“വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണം?”
പരമേശ്വരൻ സാർ ഒരു പുഞ്ചിരിയോടെ ഞങ്ങളുടെ മുന്നിലങ്ങനെ നിന്നു. അവസാനത്തെ പീരീഡാണ്. ബല്ലടിക്കുമ്പോൾ ആരാദ്യമോടിയിറങ്ങും എന്ന ചിന്തയിലിരുന്ന
ഞങ്ങൾ അന്യോന്യം നോക്കി.
ഒന്നാമത്തെ ബഞ്ചിലിരുന്ന എൻ്റെ നേരെ സാറിൻ്റെ നോട്ടമെത്തിയതും ഞാൻ പതിയെ എഴുന്നേററു.
”എനിക്കു ഡാൻസുകാരിയാവണം
ങേ ….
സാർ ചെവി കൂർപ്പിച്ചു.
“എനിക്ക് അമ്പിളി അരവിന്ദിനേപ്പോലെയുള്ള ഡാൻസുകാരിയായാൽ മതി”
നാണം കൊണ്ട് എൻ്റെ മുഖം തുടുത്തു.
ഞങ്ങളുടെ നാട്ടുകാരിയായ അമ്പിളി അരവിന്ദ് നൃത്തം ചെയ്യുന്ന മനോഹര ചിത്രങ്ങൾ പത്രങ്ങളിലും അവരുടെ അച്ഛൻ്റെ തുണിക്കടയിലെ ഭിത്തികളിലും കണ്ട് ആവേശം പൂണ്ട ഒരെട്ടു വയസ്സുകാരിയുടെ വ്യാമോഹമായിരുന്നു അത്. ഡാൻസു പഠിക്കാൻ വിടാത്ത അച്ഛനോടുള്ള പിണക്കവും അതിൻ്റെ കൂടെയുണ്ട്.
സാറെന്തെങ്കിലും പറയുന്നതിനുമുമ്പേ ഓമനക്കുട്ടൻ ചാടിയെഴുന്നേറ്റു.
“സാറേ വലുതാകുമ്പോൾ എനിക്കു ഭാർഗ്ഗവിച്ചേച്ചിയായാൽ മതി. ഇഷ്ടം പോലെ ഉപ്പുമാവു തിന്നാമല്ലോ”
സ്ക്കൂളിൽ ഉപ്പുമാവുണ്ടാക്കുന്നത് ഭാർഗ്ഗവിച്ചേച്ചിയാണ്.
ഡസ്ക്കില്ലാത്തതുകൊണ്ട് തുടയിലടിച്ച് ഞങ്ങൾ ആർത്തുചിരിച്ചു.
കാലം കടന്നുപോയി. അഞ്ചാം ക്ലാസു മുതലുള്ള വലിയ സ്കൂളിലായി.
”എടീ വലുതാകുമ്പോൾ നിനക്കാരാകാനാ ഇഷ്ടം ? “
അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ഉച്ചയൂണു കഴിഞ്ഞ് ക്ലാസിൻ്റെ മൂലയിലിരുന്നു കൊത്താങ്കല്ലു കളിക്കുമ്പോഴാണ് രാജി ചോദിച്ചത്.
ഒന്നാലോചിച്ചു. ആരാകണം?
”എന്തായാലും നിൻ്റമ്മയെപ്പോലെ കണക്കു ടീച്ചറാകണ്ട.നുള്ളി എല്ലാവരുടെയും കൈയിലെ തൊലിയെടുക്കും. എൻ്റെ ചേച്ചിയുടെ കൈയൊന്നു കാണണം ഹും”
കല്ലുകളിയിൽ കൂട്ടാത്തതിനു മുഖം വീർപ്പിച്ചിരുന്ന തങ്കമണി എന്നെ രൂക്ഷമായി നോക്കി.
” അതിനിപ്പം ആരു ടീച്ചറാകാൻ പോകുന്നു? എനിക്കു നഴ്‌സായാൽ മതി “
രാവിലത്തെ ക്ലാസിൽ ഫ്ളോറൻസ് നൈറ്റിംഗേലിനേക്കുറിച്ചു പഠിച്ച ഓർമ്മയിൽ ഞാൻ പറഞ്ഞു.
