മനസ്സുകൊണ്ട് എ ന്നിൽ നിന്നും വളരെ അകലെയായത് പോലെ തോന്നുന്നു.
ഞാൻ ഒന്നും മിണ്ടിയില്ല. ആലീസാന്റി യും എന്റെ അമ്മയും ചേട്ടാനിയന്മാരുടെ മക്കൾ ആണ്. ഈ നാട്ടിലേക്ക് തന്നെ ആലീസാന്റിയെ കല്യാണം കഴിച്ച് കൊണ്ടു വന്നതിൽ ഏറ്റവും സന്തോഷിച്ചതും എന്റെ അമ്മയാണ്. കസിൻസിൽ ഏറ്റവും അധികം അടുപ്പം എനിക്കും ആൽവിൻ ചേട്ടനും ആലീസാന്റിയുടെ മക്കളോടും ആണ്.
ആലീസാന്റിക്ക് മോനു ചേട്ടൻ ഉണ്ടായിക്കഴിഞ്ഞു ആറു വർഷം കഴിഞ്ഞാണ് മെർലി ഉണ്ടായത്. എന്നേക്കാൾ ആറു മാസം ഇളയതാണ് എങ്കിലും ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു. അവൾക്ക് മോനു ചേട്ടനേക്കാൾ അടുപ്പം എന്നോടും ആൽവിൻചേട്ടനോടും ആയിരുന്നു എന്നും.
അങ്കിളും ആന്റിയും ഒത്തിരി പുന്നാരിച്ചാണ് അവളെ വളർത്തിയത്. ശരിക്കും ഒരു കിലുക്കാംപെട്ടി… എല്ലാവരുടെയും കണ്ണിലുണ്ണി. സകല ആളുകളോടും സൗഹൃദം കാണിക്കും. എല്ലാവരെയും നോക്കി ചിരിക്കും.ഞങ്ങളുടെ നാട്ടിൽ അവളെ അറിയാത്ത ആരും ഉണ്ടായിരുന്നില്ല.
വളർന്നപ്പോളും ആ സ്വഭാവം മാറിയില്ല. ആലീസാന്റി എപ്പോഴും പറയും.. നീ എപ്പോഴും അവടെ കൂടെ ഉള്ളതാ മോളെ എനിക്ക് ഒരു സമാധാനം… നിന്നെ എതിർത്ത് അവൾ ഒന്നും ചെയ്യില്ല എന്നെനിക്കറിയാം..
അഞ്ജു,…. ഓർമ്മകളിൽ ലയിച്ചിരുന്ന എന്നെ അവൾ ഉണർത്തി…
സോണിച്ചനും നീയും തമ്മിലുള്ള വിവാഹത്തിന് നീ എന്റെ കുടുംബത്തിൽ നിന്ന് തന്നെയുള്ളവളായതുകൊണ്ട് കളരിക്കൽകാർക്ക് വലിയ താല്പര്യമായിരുന്നു. നീയും ഞാനും ഒരേ കുടുംബത്തിൽ തന്നെ ചെന്നു കയറണമെന്നത് എന്റെ എക്കാലത്തെയും വലിയ സ്വപ്നവുമായിരുന്നു.
പക്ഷേ, തിരുത്താനാവാത്ത ഒരു തെറ്റ് എനിക്ക് സംഭവിച്ചു പോയി. സത്യത്തിൽ നിന്റെയും സോണിച്ചന്റെയും കല്യാണത്തിന് മുമ്പ് നിന്നോട് എല്ലാ സത്യങ്ങളും തുറന്നു പറയണമെന്നും ഈ കല്യാണത്തിൽ നിന്നും നിന്നെ പിന്തിരിപ്പിക്കണമെന്നും ഞാൻ വിചാരിച്ചിരുന്നതുമാണ്.. പക്ഷേ, സാധിച്ചില്ല.. വിധി എന്നൊന്നുണ്ടല്ലോ..
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് അധികം താമസിക്കാതെ തന്നെ ഞങ്ങൾ കോയമ്പത്തൂർ താമസിക്കാൻ പോയത് നിനക്കറിയാമല്ലോ. ബിസിനസിന്റെ സീസൺ ആയപ്പോൾ പപ്പ സോണിച്ചനെ അങ്ങോട്ട് പറഞ്ഞയച്ചു. സേവിച്ചനെ സഹായിക്കാൻ.
