ഉണ്ണി ആലോചിക്കുകയായിരുന്നു. ക്ലാസ്സിലെ ടീച്ചറുടെ ചോദ്യം അവനെ ഇരുത്തി ചിന്തിപ്പിച്ചു. “വലുതാകുമ്പോൾ ആരാകണം” എന്നായിരുന്നു ചോദ്യം. ഓരോരുത്തരായി ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. ഉണ്ണി യുടെ അവസരമായപ്പോൾ ഉണ്ണി ഒന്നും മിണ്ടിയില്ല. എല്ലാവരും കളിയാക്കി ചിരിക്കുന്നതുനിടയിൽ അവൻ ഉറക്കെ പറഞ്ഞു “എനിക്കു വലുതാകണ്ട”.
ഏവരും ചിരി പെട്ടെന്ന് നിർത്തി. ഒരു നിമിഷത്തിനുശേഷം ടീച്ചർ കയ്യടിച്ചു. കൂടെ എല്ലാ കുട്ടികളും. നിർത്താതെ കയ്യടി. അവന് നാണമായി. പെട്ടെന്ന് ശശിയേട്ടന്റെ ബെല്ലടി കേട്ട് ” താങ്ക്യൂ ടീച്ചർ ” എന്നു താളത്തിൽ ചൊല്ലി എല്ലാവരും ഇറങ്ങിയോടാൻ തുടങ്ങി. ഉണ്ണിയും പതുക്കെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അധികം കൂട്ടുകാരൊന്നുമില്ലാത്ത അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അവന്റെ.
പെട്ടെന്ന് തന്നെ മുട്ടിയുരുമ്മി കടന്നുപോയ വൃദ്ധനെ അവൻ ശ്രദ്ധിച്ചു. ഒരു പാവം അപ്പൂപ്പൻ. ഒരു മുണ്ടും ചുറ്റി തോളിൽ ഒരു തോർത്തും തലയിൽ വലിയ ഒരു ചാക്കുമേറ്റി പതുക്കെ പതുക്കെ നടക്കുന്നു. എവിടേയ്ക്കോ കൊണ്ടു പോവുകയാണ്. പാവം അപ്പൂപ്പൻ എന്ന് കരുതി ഉണ്ണി. ഉണ്ണിയെ നോക്കി ഒന്നു ചിരിച്ചെന്ന് വരുത്തി കിതപ്പോടെ നടത്തം തുടർന്നു. ഉണ്ണി അപ്പൂപ്പന്റെ അടുത്തേക്കോടി ചെന്നു.
” അപ്പൂപ്പാ ചാക്കിലെന്താ” എന്ന് ചോദിച്ചു.
” അപ്പറത്തെ മേനോന്റെ വീട്ടീന്ന് വാങ്ങിയ പൊട്ടിയ കുപ്പി പാട്ട ഒക്കെയാണ്. ചുരുങ്ങിയ വിലക്കെടുത്തു ” എന്ന് നിന്നുകൊണ്ട് അപ്പൂപ്പൻ പറഞ്ഞു.
“അപ്പൂപ്പനെ ഞാൻ സഹായിക്കാം “എന്നായി ഉണ്ണി.
” സാരംല്ല്യ ഉണ്ണീ, ആ കവലയിലേക്കാണേയ്” എന്ന് അപ്പൂപ്പനും. ഉണ്ണി അപ്പൂപ്പന്റെ തലയിൽ നിന്ന് ചാക്ക് പതുക്കെ ഇറക്കിവച്ചു. ചാക്കും വലിച്ചു കൊണ്ട് ഉണ്ണി നടന്നു. ഒപ്പം അപ്പൂപ്പനും.
കവലയിലെത്തി ചാക്ക് ആക്രികടയിലെത്തിച്ചതും ഉണ്ണി തന്നെ. അപ്പൂപ്പൻ കൂടെ ഉണ്ണിയെ ചേർത്തു പിടിച്ചുനടന്നൂ എന്നു മാത്രം. അപ്പൂപ്പൻ അവനെനോക്കി ചിരിച്ച് തോളിൽ തലോടി. അപ്പൂപ്പനോട് യാത്ര പറഞ്ഞ് ഉണ്ണി വീട്ടിലെത്തി. അമ്മ നോക്കിയിരുക്കുന്നുണ്ട്.
” എന്തേ ഉണ്ണീ വൈകിയേ ” എന്നായി അമ്മ.
അമ്മയുടെ അടുത്തിരുന്ന് ഉണ്ണി കരയാൻ തുടങ്ങി. ടീച്ചറുടെ ചോദ്യത്തിന് താൻ പറഞ്ഞ ഉത്തരവും പിന്നീട് വഴിയിൽ അപ്പൂപ്പനെ സഹായിച്ചതും അമ്മയോട് പറഞ്ഞു.
“അമ്മേ, ഞാൻ വലുതായാലല്ലേ ഇതിലുമധികം എനിക്ക് എല്ലാവരേയും സഹായിക്കാൻ പറ്റൂ “എന്നായി ഉണ്ണി.
അമ്മ അവനെ ഒന്നുകൂടി ചേർത്തിരുത്തി അവനോട് പറഞ്ഞു ” ഉണ്ണീ, മോനെ, ഉയരത്തിൽ വലുതാകുന്നത് കാലം ചെയ്യും. മനസ്സിൽ വലുതാകുന്നത് ഇത്തരം ചെറിയ നല്ല പ്രവൃത്തികളാണ്. അതിനാൽ നീ വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ലേ, ഇനി പറയു എന്റെ ഉണ്ണിക്ക് വലുതാകുമ്പോൾ ആരാകണം? ”
അവൻ ഉടനെ മറുപടി പറഞ്ഞു” അമ്മേ, എനിക്ക് വലുതാകുമ്പോൾ നല്ല ഒരു മനുഷ്യനാകണം. ”
അന്ന് ഉണ്ണിക്ക് മനസ്സിലായി. വലുതാകുക എന്നത് പ്രായംകൂടി പഠിച്ച് ഡോക്ടറോ എഞ്ജിനീയറോ ആകുന്നതല്ല മറിച്ച് മനുഷ്യത്തം വളരുന്നതാണ് എന്ന്.
നാളെ ക്ലാസ്സിൽ എഴുന്നേറ്റുനിന്ന് മനസ്സുറപ്പോടെ ഉച്ചത്തിൽ പറയണം ” വലുതാകുമ്പോൾ എനിക്ക് നല്ല മനുഷ്യനായാൽ മതി ” എന്ന്.
അവൻ അമ്മയുടെ മടിയിൽനിന്നെണീറ്റ് നിശ്ചയദാർഢ്യത്തോടെ അകത്തേക്ക് നടന്നു.
രചന:- രമ ഉണ്ണികൃഷ്ണൻ

