ഒരു മഴയത്ത് ഓടിക്കയറി വന്നതാണ് അവളെൻ്റെ മുറിയിലേക്ക്. നനഞ്ഞ് കുതിർന്നു, പേടിച്ച് വിറച്ചു കരഞ്ഞുകൊണ്ട്, ആരുടെയോ കൈകളിൽനിന്ന് രക്ഷപ്പെട്ടു വന്നതുപോലെ….
“ആരാ, എവിടുന്നാ” എന്ന എൻ്റെ ചോദ്യത്തിന് കരച്ചിൽ അല്ലാതെ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് വാതിലിൻ്റെ പുറകിൽ മറഞ്ഞുനിന്നൂ. ഇറക്കി വിടാൻ തോന്നിയില്ല. വെളുത്തു മെലിഞ്ഞു നീല കണ്ണുള്ള ഒരു സുന്ദരി. കണ്ണിൽ ദൈന്യതയോടെ, നിഷ്കളങ്കമായ മുഖത്തോടെ അവളെന്നെ നോക്കി കരഞ്ഞു. പേടിക്കേണ്ടെന്ന് പറഞ്ഞു ഞാനവളെ സമാധാനിപ്പിച്ചു.
ഒരു ടവൽ എടുത്തു തലയും ദേഹവും തുടച്ചു കൊടുത്തു. കഴുത്തിലും മുഖത്തും നഖം കൊണ്ട് പോറൽ ഏറ്റിട്ടുണ്ട്. ആരോ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുതറി ഓടി കയറിയതാണെൻ്റെ മുറിയിലേക്ക്. എൻ്റെ ചോദ്യങ്ങൾക്കൊന്നും നീല കണ്ണുകൾ ചിമ്മി തുറന്നതല്ലതെ മറുപടിയൊന്നും കിട്ടിയില്ല.
ആഞ്ഞടിച്ച കാറ്റിൽ മഴവെള്ളം മുറിയിലേക്ക് വീണപ്പോൾ ഞാൻ വാതിലും, ജനലും കൊട്ടിയടച്ചു. അവളൊന്നു പേടിച്ചു. മഴ തോരുമ്പോൾ തുറന്നു തരാമെന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു. തണുത്തു വിറച്ചു എൻ്റെ കട്ടിലിൻ്റെ അറ്റത്തിരിക്കുന്ന അവളെ കണ്ടപ്പോൾ വല്ലാതെ സഹതാപം തോന്നി. ഞാനവൾക്ക് കുടിക്കാൻ ചൂടുപാലും ബിസ്കറ്റും നൽകി. ഞാനൊരു കട്ടൻ ചായയും.
ചൂട് പാൽ ഊതി കുടിക്കുന്നതിനിടയിൽ അവളെന്നെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒരോന്നുപറഞ്ഞ് സമാധാനിപ്പിച്ചു. ഒരു മിന്നായം പോലെ കണ്ണ് ചിമ്മി തുറക്കുന്നത് കാണാൻ നല്ലഭംഗിയുണ്ട്.
തണുത്തു വിറച്ച് ഉറക്കം തൂങ്ങിയിരിക്കുന്ന അവളെ ഞാനെൻ്റെ പുതപ്പെടുത് പുതപ്പിച്ചു. അവളൊന്നു ഞെട്ടിയെങ്കിലും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. ഞാനവളെ ചേർത്ത് പിടിച്ചു കിടന്നു. പുറത്ത് കാറ്റും, മഴയും ശക്തി യായി പെയ്തു. കാറ്റത്ത് എന്തൊക്കെയോ പൊട്ടി വീഴുന്ന ശബ്ദം.
ഉണർന്നപ്പോൾ മഴ തോർന്നിരുന്നൂ. അവൾ നല്ല ഉറക്കത്തിലാണ്. ഞാനവളെ തട്ടി വിളിച്ചു. മുറി തുറന്നു പുറത്തേക്കിറങ്ങി. പുറകേ അവളും.
തിമിർത്തുപെയ്ത കാറ്റിലും മഴയിലും മുറ്റത്ത് മരകൊമ്പുകൾ പൊട്ടി വീണു കിടക്കുന്നു. പോകണ്ടേ.. എന്ന എൻ്റെ ചോദ്യത്തിന് മറുപടിയായി അവളൊന്നു മൂളി. പോകാൻ മടിയുള്ളതുപോലെ. പറഞ്ഞുവിടാൻ എനിക്കും. ഞാൻ നിർബന്ധിച്ചില്ല. ഇവിടെ എൻ്റെ ഏകാന്ത വാസത്തിനിടയിൽ എനിക്കൊരു കൂട്ടാകുമല്ലോ.