സോണിച്ചൻ കുറച്ച് റിസേർവ്ഡ് ടൈപ്പ് ആണല്ലോ. സേവിച്ചന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവം. എന്നെ നിനക്ക് അറിയാമല്ലോ. ഒരാളെ പോലും വെറുതെ വിടില്ല. എന്നെ, എന്റെ സൗന്ദര്യത്തെ മറ്റുള്ളവർ അഡ്മയർ ചെയ്യുന്നത്(ആരാധിക്കുന്നത്) എന്നും എനിക്ക് ഒരു ഹരം ആയിരുന്നു. ചെറുപ്പത്തിന്റെ ഒരു ഇളക്കം. ആരോടും പ്രത്യേകിച്ച് പ്രേമവും ഇല്ല, താല്പര്യവും ഇല്ല. പക്ഷേ എല്ലാവരും എന്നെ നോക്കണം, ശ്രദ്ധിക്കണം….. ഒരു തരം ഫ്‌ളർട്ടിങ് മനസ്സ്. ദേഹത്ത് തൊട്ടുള്ള സ്നേഹത്തിന് നിന്നു കൊടുക്കാറുമില്ല.
നമ്മൾ പഠിച്ച ‘ വികാർ ഓഫ് വെയിക്ക് ഫീൽഡി’ലെ കഥാപാത്രങ്ങളെ നീ ഓർക്കുന്നില്ലേ? ഒലീവിയയും സോഫിയായും. ഞാൻ അതിലെ ഒലീവിയ ആയിരുന്നവെന്നാണ് തോന്നുന്നത്.ഇപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
മെർലി ഒന്നു നിർത്തി എന്തോ ആലോചനയിൽ മുഴുകി.
നീ ഇംഗ്ലീഷ് സാഹിത്യത്തിൽ പിജി (ബിരുദാനന്തര ബിരുദം ) ചെയ്യാതിരുന്നത് എന്താ മോളെ? ശ്ശെ… വലിയ ഒരു നഷ്ടമായിപ്പോയി.
ഞാൻ കുസൃതിയോടെ പറഞ്ഞു.
“എടി, ഇമോഷണൽ ആയി സംസാരിക്കുമ്പോൾ ആളെ വട്ടാക്കരുത്.”
മെർലി വിടുന്ന മട്ടില്ല.
അല്ല, നീ ഇതെന്തിനൊള്ള പുറപ്പാടാ, എനിക്ക് പോണമെടി, തുണിയൊക്കെ കഴുകിയിടണം പൊന്നു കൂടപ്പിറപ്പേ.
ഞാൻ പോകാനായി എഴുന്നേറ്റു.
“നീ അവിടെ ഇരുന്നേ, എത്രയോ നാളുകൾക്കു ശേഷം നിന്നെ ഒന്നു കയ്യിൽ കിട്ടിയതാ. ഇന്നു വിടുന്ന പ്രശ്നമില്ല.ഇന്ന് എന്റെ കൂടെ കൂടെടി. എനിക്ക് എല്ലാം ഒന്ന് ഇറക്കി വെയ്ക്കണം അഞ്ജു… നിന്നോടല്ലാതെ ആരോടാണ് എന്റെ ഹൃദയം തുറക്കാൻ കഴിയുന്നത്?”
സോണിച്ചൻ ഞങ്ങളുടെ കൂടെ താമസിക്കുന്ന സമയത്ത് ഒരാഴ്ച്ചയോളം സേവിച്ചന് ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂര് തങ്ങേണ്ടി വന്നു. അന്നാണ് ആ തെറ്റ് സംഭവിച്ചത്.
ഒരിക്കലും തിരുത്താനാവാത്ത തെറ്റ്… കുറ്റബോധത്താൽ ഞങ്ങൾ രണ്ട് പേരും നീറി. സേവിച്ചൻ തിരിച്ചെത്തിയ അന്ന് തന്നെ സോണിച്ചൻ നാട്ടിലേക്ക് പോന്നു.