എനിക്ക് വെള്ളയുടുപ്പിട്ട് തലയിൽ വെള്ളത്തൊപ്പിയണിഞ്ഞ് അരയന്നങ്ങളേപ്പോലെ നടന്നുനീങ്ങുന്ന ഒരു മാലാഖയായാൽ മതി.
പത്താം ക്ലാസിലെത്തി.
”എല്ലാ കുട്ടികൾക്കും എന്തെങ്കിലുമൊക്കെ ലക്ഷ്യങ്ങളുണ്ട്.
ഇവൾ മാത്രമേ ഇങ്ങനെ തോന്നിയതുപോലെ നടക്കുന്നുള്ളു “
അമ്മയുടെ കുത്തു വാക്കുകളൊക്കെ ആരു ഗൗനിക്കുന്നു?
“പ്രീഡിഗ്രിക്ക് സെക്കൻ്റ് ഗ്രൂപ്പെടുത്താൽ മതി. കുഞ്ഞമ്മയേപ്പോലെ നീയൊരു ഡോക്ടറാകണമെന്നാണ് ഞങ്ങൾക്കാഗ്രഹം “
അച്ഛനുമമ്മയ്ക്കും എന്താ ഒത്തൊരുമ.
“എനിക്കു ബയോളജി ഇഷ്ടമല്ല. പാറ്റയേയും തവളയേയും കീറി മുറിക്കാനൊന്നും എനിക്കു പറ്റില്ല. എനിക്കു കണക്കു പഠിച്ചാൽ മതി എനിക്ക് എഞ്ചിനീയറാകണം “
ഞാൻ വിട്ടുകൊടുക്കാതെ നിന്നു.
”മിണ്ടാതിരിക്കു പെണ്ണേ.
പെൺകുട്ടികൾക്കു മെഡിസിനാ നല്ലത് “
അമ്മയും വിട്ടില്ല
ഒടുവിൽ എതിർപ്പുകൾ കാറ്റിൽപ്പറന്ന് എങ്ങോട്ടോ പോയി.ഞാൻ ബയോളജി പഠിക്കാനായി കോളേജിലേക്കുപോയി.
ഒരു 45 വർഷം മുൻപുള്ള കാര്യമാണെന്നോർക്കണം. വീട്ടുകാരെ എതിർത്തു ജയിക്കാനുള്ള കഴിവുള്ളവർ ഇല്ലെന്നു തന്നെ പറയാം..
എന്തായാലും മെഡിസിനു കിട്ടിയില്ല. അതിൻ്റെ സന്തോഷം പുറത്തു കാണിച്ചതേയില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നാവും നിങ്ങളുടെ ചിന്ത. അങ്ങനെയല്ലട്ടോ.
ഇനിയെങ്കിലും കണക്കു പഠിച്ച് ഞാൻ എഞ്ചിനീയറിംഗിനു പോകും. കണക്കു സബ്സിഡിയറിയായി പഠിച്ചാൽ മതി. മനസ്സിൽ ഒരുപാടു കണക്കുകൂട്ടലുകൾ നടത്തി.അങ്ങനെ കെമിസ്ടി പഠിക്കാൻ
ചേർന്നു. ദൃഢനിശ്ചയത്തോടെ
പഠിച്ചു. എഞ്ചിനീയറാകണ്ടേ ?കണക്കിനു മുഴുവൻ മാർക്കും വാങ്ങി ഡിഗ്രിക്ക് കോളേജ് ഫസ്റ്റായി.
സ്വപ്നങ്ങൾ അരികിലെത്തിക്കഴിഞ്ഞു. ഹൃദയത്തിൽ ആഹ്ലാദം നിറഞ്ഞു തുളുമ്പി. മനസ് സ്വപ്നത്തേരിലേറി തുള്ളിക്കളിച്ചു.