ഞാൻ അകത്തേക്ക് പോയി അലമാരയിൽ നിന്ന് ഒരു മഞ്ഞ ചരട് എടുത്തു. അതിൽഒരു ലോക്കറ്റ് കോർത്തെടുത്തു. ആരെങ്കിലും ചോദിച്ചാൽ എൻ്റെതെന്ന് പറയാൻ, എൻ്റെ സ്വന്തമെന്ന് സ്ഥാപിക്കാൻ ഒരു ചരടിൻ്റെ പിൻബലം നല്ലതാണ്. അവള് എൻ്റെ പുറകെ വന്നു. അവൽക്കെന്നെയങ്ങു പിടിച്ചെന്ന് തോന്നുന്നു. എൻ്റെ സ്നേഹവും പരിചരണവും.
മഞ്ഞ ചരട് അവളുടെ കഴുത്തിലേക്ക് നീട്ടിയപ്പോൾ ഒന്നും പറഞ്ഞില്ല. എതിർത്തില്ല. എൻ്റെ കൈകളിൽ മുറുക്കി പിടിച്ചു. നല്ല നീട്ടി വളർത്തിയ നഖങ്ങൾ. എനിക്ക് ചെറുതായി വേദനിച്ചു.
“നിൻ്റെ കൈയിൽ ഇത്ര നല്ല ആയുധം ഉണ്ടായിട്ടാണോ നീ ഇങ്ങനെ പേ ടിച്ചോടിയത്?” തിരിച്ചു ആക്രമിച്ചു കൂടായിരുന്നോ എന്ന് ഞാൻ ചോദിച്ചു. അതിനും പഴയ പടി കണ്ണുകൾ അടച്ചു കാണിച്ചു. നീണ്ടു മെലിഞ്ഞ കഴുത്തിൽ മഞ്ഞ ചരട് കിടക്കുന്നത് കാണാൻ നല്ലഭംഗിയുണ്ട്.
കസേരയിൽ ഇരുന്നു മുറ്റത്തേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിപ്പാണവൾ.
ഇവൾക്കൊരു പേരിടണം. എനിക്ക് വിളിക്കാൻ. മഴയത്ത് വീണുകിട്ടിയ വൾക്ക് ആലിപ്പഴം എന്നിട്ടാലോ. നല്ല പേര്. ആലിപ്പഴം പോലൊരു സുന്ദരി. അല്ലെങ്കിൽ വേണ്ടാ വിളിക്കാൻ ഒരു സുഖമില്ല. ചക്കി എന്നിടാം. ചക്കീ….. ഞാൻ നീട്ടി വിളിച്ചു. അവള് തിരിഞ്ഞു നോക്കി. മതി.. ഇത് മതി. പേര് അവൾക്കും ഇഷ്ടായിന്ന് തോന്നുന്നു. ചക്കി. ചക്കി പൂച്ച.. പൂച്ചക്കുട്ടികൾക്ക് ഇടാൻ പറ്റിയ പേര്..
*******
ചക്കി ഭർത്താവും കുട്ടികളും മരുമക്കളും പേരക്കുട്ടികളും ഒക്കെയായി ഇന്ന് വലിയ തിരക്കിലാണ്.
ചുരുങ്ങിയ കാലം കൊണ്ട് അവൾ സ്വന്തമായി ഒരു സാമ്രാജ്യം തീർത്തിരിക്കുന്നു. ഈ പെരുമഴയത്ത് എനിക്കൊന്ന് ചുരുണ്ടുകൂടാൻ ഇടമില്ലാത്ത വിധം അവളുടെ കുടുംബം എൻറെ മുറി കൈയ്യടക്കിയിരിക്കുന്നു.
ചൂട് കട്ടൻ ചായയും കുടിച്ച്, ജോൺസൺ മാഷിൻറെ പാട്ടും കേട്ട് മഴ ആസ്വദിച്ചു കൊണ്ട് വരാന്തയിൽ ഇരിക്കുകയാണ് ഞാൻ. മടിയിലേക്ക് ചാടി കയറി ചക്കിയും….
-തുഷാര രാജേഷ്


3 Comments
ന്നാലും ചക്കിക്ക് മ്യാവൂ എന്നൊന്ന് പറയാരുന്നു. 🤣
😀
ചക്കിയും പാട്ടും കേട്ട് മഴ ആസ്വദിക്കട്ടെ❤️🌹👌