പക്ഷേ ആ അഭിശപ്ത നിമിഷം എനിക്ക് രണ്ട് കുരുന്നുകളെ വയറ്റിൽ നൽകി. നിങ്ങളുടെ കല്യാണത്തിന് നാട്ടിൽ വരുന്നതിനു മുമ്പേ എനിക്ക് ചെറുതായി മോർണിംഗ് സിക്ക്നെസ് അനുഭവപ്പെട്ടിരുന്നു. പ്രെഗ്നന്റ് ആണെന്ന് എല്ലാവരും അറിയുന്നതിനു മുമ്പ് അബോർഷന് വേണ്ടി ഞാൻ ശ്രമിച്ചതാണ്. പരിശോധയിൽ രണ്ടു കുഞ്ഞുങ്ങളുണ്ടെന്ന മനസ്സിലായപ്പോൾ എന്തോ എനിക്ക് അബോർഷനു വേണ്ടി ശ്രമിക്കാൻ തോന്നിയില്ല.
ഞാൻ സേവിച്ചനെയും അവരുടെ കുടുംബത്തെയും എന്റെ കുടുംബത്തെയും.. എന്തിന്…. എന്നെത്തന്നെയും വഞ്ചിച്ചു.ഇപ്പോൾ ഓരോ നിമിഷവും നീറി നീറി.. എങ്ങിനെയൊക്കയോ ഞാൻ മുൻപോട്ടു പോകുകയാണ്.
വിറങ്ങലിച്ചു നിൽക്കുന്ന എന്റെ കയ്യിൽ അമർത്തിപ്പിടിച്ച് തെരുതെരെ ചുംബിക്കുകയും കരയുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവളെ എല്ലാം മറന്ന് ഞാൻ കെട്ടിപ്പിടിച്ചു.
“നീ എടുത്ത തീരുമാനം വളരെ ഉചിതമായ തീരുമാനം തന്നെ ആണ് മോളെ. ഒരു ജീവനെപ്പോലും അറിഞ്ഞോ അറിയാതെയോ നശിപ്പിക്കാൻ പാടില്ല. ഈ ഭൂമിയിൽ പിറക്കാനും ജീവിക്കാനും എല്ലാവർക്കും അവകാശമുണ്ട്. മാതാപിതാക്കളെ തെരഞ്ഞെടുക്കാൻ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്ക് ആവില്ലല്ലോ.”
“അഞ്ജു, ഇത് എനിക്കല്ലാതെ ഈ ഭൂമിയിൽ ആർക്കും അറിയില്ല. ഇപ്പോൾ നിനക്കും. നിന്നിൽ നിന്നും പുറത്തു പോവില്ല എന്നെനിക്കറിയാം. എന്തായാലും കളരിക്കലെ കുഞ്ഞുങ്ങൾ ആയി അവർ വളരുമല്ലോ. കുഞ്ഞുങ്ങളെ സംബന്ധിച്ച ഈ രഹസ്യം എന്നിൽ തന്നെ ഒതുങ്ങണമെന്നും ഒടുങ്ങണമെന്നും ആണ് ഇവിടെ വരുന്നത് വരെ ഞാൻ ആഗ്രഹിച്ചത്. പിന്നീട് എനിക്ക് തോന്നി നീ അതറിയണമെന്ന്.”
“സോണിച്ചനോട് നിനക്ക് ക്ഷമിക്കാൻ പറ്റുമോ അഞ്ജു? വിവാഹത്തിന് മുമ്പ് പറ്റിയ ഒരു തെറ്റ്. ഒരു ഫാസിനേഷൻ.. ഒരു സ്ത്രീയോട് തോന്നിപോയി. ഞാനായിരുന്നു കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നത്. ഞാൻ മൂലമാണ് നിങ്ങളുടെ ബന്ധം ഇങ്ങനെയായത്. സോണിച്ചന്റെ കുറ്റബോധം ആണ് നിങ്ങടെ ബന്ധത്തിലെ വില്ലൻ എന്നാണ് എനിക്ക് മനസ്സിലായത്.”
“സോണിച്ചൻ ആ സംഭവത്തിന് ശേഷം എന്റെ മുമ്പിൽ അധികം വരാറില്ല. എന്നോട് മിണ്ടാറില്ല. എന്നോടുള്ള മനോഭാവം എന്താണെന്നു പോലും എനിക്കറിയില്ല.
ചിലപ്പോൾ ഒരു ചീത്ത സ്ത്രീ ആയിട്ടായിരിക്കും എന്നെ കരുതുന്നത്. എന്തു ചെയ്യാനാടീ, ഞാൻ ഇങ്ങനെ ആയിപ്പോയി.”