പക്ഷേ അന്നത്തെ പത്രം എൻ്റെ സ്വപ്നങ്ങളുടെ ചിറകുകളറുത്തു.
അശനിപാതം പോലെ ഗവണ്മെൻ്റിൻ്റെ പുതിയ നിയമം വന്നിരിക്കുന്നു: പ്രീഡിഗ്രിക്കു കണക്കു പഠിക്കാത്തവർക്ക് എഞ്ചിനീയറിംഗിന് ചേരാൻ പറ്റില്ല. ആ വാർത്ത എൻ്റെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും ചുട്ടുചാമ്പലാക്കി.
അങ്ങനെ തോൽക്കാൻ എനിക്കു മനസ്സില്ലെന്നു വീണ്ടും വീണ്ടും പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി.
ആ ചാരത്തിൽ നിന്നുയർന്നു പറന്ന ഫിനിക്സ് പക്ഷിയേപ്പോലെ ഞാൻ പുതിയ മോഹങ്ങൾ തേടി.
ഡോക്ടറാകണമെങ്കിൽ മെഡിസിൻ പഠിക്കണമെന്നുണ്ടോ? ഞാൻ റിസർച്ചു ചെയ്ത് ഡോക്ടറേറ്റെടുക്കും. ഞാനൊരു സയൻ്റിസ്റ്റാവും. CSIR ലോ VSSC യിലോ ഒക്കെ ജോലി നേടും. ഉപഗ്രഹങ്ങളൊക്കെ എൻ്റെ കൈയിലൂടെയാവും ആകാശത്തേക്കു പോവുക. നോക്കിക്കോ എന്നുറപ്പിച്ച് എം.എസ് സിയ്ക്കു ചേർന്നു.
മടുപ്പിക്കുന്ന പ്രാക്ടിക്കൽ ക്ലാസുകളും പഠിച്ചാൽ തീരാത്ത തിയറിയും എന്നെ അലട്ടിയതേയില്ല. എങ്ങനെയും എൻ്റെ ലക്ഷ്യത്തിലെത്തണ്ടേ.
” അച്ഛൻ നിനക്കു ബി. എഡിനു അഡ്‌മിഷൻ എടുത്തിട്ടുണ്ട് “
പരീക്ഷകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മയുടെ വാക്കുകൾ ഇടിത്തീ പോലെ ചെവിയിൽ പതിച്ചു.
“ഞാൻ പോവില്ല എനിക്കു ടീച്ചറാകണ്ട “
“എം.എസ് സി യുടെ റിസൽട്ടു വരുമ്പോഴേക്ക് പകുതി ക്ലാസുകൾ കഴിയും. ചുമ്മാതെ സമയം കളയാതെ പറയുന്നതു കേൾക്ക് “
അമ്മയുടെ ഭീഷണി കാരണം മനസ്സില്ലാമനസ്സോടെയാണ് ബി.എഡ് ക്ലാസിലേക്കു പോയത്. അടുത്ത വർഷം എം.എഡും പാസായി ഒരു ദീർഘശ്വാസം വിട്ടു.
ഹാവൂ സമാധാനമായി. ഇനിയൊരു ശല്യമില്ല.
എനിക്കു റിസർച്ചിനു ചേരാം.
പക്ഷേ മോഹങ്ങൾ ഒരു വഴിക്കും ജീവിതം വേറൊരു വഴിക്കും തിരിഞ്ഞു.
ബി. എഡ് കാരെ പഠിപ്പിക്കാനായി കണ്ണൂരേക്കു ട്രെയിൻ കയറുമ്പോൾ മനസ്സു ശൂന്യമായിരുന്നു. ആഗ്രഹിക്കാത്ത ഒരിടത്തേക്കാണല്ലോ ഈ യാത്ര എന്ന വിങ്ങലുമായാണ് അവിടെയെത്തിയത്. പക്ഷേ എൻ്റെ മോഹങ്ങളേയും സ്വപ്നങ്ങളേയും പ്രതീക്ഷകളേയുമെല്ലാം മാറ്റിമറിച്ച ഒരു ജീവിതമായിരുന്നു എന്നെ കാത്തിരുന്നത്.