” മെർലി, നീ ഇങ്ങനെ സ്വയം ഉരുകിയിട്ടോ നിന്നെ തന്നെ താഴ്ത്തിക്കെട്ടിയിട്ടോ എന്തു നേടാനാണ് മോളെ? നിന്നെ എനിക്കറിയാമല്ലോ. ഒരു നിമിഷത്തിലെ ഒരു അബദ്ധം. ഇത് ലോക ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ലല്ലോ. നീ സന്തോഷവതി ആയിരിക്കണം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനല്ലേ നമ്മുടെ മുൻ ഗണന. മറ്റു കാര്യങ്ങളെ കുറിച്ചു ചിന്തിക്കാൻ സമയം കിടക്കുവല്ലേ.”
പ്രിയയുടെ സ്വരമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്.
“അഞ്ജു, മോനു ച്ചേട്ടനും കുടുംബവും എത്തിയിട്ടുണ്ട്. അന്നച്ചേച്ചി വീണ്ടും പ്രെഗ്നന്റ് ആണല്ലേ.”
“ഉം… ആലീസാന്റി സൂചിപ്പിച്ചിരുന്നു. പ്രസവം ഇവിടെ ആണ് എന്നും പറഞ്ഞിരുന്നു.”
“അഞ്ജു, മെർലിയെ ഇപ്പോൾ കൊണ്ടു വരും. അര മണിക്കൂർ ഇവിടെ വെക്കും. കളരിക്കലേക്ക് അവളെ കൊണ്ട് പോകുന്നതിനു മുമ്പ് കുഞ്ഞുങ്ങളുമായി നമുക്ക് കളരിക്കലേക്ക് പോകണം. കുഞ്ഞുങ്ങളുടെ അത്യാവശ്യം വേണ്ട സാധനങ്ങൾ സാലിചേച്ചി ബാഗിനുള്ളിൽ ആക്കി തരും. സാലിച്ചേച്ചിയോട് ഇന്നവിടെ നിക്കണമെന്നും പറഞ്ഞിട്ടുണ്ട്.”
ഞാൻ തലയാട്ടി.
‘ഇനി ഞാൻ കളരിക്കലേക്ക് പോകുന്നത് നിന്നെയും കൂട്ടിയിട്ടാണ് എന്ന് ഉറപ്പിച്ചു പറഞ്ഞിട്ട് മെർലി, നീ എവിടെയാണ്? എന്നെ തനിച്ചു നീ വിട്ടല്ലോ മോളെ… നനുത്ത പുഞ്ചിരിയോടെ എന്നെ ഒന്നു ചേർത്ത് പിടിക്കാൻ നീ എന്റെ കൂടെയില്ലല്ലോ.’
കളരിക്കലേക്ക് വന്നു കയറുമ്പോൾ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. കുഞ്ഞുങ്ങളെ കണ്ട് അമ്മച്ചി വലിയ സങ്കടത്തോടെ കരഞ്ഞു ബഹളം വെച്ചു.
സ്വയം ആശ്വസിക്കാനും അമ്മച്ചിയെ ആശ്വസിപ്പിക്കാനും ഒക്കാതെ ഒരു മരപ്പാവയെപ്പോലെ അവിടെ എവിടെയോ ഒതുങ്ങി നിന്നു.
ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ സന്ധ്യയായി. കുഞ്ഞിമണികൾക്ക് സാലിചേച്ചിയോടും ആലീസാന്റിയോടും മെർലിയെക്കാൾ കൂടുതൽ അടുപ്പവും ഇണക്കവും ഉണ്ട്. സാലിചേച്ചി ഉണ്ടായിരുന്നതുകൊണ്ട് അന്ന് രാത്രി ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു.
ഇനിയെന്ത് എന്നുള്ള ആലോചന പിറ്റേ ദിവസം മുറുകി വന്നു. സാലിചേച്ചിയ്ക്ക് ഇവിടെ വന്നു നിൽക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞതുകൊണ്ട് കുഞ്ഞുങ്ങളെ തിരിച്ചു കൊണ്ടുപോയാലോ എന്ന് ആലീസാന്റി എല്ലാവരോടും അഭിപ്രായം ചോദിച്ചു. അതാണ് നല്ലതെന്ന് എല്ലാവരും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തതാണ്.
പക്ഷേ, മോനു ചേട്ടൻ സമ്മതിച്ചില്ല. പെറ്റമ്മ ഇല്ലാതെ രണ്ടു പൊടിക്കുഞ്ഞുങ്ങളെ അമ്മ എങ്ങനെ നോക്കും? ഭാവി കാര്യങ്ങൾ കൂടി നമ്മൾ ചിന്തിക്കണമല്ലോ. സേവിച്ചൻ ആണ് ഒരു ഡിസിഷൻ എടുക്കേണ്ടത് എന്നും മോനു ചേട്ടൻ പറഞ്ഞു.
“മോനെ, ഈ കുഞ്ഞുങ്ങൾ ഞങ്ങൾക്ക് കിട്ടിയ നിധികൾ ആണ്. കളരിക്കൽ വളരേണ്ട കുഞ്ഞുങ്ങൾ ആണ് ഇവർ. അമ്മയില്ലാത്ത പൊടിക്കുഞ്ഞുങ്ങളെ സേവിച്ചൻ തന്നെ വിചാരിച്ചാൽ വളർത്താൻ ഒക്കുമോ. അവനു കുറച്ചു സമയം കൊടുക്ക്. അവൻ വേണ്ടത് ചെയ്യും. എനിക്ക് പ്രായമായല്ലോ. അല്ലെങ്കിൽ ഞാൻ അവരെ ഇവിടെ വളർത്തിയേനെ. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ രണ്ടു ആയമാരെ വെച്ച് ഞാൻ വളർത്തും. പക്ഷെ, എന്റെ മനസ്സ് എത്തുന്നിടത്തു ശരീരം എത്തില്ല. അതേ ഉള്ളു.”
കളരിക്കലെ അമ്മച്ചി പറഞ്ഞു.
“ഞാൻ ഒരു സജഷൻ പറയാം. രണ്ടു പേരെ വളർത്താൻ അല്ലേ ബുദ്ധിമുട്ട്. ഒരു കാര്യം ചെയ്യാം. ഒരാൾ ഇവിടെയും ഒരാൾ അവിടെയും ആയാലോ? ഭാരം നമുക്ക് ഷെയർ ചെയ്യാം.”
മോനു ചേട്ടൻ എങ്ങും നോക്കാതെ പറഞ്ഞു.
“മോനു, തല്ക്കാലം ഞാൻ ഇവിടെ കുഞ്ഞുങ്ങളുടെ കൂടെ കൂടാം. അഞ്ജു ഒരാഴ്ച ലീവ് എടുത്തിട്ടുണ്ട്. അവളും എന്റെ കൂടെ ഇവിടെ കാണും. അത് കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം”
“ശരി, അമ്മയുടെ ഇഷ്ടം.”
ആലീസാന്റിയുടെ കൂടെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഞാനും കൂടി. കുഞ്ഞിമണികൾ പെട്ടെന്ന് എന്നോട് അടുത്തു. ഒരാഴ്ച പെട്ടെന്ന് പോയി. കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയിട്ട് ഞാൻ പള്ളിയിലും മെർലിയുടെ കല്ലറക്കലും പോയി പ്രാർത്ഥിച്ചിട്ട് അടുത്തുള്ള മഠത്തിൽ കയറി. മദറിനോട് കുട്ടികളെ നോക്കാനായി ഒരു സ്ത്രീയെ കിട്ടുമോ എന്ന് ചോദിച്ചു. കിട്ടുമെങ്കിൽ വിളിച്ചു പറയാം എന്നുള്ള ഉറപ്പിൽ വീട്ടിലോട്ട് പോന്നു.
പിറ്റേ ദിവസം മദർ ഒരാളെ പറഞ്ഞയച്ചു. ആനിചേച്ചി. കുട്ടികളെ നോക്കി പരിചയമുണ്ട്. ആലീസാന്റിക്കും അമ്മച്ചിക്കും ബോധിച്ചു.
അങ്ങനെ ആദ്യഭാഗം വിജയിച്ചു…..
വൈകുന്നേരം പ്രിയയെ വിളിച്ചു സംസാരിച്ചു. തീരുമാനം പറഞ്ഞു.
“നീ ശരിക്കും ആലോചിച്ചിട്ടാണോ? വരും വരായ്കകൾ ഒക്കെ?”
പ്രിയ ആശങ്ക മറച്ചു വെച്ചില്ല.
“ഉം…. എല്ലാം നന്മക്കായി വരട്ടെ എന്നാശിക്കാനല്ലേ ഒക്കൂ. പ്രിയ.. താൻ പപ്പയോടും അമ്മയോടും ആൽവിൻ ചേട്ടനോടും പറയണം.”