പ്രായത്തിൽ എന്നേക്കാൾ മുതിർന്ന എൻ്റെ കുട്ടികൾ തന്ന സ്നേഹവും കരുതലും ബഹുമാനവും അദ്ധ്യാപനത്തോടുള്ള ഇഷ്ടക്കുറവിനെ പാടേ തൂത്തെറിഞ്ഞു.
എന്തിനുമേതിനും എതിർപ്പുകൈമുതലായുള്ള കൗമാരക്കാരുടെയിടയിലായിരുന്നു പിന്നീടെത്തിപ്പെട്ടത്. അപ്പോഴേക്കും ടീച്ചിംഗ് ആണ് എൻ്റെ മേഖല എന്നു ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അതുമായി ഞാൻ പൂർണ്ണമായും പൊരുത്തപ്പെട്ടു എന്നു പറയുന്നതാവും കൂടുതൽ ശരി.
നമ്മളോരോന്നു വിചാരിക്കുന്നു ആഗ്രഹിക്കുന്നു. ദൈവം ഓരോന്നു തീരുമാനിക്കുന്നു.
സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും വേണം. അവയ്ക്കു വേണ്ടി പ്രയത്നിക്കണം. എന്നാൽ അവയില്ലെങ്കിൽ ജീവിതമില്ല എന്നു ചിന്തിക്കുന്നിടത്താണ് നമ്മുടെ തോൽവി ആരംഭിക്കുന്നത്.
ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അഭിമാനവും സംതൃപ്തിയുമേയുള്ളു.
ഏതൊരാൾക്കുട്ടത്തിനിടയിൽ നിന്നും
“ടീച്ചറേ ” എന്ന വിളിയോടെ ചിരിക്കുന്ന ഒരു മുഖമെങ്കിലും ഓടിയെത്തുമ്പോൾ ഞാനെങ്ങനെ അഭിമാനിക്കാതിരിക്കും.
മകളായും പെങ്ങളായും ഭാര്യയായും മരുമകളായും നാത്തൂനായും അമ്മയായും സുഹൃത്തായും എത്രയെത്ര റോളുകൾ ഇന്നും പകർന്നാടിക്കൊണ്ടിരിക്കുന്നു.
ഏതു പ്രായത്തിലും പുതിയ കാര്യങ്ങൾ പഠിക്കാനും സ്വന്തം പെരുമാറ്റ രീതികളും സ്വഭാവ വിശേഷങ്ങളുമൊക്കെ കൂടുതൽ നന്നാക്കാനും ശ്രമിച്ചില്ലെങ്കിൽ എത്ര വളർന്നിട്ടും കാര്യമില്ല.വയസ്സല്ലല്ലോ വളർച്ചയുടെ മാനദണ്ഡം.
ജീവിതത്തെ സ്നേഹം കൊണ്ടു പൂട്ടുകയും ക്ഷമകൊണ്ടു തുറക്കുകയും ചെയ്യാനറിഞ്ഞാൽ വേറെയെന്താണു വേണ്ടത്?
ഒന്നിച്ചുള്ള യാത്രയിൽ പിന്നിലായാൽ പേടിക്കാതെ മുന്നോട്ടു തന്നെ നോക്കുക. നമ്മെ വേണ്ടവർ കാത്തുനിൽക്കുകയോ നമുക്കരികിലേക്കു വരികയോ തന്നെ ചെയ്യും.
എവിടെയായാലും എത്ര വലുതായെന്നു തോന്നിയാലും കാര്യമില്ല.നമ്മുടെ ഭാഗം നന്നായി ചെയ്താൽ സമാധാനമായി ജീവിക്കാം. മറ്റുള്ളവരുടെ തണലിൽ സുഖമായിരിക്കുമ്പോഴും ആർക്കെങ്കിലുമൊക്കെ തണലാവുക.
#എൻ്റെരചന
# ഞാൻ വലുതായാൽ