“ശരി, ഞാൻ ഇവിടെ പറയാം. അവിടെ ഉള്ള വരുടെ റെസ്പോൺസ് അറിയിക്കണേടി.”
“ശരി… പിന്നെ വിളിക്കാം.” ഞാൻ ഫോൺ വെച്ചു.
വൈകുന്നേരം അത്താഴ സമയത്ത് എല്ലാവരും ഒരുമിച്ചിരിക്കുന്ന നേരം ഞാൻ അമ്മച്ചിയോടായി പറഞ്ഞു. “അമ്മച്ചി ഈ കുഞ്ഞുങ്ങളെ ഞാനും സോണിച്ചനും നിയമപരമായി തന്നെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നു. സേവിച്ചന് എതിർപ്പൊന്നും ഇല്ല. അമ്മച്ചിയും ആലീസാന്റിയും എന്തു പറയുന്നു? ഒരേ വയറ്റിൽ പത്തുമാസം ഒരുമിച്ചു കിടന്ന് ഒരുമിച്ച് പിറന്നു വീണ കുഞ്ഞുങ്ങളെ പിരിക്കുന്നതിൽ പരം ദ്രോഹം അവരോട് ചെയ്യാൻ ഇല്ല. മെർലി യുടെ ആത്‍മാവ് അത് സഹിക്കില്ല.”
“ഇത് കാലം എനിക്കായ് കരുതി വെച്ചതാണെന്ന് ഞാൻ കരുതുന്നു. ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ പറയാം. ഉറ്റവരോട് എല്ലാം ആലോചിച്ചിട്ട് പറഞ്ഞാൽ മതി. അതിനു ശേഷമേ നിയമപരമായുള്ള കാര്യങ്ങൾ തുടങ്ങു.”
“മോളെ നീ ചെയ്യുന്നത് ഏറ്റവും നല്ല ഒരു കാര്യമാണ്. പക്ഷേ, നീയും സോണിച്ചനും ചെറുപ്പമല്ലേ, നിങ്ങൾക്ക് കുട്ടികളുണ്ടാവില്ലേ? “അമ്മച്ചി ചോദിച്ചു.
“ഉണ്ടാവാം. പക്ഷേ, ഞങ്ങളുടെ ആദ്യത്തെ കണ്മണികൾ ഇവർ തന്നെയാവും. എന്റെ മെർളിയുടെ കുഞ്ഞുങ്ങളെ ഞാനായിട്ട് ഒരിക്കലും ഉപേക്ഷിക്കില്ല”. ഞാൻ പറഞ്ഞു.
“അമ്മച്ചീ, ഈ പൊടിക്കുഞ്ഞുങ്ങളെ സേവിച്ചൻ തനിച്ചു വളർത്താൻ ഒക്കുമോ? അപ്പോൾ സേവിച്ചൻ ഒരു കല്യാണം കഴിക്കണം. വരുന്ന പെണ്ണ് ഈ കുഞ്ഞുങ്ങളെ സ്വന്തം എന്ന് കരുതും എന്ന് എന്തുറപ്പാണുള്ളത്? ” ആലീസാന്റി അമ്മച്ചിയോടു ചോദിച്ചു.
കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നിൽക്കാതെ അടുക്കളയിലേക്ക് പോയി. മെർലിയിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് സോണിച്ചനുമായി ഒരു സൗഹൃദം ഉണ്ടാക്കാനായി ഒരാഴ്ച ആയിട്ട് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സോണിച്ചൻ കുറച്ചു റിസേർവ്ഡ് ടൈപ്പ് ആണെന്നാണല്ലോ മെർലി പറഞ്ഞത്. സോണിച്ചന്റെ സ്വഭാവമോ, താല്പര്യങ്ങളോ മറ്റൊന്നുമോ മനസ്സിലാക്കാൻ തനിക്ക് അവസരങ്ങൾ കിട്ടിയിരുന്നുമില്ല,. എന്റെ ഭാഗത്തു നിന്നു മനഃപൂർവം അങ്ങനെ ഒരു ശ്രമം ഉണ്ടായിട്ടുമില്ല. എന്തായാലും ഇപ്പോൾ എന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചവെന്നു പറയാം. ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന അപരിചിതത്വം മാറിക്കിട്ടി. ഞങ്ങളുടെ സംഭാഷണങ്ങളിൽ ഒന്നും മെർലി വരാതിരിക്കാനായി ഞാൻ ശ്രദ്ധിച്ചു. അവൾ എന്നോടെന്തെങ്കിലും പറഞ്ഞു കാണുമോ എന്നൊരു സംശയം സോണിച്ചന് ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
അടുക്കള ഒതുക്കികൊണ്ടിരിക്കുമ്പോൾ ആലീസാന്റി വന്നിട്ട് പറഞ്ഞു, “മോളെ നീ കുഞ്ഞുങ്ങടെ അടുത്തോട്ടു പോകുവല്ലേ. ഞാൻ ഇവിടുത്തെ അമ്മച്ചിയുടെ റൂമിൽ ഒന്നു പോയിട്ട് വന്നേക്കാം.”
കൈ കഴുകി റൂമിലേക്ക് വന്നു. ഒരാൾ തൊട്ടിലിൽ കിടന്നു കണ്ണ് ചിമ്മിക്കൊണ്ട് കിണുങ്ങുന്നു. തൊട്ടിൽ പതുക്കെ ആട്ടികൊണ്ട് ഒരു താരാട്ട് പതുക്കെ മൂളി.ഭാഗ്യം… പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. അല്ലെങ്കിൽ ഇവളുടെ ബഹളം കേട്ടാൽ മറ്റേ ആളും എഴുന്നേറ്റ് കരച്ചിൽ തുടങ്ങും.
തൊട്ടിലിൽ പിടിച്ചുകൊണ്ട് അനങ്ങാതെ കുറച്ചു നേരം നിന്നു. പെട്ടെന്ന് ആരോ എന്റെ കാതോരം വന്ന് എന്തോ പറയുന്ന പോലെ തോന്നി. തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല… ആരുടെയോ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടല്ലോ.ആരാണ്? അവളാണോ..?
ആരോ കതകിൽ പതുക്കെ മുട്ടി. ചെന്ന് കതക് തുറന്നു. ആഹ്…. സോണിച്ചനോ… വരൂ… ഞാൻ മാറി നിന്നു..
കുഞ്ഞുങ്ങൾ ഉറങ്ങി അല്ലേ… കിടക്കുന്നതിനു മുമ്പ് അവരെ ഒന്നു കാണാൻ തോന്നി.. അതാ വന്നത്. സോണിച്ചൻ പറഞ്ഞു.
“അതിനെന്താ അകത്തേക്ക് വന്ന് കാണാമല്ലോ. ” ഞാൻ ക്ഷണിച്ചു.
തുറന്നിട്ട ജനലിന്റെ അരികിൽ പേരറിയാത്ത ഒരു കിളിയുടെ കുറുകൽ കേട്ട് സോണിച്ചൻ അങ്ങോട്ട് നോക്കി..
” ഞങ്ങൾ വന്ന അന്ന് മുതൽ ഈ കിളി ഇവിടെ കാവലാണ്. ഒന്നുകിൽ പാരപ്പെറ്റിൽ ഇരിക്കും.. അല്ലെങ്കിൽ ഏതേലും മരത്തിൽ കാണും. ജനാലടച്ചാലേ പറന്നു പോകൂ.”
” അത് കൊള്ളാമല്ലോ..”സോണിച്ചൻ പുറത്തേക്ക് എത്തി നോക്കികൊണ്ട് പറഞ്ഞു.
“ശരി കിടന്നോ, നേരം ഒത്തിരിയായി.. ജനാലടച്ചേക്കാം. തണുപ്പുണ്ടല്ലോ.”
സോണിച്ചൻ ജനൽ അടക്കാൻ തുടങ്ങിയപ്പോൾ ആ കിളി ഒരു പ്രത്യേക തരം ശബ്ദം കേൾപ്പിച്ചിട്ട് ചിറകടിച്ചു രാത്രിയുടെ നിശബ്ദതയിലേക്ക് പറന്നു പോയി.. കാർമേഘങ്ങൾ ഒഴിഞ്ഞ ആകാശം പൂ നിലാവിനെ വാരിപ്പുണർന്നു കൊണ്ട് സുഖ സുഷുപ്തിയിലേക്ക് പ്രവേശിച്ചു. ഭാരമൊഴിഞ്ഞ തൂവൽ പോലെയുള്ള ഹൃദയവുമായി പുതിയ ഒരു പുലരിയെ സ്വപ്നം കണ്ട് ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.


1 Comment
Pingback: താരാട്ട് - പാർട്ട് 1 - By Rani Varghese - കൂട്ടക്ഷരങ്ങൾ